Image

ഫൈവ്സ്റ്റാര്‍ മുഖ്യമന്ത്രിയും നല്ല കള്ളു വില്പനക്കാരും-- ജോസ്‌കാടാപുറം

ജോസ്‌കാടാപുറം Published on 22 August, 2014
ഫൈവ്സ്റ്റാര്‍ മുഖ്യമന്ത്രിയും നല്ല കള്ളു വില്പനക്കാരും-- ജോസ്‌കാടാപുറം
ഏ.കെ. ആന്റണി ചാരയം നിരോധിച്ചതോടെയാണ് കേരളത്തിലെ സാധാരണക്കാര്‍ അതുവരെ ഖദര്‍ധാരികളും പ്രമാണിമാരും മാത്രം കഴിച്ചു കൊണ്ടിരുന്ന റമ്മിലേക്കും ബ്രാന്‍ഡിയിലേക്കും മാറാന്‍ നിര്‍ബന്ധിതരായത്. കേരളത്തിലെ മൂന്നാമത്തെ സാമൂഹ്യ നവോത്ഥാന കാലഘട്ടമെന്ന് ചാരായ നിരോധനത്തിനുശേഷമുള്ള കേരളത്തെ വിലയിരുത്താവുന്നതാണ്. അങ്ങനെയിരിക്കെയാണ് സാക്ഷാല്‍ കുഞ്ഞുഞ്ഞിന്റെ, 418 ബാറിന്റെ ആല്‍ക്കഹോള്‍ അടച്ച് കുപ്പിയുമായി സുധീരനും കുഞ്ഞുഞ്ഞും പരക്കം പായാന്‍ തുടങ്ങിയത്. ആല്‍ക്കഹോള്‍ ആണല്ലോ കേരളത്തിലെ സ്ഥായിയായ പ്രശ്‌നം. റോഡോ, വൈദ്യൂതിയോ, പാലമോ, തീപിടിച്ച വിലവര്‍ദ്ധനവോ ഒന്നും 418 എന്ന നമ്പറിന്റെ മുമ്പില്‍ ഒന്നുമല്ല. കനത്ത കോഴപ്പണം മേടിച്ചും ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളും, കോഴ്‌സും അനുവദിച്ച വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് കിട്ടിയ തട്ടിന്റെ കനം നോക്കുമ്പോള്‍ സാക്ഷാല്‍ ഫൈവ്സ്റ്റാര്‍ മുഖ്യമന്ത്രിയല്ല മറ്റാരാണെങ്കിലും രാജ്ഭവനിലേക്ക് രാജി വയ്ക്കുവാന്‍ വണ്ടി കയറിയേനെ. പക്ഷേ നമുക്ക് സാക്ഷാല്‍ കുഞ്ഞുഞ്ഞ് അങ്ങനെ കോടതി പോയിട്ട്, ദൈവം തമ്പുരാന്‍ താഴെ വന്നിട്ട്, ഉത്തരവിട്ടാലും ഭരണം വിട്ടുള്ള കളിയില്ല. കോടതി ഭൂമി തട്ടിപ്പുകാരനാണെന്ന് പറഞ്ഞപ്പോഴും, സരിതാമാരാണോ കേരളം ഭരിക്കുന്നതെന്ന് ചോദിച്ചപ്പോഴും ഒന്നും കുഞ്ഞൂഞ്ഞ് അനങ്ങിയില്ല!!

എന്നാല്‍ സുധീരന്റെ കളി മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി 24 മണിക്കൂര്‍ മുമ്പുവരെ പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്ന വാശിയിലായിരുന്നു. ഹൈക്കോടതിയും ബാര്‍വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനനുസരണമായി നീങ്ങുന്നു എന്ന സൂചനയും വന്നു. ഇതോടെ മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണമെന്ന എം.എം.ഹസ്സന്റെ പ്രസ്ഥാവന വന്നു. സുധീരനെതിരെ പരസ്യനിലപാടും സ്വീകരിക്കുന്നതിലേക്ക് ഗ്രൂപ്പ്  അങ്കം നീങ്ങി. മദ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രി കസേര പിടിക്കാനുള്ള സുധീരന്റെ നീക്കത്തെ തടയാന്‍ വേണ്ടിയാണ് പുതിയ മദ്യനയം ഇപ്പോള്‍ പ്രഖ്യാപിച്ചത്. പൂട്ടിയ 418 ബാര്‍ ഇറക്കില്ലെന്ന് മാത്രമല്ല, പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കില്ല. ഇനി ഫൈവ് സ്റ്റാര്‍ ഉണ്ടെങ്കില്‍ മാത്രമെ ബാര്‍ അനുവദിക്കൂ. അങ്ങനെ നമ്മുടെ മുഖ്യമന്ത്രിക്ക് 3 വര്‍ഷത്തിനിടെ കിട്ടിയ അഞ്ചാമത്തെ നാമം വ്യഥാ ഉപയോഗിക്കപ്പെട്ട് ഫൈവ് സ്റ്റാര്‍ മുഖ്യന്‍…

ഈ പുതിയ മദ്യനയം ആകാശത്തു നിന്ന് പൊട്ടിവീണ തുറപ്പു ചീട്ടാണ്. എന്നാല്‍ ഇത് ഗ്രൂപ്പുകളിയുടെയും, രാഷ്ട്രീയക്കളികളുടെയും ഫലമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. നടപ്പാക്കണമെന്ന് ആത്മാര്‍ത്ഥയില്ലാത് പ്രഖ്യാപനമാണ് ഈ മദ്യനയം. മദ്യവിരോധമാണ് നയമെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ കടകളും ഫൈവ് സ്റ്റാര്‍ ബാറുകളും എന്തിന് അനുവദിക്കണമെന്ന ചോദ്യം സാധാരണ കള്ളുകുടിയന്റെ തലയില്‍പ്പോലും തോന്നും. ഈ പ്രഖ്യാപനങ്ങള്‍ ഒക്കെ നടപ്പില്‍ വരുന്നതിന് മുമ്പ് തന്നെ നിയപരമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രഖ്യാപനങ്ങളായി അവശേഷിക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കള്ള് ചെത്ത് വ്യവസായത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് വാദം കേരളത്തില്‍ ജിവിക്കുന്ന ആരും വിശ്വസിക്കില്ല. ഒരു കുപ്പി നല്ല തെങ്ങിന്‍ കള്ള് മണ്ടരിവന്ന കേരളത്തിലെ തെങ്ങില്‍ നിന്ന് ലഭിക്കുമെന്ന് ആലപ്പുഴക്കാരുപോലും വിശ്വസിക്കുന്നില്ല. കിട്ടുന്നതോ പാലക്കാട്ടുനിന്നും, തമിഴ്‌നാട്ടില്‍ നിന്നും കിട്ടുന്ന വ്യാജകള്ള്.

ബാറുകള്‍ അടഞ്ഞുകിടക്കുന്ന അവസരം മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുകയാണ്. ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തികളാണ്. ഭരണക്കാര്‍ക്ക് സ്പിരിറ്റ് മാഫിയയില്‍ നിന്ന് കിട്ടുന്ന കോടികളാണ് ചെക്ക് പോസ്റ്റുകള്‍ യഥേഷ്ടം തുറന്നിടാന്‍ കാരണം. ആവശ്യക്കാര്‍ കൂടിയതോടെ ബാറുകളില്‍ സെക്കന്റ്‌സിന്റെ വില്‍പ്പന വര്‍ദ്ധിച്ചു. എല്ലാ ജില്ലകളിലും വാറ്റു ചാരായം സുലഭമായി ലഭിക്കും. ഈ വാറ്റുകാരെ നമ്മുക്ക് ഫൈവ് സ്റ്റാര്‍ വാറ്റുകാര്‍ എന്നു വിളിക്കാം. ഇനിയങ്ങോട്ട് ഒണകാലത്ത് കണ്ണ്, ചെവി, മൂക്ക് ഇവ മാവേലി സ്റ്റോര്‍ വഴി ഓര്‍ഡര്‍ കൊടുക്കേണ്ടി വരും. അങ്ങനെ മുഖ്യമന്ത്രിയും മഹാബലിയും ഫൈവ്സ്റ്റാര്‍ ആകും, സാക്ഷാല്‍ ഫൈവ്സ്റ്റാര്‍ മുഖ്യന്‍ നീണാല്‍ വാഴട്ടെ…

ഫൈവ്സ്റ്റാര്‍ മുഖ്യമന്ത്രിയും നല്ല കള്ളു വില്പനക്കാരും-- ജോസ്‌കാടാപുറം
Join WhatsApp News
Oru Kallu Premy 2014-08-22 08:16:22
I think they don't need to close all the bar. Give license to bar owners to sell Kallu(Toddy)through the bar or convert each bar into Kallu Shap.
Tom 2014-08-22 12:59:50
If it is not a political drama, I personally welcome this decesion. But I still I doubt how it make to happen and how it affect the drug(Mayakku marunnu) lobby ?
Pappy 2014-08-22 21:58:13
കുഞ്ഞൂഞ്ഞു നല്ല കള്ളൊന്നും കുടിച്ചിരിക്കാനിടയില്ല. അല്ലേലും പുതുപ്പള്ളീൽ നല്ല ഷാപ്പൊന്നും പണ്ടേ ഇല്ലായിരുന്നു. ഉണ്ടായിരുന്നിടത്തു 'പൂള'ക്കള്ളായിരുന്നു കൊടുത്തിരുന്നതും. കോട്ടയത്തു നല്ലതു കിട്ടിയിരുന്നതു കുമരകത്തായിരുന്നു. അതു നല്ല സ്വയമ്പൻ സാധനവുമായിരുന്നു. അതിലോരെണ്ണം മൂത്തു തെളിഞ്ഞതു കുപ്പിയിൽ ഒന്നു തഴുകി പിന്നെ ഗ്ലാസ്സിലേക്ക്‌ പകർന്നു കിറിത്തുമ്പിലൽപ്പം രുചിച്ചിട്ടു പിടിപ്പിച്ചാൽ കിട്ടിയിരുന്ന അനുഭൂതി പറഞ്ഞു കേള്പ്പിക്കാൻ പറ്റ്വോ? ഒഴിഞ്ഞ ഗ്ലാസ്സു നിറയ്ക്കാൻ നീക്കിവെച്ചു, ഈർക്കിലിൽ കൊർത്തുവെച്ച കൊഞ്ചു പൊരിച്ചതു പെറുക്കി ചവയ്ക്കുമ്പോൾ കിട്ടിയിരുന്ന രുചിയോ? വേറെ ഒന്നു പറയാമോ അതുപോലെ ഒന്ന് എവിടെയെങ്കിലും? അമേരിക്കയിൽ വന്നു വിസ്കീം ബ്രാണ്ടീം കുടിച്ചു ശർദ്ധിച്ചു ഞാനതു നിറുത്തിക്കളഞ്ഞു പിന്നീട്. അനേക വർഷങ്ങൾക്കു മുൻപുതന്നെ. കുടി പിന്നെ നടത്തിയിട്ടുള്ളത് വല്ലപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ ചെത്തുകാരുടെ കയ്യിൽ നിന്നു കട്ടു വാങ്ങുന്ന ചെത്തുകള്ളു കൊണ്ടു മാത്രമായി.
കേരളത്തിൽ കുടിയന്മാരുടെ എണ്ണം കൂടിയത്രെ! കേരളത്തിൽ ഉണ്ടാക്കുന്ന 'ഫോറിൻ ലിക്വർ' കുടിച്ചു മരിക്കുന്ന കുടിയന്മാരുടെ എണ്ണവും കൂടി! ഒന്നാതരം ഷാപ്പുകൾ പൂട്ടിച്ചു പട്ടച്ചാരായവും വരട്ടുവാറ്റും പരട്ടചിക്കനും തിന്നുന്ന സമൂഹത്തെ ഉണ്ടാക്കിയതാരാ? കള്ള-കോണ്‍ഗ്രസ്സു തന്നെ! വാറ്റുകാരെ പോഷിപ്പിക്കാൻ ആന്റണി മുതൽ തുടങ്ങിയ അറാം പൊറപ്പു കുഞ്ഞൂഞ്ഞും സുധീരനും കൂടി ചെയ്യുന്നിപ്പോൾ! നമ്മുടെ സാദാ കുടിയന്മാരെല്ലാം 'പഞ്ച നക്ഷത്രത്തിൽ' പോവൂന്നാ കുടിക്കാൻ? ഹാ...ഹ...ഹാ...! എന്തൊരു സമാശ...! 
ശുദ്ധകള്ളു ശാസ്ത്രീയമായി ഉണ്ടാക്കി ബീയർ പോലെ കുപ്പിയിൽ തണുപ്പിച്ചു വ്യാപകമായി വിൽക്കാൻ ഗവർമെന്ടു നേരിട്ടു ശ്രമിക്കയാണു വേണ്ടത്. കുടിയന്മാരുടെ ആരോഗ്യ പ്രശ്നങ്ങൾ ഒരു വലിയ അളവ് അങ്ങനെ പരിഹരിക്കപ്പെടും. ലോകമൊട്ടുക്ക് വില്പ്പന നടത്താൻ തക്കവിധം സാധ്യതയുള്ള ഒരു വൻ വ്യവാസായ കോർപ്പറേഷൻ ധാരാളം ജോലികളും വരുമാനവും നാട്ടിലുണ്ടാക്കും. ശുദ്ധമായ കള്ളു വിഷം അല്ല.  നിർമ്മാണവും ഉപയോഗവും വിതരണവും ഗവർമെന്ടു നിയന്ത്രണങ്ങളിൽ വരുമ്പോൾ ഇപ്പോഴുള്ള കള്ളു കുടിയന്മാരുടെ പ്രശ്നങ്ങൾ മാറിപ്പോവും. ബീയർ പോലെ ലോകം മുഴുവൻ കള്ളു കുടിക്കാൻ ആളുണ്ടാവും എന്നതു സങ്കല്പ്പിച്ചു നോക്കൂ! പാഴായി കിടക്കുന്ന എന്നാൽ തെങ്ങുകൃഷി നടത്താൻ പറ്റുന്ന പതിനായിരക്കണക്കിനു പുറമ്പോക്ക് ഭൂമി ഉപയോഗിച്ചു തെങ്ങുകൃഷിയും ചെത്തും നടത്തിയാൽ കിട്ടാവുന്ന വരുമാനം സങ്കല്പ്പിച്ചു നോക്കൂ. തേങ്ങയിടാൻ പെണ്ണുങ്ങൾക്കും കഴിയുന്ന മിഷ്യൻ കണ്ടു പിടിച്ച നാട്ടിൽ പൊക്കം കുറഞ്ഞ തെങ്ങുകൃഷി നടത്തിയാൽ പെണ്ണുങ്ങൾക്കും ചെത്തു നടത്താനാവും! ഗവേഷണങ്ങൾ തുടർന്നാൽ ദിവസവും തെങ്ങിൽ കയറാതെ കള്ളു താഴെ വരുത്താൻ സംവിധാനങ്ങൾക്കു സാധ്യത ഉണ്ടാവും. കേരളം അമേരിക്കായായി മാറില്ലേ പിന്നേ പലവിധത്തിൽ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക