Image

മാധ്യമ പ്രവര്‍ത്തനവും ഭീകരവാദവും (ദല്‍ഹി കത്ത്‌ -പി.വി.തോമസ്‌)

Published on 18 July, 2014
മാധ്യമ പ്രവര്‍ത്തനവും ഭീകരവാദവും (ദല്‍ഹി കത്ത്‌ -പി.വി.തോമസ്‌)
ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ഒരു ഭീകരനും (ഇനാം- യൂ.എസ്‌ ഡോളര്‍ 10 മില്ല്യന്‍) ഒരു സംഘപരിവാര്‍ മാധ്യമപ്രവര്‍ത്തകനും ഇസ്ലാമാബാദില്‍ കണ്ടുമുട്ടുമ്പോള്‍ അത്‌ ഇന്ത്യന്‍ പാര്‍ലമെന്റിനെയും രാഷ്‌ട്രീയ വൃത്തങ്ങളെയും മാധ്യമലോകത്തെയും പിടിച്ചു കുലുക്കേണ്ടതായിട്ടുണ്ടോ ?

ആരാണീ മാധ്യമപ്രവര്‍ത്തകന്‍ ? ആരാണീ ഭീകരവാദി ? മാധ്യമപ്രവര്‍ത്തകന്റെ പേര്‌ വേദ്‌ പ്രകാശ്‌ വൈദിക്‌ എന്നാണ്‌. ദല്‍ഹി ആസ്ഥാനമാക്കി ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തനം നടത്തുന്നു. ഭീകരവാദി പാക്കിസ്ഥാന്‍കാരനായ ഹാഫീസ്‌ സയിദാണ്‌. ഈ മാധ്യമപ്രവര്‍ത്തകന്‍ അത്ര ചില്ലറക്കാരനല്ല. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ റാസ്‌പുട്ടിന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടാവുന്ന യോഗാചാര്യന്‍ ബാബ രാമദേവിന്റെ സന്തതസഹചാരിയാണ്‌ അദ്ദേഹം. മാത്രവുമല്ല, കാവിചിന്താസംഭരണിയായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി അടുത്ത ബന്ധം ഉള്ള ആളും ആണ്‌. (ഇത്‌ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്‌) ഈ ഫൗണ്ടേഷനും ബി.ജെ.പി.സര്‍ക്കാരും തമ്മില്‍ വളരെ ബന്ധം ഉണ്ട്‌. മോഡി ഗവണ്‍മെന്റിലെ മൂന്നു ഉന്നതവും വളരെ പ്രധാനവുമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്‌ ഈ ഫൗണ്ടേഷന്റെ അംഗങ്ങള്‍ ആണ്‌. ഇവര്‍ നൃവേന്ദ്ര മിശ്ര (പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പാള്‍ സെക്രട്ടറി), പി.കെ.മിശ്ര(അഡിഷണല്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറി), അജിത്‌ ദോവാള്‍ ( നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍)ആണ്‌. ദോവാള്‍ മുന്‍ സി.ബി.ഐ മേധാവിയാണ്‌. ഇവരുമായി വൈദികിനുള്ള അടുപ്പം ആണ്‌ ഈ കണ്ടുമുട്ടലിന്‌ നിറം പകരുന്നത്‌. ഇനി ആരാണ്‌ ഈ സയിദ്‌ ? അദ്ദേഹത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാവുന്നതാണ്‌, പ്രത്യേകിച്ചും ഇന്ത്യയില്‍.അദ്ദേഹം അന്താരാഷ്‌ട്രീയ ഭീകരസംഘടനയായ ലഷ്‌ക്കര്‍-ഇ-തായ്‌ബയുടെ(എല്‍.ഇ.റ്റി)സ്ഥാപകനാണ്‌. ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികളായ ഭീകരവാദികളുടെ പട്ടികയില്‍ ഒന്നാമനാണ്‌. ഇന്ത്യയില്‍ ഒട്ടേറെ ഭീകരരാക്രമണങ്ങല്‍ നേതൃത്വം നല്‌കി മരണവും നാശവും വെറുപ്പും വിതക്കുന്ന വ്യക്തിയാണ്‌ . അമേരിക്കയും ഐക്യരാഷ്‌ട്രസംഘടനയും ഇദ്ദേഹത്തെ അന്താരാഷ്‌ട്രഭീകരവാദിയായി പ്രഖ്യാപിച്ചതാണ്‌. അമേരിക്ക സയിദിന്റെ തലക്ക്‌ വച്ചിരിക്കുന്ന ചില 10 മില്ല്യന്‍ ഡോളര്‍ ആണ്‌, ഇദ്ദേഹത്തെ നേരിടുവാനായി അമേരിക്ക എല്‍.ഇ.റ്റിയുടെ ഒരു പോഷകസംഘടനയായ ജമാത്‌-ഉദ്‌-ദാവക്ക്‌ സാമ്പത്തിക ഉപരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പാക്കിസ്ഥാനിലെ ഒരു കോടതി ഇദ്ദേഹത്തെ മുംബൈ ആക്രമണം ഉള്‍പ്പെടെയുള്ള ഭീകരാക്രമണക്കേസുകളില്‍ ഒരു വിചാരണയെന്ന പ്രഹസനത്തിലൂടെ കുറ്റവിമുക്തനാക്കുകയുണ്ടായി. ഇതാണദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന പ്രതിരോധം. പാക്‌ പട്ടാളത്തിന്റെയും പാക്‌ചാരസംഘടനയായ ഐ.എസ്‌.ഐയുടെയും പ്രത്യേക സംരക്ഷണയിലും പരിപാലനത്തിലും ആണ്‌ സയിദ്‌. പാക്‌ പട്ടാളവും ഐ.എസ്‌.ഐ യും അറിയാതെ ഒരു ഈച്ചക്കുപോലും സയിദിനെ കാണുവാനാവുകയില്ല. പിന്നെ എങ്ങനെയാണ്‌ ഇന്ത്യന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വൈദിക്‌ സയിദിനെ കണ്ടത്‌ ? ഇത്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ ദോവാളിന്റെയും ഒത്താശയോടെ ആയിരുന്നുവോ ? ഇത്‌ ട്രാക്ക്‌-2 , ട്രാക്ക്‌ -3 ഡിപ്ലോമസിയുടെ ഭാഗം ആയിരുന്നുവോ ?എങ്കില്‍ അതിന്റെ രാഷ്‌ട്രീയവും ധാര്‍മ്മികതയും എന്താണ്‌ ? ഇതാണ്‌ പ്രതിപക്ഷവും രാഷ്‌ട്രീയ നിരീക്ഷകരും ചോദിക്കുന്നത്‌.

അവര്‍ക്ക്‌ അതിന്‌ കാരണങ്ങളും ഉണ്ട്‌. ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്താണ്‌ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനം റാഞ്ചിക്കൊണ്ടുപോയ പോക്ക്‌ ഭീകരര്‍ക്ക്‌ അവരുടെ ഡിമാന്റായ ഭീകരകൈമാറ്റവും നടത്തിയതും, പണം നല്‍കിയതും ഇത്‌ വളരെയെറെ വിവാദം സൃഷ്‌ടിച്ചിരുന്നു. കാരണം ഭീകരതയുമായി യാതൊരു നെഗോസിയേഷനും ഇല്ലെന്നതാണ്‌ ഇന്ത്യയടുടെ പ്രഖ്യാപിത നയം.

ഇവിടത്തെ പ്രധാന ചോദ്യം വൈദിക്‌ സയിദിനെ കണ്ടത്‌ തികച്ചും മാധ്യമപ്രവര്‍ത്തനപരമായ കാരണത്താലാണോ ? അതോ ഒരു മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ ട്രാക്ക്‌-2, ഡിപ്ലോമസിയുടെ ഭാഗമായിട്ടാണോ ? പത്രപ്രവര്‍ത്തകനെന്ന നിലയിലാണെങ്കില്‍ അദ്ദേഹത്തെ തെറ്റുപറയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അല്ല, രണ്ടാമത്തെ രീതിയിലാണ്‌ വൈദിക്‌-സയിദ്‌ കണ്ടുമുട്ടല്‍ നടന്നതെങ്കില്‍ അത്‌ തികച്ചും പ്രതിഷേധാര്‍ഹം ആണ്‌.

പത്രപ്രവര്‍ത്തകന്‍ വാര്‍ത്തയ്‌ക്കും ഇന്റര്‍വ്യൂവിനുമായി കുറ്റവാളികളെയും , പിടികിട്ടാപുള്ളികളെയും , വാര്‍ ക്രിമിനലുകളെയും മാഫിയ രാജാക്കന്മാരേയും എന്നുവേണ്ട ആരെയും കാണും. ലൂസിഫറിന്റെ അടുത്തുനിന്നും വാര്‍ത്തകിട്ടുമെങ്കില്‍ അവര്‍ നരകവാതിലിലും മുട്ടും. മുട്ടണം എന്നതാണ്‌ പ്രമാണം. ഇതുമാത്രമാണോ വൈദിക്‌ ചെയ്‌തത്‌ ? ആണെന്ന്‌ അദ്ദേഹം പറയുന്നു. അല്ലെന്ന്‌ വിമര്‍ശകരും പ്രതിപക്ഷവും പറയുന്നു. എന്താണ്‌ സത്യം ? സയിദുമായിട്ടുള്ള കൂടിക്കാഴ്‌ചയുടെ റിപ്പോര്‍ട്ട്‌ എവിടെ ? ഇതുവരെ അത്‌ പുറത്തുവന്നിട്ടില്ല. ഉടന്‍ വരുമെന്ന്‌ അദ്ദേഹം പറയുന്നു. ജൂണില്‍ ആണ്‌ കൂടിക്കാഴ്‌ച നടന്നത്‌. എന്തുകൊണ്ടാണ്‌ ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിക്കുവാന്‍ ഇത്ര താമസം ? ഇതുപോലുള്ള ഇന്‍ര്‍വ്യൂകള്‍ അന്താരാഷ്‌ട്രീയ വാര്‍ത്തയാണ്‌. അത്‌ എഴുതി പ്രസിദ്ധീകരിക്കാതെ ഒരു റിപ്പോര്‍ട്ടര്‍ക്ക്‌ ഉറങ്ങുവാന്‍ സാധിക്കുമോ ? പത്രപ്രവര്‍ത്തനപരമായ കാരണത്താലാണ്‌ വൈദിക്‌ സയിദിനെ കണ്ടതെങ്കില്‍ അതിനെ നൂറുശതമാനവും ന്യായീകരിക്കുന്ന ഞാന്‍ ഒരു സംഭവം ഓര്‍മ്മിച്ചുപോവുകയാണ്‌ . ആന്ധ്രപ്രദേശില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കുമ്പോള്‍ നക്‌സലൈറ്റുകളുടെ ഒളിതാവളമായ വനാന്തരത്തിലെ (ഖമ്മം-ചെല്ലേന്തു വനം ) അണ്ടര്‍ഗ്രൗണ്ടില്‍ പോയതും താമസിച്ചതും ലക്ഷങ്ങള്‍ തലയില്‍ പേറുന്ന നക്‌സല്‍ നേതാവിനെ ഇന്റര്‍വ്യൂ ചെയ്‌തതും ആണത്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ പുറം ലോകത്തെത്തിയപ്പോള്‍ ആദ്യം ചെ.യ്‌തത്‌ ആദ്യം കണ്ട ടെലിഗ്രാഫ്‌ ഓഫീസില്‍ പോയി സ്റ്റോറി ഫയല്‍ ചെയ്യുകയെന്നതാണ്‌. എന്തുകൊണ്ട്‌ വൈദിക്‌ അത്‌ ചെയ്‌തില്ല ?

പാക്ക്‌ പട്ടാളത്തിന്റെയും ഐ.എസ്‌.ഐയുടെയും കാവലില്‍ കഴിയുന്ന സയിദുമായി എങ്ങനെയാണ്‌ അത്ര പെട്ടെന്ന്‌ ഒരു അപ്പോയിന്റ്‌മെന്റും അഭിമുഖവും വൈദികിന്‌ തരം ആയത്‌. അദ്ദേഹം പറയുന്നത്‌ ചില പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കവെ, സയിദിന്റെ വിഷയവും ചര്‍ച്ചയ്‌ക്ക്‌ വരികയും അവരുടെ സഹായത്തോടെയാണ്‌ പെട്ടെന്നുള്ള ഈ കൂടിക്കാഴ്‌ചയ്‌ക്ക്‌ വഴിയൊരുങ്ങിയതെന്നും എന്നാണ്‌. ഇത്‌ അത്രയ്‌ക്ക്‌ അങ്ങ്‌ വിശ്വാസിക്കാമോ ? ലോകമാസകലം ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ സയിദുമായിട്ടുള്ള ഒരു അഭിമുഖത്തിനായി മാസങ്ങളോ വര്‍ഷങ്ങളോ ആയി ശ്രമിച്ചുകൊണ്ടിരിക്കുന്ന കഥ അറിയാം.അത്തരമൊരു പശ്ചാത്തലത്തില്‍ ഇത്‌ അവിശ്വസനീയം ആണ്‌. പ്രതിപക്ഷം പാര്‍ലമെന്റില്‍ ആരോപിച്ചത്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയാണ്‌ പാക്‌ പട്ടാളത്തെയും ഐ.എസ്‌.ഐ.യും സയിദിനെയും ഈ കൂടിക്കാഴ്‌ചയ്‌ക്കായി സമ്മതിപ്പിച്ചതെന്നാണ്‌. ഗവണ്‍മെന്റ്‌ അതിന്‌ ഇതില്‍ യാതൊരു പങ്കും ഇല്ലെന്ന്‌ സയിദ്‌ ഇന്ത്യയുടെ ദൃഷ്‌ടിയില്‍ ഒരു ഭീകരനും പിടികിട്ടാപുള്ളിയും ആണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പാര്‍ലമെന്റിനുള്ളിലും പുറത്തും പ്രഖ്യാപിച്ചെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല. ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അത്‌ കാശ്‌മീര്‍ പ്രശ്‌നം പോലെ ഇന്‍ഡോ-പാക്‌ ചര്‍ച്ചപോലെ അറ്റം കാണാതെ നീളുകയാണ്‌.

ജേര്‍ണലിസ്റ്റ്‌ ആണെങ്കില്‍ ഇവിടെ ദുര്‍ബ്ബലപ്പെടുവാന്‍ കാരണം വൈദിക്‌ സയിദിന്റെ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചില്ല എന്നതുമാത്രമല്ല, അദ്ദേഹം ഇപ്പോള്‍ ഒരു വര്‍ക്കിങ്ങ്‌ ജോര്‍ണലിസ്റ്റ്‌ അല്ല. ആ പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റ്‌ എന്നതിലുപരി അദ്ദേഹം ഗവണ്‍മെന്റിന്റെയും സംഘപരിവാറിന്റെയും അടുത്ത ആള്‍ ആയിട്ടാണ്‌ അറിയപ്പെടുന്നത്‌.നൃവേന്ദ്ര മിശ്ര -പി.കെ.മിശ്ര-ദോവാള്‍ കണക്ഷന്‍ ഇവിടെയാണ്‌ വരുന്നത്‌. അതാണ്‌ ഈ കൂടിക്കാഴ്‌ചയുടെ ബിഗ്‌ പിക്‌ചര്‍ മറ്റൊന്നായി മാറുന്നത്‌ . വൈദിക്‌ ഇപ്പോള്‍ ഒരു സജീവ മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കിലും അവസരം കിട്ടിയപ്പോള്‍ സയിദിനെ പോലുള്ള ഒരു വ്യക്തിയെ കാണുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം അദ്ദേഹത്തിന്റെ ഞരമ്പിലൂടെ ഒഴുകുന്നത്‌ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോരയാണ്‌. അദ്ദേഹം ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഹിന്ദി ദിനപത്രമായ നവഭാരത്‌ ടൈംസിലും പി.റ്റി.ഐ യുടെ ഹിന്ദി വാര്‍ത്താ ഏജന്‍സിയായ ഭാഷയ്‌ക്കും വേണ്ടി ജോലി ചെയ്‌തിട്ടുണ്ട്‌, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പെന്‍ഷന്‍ പറ്റിയതുകൊണ്ടോ ഒരു മാധ്യമസ്ഥാപനത്തിന്റെ പേറോളില്‍ ഇല്ലാതായതുകൊണ്ടോ ഒരു മാധ്യമപ്രവര്‍ത്തകനിലെ മാധ്യമപ്രവര്‍ത്തകന്‍ മരിക്കുന്നുമില്ല. ഇതെല്ലാം ശരിയാണ്‌. പക്ഷേ വൈദിക്‌ - സയിദ്‌ കൂടിക്കാഴ്‌ചയുടെ ഗുട്ടന്‍സ്‌ ഇനിയും പിടികിട്ടുന്നില്ല. സയിദിന്റെ ഹൈ-പ്രൊഫൈല്‍ നില നോക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും വന്ന താരതമ്യേന അപ്രശസ്‌തനായ ഒരു മാധ്യമപ്രവര്‍ത്തകനുമായി സമയം ചിലവഴിക്കുവാന്‍ അദ്ദേഹം അത്ര എളുപ്പം മുതിരുകയില്ല.എങ്കില്‍ വേറെന്തോ കാരണം ഉണ്ട്‌. അതാണ്‌ പ്രതിപക്ഷവും രാഷ്‌ട്രീയ നിരീക്ഷകരും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ സംശയത്തിന്റെ സൂചി നീട്ടുവാന്‍ കാരണം. ഒപ്പം ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്റെ നേരെയും ഹൈകമ്മീഷന്‍ ഗവണ്‍മെന്റിനെപോലെ തന്നെ ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ല എന്ന്‌ പറഞ്ഞ്‌ കൈകഴുകിയെങ്കിലും സംഭവം അവിടെ തീരുന്നില്ല. പ്രതിപക്ഷം ഇപ്പോഴും വിശ്വസിക്കുന്നത്‌ വൈദിക്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിനിധിയായിട്ടാണ്‌ സയിദിനെ സന്ദര്‍ശിച്ചതെന്നാണ്‌ . സയിദിന്റെ പ്രതിരോധം അത്ര വിലപ്പോകുന്നില്ല. അദ്ദേഹം പറയുനനത്‌ അദ്ദേഹം മാവോയിസ്റ്റ്‌ നേതാക്‌ന്മാരേയും എല്‍.റ്റി.റ്റി.ഇ.നേതാക്കന്മാരെയും ചേലുപ്പള്ളി പ്രഭാകരന്‍ ഉള്‍പ്പെടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്ദര്‍ശിക്കുകയും ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌. സയിദുമായിട്ടുള്ള കൂടിക്കാഴ്‌ചയും ഇതില്‍ നിന്നും വ്യത്യസ്‌തം അല്ല. വൈദിക്‌ ഇസ്ലാമാബാദില്‍ പോയത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരായ മണിശങ്കര്‍ അയ്യരുടെയും സല്‍മാന്‍ ഖുര്‍ഷിദിന്റെയും ഒരു സംഘം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും കൂടെ ആയിരുന്നുവെന്നതും ശ്രദ്ധേയം ആണ്‌. ഇസ്ലാമാബാദിലെ റീജിയണല്‍ പീസ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവാനായിരുന്നു സംഘം പോയത്‌. അയ്യര്‍ ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബോര്‍ഡ്‌ ഓഫ്‌ ഗവര്‍ണേഴ്‌സിലുണ്ട്‌. ഈ ബോര്‍ഡില്‍ ഐ.എസ്‌ ഐ യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും അംഗങ്ങള്‍ ആണെന്നത്‌ പരസ്യമായ ഒരു രഹസ്യം ആണ്‌. ഇതൊക്കെ ആഗോളതലത്തില്‍ നടക്കുന്ന കാര്യം ആണെന്നും പൊതുവെ അറിയാം. ഏതായാലും ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങ്‌ കഴിഞ്ഞിട്ടും വൈദിക്‌ ഇസ്ലാമബാദില്‍ തുടരുകയും സയിദിനെ കാണുകയും ചെയ്‌തു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം വൈദിക്‌ നടത്തിയ ഒരു പ്രസ്‌താവന വളരെ ശ്രദ്ധേയം ആണ്‌. കാശ്‌മീരിന്‌ സ്വാതന്ത്ര്യം നല്‌കുന്നതിനെ അദ്ദേഹം പിന്തുണയ്‌ക്കുകയാണ്‌ ചെയ്‌തത്‌. ഇതും അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതിനിധിയായിട്ടാണ്‌ സയിദിനെ കണ്ടതെന്ന ആരോഹണവും പരസ്‌പരവിരുദ്ധം ആണ്‌. ഇത്‌ ഇന്ത്യയുടെ പ്രഖ്യാപിതനയത്തിനും മോഡിയുടെയും സംഘപരിവാറിന്റെയും ആര്‍,എസ്‌.എസിന്റെയും നയത്തിനും ഘടകവിരുദ്ധമാണ്‌. ഇത്‌ യാഥാര്‍ത്ഥ്യത്തെ മൂടിവയ്‌ക്കുവാനായി മനഃപൂര്‍വ്വം മിസ്‌ ലീഡ്‌ ചെയ്യുവാനുള്ള ഒരു ശ്രമം ആണോ? രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദിന്റെ (കോണ്‍ഗ്രസ്‌) ഭാഷയില്‍ വൈദിക്‌ ഒരു ഇന്റര്‍മീഡിയറിയായിട്ടാണ്‌ പാക്കിസ്ഥാനില്‍ പോയതെന്നും വൈദിക്‌ തന്നെ സമ്മതിച്ചുവത്രെ ! എങ്കില്‍ വൈദിക്‌ ആരുടെ ഇന്റര്‍മീഡിയറിയോ എമിസറിയോ ആയിരുന്നുവെന്ന്‌ ഗവണ്‍മെന്റ്‌ വ്യക്തമാക്കണം. വൈദികിന്‌ ചര്‍ച്ചകളില്‍ ഇടനിലക്കാരനായി റോള്‍ വഹിക്കുന്ന ഒരു പാരമ്പര്യം ഉണ്ട്‌. രാമജന്മക്ഷേത്ര മൂവ്വ്‌മെന്റിന്റെ കാലത്ത്‌ അദ്ദേഹം മുലായം സിംങ്ങ്‌ യാദവിന്റെയും അദ്വാനിയുടെയും ഇടയിലുള്ള ലിങ്ക്‌ ആയിരുന്നു. അതുപോലെ തന്നെ അണ്ണാ ഹസാരെയുടെ ലേക്‌പാല്‍ സമരത്തില്‍ അദ്ദേഹം ബാബരാം ദേവിനുവേണ്ടി ഗവണ്‍മെന്റുമായി നെഗോസിയേഷന്‍ നടത്തിയിട്ടുണ്ട്‌ . ഇതെല്ലാം വൈദികിന്റെ കേസ്‌ ദുര്‍ബ്ബലപ്പെടുത്തുന്നു.

വൈദിക്‌-സയിദ്‌ കൂടിക്കാഴ്‌ചയുടെ സത്യാവസ്ഥ എന്താണെന്ന്‌ നിരീക്ഷകര്‍ക്ക്‌ അറിയില്ല. ഒരു പക്ഷേ സത്യം ഒരിക്കലും വെളിയില്‍ വന്നില്ലെന്നും ഇരിക്കും. അത്‌ തികച്ചും മാധ്യമപ്രവര്‍ത്തന സംബന്ധമായ ഒരു കൂടിക്കാഴ്‌ചയായിരുന്നെങ്കില്‍ വൈദികിനെ അനുമോദിക്കേണ്ടിയിരിക്കുന്നു. ബിന്‍ലാദനുമായി ഒരു അഭിമുഖം കിട്ടിയിരുന്നെങ്കില്‍ അതൊരു ഇന്റര്‍നാഷണല്‍ സ്‌കൂപ്പും ആകുമായിരുന്നതുപോലെ വലിയ ഒരു നേട്ടം ആണ്‌ ഇത്‌ വൈദികിന്‌ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍. അതല്ല ഇത്‌ ട്രാക്ക്‌-2, ട്രാക്ക്‌-3 ഡിപ്ലോമസിയുടെ ഭാഗം ആയിരുന്നെങ്കില്‍ വൈദിക്‌ മാധ്യമ ധര്‍മ്മത്തെയും മര്യാദയെയും ലംഘിക്കുകയാണ്‌ ചെയ്‌തത്‌. ഗവണ്‍മെന്റാകട്ടെ ഹീനമായ്‌ ഒരു പ്രവര്‍ത്തിയും. ഹാഫിസ്‌ സയിദ്‌ ഒരു ഭീകരനാണ്‌. അയാളുമായി ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള സന്ധിയില്ല. അത്‌ നയതന്ത്രമല്ല. വിടുപണിയാണ്‌. ഭാരതസര്‍ക്കാര്‍ അത്‌ ചെയ്യരുത്‌.
മാധ്യമ പ്രവര്‍ത്തനവും ഭീകരവാദവും (ദല്‍ഹി കത്ത്‌ -പി.വി.തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക