Image

ശ്രദ്ധിക്കപ്പെടേണ്ടതായ രണ്ട്‌ കഥാസമാഹാരങ്ങള്‍ (ജോണ്‍ മാത്യു)

Published on 16 August, 2014
ശ്രദ്ധിക്കപ്പെടേണ്ടതായ രണ്ട്‌ കഥാസമാഹാരങ്ങള്‍ (ജോണ്‍ മാത്യു)
കവിതയും കഥയും കൈകാര്യം ചെയ്യുന്നതാണ്‌ അമേരിക്കയിലെ എഴുത്തുകാര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതെന്ന്‌ തോന്നുന്നു. നോവലിസ്റ്റുകളെയും ലേഖകന്മാരെയും മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌. നോവലിന്‌ വളരെ പരിശ്രമവും സമയവും ആവശ്യമുണ്ട്‌. ലേഖനങ്ങള്‍ക്ക്‌ വായനയും ഗവേഷണവും വേണം. എന്നാല്‍ കവിതയും കഥയും എത്രയോ ആയാസരഹിതമാണെന്ന ഒരു ധാരണ എങ്ങനെയോ വന്നുചേര്‍ന്നു. അതത്ര ശരിയാണോ?

എന്റെ വായനയ്‌ക്ക്‌ ഇപ്പോഴുള്ളത്‌ രണ്ട്‌ കഥാസമാഹാരങ്ങളാണ്‌. ഒരു സാഹിത്യമത്സരത്തിന്റെ പല കടമ്പകള്‍ ചാടി അവസാന തീര്‍പ്പിന്‌ എത്തിയത്‌! അതുകൊണ്ട്‌ ഈ സമാഹാരങ്ങളുടെ വെളിച്ചത്തില്‍ കഥകളെപ്പറ്റിത്തന്നെയാവട്ടെ ചര്‍ച്ച.

ഒരു കഥയും ഒറ്റപ്പെട്ടതല്ല എന്ന്‌ എഴുതുന്നത്‌ ചെറുകഥയും അതിന്റെ സാങ്കേതികതയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും കണക്കിലെടുത്തുകൊണ്ടാണ്‌. അതേസമയം കഥകള്‍ സമകാലീന പ്രശ്‌നങ്ങളെ അപഗ്രഥനം ചെയ്യുന്നതില്‍ ഒറ്റപ്പെട്ടു നില്‍ക്കുകയും വേണം. ഇതിനും പുറമേയാണ്‌ ശൈലി. അതേ, മറ്റ്‌ എന്തെല്ലാം വിധത്തില്‍ കഥ മികച്ചതാണെങ്കിലും എഴുത്തുകാരന്‌ ഭാഷയുടെമേലുള്ള ആധിപത്യം അഥവാ അത്‌ വളച്ചൊടിക്കാനുള്ള ധൈര്യം, ഭാഷയും ചിന്തയും തമ്മിലുള്ള സമന്വയിപ്പിക്കല്‍, അതേ അതുതന്നെയാണ്‌ ശൈലി. പദ-വ്യാകരണ വ്യുല്‌പന്നതയല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്‌. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ശൈലി എഴുത്തുകാരന്റെ വ്യക്തിത്വമാണ്‌, അതേ അത്‌ അവന്‍തന്നെയാണ്‌!

കുടിയേറ്റ - പ്രവാസക്കാരന്‍ അല്ലെങ്കില്‍ മറ്റൊരു നാട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവന്‍, വിദേശത്ത്‌ കാലെടുത്തുകുത്തുന്ന അന്നുമുതല്‍ ആ നാടിന്റെ തുടിപ്പുകള്‍ മനസ്സിലാക്കണമെന്ന്‌ കരുതണോ? പതിറ്റാണ്ടുകളായിട്ടും അമേരിക്കയില്‍ മലയാളി പ്രാഥമീകമായി സ്വന്തം സമൂഹത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ത്തന്നെയാണ്‌ കഴിഞ്ഞുകൂടുന്നത്‌. അതുകൊണ്ടുതന്നെ എഴുത്തുകാര്‍ ഏറ്റവുമധികം വാചാലരാവുക തങ്ങളുടെ സ്വന്തം നാട്ടില്‍ ജീവിച്ച കാലങ്ങളില്‍നിന്ന്‌ സ്വരൂപിച്ചുകൂട്ടിയ ബിംബങ്ങള്‍ അവതരിപ്പിക്കുമ്പോഴും.

`യിശ്‌മായേലിന്റെ സങ്കീര്‍ത്തനം' എന്ന കഥാസമാഹാരത്തിലെ `പണ്ടാരം വേലുവിന്റെ വിത്തുകാള'യില്‍കൂടി ഒരു നാടിന്റെ സാമൂഹിക മാറ്റങ്ങളുടെ വേദനയാണ്‌ സാംസി കൊടുമണ്‍ അവതരിപ്പിക്കുന്നത്‌. വേലുവും അയാളുടെ ഉപജീവനമാര്‍ഗ്ഗമായ `വിത്തുകാളയും' കാലത്തിന്റെ മാറ്റങ്ങള്‍ക്ക്‌ ഏറെ പിന്നാലാണ്‌. തന്റെ ഗ്രാമത്തിന്റെ സമരങ്ങളെപ്പറ്റി, മുന്നേറ്റങ്ങളെപ്പറ്റി എഴുതുമ്പോള്‍ സാംസിയുടെ തൂലികത്തുമ്പില്‍ മലവെള്ളപ്പാച്ചില്‍!

കോശി മലയിലിന്റെ കഥാസമാഹാരമാണ്‌ `മുയല്‍പ്പാടുകള്‍'. കാടാമ്പുഴയെന്ന കഥയിലെ നാടിന്റെ ചിത്രം ശ്രദ്ധേയമായി. കഥാനായകന്‍ സഹദേവന്‍ യുക്തിവാദിയാണ്‌. പക്ഷേ, അയാളുടെ കാടാമ്പുഴയാത്ര സുഹൃത്തുക്കള്‍ മറ്റൊരുവിധത്തിലാണ്‌ കാണുന്നത്‌. കാരണം കാടാമ്പുഴയാണെങ്കില്‍ പേരുകേട്ട ഒരു ക്ഷേത്രത്തിന്റെ ആസ്ഥാനം. അങ്ങനെ യുക്തിവാദിയായിരുന്ന സഹദേവന്‍ ദൈവവിശ്വാസിയായതായി ജനം വിധിയെഴുതി. എന്നാല്‍ സഹദേവന്റെ ദേവീഭക്തി ക്ഷേത്രത്തിലെ ദേവിയോടായിരുന്നില്ലെന്നും സ്വന്തം ദേവിയോടുതന്നെയായിരന്നെന്നും ജനം അറിയുന്നതാണ്‌ കഥയുടെ `ഹെനറിട്വിസ്റ്റ്‌'. അതുപോലെ ഊന്നുവടി എന്ന കഥയിലെ നാടകീയതയും ശ്രദ്ധിക്കുക.

സാംസിയും കോശി മലയിലും തങ്ങളുടെ ക്രൈസ്‌തവവിഭാഗ പശ്ചാത്തലത്തിലുള്ള ആചാരങ്ങളെയും കൂട്ടുപിടിക്കുന്നു. അത്‌ അവര്‍ തികച്ചും മുതലാക്കുന്നുമുണ്ട്‌. പ്രത്യേകിച്ച്‌ സാംസിയുടെ ബൈബിള്‍ ഉദ്ധരണികള്‍ കുറിക്കുകൊള്ളുന്നതാണ്‌. `ദീനാമ്മയുടെ പൂച്ച'യിലും `യിശ്‌മായേലിന്റെ സങ്കീര്‍ത്തന'ത്തിലും! `ക്രിസ്‌ത്യാനിയുടെ കഥ' സ്വര്‍ഗ്ഗതുല്യമായ മദുബായില്‍ നില്‍ക്കുമ്പോഴും പുരോഹിതന്റെ അരയില്‍ സാത്താനെന്ന പാമ്പ്‌ ചുറ്റുന്നതിന്റെ വിവരണമാണ്‌. `വീണ്ടും ജനന'മെന്ന കഥയിലെ സാമൂഹിക വിമര്‍ശനം അവഗണിക്കാന്‍ കഴിയുകയില്ല. കോശി മലയിലിന്റെ മൂന്നാംമണി. ആംഗ്ലിക്കല്‍ പള്ളികളിലെ മണിമുഴക്കമെന്ന കലാരൂപം നമ്മെ അനുഭവിപ്പിക്കുകയാണ്‌! മരിച്ചയാളിന്റെ പ്രായത്തിനൊത്ത്‌ ദുഃഖത്തിന്റേതെന്ന ഭാവേന നിലയ്‌ക്കാത്ത നീണ്ട ശബ്‌ദവീചികളായി മണിമുഴങ്ങുമ്പോള്‍ ആ ശബ്‌ദത്തിനു പിന്നിലുള്ള പാവം കപ്യാരുടെ മണിക്കൂറുകള്‍ നേരത്തെ അദ്ധ്വാനം ജനം എന്തിന്‌ ഓര്‍ക്കണം.

`മുയല്‍പ്പാടുകള്‍' കഥ ഏതാനും വര്‍ഷങ്ങള്‍ക്കുപിന്നിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയി. നായ്‌ക്കള്‍ നമ്മുടെ ദേഹത്ത്‌ ചാടിക്കയറുമ്പോള്‍ പൂച്ചകള്‍ നമ്മുടെ കിടക്കമേല്‍ത്തന്നെ സുഖമായി ഉറങ്ങുമ്പോള്‍ പാവം മുയല്‍ ബാക്ക്‌യാര്‍ഡിലെ കൂടിനകത്ത്‌ അവര്‍ക്ക്‌ കിട്ടുന്ന കാരട്ടും പുല്ലും വെള്ളവുമായി കഴിഞ്ഞുകൂടും, കുട്ടികള്‍ക്കൊരു കളിപ്പാവപോലെ! `ആപ്പിള്‍ ജനാലയ്‌ക്കരുകില്‍ അവനും ഞാനും' `കുവൈറ്റ്‌ പ്രാര്‍ത്ഥന'യും എന്നീ കഥകളും വളരെയേറെ ആകര്‍ഷണീയമാണ്‌.

സാംസിയുടെ `രാത്രി വണ്ടിയുടെ കാവല്‍ക്കാരനില്‍' ഒരു വന്‍ നഗരത്തിന്റെ ഇരുളിന്റെപിന്നിലെ ജീവിതം തുറന്നുകാട്ടുകയാണ്‌, അത്‌ വേശ്യയാണെങ്കിലും പ്രേതമാണെങ്കിലും കൊള്ളക്കാരിയാണെങ്കിലും നമ്മെ ഭയപ്പെടുത്തുന്നു. `ആദമേ ആദമേ നീ എവിടെ'യെന്ന കഥ ബൈബിളിന്റെ പുനര്‍വായനയിലേക്ക്‌ കൂടിക്കൊണ്ട്‌ പോകുന്നു. സാംസി കഥകളിലെല്ലാം ഒരു ദാര്‍ശനികത്വം തങ്ങിനില്‍ക്കുന്നതും എടുത്തുപറഞ്ഞേ തീരൂ.

കോശി മലയിലിന്റെ രചനകളെ `ഗൃഹാതുരയുടെ കഥകള്‍' എന്നു വിളിച്ചാലും തെറ്റില്ല. തക്കം വരുമ്പോഴെല്ലാം കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലേക്ക്‌ ഒളിച്ചോടുകയാണ്‌, മടങ്ങിപ്പോകുകയാണ്‌. തന്റെ സ്‌കൂള്‍ ദിനങ്ങളും പ്രഫഷണല്‍ രംഗങ്ങളും ഈ കഥകളില്‍ ഉടനീളം കാണാന്‍ കഴിയും.

ഒന്നാംതരം വായനക്ക്‌ ഈ കൃതികള്‍ വക നല്‍കി. കോശി മലയില്‍ ഒരു പ്രവാസിയുടെ കാഴ്‌ചപ്പാടില്‍ എഴുതുമ്പോള്‍ സാംസിക്കഥകള്‍ കുടിയേറ്റക്കാരന്റേതാണെന്ന്‌ മാത്രം. പ്രിയ വായനക്കാര്‍ക്ക്‌ ഞാന്‍ ഈ കൃതികള്‍ ശുപാര്‍ശ ചെയ്യുകയാണ്‌.
ശ്രദ്ധിക്കപ്പെടേണ്ടതായ രണ്ട്‌ കഥാസമാഹാരങ്ങള്‍ (ജോണ്‍ മാത്യു)
Join WhatsApp News
Sudhir Panikkaveetil 2014-08-17 06:16:23
ശ്രീ സാംസിയുടെ മേല്പരഞ്ഞ കഥകളെക്കുരിച്ചുള്ള
നിരൂപണങ്ങൾ 2005 ൽ ഈ ലേഖകന എഴുതിയിരുന്നു. ഒരു പക്ഷെ സാംസിയുടെ കഥകളെ കുറിച്ചുള്ള  ആദ്യ പഠനം .എന്റെ നിരൂപണ സമാഹാരത്തിൽ
ഉൾപ്പെടുത്തിയിരുന്നു. ആരു വായിക്കാൻ?
ശ്രീ ജോണ്‍, ഇവിടെ  വായനക്കാരേക്കാൾ  കൂടുതൽ
എഴുത്തുകാരല്ലേ? അതു കൊണ്ട് വളരെ ചുരുക്കം
പേരെ വായിക്കുന്നുള്ളു. ഏതായാലും താങ്കളുടെ
ഉദ്യമത്തിനു അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക