Image

മാധ്യമ സംവാദത്തില്‍ 'കൊല'പതി മുതല്‍ ഗെയില്‍ ട്രെഡ്‌വെല്‍ വരെ

Published on 01 July, 2014
മാധ്യമ സംവാദത്തില്‍ 'കൊല'പതി മുതല്‍ ഗെയില്‍ ട്രെഡ്‌വെല്‍ വരെ
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടാകുന്നതിന്‌ ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിച്ചുവെന്നത്‌ തനിക്ക്‌ ബോധ്യമായ കാര്യമാണെന്ന്‌ സംസ്‌കാരിക-പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌ ഫോമയിലെ മാധ്യമ സെമിനാറില്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ മോഡല്‍ വികസന മാതൃകയാണ്‌ മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്‌. അതിന്റെ നിജസ്ഥിതിയോ വസ്‌തുകളോ ഒന്നും അന്വേഷിക്കാതെ ഒരു മുദ്രാവാക്യം പോലെ മാധ്യമങ്ങള്‍ അത്‌ ഏറ്റുപാടി- അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിവി ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ സത്യം ചിലപ്പോള്‍ ബലിയാടാകുന്നു. മറ്റേ ചാനല്‍ കൊടുക്കുമെന്ന ഭീതിയില്‍ കിട്ടുന്നതെന്തും കൊടുക്കുന്നു. നിജസ്ഥിതിക്ക്‌ അവടെ പ്രസക്തി നഷ്‌ടപ്പെടുന്നു. അച്ചടി മാധ്യമങ്ങള്‍ക്കാകട്ടെ വസ്‌തുതകള്‍ അന്വേഷിച്ച്‌ സത്യസന്ധമായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുന്നു.

സര്‍ക്കാരിനെതിരേ വിമര്‍ശനം നല്ലതാണ്‌. പക്ഷെ സമീപകാലത്തെ പല വിവാദങ്ങളും യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ എം.എ ബേബി നിയമസഭയില്‍ വരാതിരുന്നത്‌ ഒരാഴ്‌ചക്കാലം മാധ്യമങ്ങളിലെ മുഖ്യവിഷയമായിരുന്നു. ബേബി സഭയില്‍ ഒപ്പിട്ടു, ഒപ്പിട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ ദിവസങ്ങളോളം ജനം സഹിച്ചു.

ബേബി ഒപ്പിടുന്നതും ഒപ്പിടാത്തുമാണോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം? വിവാദങ്ങളാണ്‌ പല മാധ്യമങ്ങളേയും നയിക്കുന്നത്‌. വിവാദമാണ്‌ അവരുടെ ലക്ഷ്യം തന്നെ. ഇതു ഗുണകരമാണോ എന്ന്‌ ആലോചിക്കണം- മന്ത്രി പറഞ്ഞു.

മലയാള മനോരമയ്‌ക്കെതിരേ വിമര്‍ശനം ഉയര്‍ത്തുന്നവരില്‍ പലരും അവിടെ ജോലി കിട്ടാത്തവരാണെന്ന്‌ മനോരമ വീക്ക്‌ലി പത്രാധിപരും ലളിതകലാ അക്കാഡമി ചെയര്‍മാനുമായ കെ.എ. ഫ്രാന്‍സീസ്‌ പറഞ്ഞു.

മാധ്യമരംഗത്തെ കുലപതിയെന്ന്‌ തന്നേയും കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസിനേയുമൊക്കെ വിശേഷിപ്പിച്ചതുകണ്ടു. നാട്ടില്‍ പോയി അതു പറഞ്ഞാല്‍ പ്രശ്‌നമാകും. കുലപതി പോകുന്നു, കുലപതി പോകുന്നു എന്നു ജനം പറയും. ആളുകളെ ശരിക്കും `വധിക്കുന്ന' വ്യക്തി എന്ന നിലയില്‍ ബ്രിട്ടാസിനെ വേണമെങ്കില്‍ `കൊലപതി' എന്നു വിളിക്കാം.

മനോരമയ്‌ക്ക്‌ അതിന്റേതായ ഒരു മണ്‌ഡലമുണ്ടെന്നും ആ വായനക്കാരുടെ താത്‌പര്യങ്ങള്‍ക്കനുസൃതമായ വാര്‍ത്തകളാണ്‌ പത്രത്തില്‍ വരുന്നതെന്നും ഫ്രാന്‍സീസ്‌ ചൂണ്ടിക്കാട്ടി. പക്ഷപാതിത്വം പാടില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

നാട്ടുകാര്‍ക്ക്‌ പണികൊടുക്കുന്ന പത്രക്കാര്‍ക്ക്‌ പണികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സെമിനാര്‍ ചോദ്യത്തര രീതിയിലാക്കിയതെന്നു ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.

എല്ലാ മാധ്യമങ്ങള്‍ക്കും പക്ഷപാതിത്വമുണ്ട്‌. പണം മുടക്കിയവന്റെ താത്‌പര്യം സംരക്ഷിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നത്‌. നിഷ്‌പക്ഷത എന്നതു തട്ടിപ്പു മാത്രം. പത്രക്കാര്‍ സൃഷ്‌ടിക്കുന്ന അജണ്ട അനുസരിച്ചാണ്‌ രാഷ്‌ട്രീയ രംഗം മുന്നോട്ടുപോകുന്നതെന്ന്‌ മന്ത്രി പറഞ്ഞു. റേറ്റിംഗിന്റെ ഉള്ളിലും രാഷ്‌ട്രീയ-സാമ്പത്തിക സമവാക്യങ്ങളുണ്ട്‌.

മാതാ അമൃതാനന്ദമയിക്കെതിരേ പുസ്‌തകമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌ വെല്ലുമായി താന്‍ അഭിമുഖം നടത്തിയത്‌ ആരും ആവശ്യപ്പെട്ടിട്ടില്ല. അതിനു പിന്നില്‍ പ്രത്യേക അജണ്ട ഒന്നുമില്ല. ഇന്‍ര്‍വ്യൂ  You ട്യൂബില്‍ ഉണ്ട്‌. അതൊന്നു കണ്ടുനോക്കുക. എത്ര ഉന്നതരായാലും ചോദ്യത്തിനു അതീതരായിരിക്കരുത്‌. അങ്ങനെ വരുമ്പോള്‍ ജനാധാപത്യം തകരും. ഇന്റര്‍വ്യൂ ചെയ്‌താല്‍ കൈ പൊള്ളുമെന്ന്‌ പലരും പറഞ്ഞതാണ്‌. പക്ഷെ ഈ ജോലിയൊക്കെ അവസാനിപ്പിച്ചു കഴിയുമ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരു റിസ്‌കും എടുത്തില്ല എന്നു തോന്നാനിടവരരുതെന്നു കരുതി സാഹസത്തിനു മുതിരുകയായിരുന്നു.

അമ്മയ്‌ക്കെതിരായ കേസ്‌ തെറ്റോ ശരിയോ എന്നു തനിക്കറിയില്ല. ആരോപണമുന്നയിച്ചവര്‍ എന്തുപറയുന്നു എന്നു താന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തുവെന്നു മാത്രം.

അഭിമുഖം കഴിഞ്ഞശേഷം ഭീഷണികള്‍ വന്നിരുന്നു. പക്ഷെ പേടിക്കാനാവില്ലല്ലോ.

കൈരളി ടിവിയ്‌ക്ക്‌ സി.പി.എമ്മിനെ വിമര്‍ശിച്ചുകൂടാ എന്നില്ല. എന്റേയും നിങ്ങളുടേയും മുഖ്യമന്ത്രിയെ ഒരു സമുദായ നേതാവ്‌ ചീത്തപറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഒരു ജനപ്രതിനിധിയേയും കണ്ടില്ല. പി.ടി തോമസിന്റെ കാര്യം മറക്കുന്നില്ല.

മര്യാദയ്‌ക്ക്‌ ഒന്നു മദ്യപിക്കാന്‍ ഒരു കുപ്പി മദ്യം വാങ്ങാന്‍ സാദാ മലയാളി ഒരു ദിവസം ക്യൂവില്‍ നില്‍ക്കണമെന്നതാണ്‌ സ്ഥിതി. ഖജനാവിലേക്ക്‌ പണം നല്‍കുന്ന പാവം മദ്യപാനിയോട്‌ ഇത്തിരി ദയ കാട്ടിക്കൂടേ?

എല്ലാറ്റിനുമുപരി ചില ശരികളുണ്ട്‌. അതിന്റെ കൂടെ നില്‍ക്കാന്‍ മാധ്യമങ്ങളുണ്ടാകണം. തനിക്കെതിരേ ഭീഷണി വന്നപ്പോള്‍ മാധ്യമങ്ങളോ മാധ്യമ പ്രവര്‍ത്തകരോ പിന്തുണയുമായി വന്നില്ല.

മാധ്യമരംഗത്ത്‌ താന്‍ പെട്ടുപോയതാണെന്ന്‌ ബ്രിട്ടാസ്‌ പറഞ്ഞു. പക്ഷെ അതില്‍ സന്തോഷമുണ്ട്‌. മാധ്യമങ്ങളും രാഷ്‌ട്രീയക്കാരുമാണ്‌ ജനജീവിത മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നവര്‍. ഏറ്റവും വലിയ സേവനം ചെയ്യുന്നതും അവര്‍ തന്നെയാണ്‌- ബ്രിട്ടാസ്‌ പറഞ്ഞു.

പത്രങ്ങളുടെ വലിയ ഉത്തരവാദിത്വങ്ങളെപ്പറ്റിയാണ്‌ ദീപിക ഡല്‍ഹി ബ്യൂറോ ചീഫ്‌ ജോര്‍ജ്‌ കള്ളിവയല്‍ സംസാരിച്ചത്‌. മനോരമ ഓണ്‍ലൈന്‍ മേധാവി സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ ഓണ്‍ലൈനുകളുടെ ഭാവിയെപ്പറ്റിയും, ഏഷ്യാനെറ്റിന്റെ അനില്‍ അടൂര്‍ ടിവി രംഗത്തെപ്പറ്റിയും സംസാരിച്ചു.

മാധ്യമ സെമിനാര്‍ കമ്മിറ്റി ചെയര്‍ സജി എബ്രഹാം ആമുഖ പ്രസംഗം നടത്തി. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മോഡറേറ്ററായിരുന്ന ജോര്‍ജ്‌ ജോസഫ്‌ ഗെയില്‍ ട്രെഡ്‌വെല്‍ തനിക്ക്‌ അഭിമുഖം തരാമെന്നു സമ്മതിച്ചതും, ബ്രിട്ടാസ്‌ സമീപിച്ചപ്പോള്‍ ആദ്യം അതു കഴിയട്ടെ എന്നു പറഞ്ഞതും അനുസ്‌മരിച്ചു. ബ്രിട്ടാസിന്റെ ഇന്റര്‍വ്യൂവിനുശേഷം അവര്‍ പൂര്‍ണ്ണ നിശബ്‌ദത പാലിക്കുകയും ചെയ്യുന്നു.

ഇന്ത്യാ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ടാജ്‌ മാത്യു, സെക്രട്ടറി വിന്‍സെന്റ്‌ ഇമ്മാനുവേല്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ മാത്യു വര്‍ഗീസ്‌, വൈസ്‌ ചെയര്‍ മധു രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാധ്യമ സംവാദത്തില്‍ 'കൊല'പതി മുതല്‍ ഗെയില്‍ ട്രെഡ്‌വെല്‍ വരെ
മാധ്യമ സംവാദത്തില്‍ 'കൊല'പതി മുതല്‍ ഗെയില്‍ ട്രെഡ്‌വെല്‍ വരെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക