Image

ഓണം സുഖമുള്ള ഓര്‍മ്മകള്‍-5- തുമ്പപ്പൂപറിക്കാന്‍ ഫെയ്‌സ്ബുക്കിലേക്ക് പോകാം!- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 20 August, 2014
ഓണം സുഖമുള്ള ഓര്‍മ്മകള്‍-5- തുമ്പപ്പൂപറിക്കാന്‍ ഫെയ്‌സ്ബുക്കിലേക്ക് പോകാം!- അനില്‍ പെണ്ണുക്കര
“മഹാബലിയോട് വാമനന്‍ കാട്ടിയത് അനീതിയല്ലേ” എന്ന് എന്റെ മകള്‍ ഓണക്കഥകള്‍ എഴുതുന്ന സമയത്ത് എന്നോട് ചോദിച്ചു. എന്ത് ഉത്തരം പറയാന്‍? അയാളോടുള്ള വിദ്വേഷം കൊണ്ടല്ല. തുടര്‍ന്നു വരുന്ന അസുരന്മാര്‍ കേരളം ഭരിച്ചാല്‍ രാജ്യം നശിച്ചുപോകുമെന്ന് വാമനന്‍ അറിയാമായിരുന്നു. അതിനൊരു മുന്‍കരുതലെടുത്തതാ എന്ന് പറഞ്ഞൊഴിഞ്ഞു. എന്നിട്ടും സംശയം ബാക്കിയായി. “പോയിരുന്ന് പഠിക്കെടീ…” എന്ന പഴയ അച്ഛന്മാരുടെ പല്ലവിയോട് തീരെ താല്‍പര്യമില്ലാത്തതിനാല്‍ മൗനം അവലംബിച്ചു തല്‍ക്കാലം തടിതപ്പി.

വാമനന്‍ മഹാബലിയോട് മാത്രമേ അനീതി കാട്ടിയുള്ളൂ. തുടര്‍ന്നു വന്ന രാജാക്കന്മാരും, മന്ത്രിമാരുമെല്ലാം കേരളജനതയോട് അനീതിയല്ലേ കാട്ടിയത്. കാട്ടികൊണ്ടിരിക്കുന്നത്. ഓണത്തിന് ഒരു പൂക്കളം ഒരുക്കണമെങ്കില്‍ തമിഴിന്റെ അമ്മ കനിയണം. കേരളത്തില്‍ പൂക്കളമൊരുക്കാനുള്ള പൂക്കളെല്ലാം തമിഴ്‌നാട്ടില്‍ റെഡിയായിക്കഴിഞ്ഞു. എന്നാലും ഓണമെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്ന ഒരു പൂവുണ്ട്. തുമ്പപ്പൂവ്. നാനാതരം പൂക്കളുണ്ടെങ്കിലും പൂക്കളില്‍ ഏറ്റവും ചെറിയ തുമ്പപ്പൂക്കളാണ് മാവേലി തമ്പുരാന് ഏറെയിഷ്ടം. അതുകൊണ്ടാണ് അദ്ദേഹത്തെ തുമ്പപ്പുക്കളുടെ തമ്പുരാന്‍ എന്ന് വിളിക്കുന്നത്. ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മറ്റൊരു തുമ്പചെടിയാണ് കാശിത്തുമ്പ. ഓണക്കാലത്തെ കടുവകളിക്ക് ഈ തുമ്പച്ചെടി പറിച്ചെടുത്താണ് ദേഹത്ത് വെച്ചുകെട്ടി മറയ്ക്കുന്നത്. തിരുവോണദിവസം വീടിനകം വൃത്തിയാക്കുന്നതിന് ചൂലിനുപകരം ഈ തുമ്പച്ചെടി ഉപയോഗിച്ചിരുന്നതായും കഥയുണ്ട്.

എന്നാലിന്ന് 'തുമ്പ' യുണ്ട്. അങ്ങ് തിരുവനന്തപുരത്ത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രം. തുമ്പപ്പൂവുമില്ല. തുമ്പച്ചെടിയുമില്ല. ചില രാജാക്കന്മാരുടെ പിടിപ്പു കേടില്‍ കേരളത്തിന്റെ പച്ചപ്പുകള്‍ നഷ്ടമായ കൂട്ടത്തില്‍ തുമ്പച്ചെടിയും നമുക്ക് നഷ്ടമാകുന്നു. ഇപ്പോ ഒരു തുമ്പപ്പൂവ് കാണണമെങ്കില്‍ നമുക്ക് ഫെയ്‌സ്ബുക്കിലേക്ക് പോകാം. ഓണക്കാലത്ത് കൂടുതല്‍ ലൈക്ക് കിട്ടുന്ന ഒരു ചിത്രം തുമ്പപ്പൂവിന്റേതാവാം….


ഓണം സുഖമുള്ള ഓര്‍മ്മകള്‍-5- തുമ്പപ്പൂപറിക്കാന്‍ ഫെയ്‌സ്ബുക്കിലേക്ക് പോകാം!- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക