Image

ഉമ്മന്‍ചാണ്ടിയുടെ സ്വപ്നപദ്ധതി തകര്‍ന്നു. വകുപ്പുമാറ്റി മാനം രക്ഷിക്കും.

അനില്‍ പെണ്ണുക്കര Published on 22 July, 2014
ഉമ്മന്‍ചാണ്ടിയുടെ സ്വപ്നപദ്ധതി തകര്‍ന്നു. വകുപ്പുമാറ്റി മാനം രക്ഷിക്കും.
വിനാശകാലേ വിപരീത ബുദ്ധി എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഉമ്മന്‍ചാണ്ടി അത് പ്രവര്‍ത്തിച്ചുകാണിച്ചു. സ്പീക്കറായി വിലസിയിരുന്ന കാര്‍ത്തികേയനെ തലയണ മന്ത്രമോതി രാജിവെപ്പിച്ച് മന്ത്രിയാക്കാമെന്ന് മോഹിപ്പിച്ച് രാജിവെക്കുന്നുവെന്ന് നാലാള്‍ മുമ്പെ വിളിച്ചും പറയിപ്പിച്ച്…. ദാണ്ട് കിടക്കുന്നു.

മന്ത്രിസഭ പുന:സംഘടന അടിച്ചേല്‍പ്പിക്കാന്‍ ചാണ്ടി നടത്തിയ തന്ത്രത്തിന് എന്‍.എസ്.എസും, എസ്.എന്‍.ഡി.പി.യും, യാക്കോബായ സഭയും എതിര്‍പ്പുമായി രംഗത്ത് വന്നത് ഉമ്മച്ചന് പണിയായി.

ചാണ്ടിക്ക് സുധീരനെ  പണ്ടേ അത്ര ബോധ്യമല്ല. അതുകൊണ്ടാണല്ലോ സുധീരനെ കെ.പി.സി.സി. പ്രസിഡന്റ് ആക്കരുതെന്ന് ചെന്നിത്തലയും, ചാണ്ടിയും ഹൈക്കമാന്‍ഡിനോട് പറഞ്ഞത്. അവസാനം സോണിയ സുധീരന്റെ കയ്യില്‍ വടികൊടുത്തു. കെ.പി.സി.സി. പ്രസിഡന്റായി  സുധീരനും ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തലയും എത്തിയതോടെ പാര്‍ട്ടിയിലും, മന്ത്രിസഭയിലും തനിക്കുണ്ടായിരുന്ന സ്വാധീനം കുറഞ്ഞെന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ 12 സീറ്റിന്റെ വിജയത്തിന്റെ ബലത്തില്‍ മന്ത്രിസഭയില്‍ അഴിച്ചു പണി നടത്തി പാര്‍ട്ടിയിലും ഭരണത്തിലും താനാണ് അവസാനവാക്ക് എന്ന് തെളിയിക്കാനുള്ള സ്വപ്നത്തിലായിരുന്നു.

വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നിവരെ ഒഴിവാക്കി കൊണ്ടുള്ള പുന:സംഘടനയാണ് ചാണ്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹത്തോടടുപ്പമുള്ളവര്‍ പറയാന് തുടങ്ങിയപ്പോഴാണ് പണി കിട്ടിയത്. ഇവരെല്ലാം അവരവരുടെ സമുദായത്തെ പിടിക്കുകയും സഭാ നേതാക്കളെല്ലാം പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തതോടെ പണി പാളി. പക്ഷെ കെ.ബി.ഗണേഷ്‌കുമാറിനെയെങ്കിലും ഉള്‍പ്പെടുത്തി മന്ത്രി സഭ വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ചാണ്ടിയുടെ നീക്കം.

വി.എസ്.ശിവകുമാറിനെയും, തിരുവഞ്ചൂരിനേയും ഒരു കാരണവശാലും മന്ത്രിസഭയില്‍ നിന്ന് മാറ്റരുതെന്ന് എന്‍.എസ്.സ്. പ്രസ്താവനയിറക്കി. അടൂര്‍ പ്രകാശിനെ തൊട്ടുപോയാല്‍ വിവരം അറിയുമെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. അനൂപ് ജേക്കബിനു വേണ്ടി സഭയിലെ, ഒരു മെത്രാന്‍ നേരിട്ടെത്തി പറഞ്ഞു. ഈ മൂന്ന് ശക്തികളാണ് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വപ്ന പദ്ധതിക്ക് തുരങ്കം വച്ചത്. മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനോട് വി.എം. സുധീരനും താല്‍പര്യമില്ല.

എന്നാല്‍ കാര്‍ത്തികേയനെ വച്ച് പുന:സംഘടന സാധിച്ചെടുക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പാര്‍ട്ടിപ്രവര്‍ത്തനവും, മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയുമാണ് കാര്‍ത്തികേയന്‍ രാജി വച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിളിച്ചു പറഞ്ഞതോടെ ആ വഴിയും അടഞ്ഞു. എന്തായാലും ചില വകുപ്പുകളില്‍ ചില്ലറ മാറ്റം വരുത്തി ഗണേഷിനെയെങ്കിലും മന്ത്രിയാക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.

ഉമ്മന്‍ചാണ്ടിയുടെ സ്വപ്നപദ്ധതി തകര്‍ന്നു. വകുപ്പുമാറ്റി മാനം രക്ഷിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക