Image

കുംഭകോണം സ്‌കൂള്‍ ദുരന്തം: മാനേജര്‍ക്ക് ജീവപര്യന്തവും 47 ലക്ഷം പിഴയും

Published on 30 July, 2014
കുംഭകോണം സ്‌കൂള്‍ ദുരന്തം: മാനേജര്‍ക്ക് ജീവപര്യന്തവും 47 ലക്ഷം പിഴയും
ചെന്നൈ: കുംഭകോണത്ത് സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 94 കുട്ടികള്‍ വെന്തുമരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ പളനിസ്വാമിക്ക് ജീവപര്യന്തം തടവുശിക്ഷയും 47 ലക്ഷം രൂപ പിഴയും വിധിച്ചു. പളനിസ്വാമിയുടെ ഭാര്യയും സ്‌കൂള്‍ നടത്തിപ്പുകാരിയുമായ സരസ്വതി, ഹെഡ്മിസ്ട്രസ് ശാന്തലക്ഷ്മി, ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ജയചന്ദ്രന്‍, എലിമെന്ററി വിദ്യാഭ്യാസ ഓഫീസര്‍ ബാലാജി, അസി. എലിമെന്ററി വിദ്യാഭ്യാസ ഓഫീസര്‍ ശിവപ്രകാശം, മറ്റൊരു എലിമെന്ററി വിദ്യാഭ്യാസ ഓഫീസറായ താണ്ടവന്റെ പി.എ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു.

ഉച്ചഭക്ഷണ സംഘടക വിജയക്ഷ്മി, പാചകക്കാരി വാസന്തി എന്നിവര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു ജീവനക്കാരന് രണ്ടു വര്‍ഷവും തടവുശിക്ഷ വിധിച്ചു. പ്രതികള്‍ 10 പേര്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു . മൂന്ന് അധ്യാപകരടക്കം 11 പേരെ കോടതി വെറുതെവിട്ടു. 2004 ജൂലായ് 16നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ശ്രീകൃഷ്ണ മിഡില്‍ സ്‌കൂളിലാണ് ദുരന്തമുണ്ടായത്. പത്തു വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും അഗ്നിബാധ പ്രതിരോധിക്കാനുള്ള സംവിധാനമില്ലായ്മയും എമര്‍ജന്‍സി വാതില്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ വിധിയില്‍ അസംതുപ്തരാണന്നും 11പേരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക