Image

ഡാമുകള്‍ വറ്റിവരണ്ടു: കേരളം ഇരുട്ടിലേക്ക്‌

Published on 22 April, 2014
ഡാമുകള്‍ വറ്റിവരണ്ടു: കേരളം ഇരുട്ടിലേക്ക്‌
കേരളം ഇരുട്ടിലേക്ക്‌ .വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുകയും വൈദ്യുതി ലഭ്യത കുറയുകയും ചെയ്‌ത സാഹചര്യത്തിലാണു കടുത്ത നടപടിക്ക്‌ കെഎസ്‌ഇബി ഒരുങ്ങുന്നതായി സുചന.

തിരഞ്ഞെടുപ്പ്‌ ആയതിനാല്‍ വൈദ്യുതി ബോര്‍ഡ്‌ പ്രതിരോധനടപടികള്‍ തല്‌ക്കാലം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു . ലോഡ്‌ ഷെഡിങ്‌ ഇപ്പോള്‍ തന്നെ ഏര്‌പ്പെടുത്തി ക്കഴിഞ്ഞു .പരസ്യമാകിയില്ലന്നു മാത്രം. കഴിഞ്ഞ വര്‍ഷത്തെപ്പോലെ പകലും രാത്രിയും അരമണിക്കൂര്‍ ലോഡ്‌ഷെഡിങ്‌ ഏര്‍പ്പെടുത്താനാണ്‌ ബോര്‍ഡ്‌ തയാറെടുക്കുന്നതെന്നു സൂചന. വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ 700 ലക്ഷം യൂണിറ്റ്‌ കവിഞ്ഞിരുന്നു. കേരളത്തിലെ വൈദ്യുതി ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണ്‌. വേനല്‍മഴയെത്തുടര്‍ന്ന്‌ രണ്ടു മൂന്നു ദിവസം വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവു രേഖപ്പെടുത്തിയെങ്കിലും മഴ മാറുന്നതോടെ വീണ്ടും അവസ്ഥ മോശമാകുമെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍വൈദ്യുതി ഉപയോഗം ഏറ്റവും അധികം വര്‍ധിക്കുന്ന സമയം ചിട്ടപ്പെടുത്തനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു.രൂക്ഷമായ പ്രതിസന്ധി മറികടക്കാന്‍ ജലവൈദ്യുതി ഉത്‌പാദനം 200 ലക്ഷം യൂണിറ്റായി നിജപ്പെടുത്തേണ്ടതുണ്ട്‌. ഈ കുറവു നികത്താന്‍ നിയന്ത്രണം മാത്രമാണ്‌ ബോര്‍ഡിനു മുന്നിലുള്ള മാര്‍ഗം. അതേസമയം, വോട്ടെടുപ്പ്‌ കഴിഞ്ഞ തൊട്ടടുത്ത ദിവസം മുതല്‍ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്‌ തുടങ്ങികഴിഞ്ഞു. പകലും രാത്രിയുമായാണു ഗ്രാമങ്ങളിലെ വൈദ്യുതി മുടക്കം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഉപയോഗിക്കപ്പെട്ടത്‌ 701.2 ലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌. ചരിത്രത്തിലാദ്യമായാണ്‌ ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം 700 ലക്ഷം യൂണിറ്റ്‌ കവിയുന്നത്‌. വൈദ്യുതി ഉപയോഗത്തിലെ സര്‍വകാല റെക്കോഡായ 684 ലക്ഷം യൂണിറ്റ്‌ ഒരാഴ്‌ച മുമ്പാണ്‌ രേഖപ്പെടുത്തിയത്‌. കേരളത്തില്‍ ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 650 ലക്ഷം യൂണിറ്റ്‌ കടന്നിട്ടുണ്ട്‌. വൈദ്യുതി ബോര്‍ഡിന്‍റെ ജലസംഭരണികളില്‍ സംഭരണശേഷിയുടെ 37 ശതമാനം ജലം മാത്രമാണുള്ളത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ സ്ഥിതി മെച്ചമാണെങ്കിലും വൈദ്യുതി ഉപയോഗത്തില്‍ അനുദിനം ഉണ്ടാവുന്ന വര്‍ധന കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. ഇന്നലെ മാത്രം കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെട്ട വൈദ്യുതി 310 ലക്ഷം യൂണിറ്റാണ്‌. ബോര്‍ഡിന്‍റെ ജലസംഭരണികളില്‍ എല്ലാം കൂടി കണക്കാക്കിയാല്‍ 10500 ലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇനി ഉത്‌പാദിപ്പിക്കാനാവുക.

ഇപ്പോള്‍ത്തന്നെ ഉയര്‍ന്ന വില കൊടുത്താണു സംസ്ഥാനം പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത്‌. ഇതു കനത്ത സാമ്പത്തിക നഷ്ടവും ബോര്‍ഡിന്‌ ഉണ്ടാക്കുന്നുണ്ട്‌. അന്യസംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലയ്‌ക്കു വൈദ്യുതി വാങ്ങാന്‍ മത്സരിക്കുമ്പോള്‍ പല കരാറുകളും സംസ്ഥാനത്തിനു നഷ്ടമാകുന്നുമുണ്ട്‌. ലൈനുകളുടെ അഭാവമാണ്‌ മറ്റൊരു തടസം. ലൈനുകള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണമെന്ന്‌ സതേണ്‍ ലോഡ്‌ ഡെസ്‌പാച്ച്‌ സെന്‍ററിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലകൊടുത്തു വൈദ്യുതി വാങ്ങിയതും ലൈനുകള്‍ ബുക്കു ചെയ്‌തതും ബോര്‍ഡിന്‍റെ പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്‌. ഇതിനോടകം കേരളത്തില്‍ പല ഡാമുകളും വറ്റി വരണ്ടു . കനത്ത വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ മാറ്റമുണ്ടാകൂ. എന്നാല്‍, അത്തരമൊരു കാലവസ്ഥയ്‌ക്കു സാധ്യതയില്ലെന്നാണു നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്‌.
ഡാമുകള്‍ വറ്റിവരണ്ടു: കേരളം ഇരുട്ടിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക