Image

റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ വര്‍ണ്ണാഭമായ ഇന്ത്യാദിന പരേഡ്‌

Published on 16 August, 2014
റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ വര്‍ണ്ണാഭമായ ഇന്ത്യാദിന പരേഡ്‌
ന്യൂസിറ്റി, ന്യൂയോര്‍ക്ക്‌: ഇന്ത്യക്കാര്‍, പ്രത്യേകിച്ച്‌ മലയാളികള്‍ ഏറെയുള്ള റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ നടന്ന വര്‍ണ്ണാഭമായ ഇന്ത്യാ ഡേ പരേഡില്‍ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു.

ന്യൂസിറ്റി ലൈബ്രറി പരിസരത്തുനിന്നാരംഭിച്ച പരേഡില്‍ ഇന്ത്യയുടെ നാനാത്വം വ്യക്തമാക്കി വ്യത്യസ്‌ത വേഷവിധാനങ്ങളും വാദ്യങ്ങളുമായി ജനങ്ങള്‍ മെയിന്‍ സ്‌ട്രീറ്റിലൂടെ നടന്നുനീങ്ങി. പരേഡിന്റെ സംഘാടകരായ ഇന്ത്യാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ റോക്ക്‌ലാന്റ്‌ പ്രസിഡന്റ്‌ രാജന്‍ ബരന്‍വാള്‍, നിയുക്ത പ്രസിഡന്റ്‌ അജയ്‌ ചപ്പോട്‌കട്‌, സെക്രട്ടറി ചാരു കൃഷ്‌ണന്‍, റോക്ക്‌ലാന്റ്‌ ലെജിസ്ലേറ്റര്‍ ആനി പോള്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു. ഗ്രാന്റ്‌ മാര്‍ഷലായി നിശ്ചയിച്ചിരുന്ന ന്യൂസ്‌ ഇന്ത്യാ ടൈംസ്‌-ദേശി ടോക്ക്‌ പത്രം ഉടമ ഡോ. സുധീര്‍ പരേഡിന്‌ വീട്ടില്‍ ഒരു മരണം മൂലം വരാന്‍ കഴിയാത്തതിനാല്‍ അസംബ്ലിമാന്‍ കെന്‍ സെബ്രോസ്‌കി ആയിരുന്നു ഗ്രാന്റ്‌ മാര്‍ഷല്‍. കഴിഞ്ഞവര്‍ഷം ഗോപിയോ നേതാവ്‌ ഡോ. തോമസ്‌ ഏബ്രഹാം ആയിരുന്നു ഗ്രാന്റ്‌ മാര്‍ഷല്‍.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം പരേഡിനെത്തി. ഉത്സവ പ്രതീതി ജനിപ്പിച്ച്‌ മുഴങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ കേരളീയ വസ്‌ത്രങ്ങള്‍ ധരിച്ച സ്‌ത്രീ-പുരുഷന്മാര്‍ നടന്നു നീങ്ങിയപ്പോള്‍ പിന്നിലായി ചുണ്ടന്‍ വള്ളവും തുഴക്കാരുമായി ഫ്‌ളോട്ട്‌ മറ്റൊരു ആകര്‍ഷണമായി.

കടുംമഞ്ഞ ഷര്‍ട്ടിട്ട്‌ അണിനിരന്ന ചെണ്ടമേളക്കാര്‍ പരേഡിന്റെ മുഖ്യാകര്‍ഷണമായി. ഗാന്ധിജിയുടെ വേഷമിട്ട ഡോ. ക്ലമന്റും, മഹാബലിയുടെ വേഷത്തില്‍ അലക്‌സ്‌ പൊടിമണ്ണിലും ശ്രദ്ധപിടിച്ചുപറ്റി.

ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തില്‍, ഇന്നസെന്റ്‌ ഉലഹന്നാന്‍, ഐ.എന്‍.ഒ.സി നേതാവ്‌ ജോസ്‌ ചാരുംമൂട്‌, അലക്‌സ്‌ തോമസ്‌, ലൈസി അലക്‌സ്‌ തുടങ്ങി ഒട്ടേറെ പേര്‍ മുന്‍നിരയില്‍ അണിനിരന്നു.

റോക്ക്‌ലാന്റ്‌ കോര്‍ട്ട്‌ ഹൗസിനു മുന്നില്‍ പരേഡ്‌ സമാപിച്ചതോടെ ഐ.സി.എസ്‌.ആര്‍ പ്രസിഡന്റ്‌ രാജന്‍ ബരന്‍വാള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ ഇന്ത്യന്‍ ദേശീയ ഗാനമാലപിച്ചതോടെ പ്രത്യേകം സജ്ജമാക്കിയ പന്തലുകളിലേക്ക്‌ ജനം നീങ്ങി.

പരേഡ്‌ വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും രാജന്‍ ബരന്‍വാള്‍ നന്ദി പറഞ്ഞു. കോണ്‍ഗ്രസ്‌ അംഗം നീറ്റാ ലോവി, സ്റ്റേറ്റ്‌ സെനറ്റര്‍ ഡേവിഡ്‌ കാര്‍ലൂച്ചി, അസംബ്ലിവുമണ്‍ എല്ലന്‍ ജാഫി, അംസംബ്ലിമാന്‍ മൈക്കല്‍ ഗ്രാസ്റ്റ്‌, ക്ലാര്‍ക്‌സ്‌ ടൗണ്‍ സൂപ്പര്‍വൈസര്‍ അലക്‌സ്‌ ഗ്രോമാക്‌, റോക്ക്‌ലാന്റ്‌ ലെജിസ്ലേറ്റര്‍മാരായ ആനി പോള്‍, ഹാരിയറ്റ്‌ കോര്‍നല്‍, ബാരി കാന്‍ട്രോവിക്‌സ്‌, കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്‌ ഡേ, ജയിംസ്‌ ഇളംപുരയിടത്തില്‍, ജോണ്‍ പി. ജോണ്‍, വിനോദ്‌ കെയാര്‍കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യാദിനം പ്രഖ്യാപിച്ചുകൊണ്ടുള്ള കൗണ്ടിയുടെ പ്രൊക്ലമേഷന്‍ ആനി പോള്‍, പ്രസിഡന്റ്‌ ബരന്‍വാളിനെ ഏല്‍പിച്ചു. ഇത്തരം പരിപാടികളിലൂടെ നമ്മുടെ ജന്മഭൂമിയുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുകയും, പുതുതലമുറയ്‌ക്ക്‌ നമ്മുടെ പൈതൃകം കൈമാറുകയുമാണ്‌ ചെയ്യുന്നതെന്ന്‌ ആനി പോള്‍ ചൂണ്ടിക്കാട്ടി. അമേരിക്കക്കാര്‍ക്കിടയിലും നമ്മുടെ സമൂഹത്തിന്റെ ശക്തിബോധ്യപ്പെടുത്താനും, നമ്മുടെ സംസ്‌കാരം എന്തെന്ന്‌ അറിയിക്കുവാനും പരേഡും കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഏറെ സഹായിക്കുന്നു. രണ്ടാംവര്‍ഷമാണ്‌ പരേഡ്‌ ഞായറാഴ്‌ചയില്‍ നിന്ന്‌ ശനിയാഴ്‌ചയിലേക്ക്‌ മാറ്റിയത്‌. ക്രിസ്‌ത്യന്‍ സമൂഹം ഞായറാഴ്‌ച പള്ളിയില്‍ പോകുന്നതു പ്രമാണിച്ചാണ്‌ ഈ മാറ്റം വരുത്തിയത്‌. ഇതിനു സമ്മതിച്ച ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഭാരവാഹികള്‍ക്ക്‌ അവര്‍ നന്ദി പറഞ്ഞു.

പ്രസിഡന്റ്‌ ബില്‍ ക്ലിന്റണോടൊപ്പമാണ്‌ താന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചതെന്ന്‌ കോണ്‍ഗ്രസ്‌ വുമണ്‍ നീറ്റാ ലോവി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക ഏറെ വിലമതിക്കുന്നു.  ഈ ബന്ധം ശക്തിപ്പെടുത്താന്‍ താന്‍ അടക്കമുള്ള കോണ്‍ഗ്രസ്‌ അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ തങ്ങള്‍ ഉറ്റുനോക്കുന്നത്‌- അവര്‍ പറഞ്ഞു.

മലയാളി സമൂഹം നല്‍കിയ പിന്തുണയ്‌ക്ക്‌ രാജന്‍ ബരന്‍വാള്‍ നന്ദി പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ പരേഡ്‌ കൂടുതല്‍ ജനകീയമാക്കാനും നമ്മുടെ ശക്തിതെളിയിക്കാനും കഴിയണമെന്നദ്ദേഹം പറഞ്ഞു.

പരേഡില്‍ മലയാളികളുടെ നല്ലൊരു പങ്ക്‌ ഉണ്ടായിരുന്നുവെങ്കിലും ആകെ വന്നത്‌ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനാണ്‌. പൊതുവായ കാര്യങ്ങളിലെങ്കിലും നമുക്ക്‌ ഒരുമിച്ച്‌ നില്‍ക്കാന്‍ കഴിയാത്തത്‌ ഖേദകരമായി തോന്നുകയും ചെയ്‌തു.

സെബ്രോസ്‌കിക്കെതിരേ സ്റ്റേറ്റ്‌ അംബ്ലിയിലേക്ക്‌ ഡെമോക്രാറ്റിക്‌ പ്രൈമറിയില്‍ മത്സിക്കുന്ന പി.ടി. തോമസ്‌, മറ്റ്‌ ഒട്ടേറെ സംഘടനാ നേതാക്കള്‍ തുടങ്ങിയവരും പരേഡില്‍ മാര്‍ച്ച്‌ ചെയ്‌തു.
റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ വര്‍ണ്ണാഭമായ ഇന്ത്യാദിന പരേഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക