Image

മതസാഹോദര്യത്തിന്റെ അംബാസഡറുമൊത്ത്‌...

Published on 20 July, 2014
മതസാഹോദര്യത്തിന്റെ അംബാസഡറുമൊത്ത്‌...
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയുമായി `ആഴ്‌ചവട്ടം' ചീഫ്‌ എഡിറ്റര്‍ ഡോ. ജോര്‍ജ്‌ എം.കാക്കനാട്ട്‌ നടത്തിയ സ്‌നേഹ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍...

സന്ന്യാസ ജീവിതത്തിന്റെ നറുനന്മയും പവിത്രതയും ത്യാഗചിന്തയും സ്‌നേഹവാക്കുകളിലൂടെ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക്‌ അനുദിനം ചൊരിയുന്ന വ്യക്തിയാണ്‌ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തിന്റെ ഓര്‍ഗനൈസിങ്‌ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ തിരുമേനിയുടെ കര്‍ദ്ദിനാള്‍ അഭിഷേക ചടങ്ങുകള്‍ക്ക്‌ പാളയം ഇമാമിനൊപ്പം വത്തിക്കാനിലെത്തി ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുമായി ചങ്ങാത്തം കൂടിയ സ്വാമിജി, ഭാരതീയ ദര്‍ശനങ്ങളും സാംസ്‌കാരിക പൈതൃകവും ലോകത്തിന്റെ വിവിധ മലയാളി കൂട്ടായ്‌മകളില്‍ അവതരിപ്പിക്കുന്ന സന്ന്യാസി ശ്രേഷ്‌ഠനാണ്‌. ഫോമയുടെ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ്‌ റിസോര്‍ട്ടിലെത്തിയ അദ്ദേഹവുമായി അടുത്തിടപഴകുവാനും സംസാരിക്കുവാനും സാധിച്ചത്‌ അപൂര്‍വ ഭാഗ്യമായി കരുതുന്നു.

പഠനാര്‍ഹമായ സ്വാമിജിയുടെ ബഹുമുഖ പ്രതിഭാ വിലാസത്തിലേക്കൊരെത്തി നോട്ടം...

ആത്മീയ, ബൗദ്ധിക, സാമൂഹ്യ മേഖലകളില്‍ നിരന്തര ഇടപെടലുകള്‍ നടത്തുകയും സദാ കര്‍മ്മനിരതനായിരിക്കയും ചെയ്യുന്ന സ്വാമി ഗുരുരത്‌നം, നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ കര്‍മ്മങ്ങളെയും ചിന്തകളെയും ജനങ്ങളില്‍ എത്തിക്കുന്ന ആശ്രമപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു.

എഫ്‌.എ.സി.റ്റി. ഉദ്യോഗസ്ഥനായിരുന്ന എം.കെ. മണിയന്‍നായരുടെയും ജെ. ശാന്തമ്മയുടെയും മൂന്നു മക്കളില്‍ ഇളയവനായി 1974 മേയ്‌ 5-ന്‌ ചേര്‍ത്തലയില്‍ ജനിച്ചു. ഉദ്യോഗമണ്ഡലില്‍ ഫാക്‌റ്റ്‌ സ്‌കൂളിലും എറണാകുളത്തുമായി വിദ്യാഭ്യാസം. സ്വതവെ ഇടതുപക്ഷ ചിന്താഗതികളോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സ്വാമി വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലും സജീവമായിരുന്നു. 1995-ല്‍ അഹമ്മദാബാദിലെ ട്രയോ ഫാര്‍മ എന്ന കമ്പനിയുടെ എറണാകുളം ജില്ലയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചു. നവജ്യോതിശ്രീ കരുണാകരഗുരുവിനെ കണ്ടത്‌ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. 1995-ല്‍ ഗുരു ചേര്‍ത്തലയിലുള്ള സ്വാമിയുടെ ഭവനം സന്ദര്‍ശിച്ചു. 1997-ല്‍ ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിലുടനീളമുള്ള മരുന്നു വിതരണ ശൃംഖലയില്‍ പങ്കാളിയായി ആശ്രമജീവിതം തുടങ്ങി. ആശ്രമത്തിന്റെ യുവജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട്‌ പ്രവര്‍ത്തിച്ചു. 1999-ല്‍ സന്ന്യാസ ജീവിതത്തിനു മുന്നോടിയായുള്ളു ബ്രഹ്മചര്യജീവിതം തെരഞ്ഞെടുത്തു. 24.02.2001-ല്‍ സന്ന്യാസദീക്ഷ സ്വീകരണശേഷം ആതുരസേവന പ്രവര്‍ത്തനമേഖലയും ജീവകാരുണ്യത്തിനും മുന്‍തൂക്കം കൊടുത്ത്‌ ശാന്തിഗിരിയുടെ ആരോഗ്യരംഗത്തെ കൂടുതല്‍ സജീവമാക്കി മാറ്റി. ഈ സമയത്താണ്‌ ശാന്തിഗിരിയുടെ സിദ്ധ മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരത്തും ആയുര്‍വേദ മെഡിക്കല്‍ കോളജ്‌ പാലക്കാടും സ്ഥാപിക്കുന്നത്‌.

സ്വാമി ഗുരുരത്‌നം ജ്ഞാനപതി 2003 സെപ്‌റ്റംബര്‍ 13 മുതല്‍ ആശ്രമം ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമാണ്‌. 2009 മെയ്‌ മുതല്‍ ആശ്രമം ഓര്‍ഗനൈസിങ്‌ സെക്രട്ടറിയായി ആശ്രമ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ബ്രസീല്‍, ജര്‍മ്മനി, ഇറ്റലി, സിംഗപ്പൂര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഇന്ന്‌ കേരളത്തിന്റെ മതേതര മുഖത്തിന്റെ പ്രതീകമാണ്‌ സ്വാമി. പത്രങ്ങളിലും ആനുകാലികങ്ങളിലും വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ലേഖനങ്ങള്‍ എഴുതിവരുന്നു. `ദൈവത്തിന്റെ കണ്ണുകള്‍കൊണ്ട്‌ കാണുക', `നേരിന്റെ ബാല്യം', `ആശ്രമം എന്ന അഖണ്ഡത' എന്നീ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സ്വാമിജിയുമായുള്ള സ്‌നേഹസംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍...

? അമേരിക്കയിലെ അന്തരീക്ഷത്തെക്കുറിച്ച്‌...

* വളരെ ഇഷ്‌ടപ്പെട്ടു. മലയാളികളുടെ സ്‌നേഹം വേറിട്ട അനുഭവമാണ്‌. ക്രിസ്‌തീയ ആഭിമുഖ്യം നിലനില്‍ക്കുന്ന ഈ രാജ്യത്ത്‌ എന്നെപ്പോലൊരാളുടെ സാന്നിധ്യം അവര്‍ പ്രതീക്ഷയോടെ കാണുന്നുവെന്ന്‌ മനസ്സിലാക്കുന്നു. എല്ലാ മതങ്ങളെയും വിശ്വാസ സംഹിതകളെയും ഒരുപോലെ കാണുന്ന ഇന്ത്യയുടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്‌.

? സംഘടനകളുടെ മതേതര മുഖത്തെപ്പറ്റി...

* ആര്‍ഷഭാരത സംസ്‌കൃതിയുടെ സവിശേഷമായ മതേതരത്വത്തെ കര്‍മ്മഭൂമിയിലും കാത്തുസൂക്ഷിക്കുവാന്‍ കാട്ടുന്ന വ്യഗ്രത പ്രശംസനീയമാണ്‌. ഫോമയുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഈ കണ്‍വന്‍ഷന്റെ എല്ലാ വേദികളിലും സെഷനുകളിലും നിഴലിച്ചുകണ്ടു.

? യുവതലമുറയുടെ ജന്മഭൂമിയോടുള്ള ആഭിമുഖ്യത്തെ സ്വാമിജി എപ്രകാരം വിലയിരുത്തുന്നു.

* അവരില്‍ പലരെയും പരിചയപ്പെടാന്‍ സാധിച്ചു. കേരളത്തെക്കുറിച്ചും ഇന്ത്യയെപ്പറ്റിയും തെറ്റായ ചില സന്ദേശമാണ്‌ അവര്‍ക്ക്‌ കിട്ടിയിരിക്കുന്നതെന്ന്‌ അറിയാന്‍ കഴിഞ്ഞു. അടിക്കടിയുണ്ടാവുന്ന വിവാദങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്‌തത, വികസനത്തെ പിന്നോട്ടടിക്കുന്ന രാഷ്‌ട്രീയ വൈരം, മതങ്ങള്‍ തമ്മിലുള്ള സ്‌പര്‍ധ, അഴിമതി തുടങ്ങിയവയൊക്കെ കേരളത്തോട്‌ യുവജനങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ പോന്ന കാര്യങ്ങളാണ്‌.

? പ്രതീക്ഷ...

* ഭാഷയെ ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിവിശേഷം വിലവിലുണ്ട്‌. പക്ഷേ, അപചയങ്ങള്‍ക്കപ്പുറത്ത്‌ രാജ്യത്തിന്റെ മഹത്തായ പൈതൃകമുണ്ട്‌, സംസ്‌കാരമുണ്ട്‌, ജീവിതരീതികളുണ്ട്‌, ജനങ്ങളുടെ സാമൂഹിക അവബോധമുണ്ട്‌, കാഴ്‌ചപ്പാടുകളുണ്ട്‌, ലോകത്തിന്‌ നല്‍കാന്‍ കഴിയുന്ന ഭാരതീയമായ ചിന്താധാരകളുണ്ട്‌. യുവജനതയുടെ ഹൃദയങ്ങളിലേക്കിതെല്ലാമെത്തിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. സഹിഷ്‌ണുതയും ഉള്‍ക്കാഴ്‌ചയും കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടാവണം. ഇതൊന്നും ക്യാപ്‌സൂള്‍ രൂപത്തില്‍ ഉരുട്ടിക്കൊടുക്കാന്‍ പറ്റുന്നതല്ല. ഘട്ടം ഘട്ടമായി ഈ തലമുറയെ നമ്മുടെ രാജ്യത്തോടും സംസ്‌കാരത്തോടും ആഭിമുഖ്യമുള്ളവരാക്കി കൊണ്ടുവരാന്‍ കഴിയുമെന്നാണ്‌ എന്റെ പ്രതീക്ഷ.

? ഇതര കൂട്ടായ്‌മകളുടെ കാര്യമോ...

* പഞ്ചാബികളും ഗുജറാത്തികളും അവരുടെ ഇളം തലമുറയും സ്വന്തം പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നവരാണെന്ന്‌ മനസ്സിലാക്കുന്നു. മലയാളികള്‍ക്കിത്‌ സാധിക്കുന്നില്ലെന്നല്ല. ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത കുടുബജീവിതവും കുടുംബ ഭദ്രതയുമാണ്‌. ഇത്തരം ഗൗരവതരമായ, ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരമാണ്‌ കണ്‍വന്‍ഷനുകള്‍.

? വത്തിക്കാനിലെ അനുഭവം...

* ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്താണ്‌ അവിടെ പോകുന്നത്‌. അന്ന്‌ അദ്ദേഹത്തോട്‌ അടുത്തുനില്‍ക്കാന്‍ കഴിഞ്ഞത്‌ ജീവിതത്തിലെ അപൂര്‍വ ഭാഗ്യമാണ്‌. ലോക ക്രൈസ്‌തവരുടെ ആസ്ഥാനത്ത്‌, പ്രത്യേകിച്ചും പത്രോസിന്റെ കബറിഡത്തില്‍ പോയപ്പോള്‍ ഉണ്ടായ ആത്മീയാനുഭവം എന്നെ സംബന്ധിച്ചിടത്തോളം വിശദീകരിക്കാന്‍ പറ്റാത്ത അനുഭവമാണ്‌. ഒരുപക്ഷേ, സഭയുടെ ചരിത്രത്തിലെതന്നെ വ്യത്യസ്‌ത കാര്യമായിരിക്കും പാളയം ഇമാം എന്ന മുസ്ലിം മതനേതാവിന്റെയും എന്റെയും വത്തിക്കാനിലെ സാന്നിധ്യം. മതസാഹോദര്യത്തെക്കുറിച്ച്‌ ലോകത്തോട്‌ വിളിച്ചു പറയാന്‍ ലഭിച്ച അപൂര്‍വ അവസരമായിരുന്നു അത്‌. ഇത്‌ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി വരികയും ചെയ്‌തു.

? വര്‍ഗീയതയും തീവ്രവാദവും ഇറാക്കിലെ സ്ഥിതിവിശേഷങ്ങളും സൃഷ്‌ടിക്കുന്ന അസ്വസ്ഥതകളെ സ്വാമിജി എങ്ങനെയായിരിക്കും വിലയിരുത്തുക...

* ഇവിടെ ഒരേ മതത്തിലെ ഉള്‍പ്പിരിവുകളാണ്‌ സുന്നി-ഷിയ കലഹത്തിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്‌. ഫണ്ടമെന്റലിസ്റ്റുകളും ഐഡിയോളജിസ്റ്റുകളും തമ്മിലുള്ള ആശയപരമായ സംഘട്ടനം. മതങ്ങള്‍ തമ്മിലുള്ള അന്തഛിദ്രം, മതത്തിലെ ആഭ്യന്തര പോരാട്ടങ്ങള്‍ പരിഹരിക്കുകയെന്നത്‌ എത്രമേല്‍ പ്രായോഗികമാണെന്ന്‌ കണ്ടറിയണം.

? ധ്രുവീകരണം...

* ഹിന്ദുമതത്തില്‍ ജാതീയമായും മതപരമായും ധ്രുവീകരണമുണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. ഭാരതീയദര്‍ശനങ്ങളായാലും പാശ്ചാത്യ ദര്‍ശനങ്ങളായാലും ജനങ്ങളെ നന്മപ്പെടുത്തുവാനും പുണ്യപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനുമുള്ളതാണ്‌. പ്രയോഗവല്‍ക്കരണം പാളിയിരിക്കുന്നു. നമുക്ക്‌ വേണ്ടത്‌ തത്വശാസ്‌ത്രങ്ങളല്ല, ആത്മീയമായ അനുഭവമാണ്‌. ബൈബിള്‍ ആയാലും ഖുര്‍ ആന്‍ ആയാലും ഭഗവത്‌ഗീത ആയാലും അവയിലടങ്ങിയിരിക്കുന്ന അന്തസത്ത ഉള്‍ക്കൊള്ളണം. ആചാര്യന്മാരുടെ ദര്‍ശനങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുവാനും അങ്ങനെ ചിന്തിക്കുവാനും മതനേതാക്കളും തയ്യാറാകണം.

? രാഷ്‌ട്രീയവല്‍ക്കരണത്തിന്റെ ഗുണദോഷ വശങ്ങള്‍...

* അരാഷ്‌ട്രീയവാദം നന്നല്ല. നാം ജനിച്ചു ജീവിക്കുന്നിടത്ത്‌ ധാരാളം സുഹൃത്‌ വലയങ്ങള്‍ ഉണ്ട്‌. അവിടെ വിഭാഗീയതയില്ല. രാമനും തോമസും മുഹമ്മദുമെല്ലാം സങ്കുചിതത്വങ്ങള്‍ക്കതീതമായി ചിന്തിക്കുകയും സഹകരിക്കുകയും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉത്തമ സുഹൃത്തുക്കളാണ്‌.

? സ്വാമിജിയുടെ നാട്ടില്‍...

* ചേര്‍ത്തലയാണ്‌ എന്റെ ജന്മദേശം. അവിടെ രക്തസാക്ഷികളുടെ മണ്ണായ വയലാറില്‍ പണ്ട്‌ വലിയൊരു വോളിബോള്‍ ടൂര്‍ണമെന്റ്‌ നടത്തിയിരുന്നു. ചാനലുകള്‍ ഇല്ലാതിരുന്ന കാലത്തും ശ്രദ്ധിക്കപ്പെട്ട മേളയായിരുന്നു അത്‌. ഇപ്പോള്‍ രാഷ്‌ട്രീയം കയറി വന്നപ്പോള്‍ ആ ടൂര്‍ണമെന്റ്‌ ചിന്നഭിന്നമായിപ്പോയി. എന്റെ നാട്ടിലെ വായനശാലകളിലും രാഷ്‌ട്രീയത്തിന്റെ അതിപ്രസരം കാണുമ്പോള്‍ ദുഃഖമുണ്ട്‌. സമൂഹത്തിന്റെ അജണ്ട നിശ്ചയിക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌.

? സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്‌തി...

* ശുഭാപ്‌തി വിശ്വാസമുണ്ട്‌. ഈ സ്ഥിതിവിശേഷത്തില്‍ തീര്‍ച്ചയായും മാറ്റമുണ്ടാവും.

? ഈ മാറ്റത്തിനായി ശാന്തിഗിരി ആശ്രമം ചെയ്യുന്ന കാര്യങ്ങള്‍...

* മതാതീത ആത്മീയതയുടെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും മുദ്രവാക്യത്തിലധിഷ്‌ഠിതമായാണ്‌ ആശ്രമം പ്രവര്‍ത്തിക്കുന്നത്‌. പൊതുസമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട്‌ സമസ്‌തമേഖലയിലും പ്രവര്‍ത്തിക്കുന്നു. പിന്നെ നാടും വീടും വിട്ടുപോയ പ്രവാസികള്‍ക്കുവേണ്ടിയും ശബ്‌ദമുയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്‌. ശാന്തിഗിരി സാധാരണക്കാരുടെയും ഒറ്റപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവരുടെയും നാവാണിത്‌.

? സ്വാമജിയുടെ സഫലമായ സന്ന്യാസ ജീവിതത്തെക്കുറിച്ച്‌... സംതൃപ്‌തമാണോ...

* സംതൃപ്‌തിയേക്കാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിക്കാന്‍ കഴിയുകയെന്നതാണ്‌ നമ്മുടെ കര്‍മ്മം. കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ലോകത്തിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി എളിയ ജീവിതം സമര്‍പ്പിക്കാന്‍ കഴിയുകയെന്നത്‌ സന്ന്യാസിയുടെ പ്രത്യേകതയാണ്‌.

മലയാളികള്‍ ചിതറിക്കിടക്കുന്ന ഈ വലിയ രാജ്യത്ത്‌ മാധ്യമങ്ങളുടെ പങ്ക്‌ നിസ്‌തുലമാണെന്ന്‌ സ്വാമിജി പറയുന്നു. ആളുകളെ സംയോജിപ്പിക്കുന്നതില്‍, സംസ്‌കാരത്തെ സമ്പന്നമാക്കുന്നതില്‍ ആഴ്‌ചവട്ടത്തിന്റെ മുന്നേറ്റങ്ങള്‍ മാതൃകാപരമാണെന്നും ഇത്‌ തനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരികവും ആത്മീയവുമായ അപഭ്രംശങ്ങള്‍ സംഭവിക്കുന്നിടത്ത്‌ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ പോലുള്ള സന്ന്യാസിവര്യന്മാര്‍ എത്തി തങ്ങളുടെ ഭൗതിക സാന്നിധ്യം കൊണ്ട്‌ അവയെല്ലാം തരണംചെയ്യാന്‍ നമ്മെ പ്രാപ്‌തരാക്കുന്നു. അനുഗ്രഹവാക്കുകള്‍ക്ക്‌ ആയിരം നന്ദി...
മതസാഹോദര്യത്തിന്റെ അംബാസഡറുമൊത്ത്‌...മതസാഹോദര്യത്തിന്റെ അംബാസഡറുമൊത്ത്‌...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക