Image

ഓപ്പ (കഥ: സുനില്‍ എം.എസ്‌)

Published on 23 June, 2014
ഓപ്പ (കഥ: സുനില്‍ എം.എസ്‌)
നൂറിലേറെ ചാനലുകളാണിപ്പോള്‍ ടിവിയില്‍ കിട്ടുന്നത്‌. ചാനലുകളെല്ലാം മാറ്റിയും മറിച്ചും വച്ചാലും ചില സമയങ്ങളില്‍ നല്ല പരിപാടികള്‍ ഒന്നുമുണ്ടാവില്ല. ദില്ലി ദൂരദര്‍ശന്‍ മാത്രം കിട്ടിയിരുന്ന കാലത്ത്‌ കാണാന്‍ പറ്റിയ നല്ല കുറേ പരിപാടികളുണ്ടായിരുന്നു. അന്ന്‌ അതിലെ ന്യൂസു പോലും ശ്രദ്ധയോടെ കേള്‍ക്കാന്‍ തോന്നുമായിരുന്നു. ഇന്നിപ്പോ ദില്ലി ദൂരദര്‍ശനില്‍ പോലുമുള്ള പരിപാടികളുടേയും നിറം മങ്ങിയതു പോലെ. വെള്ളം വെള്ളം സര്‍വ്വത്ര,കുടിയ്‌ക്കാനിറ്റു വെള്ളമില്ല എന്ന പോലെ, ചാനല്‍ ചാനല്‍ സര്‍വ്വത്ര...

സെല്‍ ഫോണ്‍ ശബ്ദിച്ചു. ശാരി കടന്നെടുത്തു. സെല്‍ഫോണില്‍ പേരു തെളിഞ്ഞിട്ടുണ്ടാകണം. അവള്‍ എന്നെ നോക്കിപ്പറഞ്ഞു, `ഓപ്പ.'ഫോണിലൂടെ അവള്‍ ചോദിച്ചു,`എന്ത്യേ, ഓപ്പേ?'

ക്ലോക്കിലേയ്‌ക്ക്‌ അറിയാതെ നോക്കിപ്പോയി. പത്തു മണി കഴിഞ്ഞിരിയ്‌ക്കുന്നു. രാത്രി, ഇത്രത്തോളം വൈകിയ വേളകളില്‍ ഓപ്പ ഇതുവരെ വിളിച്ചു കണ്ടിട്ടില്ല. എന്തായിരിയ്‌ക്കാം ഈ നേരത്തു വിളിയ്‌ക്കാന്‍ കാരണം?

ഭാസിച്ചേട്ടനു വല്ലതും...

ഭാസിച്ചേട്ടനു പ്രമേഹമുണ്ട്‌. ഒരിയ്‌ക്കല്‍ കാല്‍വിരല്‍ പൊട്ടിപ്പഴുത്ത്‌ വ്രണമായിത്തീര്‍ന്നിരുന്നു. അതു പൊറുക്കാന്‍ വര്‍ഷങ്ങളെടുത്തു. വിരലു മുറിച്ചുകളയേണ്ടി വരുമോ, പാദം തന്നെ കുഴപ്പത്തിലാകുമോ എന്നെല്ലാമുള്ള ആശങ്കകള്‍ പോലുമുണ്ടായിരുന്നു. ഭാഗ്യം കൊണ്ട്‌ ആ വ്രണം പൂര്‍ണ്ണമായും പൊറുത്തു.

ഭാഗ്യം കൊണ്ടല്ല, ഓപ്പയുടെ നിരന്തരശ്രമം മൂലമാണ്‌ അതു പൊറുത്തത്‌ എന്നാണ്‌ ഭാസിച്ചേട്ടന്‍ അതേപ്പറ്റി പറഞ്ഞത്‌.നടക്കാനാകാതെ ഭാസിച്ചേട്ടന്‍ വീട്ടിലിരിപ്പായപ്പോള്‍, ഓപ്പ തന്നെ ഭാസിച്ചേട്ടനെ നിര്‍ബന്ധിച്ച്‌ വണ്ടിയിലും വണ്ടിയില്ലാത്തപ്പോള്‍ ഓട്ടോയിലും മെല്ലെ പിടിച്ചു കയറ്റി, ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു. മഴയത്ത്‌ യാത്രയ്‌ക്കിടയില്‍ കാല്‍ നനയാതിരിയ്‌ക്കാനുള്ള സംവിധാനങ്ങളൊക്കെ ഓപ്പ ചെയ്‌തു.ഇടയ്‌ക്കിടെ ഓപ്പ തന്നെ വ്രണം ശുചിയാക്കി, മരുന്നു വച്ചു കെട്ടിക്കൊടുക്കുകയും ചെയ്‌തിരുന്നു.

`നഴ്‌സുമാരേക്കാള്‍ നന്നായി അതൊക്കെച്ചെയ്യാന്‍ മാലതിയ്‌ക്കറിയാം,' ഭാസിച്ചേട്ടന്‍ ഒരിയ്‌ക്കല്‍ പറഞ്ഞിരുന്നു. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ്‌ മീറ്ററുപയോഗിച്ച്‌ ബ്ലഡ്‌ ഷുഗര്‍ ടെസ്റ്റു ചെയ്യല്‍, അതൊക്കെ ഓപ്പ ചെയ്‌തോളും.

ഇനിയെങ്ങാന്‍ ഭാസിച്ചേട്ടന്റെ ഷുഗറു കൂടുകയോ മറ്റോ ചെയ്‌തിരിയ്‌ക്കുമോ? ശാരിയുടെ സംസാരം ശ്രദ്ധിച്ചു.

ഊണു കഴിഞ്ഞോ,ദിവസങ്ങള്‍ക്കു മുന്‍പ്‌ മണ്ണും വെള്ളവും നിറച്ച ചട്ടിയില്‍ നട്ടിരുന്ന ആമ്പല്‍ മുളച്ചോ, ചേനച്ചെടികള്‍ വളര്‍ന്നോ, ചീരകൃഷി എങ്ങനെയുണ്ട്‌...അങ്ങനെയുള്ള വിവരങ്ങള്‍ അവര്‍ പരസ്‌പരം കൈമാറി. ആ സംഭാഷണങ്ങളില്‍ നിന്ന്‌ പ്രശ്‌നങ്ങളൊന്നുമില്ല എന്നു മനസ്സിലായി.എങ്കിലും ഓപ്പ ഇത്രയും വൈകിയ നേരത്തു വിളിച്ചത്‌ ചേനയുടേയും ചീരയുടേയും നില വിലയിരുത്താന്‍ വേണ്ടിയായിരിയ്‌ക്കില്ല.

കാര്‍ഷികരംഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ്‌ ശാരി പറഞ്ഞു, `ദാ, ഓപ്പ.'

`എന്തേ ഓപ്പേ, ഈ നേരത്ത്‌...'

`നിന്നെ വിളിയ്‌ക്കാന്‍ എനിയ്‌ക്ക്‌ നേരോം കാലോം നോക്കണംന്നുണ്ടോ, കേശൂ?'

ഞാന്‍ ചിരിച്ചു.ആശ്വാസമായി. കുഴപ്പങ്ങളൊന്നുമില്ല. എങ്കിലും... `ഭാസിച്ചേട്ടനു കുഴപ്പമൊന്നുമില്ലല്ലോ?'

`ഏയ്‌,അങ്ങേര്‍ക്ക്‌ ഒരു കുഴപ്പവുമില്ല.ദാ, അവിടിരുന്നു ടീ വി കാണണ്ണ്‌ട്‌.' ഓപ്പയുടെ കനമുള്ള സ്വരം ആര്‍ദ്രമായി. `കേശൂ, നീ പണ്ടൊരു കല്യാണം നടത്തിയത്‌ ഓര്‍ക്കണ്ണ്‌ടോ?'

ആകെ രണ്ടു കല്യാണങ്ങള്‍ മാത്രമാണു ഞാന്‍ നടത്തിയിരിയ്‌ക്കുന്നത്‌. ഒന്ന്‌ ഞാനും ശാരിയും തമ്മിലുള്ളത്‌. അതിനും വര്‍ഷങ്ങള്‍ മുന്‍പായിരുന്നു ഞാന്‍ നടത്തിയ ആദ്യത്തെ കല്യാണം. അത്‌ ഓപ്പയുടേതായിരുന്നു. ഭാസിച്ചേട്ടനുമായി.

`എന്തു പറ്റി, ഓപ്പേ?'

`അത്‌ എന്നായിരുന്നെന്ന്‌ നീ ഓര്‍ക്കണ്ണ്‌ടോ?'

ഓപ്പയുടെ കല്യാണം നടന്നത്‌ തിളച്ചുമറിയുന്ന മീനച്ചൂടിലായിരുന്നു; അതു നന്നായോര്‍ക്കുന്നുണ്ട്‌.

അന്നു വീട്‌ വളരെച്ചെറുതായിരുന്നു. രണ്ടു മുറി, ഒരടുക്കള. മുന്‍പിലൊരു വരാന്ത, പുറകിലൊരു ചെറു വരാന്ത. മുറ്റത്തേയ്‌ക്കിറങ്ങിക്കയറേണ്ടുന്ന ഒരു ചായ്‌പ്പ്‌.മുന്‍പത്തെ വീട്ടുടമ ആടുകളെ കെട്ടിയിരുന്ന തൊഴുത്തായിരുന്നു, ആ ചായ്‌പ്പ്‌. വീട്‌ എനിയ്‌ക്കു വില്‍ക്കുന്നതിനു തൊട്ടു മുന്‍പ്‌ ആടുകളുടെ തൊഴുത്ത്‌ അദ്ദേഹമൊരു ചായ്‌പ്പാക്കിമാറ്റി.

ചായ്‌പ്പിനകത്ത്‌ ചിലയിടങ്ങളില്‍ കൈയുയര്‍ത്തിയാല്‍ ഓടിന്മേല്‍ സ്‌പര്‍ശിയ്‌ക്കാം. പൊക്കം കുറഞ്ഞ ഭിത്തിയില്‍ ഒരേയൊരു ജനല്‍.

അന്നു വീട്ടില്‍ കറന്റെത്തിയിരുന്നില്ല. ചായ്‌പ്പിനകത്ത്‌ പൊതുവില്‍ ചൂടായിരുന്നു. ജനലടച്ചാല്‍ പ്രത്യേകിച്ചും. വേനല്‍ക്കാലത്ത്‌ ചായ്‌പ്പിനകം ഉരുകും.

`നിങ്ങളെ ചായ്‌പ്പിലാണ്‌ ഞങ്ങളന്നു കിടത്തിയത്‌. അതു ഞാനോര്‍ക്ക്‌ണ്ണ്‌ട്‌. ചൂടത്ത്‌ രണ്ടുപേരും വെന്തു കാണണം.'

എന്റെ സ്വരത്തിലെ വ്യസനം ഓപ്പ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. `കേശൂ, ഞാന്‍ മുന്‍പും പറഞ്ഞിട്ടില്ലേ, അന്നു പരമസുഖായിരുന്നു. ചൂടൊന്നും അറിഞ്ഞേയില്ല. ഇന്നിപ്പോ ഫാന്‍ തലേല്‌ ഫിറ്റു ചെയ്‌തു നടന്നാലും മതിയാവില്ലെന്നു തോന്നിപ്പോണ്ണ്‌ട്‌.' ഓപ്പ എപ്പോഴും അങ്ങനെയാണ്‌. എന്നെ ആശ്വസിപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കും.

`അന്നു രാത്രി കിടക്കാന്‍ നേരത്ത്‌ ചായ്‌പ്പില്‌ നല്ല ചൂടുണ്ടാവും ന്നു ഞാന്‍ പറഞ്ഞപ്പോ,?അനിയാ അതൊന്നും സാരമില്ല?എന്നു ഭാസിച്ചേട്ടന്‍ പറഞ്ഞു.ഓപ്പേ, അതു ഞാന്‍ മറന്നിട്ടില്ല.'

`അങ്ങേരെപ്പഴും അങ്ങനെയാ. ഉള്ളതുകൊണ്ട്‌ ഓണം പോലെ.' അങ്ങേര്‌, മൂപ്പര്‌,കക്ഷി എന്നൊക്കെ ഓപ്പ അവസരത്തിനൊത്ത്‌ ഭാസിച്ചേട്ടനെ പരിഹസിച്ചുകൊണ്ടു പറയുമെങ്കിലും, ഓപ്പയ്‌ക്ക്‌ ഭാസിച്ചേട്ടനെ ജീവനാണെന്ന്‌ എനിയ്‌ക്കു നന്നായറിയാം. `ങാ,ഞാന്‍ പറഞ്ഞുവന്നത്‌,' ഓപ്പ തുടര്‍ന്നു, `ആ കല്യാണം കഴിഞ്ഞിട്ട്‌ നാല്‌പതു കൊല്ലം നാളെ തികയും.'

`ഓ,നാല്‌പതു കൊല്ലായോ !' ഞാനത്ഭുതപ്പെട്ടുപോയി.

`ശരിയാണ്‌.കാലം പോണത്‌ അറിയണില്ല. ഒക്കെ ഇന്നാളു കഴിഞ്ഞ പോലെ തോന്നണ്ണ്‌ട്‌. എന്നാല്‍, ഇതിനിടയ്‌ക്ക്‌ പശൂം ശിശൂം ണ്ടായി. പശൂന്‌ കുട്ടികള്‌ രണ്ടായി. ശിശൂനും കല്യാണം കഴിച്ച്‌ കുട്ടികള്‌ണ്ടാവണ്ട കാലം കഴിഞ്ഞു.കേശൂ, നിന്റെ സരിതയ്‌ക്കും കുട്ടിയൊന്നായല്ലോ.'

പശുപാലനും ശിശുപാലനും ഓപ്പയുടെ മക്കളാണ്‌. സരിത എന്റെ മകളും.

ഓപ്പ മുത്തശ്ശിയും ഞാന്‍ മുത്തച്ഛനുമായെങ്കിലും ഓപ്പയുടെ കല്യാണം കഴിഞ്ഞിട്ട്‌ നാല്‌പതു വര്‍ഷമായെന്നു

വിശ്വസിയ്‌ക്കാനാവുന്നില്ല.ഈ നാല്‌പതു വര്‍ഷക്കാലത്തിന്നിടയില്‍ പലപ്പോഴും ഓപ്പയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നെന്ന്‌ എനിയ്‌ക്കൂഹിയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. എന്റെ കൈയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ ഓപ്പയ്‌ക്കുവേണ്ടി ഭാസിച്ചേട്ടനേക്കാള്‍ നല്ലൊരു വരനെ കണ്ടെത്താമായിരുന്നു എന്നൊരു സ്വകാര്യദുഃഖം എനിയ്‌ക്ക്‌ കുറഞ്ഞൊരു കാലം മുന്‍പു വരെയുണ്ടായിരുന്നു. `അന്നു കാശിന്റെ കാര്യം ഇത്തിരി ടൈറ്റായിരുന്നു. ഇപ്പഴെന്നോടു ദേഷ്യം തോന്നണ്ണ്‌ടോ,ഓപ്പേ?'

`കേശൂ,നിന്നോടു ദേഷ്യോ !' ഓപ്പയുടെ കനത്തിലുള്ള സ്വരം മൃദുലമായി. `ഭാസിച്ചേട്ടനെപ്പോലെ എന്നോട്‌ ഇത്രേം ഇഷ്ടോള്ള വേറൊരാളെ കിട്ടുമായിരുന്നൂന്ന്‌ എനിയ്‌ക്കു തോന്നണില്ല, കേശൂ.' ഓപ്പ ഒരു നിമിഷം നിശ്ശബ്ദയായി. `അതിനു നിന്നോടു നന്ദി പറയാനാണ്‌ ഞാന്‍ വിളിച്ചത്‌. അന്നു നീ കനിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ മൂത്തു മുരടിച്ചുപോയേനേ.തങ്കച്ചേച്ചിയെപ്പോലെ.'

അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ ഏറ്റവും ഇളയ കുട്ടിയാണ്‌ ഓപ്പ. ഏറ്റവും മൂത്തത്‌ തങ്കച്ചേച്ചി.പിന്നെ ബേബിച്ചേട്ടനും ബാബുച്ചേട്ടനും. ഓപ്പയുടെ അച്ഛന്‍, രാമന്‍ വല്യച്ഛനെ ഒരിയ്‌ക്കല്‍ മാത്രം കണ്ടതായി ഞാനോര്‍ക്കുന്നു. അധികം കഴിയും മുന്‍പെ വല്യച്ഛന്‍ മരിച്ചു.

ബേബിച്ചേട്ടന്‌ മൂക്കില്‍ ദശ വളര്‍ന്ന്‌ ശസ്‌ത്രക്രിയ നടത്തി. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേയ്‌ക്ക്‌ ബേബിച്ചേട്ടന്‍ മരിച്ചു. ബാബുച്ചേട്ടന്‍ മിയ്‌ക്കപ്പോഴും രോഗഗ്രസ്‌തനായിരുന്നെങ്കിലും ഈയിടെ വരെ ജീവിച്ചു. ആരോഗ്യസ്ഥിതി പൊതുവില്‍ മോശമായിരുന്നതുകൊണ്ട്‌ ബാബുച്ചേട്ടനെക്കൊണ്ട്‌ ഒന്നുമാകുമായിരുന്നില്ല.

തങ്കച്ചേച്ചിയ്‌ക്ക്‌ മടലു തല്ലലായിരുന്നു ജോലി. മടല്‍ മൂടുന്നതില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ അതും നിലച്ചു.മറ്റ്‌ കൊച്ചുകൊച്ചു പണികളെടുത്തിരുന്നെങ്കിലും അതുകൊണ്ടൊന്നും അതിജീവനം സാദ്ധ്യമായിരുന്നില്ല. വലിയമ്മയും തങ്കച്ചേച്ചിയും ഓപ്പയും അര്‍ദ്ധപ്പട്ടിണിയിലായിരുന്നു.

സഹോദരങ്ങളില്ലാതിരുന്ന എനിയ്‌ക്ക്‌ ചെറുപ്പം മുതല്‍ക്കേ എന്നേക്കാള്‍ ആറു വയസ്സിന്റെ മൂപ്പുള്ള ഓപ്പയോട്‌ ആരാധന തന്നെയുണ്ടായിരുന്നു. എന്റെ വികൃതി മൂലം സഹികെട്ട അമ്മയ്‌ക്ക്‌, `ഒന്നുള്ളെങ്കിലും ഉലക്കയ്‌ക്കടിച്ചു വളര്‍ത്തണം'എന്ന ആപ്‌തവാക്യം എന്നെ ഇടയ്‌ക്കിടെ ഓര്‍മ്മിപ്പിയ്‌ക്കേണ്ട ഗതികേടു വന്നിരുന്നു. എന്നാല്‍ വല്ലപ്പോഴും ഓപ്പ വന്ന്‌ ഞങ്ങളുടെ കൂടെ ഒന്നു രണ്ടു ദിവസം വീതം കഴിയുന്ന നേരങ്ങളില്‍ ഞാന്‍ ഓപ്പയുടെ വിനീതവിധേയനായിരുന്നു.

ഓപ്പ മടങ്ങിപ്പോകാനൊരുങ്ങുമ്പോള്‍ അമ്മ പറയും, `നീ പോകണ്ട മാലൂ. ഇവിടെ നില്‍ക്ക്‌. നീയുള്ളപ്പോ ഇവനൊരു മനുഷ്യക്കുഞ്ഞാ. അല്ലെങ്കിലെന്നെ വെകിളി പിടിപ്പിയ്‌ക്കാനേ അവനു നേരോള്ളു.'

ഓപ്പ എന്നെ ചേര്‍ത്തു നിര്‍ത്തി എന്റെ ശിരസ്സില്‍ തലോടും. ഞാന്‍ ഓപ്പയോടു ചേര്‍ന്നു നിന്ന്‌ വിജയഭാവത്തില്‍ അമ്മയെ നോക്കും. ?കണ്ടില്ലേ,ഒരു വെകിളിയും പിടിപ്പിയ്‌ക്കാതെ ഞാന്‍ നില്‍ക്കണത്‌? എന്ന മട്ടില്‍. അമ്മ എന്നെങ്കിലും എന്നെ ചേര്‍ത്തു നിര്‍ത്തി തലോടിയ വിദൂര ഓര്‍മ്മ പോലും എനിയ്‌ക്കില്ല.

അമ്മ പല തവണ പറഞ്ഞിട്ടും ഞാന്‍ ചെയ്യാഞ്ഞ പല കാര്യങ്ങളും ഓപ്പയൊന്നു കണ്ണു കാണിച്ചാല്‍ മതിയായിരുന്നു, ഞാന്‍ ചെയ്യാന്‍.

എന്റെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ ഓര്‍മ്മയായതിനാല്‍, ഞാന്‍ വഴി തെറ്റിപ്പോകാതെ വളരണം, വളര്‍ന്നു വലിയ ആളായിത്തീരണം എന്ന സദുദ്ദേശത്താലാണ്‌ അമ്മയെന്നെ കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതെന്ന്‌ ഓപ്പ പറഞ്ഞു തന്നപ്പോഴാണ്‌ അമ്മയുടെ വേവലാതികളെക്കുറിച്ചുള്ള ബോധം എനിയ്‌ക്കു കൈവരാന്‍ തുടങ്ങിയത്‌.അതോടെയാണ്‌ അമ്മയെപ്പറ്റിയുള്ള എന്റെ വീക്ഷണത്തിനു തന്നെ മാറ്റം വരാന്‍ തുടങ്ങിയത്‌.ഒരു പക്ഷേ എനിയ്‌ക്ക്‌ പക്വത കൈവരാന്‍ തുടങ്ങിയതും അപ്പോഴായിരിയ്‌ക്കണം.

നാലാം ക്ലാസ്സു വരെയുള്ള പഠിപ്പു മാത്രമാണ്‌ ഓപ്പയ്‌ക്കുണ്ടായിരുന്നത്‌. എന്നാലും ഓപ്പയുടെ ചിന്തകളില്‍ പലതും എനിയ്‌ക്കു വഴികാട്ടിയായിട്ടുണ്ട്‌. കുഴഞ്ഞുമറിഞ്ഞതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പ്രശ്‌നമെന്തെങ്കിലും ഉണ്ടാകുമ്പോള്‍, ഓപ്പ വിരലു വയ്‌ക്കുന്നത്‌ അതിന്റെ കാതലായ ഭാഗത്തായിരിയ്‌ക്കും. അതിന്റെ പരിഹാരമാര്‍ഗ്ഗവും അതോടെ തെളിയും. അഭ്യസ്‌തവിദ്യന്‍ എന്നു സ്വയം അഭിമാനിയ്‌ക്കുന്ന എനിയ്‌ക്കു പോലും കാണാന്‍ കഴിയാത്ത പരിഹാരങ്ങള്‍ ഓപ്പ ?കൂളായിട്ട്‌? നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതുകണ്ടു ഞാനത്ഭുതപ്പെട്ടു പോയിട്ടുമുണ്ട്‌. വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ ഓപ്പ ഒരു ബാങ്കിന്റെ മാനേജിംഗ്‌ ഡയറക്ടറായേനേ എന്നു ഞാനിപ്പോഴും വിശ്വസിയ്‌ക്കുന്നു.

ഓപ്പയുടെ ശരിയായ മൂല്യത്തെപ്പറ്റി ശരിയ്‌ക്കും ബോധവാനായിരുന്ന എനിയ്‌ക്ക്‌ ആ മൂല്യത്തിനനുസരിച്ചുള്ളൊരു വരനെ ഓപ്പയ്‌ക്കുവേണ്ടി കണ്ടെത്താനായില്ല എന്ന സങ്കടത്തോടെയാണ്‌ ഭാസിച്ചേട്ടന്‌ ഞാന്‍ ഓപ്പയെ കല്യാണം കഴിച്ചു കൊടുത്തത്‌.

അക്കാലത്ത്‌ ചന്തദിവസങ്ങളില്‍ കായക്കച്ചവടം നടത്തുകയായിരുന്നു, ഭാസിച്ചേട്ടന്‍. ലുങ്കിയുടുത്ത്‌, കായക്കറയുള്ള ഷര്‍ട്ടിട്ട്‌, തലയിലൊരു കെട്ടും കെട്ടി, മഴവെയില്‍ എന്ന വ്യത്യാസമില്ലാതെ ഭാസിച്ചേട്ടന്‍ പറവൂര്‍കോട്ടപ്പുറം ചന്തകളില്‍ കായക്കച്ചവടം നടത്തി. ചന്തദിവസത്തിന്റെ തലേന്നു രാത്രി തന്നെ ഭാസിച്ചേട്ടന്‍ ചന്തയിലെത്തുമായിരുന്നു. ചന്ത കഴിഞ്ഞ്‌ ഉച്ചയോടെ മടങ്ങിപ്പോകും.

കല്യാണത്തിനു ശേഷം ഭാസിച്ചേട്ടന്‍ പ്രാകൃതവേഷത്തില്‍ കായക്കച്ചവടം നടത്തിക്കൊണ്ടിരിയ്‌ക്കുന്നത്‌ ഒരിയ്‌ക്കല്‍ നേരില്‍ കാണാന്‍ എനിയ്‌ക്കിടയായി. അന്നു രാത്രി ഞാനക്കാര്യം അമ്മയോടു പറഞ്ഞു സങ്കടപ്പെട്ടു. ഓപ്പയ്‌ക്ക്‌ ഓപ്പ അര്‍ഹിയ്‌ക്കുന്നൊരു ഭര്‍ത്താവിനെ നല്‍കാന്‍ കഴിഞ്ഞില്ലല്ലോ.

`നിനക്കാവുന്നതിന്റെ പരമാവധി നീ ചെയ്‌തിട്ടുണ്ട്‌. പിന്നെ, ഭാസി കുഴപ്പക്കാരനല്ലെന്നാണ്‌ എനിയ്‌ക്കു തോന്നണത്‌. നീ വെറുതേ വിഷമിയ്‌ക്കാതിരിയ്‌ക്ക്‌.' മൃദുലവികാരങ്ങള്‍ പ്രകടിപ്പിയ്‌ക്കുന്നത്‌ അമ്മയുടെ പതിവല്ലായിരുന്നെങ്കിലും അന്ന്‌ അമ്മയത്‌ കഴിയുന്നത്ര മൃദുലമായിപ്പറഞ്ഞു.

എന്റെ അയല്‌പക്കത്തെ ദിവാകരന്‍ ചേട്ടനും ചന്തക്കച്ചവടം ചെയ്‌തിരുന്നു. എന്നാല്‍ അയാളാകട്ടെ,ഇടയ്‌ക്കിടെ മദ്യലഹരിയില്‍ ഭാര്യയെ നിഷ്‌കരുണം അടിയ്‌ക്കുകയും തൊഴിയ്‌ക്കുകയും ചെയ്യുമായിരുന്നു. ദിവാകരന്‍ ചേട്ടന്‍ ഭാര്യയെ ഉപദ്രവിയ്‌ക്കുന്നതുപോലെ ദിവാകരന്‍ ചേട്ടന്റെ സഹചന്തക്കച്ചവടക്കാരനായിരുന്ന ഭാസിച്ചേട്ടനും ഓപ്പയെ ഉപദ്രവിയ്‌ക്കുന്നുണ്ടാകും എന്നൊരു ഭയം എന്റെ മനസ്സില്‍ എങ്ങനെയോ കടന്നു കൂടിയിരുന്നു. തലേക്കെട്ടും കായക്കറയുള്ള ഷര്‍ട്ടും മുഷിഞ്ഞ ലുങ്കിയും ഭാസിച്ചേട്ടന്റെ ഒരു ഭീകരചിത്രമാണ്‌ എന്റെ മനസ്സില്‍ വരച്ചിരുന്നത്‌...

ഓപ്പയാകട്ടെ അവിടുത്തെ കാര്യങ്ങള്‍ ഒന്നും തന്നെ എന്നോടു പറയുകയും ചെയ്യുമായിരുന്നില്ല. വളരെ വിരളമായി മാത്രമേ ഓപ്പ വരാറുണ്ടായിരുന്നുള്ളു. മുഖത്ത്‌ സദാസമയവും ഒരേ ഭാവം തന്നെ.കഷ്ടപ്പാടുകള്‍ സഹിയ്‌ക്കുന്നുണ്ടാകണം എന്നൂഹിയ്‌ക്കാവുന്ന സ്ഥിതിയില്‍പ്പോലും അതൊന്നും ഓപ്പയുടെ മുഖത്തു പ്രതിഫലിയ്‌ക്കാറുണ്ടായിരുന്നില്ല. കഷ്ടപ്പാടുകളുടെ ഇടയില്‍ ഒരുപക്ഷേ ഭാസിച്ചേട്ടന്റെ അതിക്രമങ്ങളും സഹിയ്‌ക്കുന്നുണ്ടാകുമായിരിയ്‌ക്കും എന്നും ഞാന്‍ സംശയിച്ചു.

പക്ഷേ ഓപ്പയുടെ മുഖത്ത്‌ ഒരിയ്‌ക്കല്‍പ്പോലും ദുഃഖമോ നിരാശയോ കണ്ടില്ല. എന്നെ വിഷമിപ്പിയ്‌ക്കാതിരിയ്‌ക്കാന്‍ വേണ്ടി ഓപ്പ പ്രത്യേകം ശ്രദ്ധിച്ചതായിരിയ്‌ക്കാം എന്നൊരു തോന്നല്‍ എന്റെയുള്ളില്‍ കടന്നുകൂടിയിരുന്നു. ഓപ്പയുടെ ആഭരണങ്ങള്‍ വിറ്റ കാലത്ത്‌ കുറേയേറെക്കാലം ഓപ്പ ഞങ്ങളെ സന്ദര്‍ശിയ്‌ക്കാതെയിരുന്നു. ആഭരണങ്ങള്‍ വിറ്റ കാര്യമറിഞ്ഞ്‌ ഞങ്ങള്‍ വിഷമിയ്‌ക്കാതിരിയ്‌ക്കട്ടെ എന്നോര്‍ത്തായിരുന്നിരിയ്‌ക്കണമത്‌.

ഭാസിച്ചേട്ടനെ ഭയപ്പെടാനുള്ള കാരണങ്ങളൊന്നുമില്ലെങ്കിലും ചന്തക്കച്ചവടക്കാരനായിരുന്നു, നിയന്ത്രണാതീതമായി ഓപ്പയോടു പെരുമാറിപ്പോയിട്ടുണ്ടാകാം. നാല്‍പ്പതു വര്‍ഷത്തെ ദാമ്പത്യം ആഘോഷിയ്‌ക്കാന്‍ പോകുന്ന ഈ വേളയിലെങ്കിലും അക്കാര്യം ഓപ്പയോടു ചോദിയ്‌ക്കാതിരിയ്‌ക്കാന്‍ കഴിഞ്ഞില്ല.ശങ്കയോടെയെങ്കിലും ഞാന്‍ ചോദിച്ചു. `ഓപ്പേ, ഈ നാല്‍പ്പതു കൊല്ലത്തിനിടയ്‌ക്ക്‌ ഭാസിച്ചേട്ടന്‍ ഓപ്പയെ തല്ലുകയും മറ്റുമൊന്നും ചെയ്‌തിട്ടില്ലല്ലോ, ഇല്ലേ?'

ചോദ്യം ശങ്കയോടെ ആയിരുന്നു. ഒരു പക്ഷേ ഓപ്പയെ തല്ലിയിട്ടുണ്ടെങ്കിലോ? ദുഃഖിയ്‌ക്കുകയല്ലാതെന്തു നിവൃത്തി!

പേടിച്ചുപേടിച്ചുള്ള എന്റെ ചോദ്യം കേട്ട്‌ ഓപ്പ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ ടീ വി കണ്ടുകൊണ്ടിരുന്ന ഭാസിച്ചേട്ടനോട്‌ ഉറക്കെയൊരു ചോദ്യം: `ദേ, നിങ്ങളെന്നെ തല്ലീട്ടുണ്ടോന്നാ കേശു ചോദിയ്‌ക്കണത്‌.'

ഞാന്‍ വിളറിപ്പോയി. നിമിഷനേരം കൊണ്ടു വിയര്‍ത്തു.

ഭാസിച്ചേട്ടന്‍ ഓപ്പയോട്‌ എന്തോ മറുപടി പറയുന്നതു കേട്ടു. കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഭാസിച്ചേട്ടന്‍ കയര്‍ത്തുകാണുമോ? ഞാന്‍ ഉത്‌കണ്‌ഠാകുലനായി.

ഭാസിച്ചേട്ടന്‍ പറഞ്ഞത്‌ ഓപ്പ റിലേ ചെയ്‌തു തന്നു. `?അവനു നിന്നെ ജീവനായതുകൊണ്ടു ചോദിയ്‌ക്കണതാ, മാലതീ?ന്നാണു നിന്റെ ഭാസിച്ചേട്ടന്‍ പറഞ്ഞത്‌. ദാ ഞാന്‍ കൊടുക്കാം. അങ്ങേരെന്തോ നിന്നോടു പറയാന്‍ പോണ്ണ്‌ട്‌.'

`അനിയാ.'ഭാസിച്ചേട്ടന്റെ സൌമ്യസ്വരം.ഭാസിച്ചേട്ടന്‍ ആ സ്വരത്തിലേ എന്നെ വിളിച്ചിട്ടുള്ളു. എന്നെ ?അനിയാ? എന്നു പലരും വിളിച്ചിരുന്നു. അവരില്‍ ആകെക്കൂടി ഭാസിച്ചേട്ടന്‍ മാത്രമേ അവശേഷിയ്‌ക്കുന്നുള്ളു. മറ്റുള്ളവരെല്ലാം പലപ്പോഴായി കാലയവനികയ്‌ക്കു പിന്നില്‍ മറഞ്ഞു കഴിഞ്ഞു. ഭാസിച്ചേട്ടന്‍ പറഞ്ഞു, `അനിയാ, നിനക്ക്‌ ഓപ്പയെ എത്രത്തോളം ഇഷ്ടമാണെന്ന്‌ എനിയ്‌ക്കു നന്നായറിയാം.' ഭാസിച്ചേട്ടന്‍ തുടര്‍ന്നു. `നിന്റെ ഓപ്പയെ പൊന്നു കൊണ്ടു മൂടാന്‍ എനിയ്‌ക്കു കഴിഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ മനസ്സു കൊണ്ട്‌...' ഭാസിച്ചേട്ടന്റെ തൊണ്ടയിടറി, `മനസ്സുകൊണ്ട്‌ നിന്റെ ഓപ്പയെ പൊന്നു പോലെ കൊണ്ടു നടന്നിട്ടുണ്ട്‌. ഇനിയുള്ള കാലവും അങ്ങനെ തന്നെ കൊണ്ടു നടക്കും. നീയൊട്ടും വിഷമിയ്‌ക്കണ്ട.'

`ഭാസിച്ചേട്ടാ...'ഗദ്‌ഗദം മൂലം തുടര്‍ന്നൊന്നും പറയാന്‍ എനിയ്‌ക്കു കഴിഞ്ഞില്ല. എന്റെ കണ്ണു നിറഞ്ഞതു കണ്ട്‌ ശാരി എഴുന്നേറ്റു വന്ന്‌ എന്റെ ശിരസ്സ്‌ മാറോടു ചേര്‍ത്തു. എന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

`കേശൂ...'വീണ്ടും ഓപ്പയുടെ ശബ്ദം. `ഇതു പോലുള്ളൊരു ജീവിതം എനിയ്‌ക്കൊരു കാലത്ത്‌ സ്വപ്‌നം കാണാന്‍ പോലും കഴിയില്ലായിരുന്നു. നീയാണെനിയ്‌ക്കു ജീവിതം തന്നത്‌, കേശൂ. ഇന്നെങ്കിലും നിന്നോടു നന്ദി പറഞ്ഞില്ലെങ്കില്‍ മഹാപാപമാകും.'

`ഓപ്പേ...'ഞാന്‍ വിതുമ്പി. ശാരി എന്റെ പുറം തലോടി.

അല്‌പം കഴിഞ്ഞ്‌,ഓപ്പയാണ്‌ ആദ്യം ശബ്ദം വീണ്ടെടുത്തത്‌. `നാളെ നിങ്ങള്‌ രണ്ടാളും വരണം. ഉച്ചയ്‌ക്കൂണ്‌ ഇവിടെ. ഞായറാഴ്‌ചയാണല്ലോ. വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.'

?അനിയാ,വരണം? എന്ന്‌ ഭാസിച്ചേട്ടനും വിളിച്ചു പറയുന്നതു കേട്ടു.

`ഓപ്പേ,ഞങ്ങളവിടുണ്ടാകും.' ഞാനുറപ്പുകൊടുത്തു.

ഫോണ്‍ ഡിസ്‌കണക്‌റ്റു ചെയ്‌ത്‌ ഞാന്‍ വിവരം പറഞ്ഞപ്പോള്‍ ശാരി പറഞ്ഞു, `ഓപ്പയ്‌ക്ക്‌ ചേന്ദമംഗലം കൈത്തറിയുടെ നേരിയ കസവുള്ള ഒരു സെറ്റും ബ്ലൌസിനു തുണിയും.' ശാരിയ്‌ക്ക്‌ ഏറ്റവും ഇഷ്ടമുള്ള വേഷമാണത്‌. `ഭാസിച്ചേട്ടന്‌ ഒരു ഡബിള്‍ മുണ്ടും ഷര്‍ട്ടിനു തുണിയും. പറവൂര്‌ന്ന്‌ അതൊക്കെ വാങ്ങീട്ട്‌ നേരേ അങ്ങോട്ടു ചെല്ലാം.' ഓപ്പ പറവൂരിനപ്പുറത്താണു താമസം. `പക്ഷേ, നാളെ, ഞായറാഴ്‌ച, ചേന്ദമംഗലം കൈത്തറി തുറക്ക്വോ, കേശുച്ചേട്ടാ?'

ഞാന്‍ കലണ്ടര്‍ നോക്കി. `വിഷുഈസ്റ്റര്‍ വരുന്നതുകൊണ്ട്‌ തുറക്കണം. തുറക്കാതിരിയ്‌ക്കില്ല.'

ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോളത്ത്‌ മൃദുവായി ഒരടി തന്നുകൊണ്ട്‌ ശാരി പരിഹസിച്ചു, `മഹാന്‌ ജീവിതസാഫല്യം കിട്ടിയല്ലോ.ആനന്ദലബ്ധിയ്‌ക്കിനിയെന്തു വേണം !'

അവളെ വലിച്ചടുപ്പിച്ച്‌ കെട്ടിവരിയുമ്പോള്‍ നാല്‍പ്പതു വര്‍ഷം മുന്‍പത്തെ കാര്യങ്ങള്‍ എന്റെ മനസ്സിലേയ്‌ക്കു കടന്നു വന്നു.

വര്‍ഷങ്ങളോളം നൂറു രൂപ പ്രതിമാസ സ്‌റ്റൈപ്പന്റില്‍ ഒരു ട്രെയിനിയായി പണിയെടുത്ത ശേഷം നൂറ്ററുപത്തെട്ടു രൂപ ശമ്പളമുള്ള ബാങ്കുക്ലാര്‍ക്കായി സ്ഥിരപ്പെട്ട ഇരുപത്തിമൂന്നു വയസ്സുകാരന്‍. അച്ഛന്റേയും അമ്മയുടേയും തറവാടുകളില്‍ ഒരാള്‍ക്കുപോലും വീടോ പുരയിടമോ സ്വന്തമായി ഇല്ലാത്ത അവസ്ഥ. സ്വന്തമായൊരു വീടും പുരയിടവും ഒരു സ്വപ്‌നം മാത്രമായിരുന്ന കാലം.

ഒരു വീടും പുരയിടവും വില്‍ക്കാനുണ്ടെന്ന്‌ അറിവു കിട്ടി. അമ്മ ചെന്നു കണ്ട്‌ ഇഷ്ടപ്പെട്ടു.മരിയ്‌ക്കുന്നതിനു മുന്‍പ്‌ മകനൊരു വീട്ടുടമയായിക്കാണാനുള്ള ആശ പാവം അമ്മയുടെ മുഖത്തു മിന്നി. പക്ഷേ, ആകെ പതിനാറായിരം രൂപ വേണം. കയ്യില്‍ ആയിരം രൂപ തികച്ചെടുക്കാനില്ല. പലചരക്കുകടയില്‍ കടവും.

അതൊന്നും ആശിയ്‌ക്കുകയേ വേണ്ട എന്ന്‌ അമ്മയ്‌ക്കു മുന്നറിയിപ്പു കൊടുത്തു.

അമ്മയുടെ മുഖം മങ്ങി.

ശ്രമം അന്നു തന്നെ തുടങ്ങി. ബാങ്കില്‍ നിന്ന്‌ ഏഴായിരം രൂപയുടെ ലോണിന്‌ അപേക്ഷിച്ചു.നെഞ്ചിടിപ്പോടെ കാത്തിരുന്നു. അപേക്ഷ നിരസിയ്‌ക്കപ്പെടും എന്നു തന്നെ ഭയപ്പെട്ടു.പക്ഷേ, ഭയാശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്‌ ചെയര്‍മാന്‍ സ്വന്തം അധികാരമുപയോഗിച്ച്‌ ലോണ്‍ സാങ്‌ഷനാക്കി. തീറു കഴിഞ്ഞ്‌ ആധാരം കിട്ടിക്കഴിയുമ്പോള്‍ അത്‌ ലോണിനുള്ള ഈടായി ബാങ്കിനെ ഏല്‍പ്പിയ്‌ക്കണം.അതായിരുന്നു, വ്യവസ്ഥ.

ബാങ്കില്‍ നിന്ന്‌ ഏഴായിരം രൂപ കിട്ടും എന്നുറപ്പായപ്പോള്‍ ചില ബന്ധുക്കളെ സമീപിച്ചു.പ്രതീക്ഷകളൊന്നുമില്ലാതെയാണ്‌ അല്‌പം സാമ്പത്തികശേഷിയുള്ള, അകന്ന ഒരിളയച്ഛനെ സമീപിച്ചത്‌.കാര്യങ്ങളൊക്കെ വിശദീകരിച്ചു. മൂവ്വായിരം രൂപ വേണം. തിരിച്ചു തരാന്‍ വൈകിയെന്നിരിയ്‌ക്കും, പക്ഷേ തിരിച്ചു തരും, അതുറപ്പ്‌.എങ്കിലും ഇളയച്ഛന്‍ പണം തരുന്നെങ്കില്‍ അത്‌ നല്ലവണ്ണം ആലോചിച്ചിട്ടുമതി.

പിറ്റേ ദിവസം ഇളയച്ഛന്‍ തുക വീട്ടില്‍ കൊണ്ടുവന്നു തന്നു. ഇളയച്ഛന്‍ പറഞ്ഞു, `നിന്റെ കാര്യത്തില്‍ എനിയ്‌ക്ക്‌ ആലോചിയ്‌ക്കാനൊന്നുമില്ല. നീ നന്നാവും.'

കൈത്തറി നെയ്‌ത്തു സഹകരണസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ബാലന്‍ ചേട്ടനെ ചെന്നു കാണാന്‍ അമ്മാവനുപദേശിച്ചു. കാശു കൈയ്യിലുണ്ടെങ്കില്‍ ബാലന്‍ ചേട്ടന്‍ തീര്‍ച്ചയായും തരും, തരാതിരിയ്‌ക്കില്ല.

ബാലന്‍ ചേട്ടന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല. പക്ഷേ, രണ്ടു ദിവസം കൊണ്ട്‌ ബാലന്‍ ചേട്ടന്‍ ഓടി നടന്നു പണം ശേഖരിച്ച്‌ അമ്മാവന്റെ കൈയ്യില്‍ മൂവ്വായിരം രൂപ കൊടുത്തയച്ചു. എന്നു തിരിച്ചുതരുമെന്നു ചോദിയ്‌ക്കുക പോലും ചെയ്‌തില്ല.

ലോകം നന്മകളാല്‍ സമൃദ്ധം എന്നു ബോദ്ധ്യമായി.

പതിമൂവ്വായിരം രൂപയായി. ആയിരത്തിനടുത്ത്‌ കൈയ്യിലുണ്ട്‌. കുറവ്‌ രണ്ടായിരത്തിന്റേത്‌.

കുടികിടപ്പവകാശം വഴി വലിയച്ഛന്റെ മകന്‌ ഉടമാവകാശം സിദ്ധിച്ച തറവാട്ടിലെ തിണ്ണയില്‍ ഞാന്‍ ചുമരും ചാരിയിരുന്നു. മുന്നില്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പെരിയാര്‍. അതിലേയ്‌ക്കു നോക്കി ഞാന്‍ ചിന്തിച്ചിരിയ്‌ക്കുമ്പോള്‍ അമ്മ വന്ന്‌ എന്തോ ഒന്ന്‌ എന്റെ വലതു കൈയ്യില്‍ ബലം പ്രയോഗിച്ചു വച്ചു തന്നു. നോക്കിയപ്പോള്‍ അമ്മയുടെ മാല.

അച്ഛന്റെ ഫോട്ടോയുള്ള ലോക്കറ്റ്‌ ഊരി മാറ്റിയിട്ടുണ്ട്‌. ഭര്‍ത്താവിന്റെ ചിത്രമുള്ള ലോക്കറ്റ്‌ ഇതുവരെ അമ്മയ്‌ക്കല്ലാതെ വേറെയാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ശാരിയ്‌ക്കുപോലും അത്തരമൊന്ന്‌ ഉണ്ടാക്കിക്കൊടുക്കാന്‍ എനിയ്‌ക്കായിട്ടില്ല. അമ്മയുടെ ലോക്കറ്റ്‌ ശാരി ഇന്നും ഭക്ത്യാദരപുരസ്സരം സൂക്ഷിച്ചു വച്ചിരിയ്‌ക്കുന്നു.

പതിവു പരുക്കന്‍ മട്ടില്‍ അമ്മ പറഞ്ഞു, `ഈയാഴ്‌ച ആധാരം രജിസ്‌ട്രാക്കണം.'

അച്ഛന്‍ പണിയിച്ച്‌ അച്ഛന്‍ തന്നെ അമ്മയെ അണിയിച്ച മാല. `ഇതു വിറ്റിട്ട്‌ എനിയ്‌ക്കു വീടും പുരയിടോം വേണ്ട.'മാല ഞാന്‍ തിണ്ണയില്‍ അമ്മയുടെ മുന്‍പില്‍ വച്ചു.

അമ്മ പകച്ചു നിന്നു. അന്നാദ്യമായി അമ്മ എന്റെ മുന്നില്‍ ആര്‍ദ്രയായി. അമ്മയുടെ കണ്ണു നിറഞ്ഞു.

എന്റെ അനുഭവത്തില്‍ അമ്മയുടെ ഏറ്റവും വലിയ വികാരപ്രകടനം അതായിരുന്നു. അമ്മ കുറേനേരം മാലയില്‍ നോക്കിയിരുന്നു. ഞാന്‍ കലങ്ങിമറിഞ്ഞ പെരിയാറ്റിലും.

അമ്മ മാലയെടുത്തുകൊണ്ടു പോയത്‌ ചിന്തയില്‍ മുഴുകിയ ഞാനറിഞ്ഞില്ല.

തറവാടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു വീട്ടിലെ വലിയമ്മയ്‌ക്ക്‌ സ്വര്‍ണ്ണാഭരണം ഈടായി വാങ്ങിവച്ച്‌ പണം കുറഞ്ഞ കാലയളവിലേയ്‌ക്കു കടം കൊടുക്കുന്ന പതിവുണ്ടായിരുന്നു. അമ്മ നേരേ പോയത്‌ ആ വലിയമ്മയുടെ അടുത്തേയ്‌ക്കാണ്‌. അതു ഞാനറിഞ്ഞിരുന്നില്ല.

കുറേക്കഴിഞ്ഞ്‌ അമ്മ അകത്തു നിന്നു വിളിച്ചു പറഞ്ഞു, `എടാ കേശൂ, നിന്റെ ബാഗില്‌ ഞാന്‍ കൊറച്ചുറുപ്പിക വച്ചിട്ടുണ്ട്‌. നീ എണ്ണി നോക്ക്‌.'

ഞാന്‍ തിടുക്കപ്പെട്ടെഴുന്നേറ്റ്‌ ബാഗു തുറന്നെണ്ണി നോക്കി. നേരത്തേ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നതിനേക്കാള്‍ കൃത്യം രണ്ടായിരം രൂപ കൂടുതല്‍. അമ്മയുടെ അടുത്തു ചെന്നു നോക്കി. അമ്മയുടെ കഴുത്തില്‍ മാലയില്ല.

ഞാന്‍ അമ്മയുടെ കഴുത്തില്‍ നോക്കുന്നതു കണ്ട്‌ അമ്മ പതിവു പരുഷസ്വരത്തില്‍ ചോദിച്ചു, `നിനക്കെന്താടാ കൊഴപ്പം?'

ഞാനൊന്നും മിണ്ടിയില്ല. പകരം തലയ്‌ക്കു കൈയ്യും കൊടുത്തിരുന്നു.

`ചക്കിക്കുട്ടിച്ചേച്ചീടെ പെട്ടീലിരിപ്പ്‌ണ്ട്‌, മാല.തത്‌കാലം അവിടിരിയ്‌ക്കട്ടെ. വീടും പുരയിടോം വാങ്ങി, തേങ്ങേം അടയ്‌ക്കേം വിറ്റു കാശു കിട്ടുമ്പോ എടുപ്പിയ്‌ക്കാം.' ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അമ്മ സ്വരത്തിലെ പാരുഷ്യം കൂട്ടി. `ഈയാഴ്‌ച തീറു നടത്തിക്കോണം.'

കടം വാങ്ങിയ പതിനയ്യായിരം രൂപകൊണ്ട്‌ പതിനാറായിരം രൂപയുടെ വീടും പുരയിടവും ഞാന്‍ വാങ്ങി വീട്ടുടമയായി. രണ്ടു തറവാടുകളിലേയും ആദ്യത്തെ വീട്ടുടമ.

സ്വന്തം വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചു, പക്ഷേ ജീവിതം അവിടെ അവസാനിയ്‌ക്കുന്നില്ലല്ലോ.

കടങ്ങള്‍ വീട്ടാനുള്ള തത്രപ്പാടായി. നൂറ്ററുപത്തെട്ടു രൂപയുടെ ശമ്പളം കൊണ്ട്‌ അതിജീവനം നടത്തുന്നതിന്നിടയില്‍ പതിനയ്യായിരം രൂപയുടെ കടം തീര്‍ക്കുകയെന്നത്‌ വലിയൊരു കടമ്പയായി.പന്ത്രണ്ടു കിലോമീറ്റര്‍ അങ്ങോട്ടും അത്രതന്നെ ഇങ്ങോട്ടും സൈക്കിള്‍ ചവിട്ടി ഓഫീസില്‍ പോയി ബസ്സുകാശു ലാഭിച്ചിരുന്നത്‌ ഓര്‍ക്കുന്നുണ്ട്‌.

ഇടയ്‌ക്ക്‌ പഠനം നടത്തി. ചില പരീക്ഷകള്‍ പാസ്സായി. ഹെഡ്‌ക്ലാര്‍ക്കായി. രണ്ടു വര്‍ഷം കഴിഞ്ഞ്‌ ബാങ്കിന്റെ പ്രൊമോഷന്‍ ടെസ്റ്റു പാസ്സായപ്പോള്‍ ഓഫീസറായി. ശമ്പളം ഇരട്ടിയിലേറെയായി. അധികശമ്പളം മുഴുവനും കടബാദ്ധ്യത കുറയ്‌ക്കാന്‍ വേണ്ടി കര്‍ശനമായി ഉപയോഗിച്ചു.

പക്ഷേ, കടത്തിന്റെ മൂന്നിലൊന്നു പോലും അടച്ചു തീരും മുന്‍പെയാണ്‌, ഓപ്പയ്‌ക്ക്‌ കല്യാണാലോചന വന്നത്‌. ഓപ്പയുടെ കല്യാണം എന്റെ ചുമതലയായി ഞാന്‍ നേരത്തേ തന്നെ കാണാന്‍ തുടങ്ങിയിരുന്നു.

ഭാസിച്ചേട്ടനെ അറിയാവുന്ന ചിലര്‍ പറഞ്ഞു, ആള്‌ നിര്‍ദ്ധനകുടുംബത്തിലെയാണ്‌, എന്നാല്‍ അദ്ധ്വാനിയാണ്‌. ദുസ്വഭാവങ്ങളുമില്ല.

ഉടന്‍ കല്യാണം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നു ഭാസിച്ചേട്ടന്‍ അറിയിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു നടത്താന്‍ തയ്യാര്‍. അത്രയും നാള്‍ കാത്തിരിയ്‌ക്കാന്‍ ഭാസിച്ചേട്ടനു കുഴപ്പമൊന്നുമില്ല.

ഇപ്പോള്‍ കല്യാണം കഴിയ്‌ക്കാനെന്താണു തടസ്സം?

ചിലര്‍ പറഞ്ഞു,സ്‌ത്രീധനം കിട്ടാന്‍ വേണ്ടി കൊതിയ്‌ക്കുന്നുണ്ടാകും. അതു തുറന്നു പറയാന്‍ മടിയുണ്ടാകും. സ്‌ത്രീധനമായി എന്താണു പ്രതീക്ഷിയ്‌ക്കുന്നതെന്ന്‌ നേരിട്ടങ്ങു ചോദിയ്‌ക്ക്‌.

സ്‌ത്രീധനം വാങ്ങി കല്യാണം കഴിയ്‌ക്കുകയില്ല. ഭാസിച്ചേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.

പിന്നെ എന്തിനീ രണ്ടു വര്‍ഷം?

ഭാസിച്ചേട്ടന്‍ ഒന്നും പറഞ്ഞില്ല. രണ്ടു വര്‍ഷം കഴിയട്ടെ എന്നു മാത്രം പറഞ്ഞൊഴിഞ്ഞു.

ഒടുവില്‍ ആരോ കാരണം ഊഹിച്ചെടുത്തു. ഭാസിച്ചേട്ടന്റെ വീട്‌ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ആ സ്ഥിതിയില്‍ വീട്ടിലേയ്‌ക്ക്‌ ഒരു പെണ്ണിനെ കൂട്ടിക്കൊണ്ടുവരാനാകില്ല. നാണക്കേട്‌. അതിലും നല്ലത്‌ കല്യാണം കഴിയ്‌ക്കാതിരിയ്‌ക്കുന്നതാണ്‌. അതായിരുന്നു, ഭാസിച്ചേട്ടന്റെ നിലപാട്‌. വീടു നന്നാക്കാനുള്ള പണം ഇപ്പോള്‍ ഭാസിച്ചേട്ടന്റെ കൈയ്യിലില്ല.

വീടു നന്നാക്കാനാവശ്യമുള്ള പണവും അതിലധികവും ഭാസിച്ചേട്ടന്റെ കൈയ്യില്‍ മുന്‍പുണ്ടായിരുന്നു. ഭാസിച്ചേട്ടന്റെ അമ്മ പലപ്പോഴായി ആശുപത്രിയില്‍ കിടന്നു. പണം മുഴുവനും തീര്‍ന്നു. കടവുമായി. അമ്മ മരിയ്‌ക്കുകയും ചെയ്‌തു. രണ്ടു വര്‍ഷം കിട്ടിയാല്‍ സ്വന്താദ്ധ്വാനം കൊണ്ട്‌ കടം വീട്ടാനും വീടു നന്നാക്കാനും സാധിയ്‌ക്കും.

എന്റെ ഒരിളയച്ഛന്‌ ഭാസിച്ചേട്ടനെ നന്നായറിയാമായിരുന്നു. അദ്ദേഹം ഒരു പോംവഴി നിര്‍ദ്ദേശിച്ചു. ഭാസിച്ചേട്ടന്റെ വീടു നന്നാക്കാന്‍ അങ്ങേയറ്റം അയ്യായിരം രൂപ വേണ്ടി വരും. അതു നേരിട്ടു കൊടുത്താല്‍ അഭിമാനിയായ ഭാസിച്ചേട്ടന്‍ വാങ്ങുകയില്ല, തീര്‍ച്ച. പറവൂരില്‍ നിന്ന്‌ ഒരല്‌പമകലെയായി ഭാസിച്ചേട്ടന്റെ ജ്യേഷ്‌ഠനുണ്ട്‌, കാര്‍ത്തികേയച്ചേട്ടന്‍.കൈയ്യില്‍ കാശുണ്ടെങ്കില്‍ ഭാസിച്ചേട്ടനറിയാതെ അയ്യായിരം രൂപ കാര്‍ത്തികേയച്ചേട്ടനെ ഏല്‍പ്പിയ്‌ക്കുക.ആ പണം കൊണ്ട്‌ കാര്‍ത്തികേയച്ചേട്ടന്‍ അനിയന്റെ വീടു നന്നാക്കിക്കൊടുക്കുക. പണം എവിടുന്നു കിട്ടിയെന്ന്‌ ചേട്ടന്‌ അനിയനെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ.

ഓപ്പയുമായുള്ള ബന്ധത്തിന്‌ കാര്‍ത്തികേയച്ചേട്ടനും അനുകൂലമായിരുന്നു. പ്ലാനനുസരിച്ച്‌ കാര്‍ത്തികേയച്ചേട്ടന്‍ പറഞ്ഞു, `എടാ, ഭാസീ, അമ്മ ആശുപത്രിയില്‍ കിടക്കുമ്പോ എനിയ്‌ക്കു നിന്നെ സഹായിയ്‌ക്കാന്‍ പറ്റിയില്ല. ഇപ്പൊ എന്റെ കൈയ്യില്‍ കുറച്ചു കാശു വന്നിട്ടുണ്ട്‌.ഞാന്‍ നിന്റെ വീട്‌ നന്നാക്കാന്‍ പോവ്വാ.'

വീടിന്റെ റിപ്പെയറിങ്ങു പണികള്‍ പൂര്‍ത്തിയായ ശേഷമുള്ള ഒരു ഞായറാഴ്‌ച പുതുക്കിയ വീട്ടില്‍ വച്ച്‌ ചെക്കന്‍നിശ്ചയം നടന്നു. അതിനടുത്ത ഞായറാഴ്‌ച എന്റെ വീട്ടില്‍ വച്ച്‌ പെണ്ണുനിശ്ചയം നടന്നു. അതിനടുത്ത മാസം മീനച്ചൂടില്‍ കല്യാണവും നടന്നു.

കാര്‍ത്തികേയച്ചേട്ടനു കൈമാറിയ തുക ഞാനുണ്ടാക്കിയതായിരുന്നു. കൂടാതെ, പെണ്ണിനെ കൊടുക്കുമ്പോള്‍ അല്‌പമെന്തെങ്കിലും സ്വര്‍ണ്ണം പെണ്ണിന്റെ കഴുത്തിലും കാതിലും കൈയ്യിലും വേണമല്ലോ. ബാങ്കിന്റെ ഒരു ചിട്ടിയില്‍ ഞാന്‍ ചേര്‍ന്നിരുന്നു. അതു വിളിച്ചെടുത്തു. വീടിന്റെ ആധാരം ബാങ്കിന്റെ കൈയ്യിലായിരുന്നു.വസ്‌തുവില അതിനകം വര്‍ദ്ധിച്ചിരുന്നതിനാല്‍,അതേ വസ്‌തുവിന്റെ തന്നെ ഈടിന്മേല്‍ ലോണ്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ചിട്ടിത്തുകയും ബാങ്ക്‌ തന്നു.

കടബാദ്ധ്യത കൂടി.

`കേശൂ,ഇങ്ങനെയൊക്കെത്തന്നെ കഴിഞ്ഞുപോകാന്‍ എനിയ്‌ക്ക്‌ യാതൊരു പ്രയാസോമില്ല. നീയെനിയ്‌ക്കു വേണ്ടി ആകാത്ത ചുമട്‌ തലയില്‍ കയറ്റി വയ്‌ക്കല്ലേ.' എന്റെ ബദ്ധപ്പാടുകള്‍ കണ്ട്‌ ഓപ്പ വിഷമിച്ചു.

വീടു വാങ്ങല്‍ നടന്ന അതേ വേഗതയില്‍ത്തന്നെ ഓപ്പയുടെ കല്യാണവും നടന്നു.

ഭാസിച്ചേട്ടന്‍ ചന്തയില്‍ കായക്കച്ചവടം തുടര്‍ന്നു. ഭാസിച്ചേട്ടന്റെ കഷ്ടപ്പാടുകള്‍ കണ്ടപ്പോള്‍ ഒരു ദിവസം ഓപ്പ ആഭരണങ്ങളെല്ലാം അഴിച്ചെടുത്ത്‌ ഒരു ചെപ്പിലാക്കിവച്ചു. താലി ഒരു ചരടില്‍ കോര്‍ത്ത്‌ കഴുത്തിലണിഞ്ഞു.

ഭാസിച്ചേട്ടന്‍ ചന്തയില്‍ നിന്നു വന്നു കുളിയും ഭക്ഷണവും കഴിഞ്ഞ്‌ ഒന്നു മയങ്ങിയെഴുന്നേറ്റു കഴിഞ്ഞപ്പോള്‍ ഓപ്പ ആഭരണച്ചെപ്പ്‌ ഭാസിച്ചേട്ടന്റെ മുന്നില്‍ തുറന്നു മലര്‍ത്തി വച്ചു. `ഇതെല്ലാം കൊണ്ടുപോയി വിറ്റ്‌ ഒരു പെട്ടി വാങ്ങ്‌.

ഭാസിച്ചേട്ടന്‍ ആഭരണച്ചെപ്പ്‌ ഭദ്രമായി അടച്ച്‌ ഓപ്പയുടെ പെട്ടിയ്‌ക്കുള്ളില്‍ കൊണ്ടു ചെന്നു വച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ ചെപ്പുമെടുത്തുകൊണ്ട്‌ ഓപ്പ വീണ്ടും ചെന്നു. `ഇതു നിങ്ങളു കൊണ്ടുപോയി വില്‍ക്കുമോ, അതോ ഞാന്‍ തന്നെ കൊണ്ടുപോയി വില്‍ക്കണോ?'

`മാലതീടെ ആഭരണങ്ങള്‌ ഞാന്‍ കൈകൊണ്ടു തൊടില്ല.' ഭാസിച്ചേട്ടന്‍ പറഞ്ഞു.

ഓപ്പ സാരിയെടുത്തുടുത്തു. ഭാസിച്ചേട്ടനോടു പറഞ്ഞു, `ഷര്‍ട്ടെടുത്തിട്‌.' ഭാസിച്ചേട്ടന്‍ ഷര്‍ട്ടെടുത്തിട്ടു. ഓപ്പയിറങ്ങി. കൂടെ ഭാസിച്ചേട്ടനും. പറവൂരെ ഒരു ജ്വല്ലറിയിലേയ്‌ക്കാണ്‌ അവര്‍ പോയത്‌. ഓപ്പ ആഭരണങ്ങള്‍ മുഴുവനും അവിടെ വിറ്റു.

ഭാസിച്ചേട്ടന്‍ നിര്‍ന്നിമേഷനായി നോക്കിയിരുന്നു.

പിറ്റേന്ന്‌ ഭാസിച്ചേട്ടന്‍ ഓപ്പയുടെ പേരില്‍ ഒരു പഴയ `പെട്ടി' ഓട്ടോറിക്ഷ വാങ്ങി. ഭാസിച്ചേട്ടന്റെ അകന്ന ബന്ധുവായ ഒരു പയ്യനെക്കൊണ്ട്‌ അത്‌ ഓടിപ്പിച്ചു. അതില്‍ കായക്കുലയും മറ്റും സപ്ലൈ ചെയ്‌തു തുടങ്ങി.

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഭാസിച്ചേട്ടന്‍ പഴയൊരു ടെമ്പോ പിക്കപ്പ്‌ വാന്‍ വാങ്ങി. ഓപ്പയുടെ പേരില്‍ത്തന്നെ. അത്‌ മറ്റൊരാളെക്കൊണ്ട്‌ ഓടിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പശുപാലന്‍ വളര്‍ന്നു വലുതായി. അവന്‍
ഡ്രൈവിംഗ്‌ ലൈസന്‍സെടുത്തപ്പോള്‍ ഭാസിച്ചേട്ടന്‍ അവന്‌ പഴയൊരു ടാക്‌സിക്കാര്‍ വാങ്ങിക്കൊടുത്തു. ചെറുപ്പമായിരുന്നെങ്കിലും വണ്ടി പഴയതായിരുന്നെങ്കിലും അവനത്‌ വിവേകത്തോടെ ഓടിച്ചു.

അതിന്നിടയിലെപ്പോഴോ,ചന്തയില്‍ ലുങ്കിയുടുത്ത്‌,കായക്കറയുള്ള ഷര്‍ട്ടിട്ട്‌,തലേക്കെട്ടും കെട്ടി നിന്നുകൊണ്ടുള്ള കായക്കച്ചവടം ഭാസിച്ചേട്ടന്‍ നിറുത്തി. അതിന്റെ പിന്നിലും ഓപ്പയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു കാണണം.

ഒരു മഹീന്ദ്ര പിക്കപ്പ്‌ വാന്‍ കൂടി വാങ്ങി. ഇളയ മകന്‍ ശിശുപാലന്‍ വളര്‍ന്നു വലുതായപ്പോള്‍ അവനും ടാക്‌സി
ഡ്രൈവറായി. ഇപ്പോള്‍ പശുവും ശിശുവും ടൊയോട്ട ഇന്നോവകളാണ്‌ ഓടിയ്‌ക്കുന്നത്‌. മൂന്നു നാലുപിക്കപ്പ്‌ വാനുകളുമുണ്ട്‌. വണ്ടികളുടെ മേല്‍നോട്ടമാണ്‌ ഭാസിച്ചേട്ടന്റെ മുഖ്യജോലി.

എല്ലാ വണ്ടികളും ഓപ്പയുടെ പേരില്‍ത്തന്നെ.
ഓപ്പയുടെ കഴുത്തിലെ താലി ചരടില്‍ നിന്നു സ്വര്‍ണ്ണമാലയിലേയ്ക്കു തിരിച്ചുകയറി. ഓപ്പ ഇപ്പോള്‍ സഞ്ചരിയ്ക്കുന്നത് പുതിയ ഇന്നോവയില്‍ ! ഓപ്പയുടെ തൊട്ടടുത്ത്, പ്രമേഹം മൂലമുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും,സദാസമയവും 'മനസ്സുകൊണ്ട് ഓപ്പയെ പൊന്നുപോലെ നോക്കിക്കൊണ്ട്' ഭാസിച്ചേട്ടനും.

തന്റെ എല്ലാ ഉന്നതികള്‍ക്കും കാരണം മാലതിയാണെന്ന് ഭാസിച്ചേട്ടന്‍ പറഞ്ഞതായി രാജമ്മച്ചേച്ചി,കാര്‍ത്തികേയച്ചേട്ടന്റെ ഭാര്യ,പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ട്. 'അവളവനെ ചെറുവിരലിന്മേല്‍ നിര്‍ത്തു'മെന്നും രാജമ്മച്ചേച്ചി പറഞ്ഞു. 'അവളൊരു വര വരച്ചാല്‍ ഭാസി അതിനപ്പുറം കടക്കില്ല.'

ദിവാകരച്ചേട്ടനെ നോക്കിക്കൊണ്ട് ഭാസിച്ചേട്ടനെ ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചുപോയതായിരുന്നെന്ന് ഇന്നു സംശയാതീതമായി തെളിഞ്ഞു. ചന്തയിലെ എല്ലാ കച്ചവടക്കാരും ഒരു പോലെ ആയിക്കോളണമെന്നില്ല. ദിവാകരച്ചേട്ടന്‍ മദ്യപിച്ചുവന്ന് ഭാര്യയെ അടിയ്ക്കുകയും തൊഴിയ്ക്കുകയും ചെയ്തപ്പോള്‍ സഹചന്തക്കച്ചവടക്കാരനായിരുന്ന ഭാസിച്ചേട്ടന്‍ ഓപ്പയെ പൊന്നുപോലെ കൊണ്ടു നടന്നു. ഓപ്പ പറഞ്ഞതു കേട്ടു നടന്നു.

'ജീവിതസാഫല്യം.ആനന്ദലബ്ധിയ്ക്കിനിയെന്തുവേണം.' ശാരിയുടെ വാക്കുകള്‍.

'ഗുഡ്‌നൈറ്റി'ന്റെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ നോക്കി.അവളെന്റെ കൈത്തണ്ടയില്‍ ശിരസ്സുവച്ച് എന്നോടു ചേര്‍ന്നു കിടന്ന് സുഖമായുറങ്ങുന്നു.

അവളെ ഉണര്‍ത്താതെ അവളുടെ കവിളത്തു ഞാന്‍ മെല്ലെ ചുംബിച്ചു.

സമാധാനവും തൃപ്തിയും ഉറക്കത്തിന്റെ രൂപത്തില്‍ വന്ന് എന്റെ കണ്ണുകളെ തഴുകി.

(ഈ കഥ സാങ്കല്പികം മാത്രമാണ്.)

ഓപ്പ (കഥ: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക