Image

സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന്

Published on 29 July, 2014
സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന്
ന്യൂഡല്‍ഹി: രഹസ്യം ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരിന് പിറകെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും അഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍െറയും പേരുകള്‍. ഇവരുടെ വീടുകളിലും ചാരവൃത്തിക്കുള്ളതെന്ന് സംശയിക്കുന്ന ശ്രവണ ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന് എന്‍.ഡി ടിവി  റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവം ബി.ജെ.പി നേതൃത്വം നിഷേധിച്ചിട്ടുണ്ട്. 
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിമാരില്‍ നിന്നും നേതാക്കളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളില്‍ അത്ഭുതമില്ളെന്നും എന്നാല്‍ മന്ത്രിമാരുടെ വസതികളില്‍നിന്ന് ചാരവൃത്തിക്കുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും ബി.ജെ.പി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. 
ഗഡ്കരിയുടെ വസതിയില്‍ ചാരവൃത്തിക്കുള്ളതെന്ന് സംശയിക്കുന്ന ശ്രവണ ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തത്തെിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.  
ബി.ജെ.പി വക്താവായ എം.ജെ. അക്ബറിന്‍െറ ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രമാണ് ഗഡ്കരിയുടെ വീട്ടില്‍നിന്ന് ചാരവൃത്തിക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത പുറത്തുവിട്ടത്. ഉന്നത ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു പത്രത്തിന്‍െറ റിപ്പോര്‍ട്ട്. ശക്തിയുള്ള ശ്രവണ ഉപകരണങ്ങളാണ് 13 തീന്‍മൂര്‍ത്തി മാര്‍ഗിലെ ഗഡ്കരിയുടെ വസതിയില്‍നിന്ന് കിട്ടിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.  
സംഭവത്തെക്കുറിച്ച് ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരോട് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വാര്‍ത്ത ഊഹാപോഹമാണെന്ന് ഗഡ്കരി പറഞ്ഞ ശേഷമാണ് അന്വേഷണം വേണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വിശദീകരിക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് ഗഡ്കരി തന്നെ വിശേഷിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ തങ്ങള്‍ക്ക് എങ്ങനെ ഇടപെടാനാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക