Image

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭ നാഗിറെഡ്ഡി വാഹനാപകടത്തില്‍ മരിച്ചു

Published on 24 April, 2014
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭ നാഗിറെഡ്ഡി വാഹനാപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായി മുന്നേറുന്നതിനിടെ സ്ഥാനാര്‍ഥിക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭ നാഗിറെഡ്ഡി (45) കൊല്ലപ്പെട്ടു. അല്ലഗാഡ്ഡ നിയമസഭാ മണ്ഡലത്തില്‍ പ്രചാരണത്തിനു ശേഷം മടങ്ങുകയായിരുന്നു ശോഭ. ഗുരുതരമായി പരുക്കേറ്റ് ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിന്റെ മുന്‍സീറ്റിലിരുന്ന ശോഭ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണു. മേയ് ഏഴിനാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്.

കൂര്‍ണൂല്‍ ജില്ലയിലെ അല്ലഗാഡ്ഡയില്‍ നിന്നും നാലു തവണ നിയമസഭയില്‍ എത്തിയ ശോഭ വൈ.എസ്.ആറിന്റെ കരുത്തുറ്റ സ്ഥാനാര്‍ഥിയായിരുന്നു. 1996ല്‍ രാഷ്ട്രീയത്തില്‍ വന്ന ഇവര്‍ മുന്‍പ് ടിഡിപി, ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിണ്ട്.

ശോഭയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി, അമ്മ വിജയമ്മ, സഹോദരി ശാര്‍മ്മിള എന്നിവര്‍ പ്രചാരണം നിര്‍ത്തിവച്ച് ഹൈദരാബാദിലെ വീട്ടില്‍ എത്തിച്ചേര്‍ന്നു. മരിച്ച ശോഭയ്ക്ക് മൂന്നു കുട്ടികളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക