Image

സമുദ്രനിരപ്പ്‌ പതിമൂന്നടിയോളം ഉയരും (ലേഖനം: സുനില്‍ എം.എസ്‌)

Published on 13 May, 2014
സമുദ്രനിരപ്പ്‌ പതിമൂന്നടിയോളം ഉയരും (ലേഖനം: സുനില്‍ എം.എസ്‌)
ഇന്നലെ `ദ ഗാര്‍ഡിയന്‍' പത്രത്തിന്റെ വെബ്‌സൈറ്റില്‍ കണ്ട ഒരു ലേഖനത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്‌ ചുവടെ കൊടുക്കുന്നത്‌.

പശ്ചിമ അന്റാര്‍ട്ടിക്‌ മഞ്ഞുപാളിയുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞിരിയ്‌ക്കുന്നെന്നു ശാസ്‌ത്രജ്ഞരുടെ രണ്ടു വ്യത്യസ്‌ത സംഘങ്ങള്‍ നടത്തിയ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. മഞ്ഞുപാളിയുടെ തകര്‍ച്ച ഒഴിവാക്കാനാകാത്തതാണെന്നും അത്‌ സമുദ്രനിരപ്പ്‌ നാലു മീറ്ററോളം ഉയരാനിടയാക്കുമെന്നും ഈ രണ്ടു പഠനങ്ങളില്‍ സ്ഥിരീകരിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നു. ഈ മഞ്ഞുപാളിയുടെ പിന്‍വാങ്ങല്‍ കാലാവസ്ഥാവ്യതിയാനം മൂലമാണെന്നും, അത്‌ ശാസ്‌ത്രജ്ഞര്‍ കണക്കാക്കിയിരുന്നതിനേക്കാള്‍ വേഗത്തില്‍ സമുദ്രനിരപ്പിനെ ഉയര്‍ത്തിക്കഴിഞ്ഞിരിയ്‌ക്കുന്നെന്നും പഠനങ്ങളില്‍ കാണുന്നു. പശ്ചിമ അന്റാര്‍ട്ടിക്‌ മഞ്ഞുപാളിയുടെ തകര്‍ച്ച പൂര്‍ണ്ണമാകുമ്പോള്‍ സമുദ്രനിരപ്പില്‍ നാലു മീറ്ററോളം, അതായതു പതിമൂന്നടിയോളം, ഉയര്‍ച്ചയുണ്ടാകാനും, ഈ ഉയര്‍ച്ച താഴ്‌ന്ന പ്രദേശങ്ങളേയും തീരപ്രദേശങ്ങളേയും ആഗോളതലത്തില്‍ത്തന്നെ കടലിലാഴ്‌ത്തിക്കളയാനും സാദ്ധ്യതയുണ്ട്‌. ഈയൊരന്ത്യം ഏതാനും ശതാബ്ദങ്ങളകലെ, ഒരുപക്ഷേ ഒരായിരം വര്‍ഷം വരെയകലെ, ആണെങ്കിലും ഇതു തടയാനാകില്ലെന്നും പഠനങ്ങള്‍ നിരീക്ഷിയ്‌ക്കുന്നു.

ഈരണ്ടു പഠനങ്ങളിലൊന്ന്‌ നാസയും മറ്റേത്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണുമാണു നടത്തിയത്‌. പശ്ചിമ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളെ വ്യത്യസ്‌തകാലയളവുകളില്‍ നിരീക്ഷിച്ചുകൊണ്ടാണ്‌ അവര്‍ പഠനം നടത്തിയത്‌. മഞ്ഞുപാളിയ്‌ക്ക്‌ കഴിഞ്ഞ ഇരുപതുവര്‍ഷക്കാലത്തിന്നിടയിലുണ്ടായ ഉരുകലില്‍ നാസ തങ്ങളുടെ പഠനമൂന്നിയപ്പോള്‍ ഭാവിയില്‍ മഞ്ഞുപാളിയുടെ രൂപമെന്തായിരിയ്‌ക്കുമെന്നറിയാന്‍ കമ്പ്യൂട്ടര്‍നിര്‍മ്മിത മാതൃകയെയാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണ്‍ ആശ്രയിച്ചത്‌.

പഠനരീതികള്‍ വ്യത്യസ്‌തമായിരുന്നെങ്കിലും, അന്റാര്‍ട്ടിക്ക്‌ മഞ്ഞുപാളിയുടെ കനം കുറയാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും, കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന ഹരിതവാതകങ്ങളുടെ വിസര്‍ജ്ജനത്തില്‍ ഗണ്യമായ കുറവു വരുത്താന്‍ കര്‍ക്കശമായ നടപടികളെടുത്താല്‍പ്പോലും മഞ്ഞുപാളിയുടെ തകര്‍ച്ചയ്‌ക്കു വിരാമമിടാന്‍ സാധിയ്‌ക്കയില്ലെന്നുമുള്ള, വിശാലരൂപത്തില്‍ സദൃശമായ, നിഗമനങ്ങളില്‍ത്തന്നെയാണ്‌ രണ്ടു പഠനങ്ങളും എത്തിച്ചേര്‍ന്നിരിയ്‌ക്കുന്നത്‌.

ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ പുറത്തുവിട്ട ഐ പി സി സി റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭാപാനല്‍ പ്രവചിച്ചിരിയ്‌ക്കുന്നതിനേക്കാള്‍ വളരെക്കൂടുതലായിരിയ്‌ക്കും ലോകവ്യാപകമായി സമുദ്രനിരപ്പിലുണ്ടാകാന്‍ പോകുന്ന ഉയര്‍ച്ചയെന്ന്‌ രണ്ടു പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പശ്ചിമ അന്റാര്‍ട്ടിക്ക്‌ മഞ്ഞുപാളിയുടെ ഉരുകല്‍ ഐ പി സി സി റിപ്പോര്‍ട്ടിലെ പ്രവചനത്തില്‍ പരിഗണിയ്‌ക്കപ്പെട്ടിരുന്നില്ല. അന്റാര്‍ട്ടിക്കയിലെ മഞ്ഞില്‍ സമീപകാലത്തുണ്ടായ വര്‍ദ്ധനവ്‌ താത്‌കാലികം മാത്രമായിരുന്നെന്നും രണ്ടു പഠനങ്ങളും അഭിപ്രായപ്പെടുന്നു.

`പശ്ചിമ അന്റാര്‍ട്ടിക്‌ മഞ്ഞുപാളിയുടെ വലിയൊരു ഭാഗം ഇങ്ങിനിവരാതവണ്ണം പിന്‍വാങ്ങിക്കഴിഞ്ഞു. അതിനിനി തിരിച്ചു വരാന്‍ പറ്റില്ല.' നാസയിലേയും ഇര്‍വിനിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയയിലേയും മഞ്ഞുമലവിദഗ്‌ദ്ധനായ എറിക്‌ റിഗ്‌നോട്ട്‌ പ്രസ്‌താവിച്ചു. ?ഈ പിന്‍വാങ്ങല്‍ ലോകവ്യാപകമായി സമുദ്രനിരപ്പില്‍ കടുത്ത വ്യതിയാനങ്ങള്‍ക്കു കാരണമാകും.? പഠനത്തിനു വിധേയമായ ഹിമപ്പരപ്പുകളിലൊന്നായ പൈന്‍ ഐലന്റിന്റെ മദ്ധ്യഭാഗം 19922011 കാലഘട്ടത്തിന്നിടയില്‍ മുപ്പത്തൊന്നു കിലോമീറ്റര്‍ പിന്‍വാങ്ങി. പഠനവിധേയമായ ആറു മഞ്ഞുപാളികള്‍ക്കുള്ളിലുള്ള ഐസ്‌ ലോകവ്യാപകമായി സമുദ്രനിരപ്പ്‌ 1.2 മീറ്റര്‍ (നാലടി) ഉയര്‍ത്താന്‍ മതിയായതാണെന്ന്‌ റിഗ്‌നോട്ട്‌ സൂചിപ്പിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണ്‍ നടത്തിയ പഠനത്തില്‍ ഭൂപ്രകൃതിചിത്രങ്ങളും ആകാശറഡാറും കമ്പ്യൂട്ടര്‍നിര്‍മ്മിത മാതൃകയും വിനിയോഗിയ്‌ക്കപ്പെട്ടു. വരാന്‍ പോകുന്ന മഞ്ഞുപാളിത്തകര്‍ച്ച എന്നാണു സംഭവിയ്‌ക്കുകയെന്ന്‌ വര്‍ദ്ധിച്ച ആധികാരികതയോടെ പ്രവചിയ്‌ക്കാന്‍ ഇവ സഹായിച്ചു. ഈ പഠനം ത്വൈറ്റ്‌സ്‌ എന്ന മഞ്ഞുപാ!ളിയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ത്വൈറ്റ്‌സ്‌ മഞ്ഞുപാളി ആമണ്ട്‌സന്‍ കടലിന്റെ ഭാഗമാണ്‌. ത്വൈറ്റ്‌സ്‌ മഞ്ഞുപാളിയാണ്‌ അന്റാര്‍ട്ടിക്‌ മഞ്ഞുപാളിയിലെ ഏറ്റവും മൃദുലമായ ഭാഗമെന്ന്‌ വളരെ വര്‍ഷങ്ങളായി ശാസ്‌ത്രജ്ഞര്‍ മനസ്സിലാക്കിയിരുന്നു. അതിനു ചാഞ്ചല്യമുണ്ടെന്നും ദശാബ്ദങ്ങള്‍ക്കു മുന്‍പ്‌ അവര്‍ കണ്ടെത്തിയിരുന്നു. വേഗതയോടെ ചലിയ്‌ക്കുന്ന ത്വൈറ്റ്‌സ്‌ ഹിമപ്പരപ്പ്‌ കേവലം നൂറ്റാണ്ടുകള്‍ക്കകം തന്നെ നഷ്ടപ്പെടാനിടയുണ്ടെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണിലെ ഗവേഷകര്‍ പറഞ്ഞു. ആ ഹിമപ്പരപ്പിന്റെ തകര്‍ച്ച തന്നെ സമുദ്രനിരപ്പിനെ ലോകവ്യാപകമായി രണ്ടടി ഉയര്‍ത്തും. മറ്റു മഞ്ഞുപാളികളെ തടുത്തുനിര്‍ത്തുകയെന്ന കര്‍മ്മം കൂടി ത്വൈറ്റ്‌സ്‌ അനുഷ്‌ഠിയ്‌ക്കുന്നുണ്ട്‌. ത്വൈറ്റ്‌സ്‌ തകര്‍ന്നുകഴിഞ്ഞാല്‍ ശേഷിയ്‌ക്കുന്ന മഞ്ഞുപാളികള്‍ മറ്റൊരു പത്തടി മുതല്‍ പതിമൂന്നടി വരെയുള്ള (മൂന്നു മീറ്റര്‍ മുതല്‍ നാലു മീറ്റര്‍ വരെയുള്ള) ഉയര്‍ച്ച ആഗോളതലത്തില്‍ സമുദ്രനിരപ്പില്‍ ഉണ്ടാക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

മഞ്ഞുപാളിയുടെ ഈ കനംകുറയല്‍ വെറും താത്‌കാലികമായി തുടങ്ങിയിരിയ്‌ക്കുന്ന പ്രതിഭാസമല്ല. വന്‍തോതിലുള്ളൊരു തകര്‍ച്ചയുടെ ആരംഭമാണത്‌. ഈ തകര്‍ച്ച പൂര്‍ണമാകാന്‍ രണ്ടു നൂറ്റാണ്ടു മുതല്‍ പത്തു നൂറ്റാണ്ടുവരെ എടുത്തേയ്‌ക്കാമെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണിലെ മഞ്ഞുപാളിവിദഗ്‌ദ്ധനായ ഇയാന്‍ ജൌഘിന്‍ പ്രസ്‌താവിച്ചു. ആഗോളതാപനത്തിന്നനുസൃതമായി ഈ തകര്‍ച്ച ഇരുനൂറു വര്‍ഷം മുതല്‍ ആയിരം വര്‍ഷം വരെ അകലെയായിരിയ്‌ക്കാമെന്നു ശാസ്‌ത്രജ്ഞര്‍ കരുതുന്നെങ്കിലും, അത്‌ ഇരുനൂറിനും അഞ്ഞൂറിനും വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിയ്‌ക്കാനാണു കൂടുതല്‍ സാദ്ധ്യതയെന്ന്‌ ജൗഘിന്‍ കരുതുന്നു.

മഞ്ഞുപാളികളുടെ കടലിന്റെ അടിത്തട്ടു വരെയുള്ള ഭൂപടം ആകാശത്തുനിന്നുള്ള റഡാറും ഉപഗ്രഹങ്ങളും ഉപയോഗിച്ച്‌ ശാസ്‌ത്രജ്ഞരുടെ ഇരുസംഘങ്ങളും തയ്യാറാക്കി. ഇത്തരത്തില്‍ത്തന്നെ മഞ്ഞുപാളികളുടെ ചലനവേഗതയും അവര്‍ നിര്‍ണ്ണയിച്ചു. നാസാ സംഘം കഴിഞ്ഞ നാല്‌പതുവര്‍ഷങ്ങള്‍ക്കിടയിലെ നിരീക്ഷണങ്ങളേയും പഠനത്തിന്നായുപയോഗിച്ചു. മഞ്ഞുപാളികളുടെ നഷ്ടത്തിന്നിടയാക്കുന്ന കാരണങ്ങള്‍ അതിസങ്കീര്‍ണമാണെന്നു ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. കേവലം ഉയര്‍ന്ന താപനില മാത്രമല്ല, ഇതിന്റെ കാരണമെന്നും അവര്‍ പറഞ്ഞു. മഞ്ഞുപാളികളും സമുദ്രത്തിന്റെ ആഴങ്ങളിലുള്ള ഊഷ്‌മളജലവും തമ്മിലുള്ള സ്‌പര്‍ശമാണ്‌ മഞ്ഞുപാളികള്‍ ഉരുകാനിടയാക്കുന്ന മുഖ്യഹേതുവെന്ന്‌ രണ്ടു പഠനങ്ങളും പറയുന്നു.

മാറ്റങ്ങളുടെ വേഗത തന്നെ ആശ്ചര്യപ്പെടുത്തിയെന്ന്‌ റിഗ്‌നോട്ട്‌ പറഞ്ഞു. ഗ്രീന്‍ലന്റിലായാലും അന്റാര്‍ട്ടിക്കയിലായാലും, നാം കണക്കുകൂട്ടിയിരുന്നതിനേക്കാള്‍ വേഗത്തിലാണ്‌ ഈ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിയ്‌ക്കുന്നത്‌. ഓരോ ദിവസവും നാമതു കാണുന്നു. ഹരിതവാതകങ്ങളുടെ വിസര്‍ജ്ജനത്തില്‍ കുറവു വരുത്താനെടുത്തേയ്‌ക്കാവുന്ന കര്‍ക്കശമായ നടപടികള്‍ക്കു പോലും മഞ്ഞുപാളികളുടെ ഈ തകര്‍ച്ചയെ തടയാനാവില്ലെന്ന്‌ റിഗ്‌നോട്ട്‌ ആവര്‍ത്തിച്ചു പറഞ്ഞു. ഇതൊരു തരം ശൃംഖലാപ്രതിപ്രവര്‍ത്തനത്തിന്റെ രൂപത്തിലുള്ളതാണ്‌. അതു നിര്‍ത്താന്‍ യാതൊരു വഴിയുമില്ല. വലിയൊരു മലയ്‌ക്കോ വലിയൊരു കുന്നിനോ മഞ്ഞുപാളികളുടെ തകര്‍ച്ച തടയാനാകും. അവയ്‌ക്കു മാത്രമേ ഈ തകര്‍ച്ച തടയാനാകൂ. പക്ഷേ, അത്തരമൊരു മലയോ കുന്നോ നിലവിലില്ല. അതുകൊണ്ട്‌ ഈ തകര്‍ച്ച തടയാനാകാത്തതാണ്‌, റിഗ്‌നോട്ടു പറഞ്ഞു.

വിവര്‍ത്തകന്റെ അടിക്കുറിപ്പുകള്‍: (1) ഐ പി സി സി (IPCC - Intergovernmental Panel on Climate) ഐക്യരാഷ്ട്രസഭ രൂപീകരിച്ച ഒരു പാനലാണ്‌. (2) അറ്റ്‌ലാന്റിക്‌ സമുദ്രത്തിനും ആര്‍ട്ടിക്‌ സമുദ്രത്തിനും ഇടയിലുള്ള, ഡെന്മാര്‍ക്കിന്റെ ഭരണത്തിന്‍ കീഴിലുള്ളൊരു സ്വയംഭരണപ്രദേശമാണ്‌ ഗ്രീന്‍ലന്റ്‌ എന്ന വലിയ ദ്വീപ്‌. ദക്ഷിണേഷ്യയേക്കാള്‍ വലിപ്പമുള്ള ഗ്രീന്‍ലന്റില്‍ ആകെ ജനസംഖ്യ അരലക്ഷത്തോളം മാത്രമാണ്‌.

വിശദമായ ലേഖനത്തിന്‌ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
സമുദ്രനിരപ്പ്‌ പതിമൂന്നടിയോളം ഉയരും (ലേഖനം: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക