Image

വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ് -പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 14 April, 2014
വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ് -പി.പി.ചെറിയാന്‍
കേരള ജനത പരമ്പാരാഗതമായി ആഘോഷിച്ചുവരുന്ന രണ്ട് ഉത്സവങ്ങളാണ് ഓണവും, വിഷുവും. ഓണം, ഫെസ്റ്റിവല്‍ ഓഫ് ഹാര്‍വെസ്റ്റും, വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ് എന്നുമാണ് പുരാതകാലം മുതല്‍ അറിയപ്പെടുന്നത്. ഓണം വിരിച്ചുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഭാരത കാര്‍ഷീക പഞ്ചാംഗത്തിന്റെ ആദ്യദിനം. വിഷു എന്നാല്‍ തുല്യമായതെന്നര്‍ത്ഥം. രാത്രിയും പകലും തുല്യമായദിനം. മേടം ഒന്നിന് മേടവിഷുവും, തുലാം ഒന്നിന് തുലാവിഷുവും കേരളത്തില്‍ ആഘോഷിക്കുന്നു.
ദ്രാവിഡാഘോഷങ്ങളില്‍ പെട്ട ഉത്സവമാണ് വിഷു. മത്സ്യമാംസ ആഹാരങ്ങള്‍ വര്‍ജ്ജിച്ചുകൊണ്ടാണ് ഓണം ആഘോഷിക്കുന്നത്. ഇതിന് കടകവിരുദ്ധമാണ് വിഷു. ആദി ദ്രാവിഡന്മാര്‍ വേട്ടയാടി കാലയാപനം കഴിച്ചിരുന്ന മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു.

വിഷുവിന്റെ തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുകയും, വീട് ശുദ്ധിയാക്കുകയും ചെയ്യുന്നു. പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഓലപടക്കം, മാലപടക്കം, കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, മേശപൂത്തിരി, തുടങ്ങിയ നിറപകിട്ടാര്‍ന്ന വിഷുപടക്കങ്ങള്‍ കത്തിക്കുന്നത് വിഷുദിനത്തിന്റെ പ്രത്യേകതായാണ്. വിഷുഫലം പറയുന്നരീതി പണ്ടുകാലത്ത് സാര്‍വ്വത്രികമായിരുന്നു. പണിക്കര്‍ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ചുപറയുന്ന രീതിയും നിലവിലുണ്ടായിരുന്നു. വിഷു സംക്രാന്തി നാളില്‍ എത്തുന്ന പണിക്കര്‍ക്ക് നല്ല പ്രതിഫലവും നല്‍കിയിരുന്നു.

വിഷുവിനോടനുബന്ധിച്ചു ഒരു ഐതിഹ്യം നിലവിലുണ്ട്. ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അസുരനാണ് നരകാസുരന്‍. ഹിരണ്യക്ഷന് ഭൂമിദേവിയില്‍ നിന്നും ജനിച്ചപുത്രന്‍. ഭൂമദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നല്‍കി. നാരായണാസ്ത്രം കൈയ്യിലുള്ളപ്പോള്‍ തനിക്കല്ലാതെ മറ്റാര്‍ക്കും നരകനെ വധിക്കുവാന്‍ സാധ്യമല്ല എന്ന അനുഗ്രവും നല്‍കിയതായി ഭാഗവതത്തില്‍ പറയുന്നു. മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകന്‍ ദേവലോകം ആക്രമിച്ചു. ഇന്ദ്രമാതാവായ അഭിനിയുടെ കുണ്ഡലങ്ങളും, ഇന്ദ്രന്റെ വെണ്‍കൊറ്റകുടയും കരസ്ഥമാക്കി. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണന്‍ സത്യഭാമാസമേതം ഗരുഢാരൂഢനായി എത്തി യുദ്ധത്തില്‍ നരകാസുരനെ വധിച്ചു. നരകാസുര വധദിനമാണ് വിഷു ആയി ആഘോഷിക്കുന്നതെന്ന് ഐതീഹ്യത്തില്‍ പറയുന്നു.

വിഷുദിനത്തില്‍ കൃഷിയോടനുബന്ധിച്ച് ചാലിടല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുവേല, വിഷുവെടുക്കല്‍ തുടങ്ങിയ നിരവധി ആചാരങ്ങള്‍ നിലവിലുണഅട്. വിഷു സദ്യക്കു മുമ്പായി നിരവധി ആചാരങ്ങള്‍ നിലവിലുണ്ട്. വിഷു സദ്യയ്ക്കു മുമ്പായി നടത്തുന്ന ചാലിടല്‍ ആചാരമനുസരിച്ച് ആദ്യമായി നിലം ഉഴുതുമറിച്ച് വിത്തിടുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്ന പൂക്കള്‍ കൊണ്ടു അലങ്കരിച്ചു കൃഷി സ്ഥലത്ത് കൊണ്ടുവരുന്നു. കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും. കന്നുകാലികളെ നുകത്തില്‍ പൂട്ടി നിലം ഉഴുതു മറിച്ചശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങു നടക്കും.
വിഷു സദ്യക്കുശേഷം നടത്തുന്ന മറ്റൊരാചാരമാണ് കൈകോട്ടുചാല്‍. പുതിയ കൈകോട്ടിനെ കഴുകി, കുറിതൊടുവിച്ച് കൊന്നപൂക്കള്‍ കൊണ്ട് അലങ്കരിച്ച് വീടിന്റെ ഒരു കോണില്‍വെച്ചു പൂജിക്കുന്നു. പൂജിച്ചെടുത്ത കൈകോട്ടുകൊണ്ട് കൊത്തികിളച്ചതില്‍ കുഴികളെടുത്ത് നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ നടുന്നു. പാടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ പറമ്പു കൃഷിക്കും തുടക്കമിടുന്നു എന്നതാണിതുകൊണ്ടു ഉദ്ദ്യേശിക്കുന്നത്.

വിഷുദിനത്തില്‍ നടക്കുന്ന പ്രധാന ചടങ്ങാണ് വിഷുകണി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുകണി ഒരുക്കുന്നതിനും, മറ്റുള്ളവരെ കാണിക്കുന്നതിനുമുള്ള ചുമതല. മിന്നിതിളങ്ങുന്ന ഓട്ടുരുളിയില്‍ അരിയും, നെല്ലും, നെല്ലും പാതി നിറച്ചു, കൂടെ അലക്കിയ മുണ്ടും പൊന്നും, കണിവെള്ളരിയും, കണികൊന്നയും, പഴുത്തടയ്ക്കയും, വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും, തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേര പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുകണി ഒരുക്കുന്നത്. കണികൊന്ന പൂക്കള്‍ക്ക് വിഷുകണിയില്‍ ഒഴിച്ചുകൂടാനാവത്ത സ്ഥാനമാണ്. ഐശ്വര്യ സമ്പൂര്‍ണ്ണമായ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുകണികണ്ടുണരുമ്പോള്‍ പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുന്നത്.

ചിലയിടങ്ങളില്‍ കുറികൂട്ടം, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലയാവയും കണിക്ക് വെയ്ക്കുന്ന പതിവുണ്ട്. കത്തിച്ച ചന്ദനതിരിയും, വെളളം നിറച്ച ഓട്ടു കിണ്ടിയും, പുതിയ കസവു മുണ്ടും അടുത്തുണ്ടാവണം എന്നാണ് പഴമക്കാര്‍ പറയുന്നത്. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട് മറ്റുള്ളവരെ കണികാണിക്കും.
ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണി കാണിക്കുന്നത്. കുടുംബാംഗങ്ങള്‍ കണി കണ്ടു കഴിഞ്ഞതിനുശേഷം വീടിന്റെ കിഴക്കുവശത്ത് കണി കൊണ്ടുചെന്ന് പ്രകൃതിയെ കാണിക്കും. ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണിക്കാണിക്കുന്ന ചടങ്ങും നിലവിലുണ്ട്.

കണികണ്ടതിനുശേഷം ഗ്രഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുകൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ നാണയങ്ങള്‍ നല്‍കിയിരുന്നു. വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നല്‍കുന്നത്.
വിഷുമായി ബന്ധപ്പെട്ട ഒന്നാണ് കണികൊന്ന വിഷുക്കാലത്ത് കേരളമെങ്ങും കൊന്നപ്പൂ പൂത്തുനില്‍ക്കുന്നത് മനസ്സിന് കുളുര്‍മ നല്‍കുന്നതും നയനാന്ദകരവുമായ കാഴ്ചതന്നെയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കണികൊന്നകളില്‍ വിരിയുന്ന മഞ്ഞ പൂക്കളാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം നല്‍കുന്ന വൃക്ഷം എന്നാണ് കൊന്നകളെ കുറിച്ചു പുരാണങ്ങളില്‍ പറയുന്നത്.

വിഷുസദ്യയില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കചക്ക. വിഷുവിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത്, തേങ്ങാചിരികിയിട്ട കഞ്ഞി, മത്തനും പയറും കൊണ്ടുള്ള കറി, മാമ്പഴപുളിശ്ശേരി, ചക്കപ്രഥമന്‍, വിഷുകട്ട എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷുകാലങ്ങളില്‍ ചക്കയും മാങ്ങയും നിറഞ്ഞുനില്‍ക്കുന്നു എന്നുള്ളതാണ്. ഇവ ധാരാളം ഉപയോഗിച്ചുള്ള വിഷുവിഭവങ്ങള്‍ തയ്യാറാക്കുന്നതിന് നിദാനമായിരിക്കുന്നത്.

“പൊലിക, പൊലിക ദൈവമേ തന്‍ നെല്‍പൊലിക” എന്നുള്ള പുള്ളുവ പാട്ടും, വിത്തും കൈകോട്ടും എന്നുതുടങ്ങുന്ന ഗാനവും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെ ചൂണ്ടികാണിക്കുന്നു. വിഷുവിന് ചെയ്യുന്ന പ്രവൃത്തിയുടെ ഫലങ്ങള്‍ അടുത്ത വിഷുദിനം വരെ നിലനില്‍ക്കുമെന്നാണ് വിശ്വാസം.

സമ്പല്‍സമൃദ്ധവും, പ്രതീക്ഷ, നിര്‍ഭരവുമായ ഒരു വിഷുപുലരി ആശംസിക്കുന്നു.


വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ് -പി.പി.ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക