Image

വൈശാഖപൗര്‍ണമി (കഥ: ഭാഗം 8)

സുനില്‍ എം.എസ്‌ Published on 08 April, 2014
വൈശാഖപൗര്‍ണമി (കഥ: ഭാഗം 8)
കട്ടിലിന്നടുത്ത്‌ നീട്ടിപ്പിടിച്ച മോതിരവുമായി ഒരു മുട്ടൂന്നി നിന്ന്‌ വിശാഖത്തിന്റെ കണ്ണിലേയ്‌ക്ക്‌ പ്രാര്‍ത്ഥനയോടെ നോക്കുന്ന സദാനന്ദ്‌. അടുത്ത്‌, മന്ദസ്‌മേരത്തോടെ നില്‍ക്കുന്ന, ബ്രീച്ച്‌ കാന്റിയിലെ പ്രശസ്‌തനായ ഡോക്ടര്‍. ആകാംക്ഷയോടെ, പുഞ്ചിരിച്ചുകൊണ്ട്‌ ചുറ്റും നില്‍ക്കുന്ന നേഴ്‌സുമാര്‍. വിശാഖത്തിന്റെ ഇടതുകരം അവള്‍ നീട്ടുമ്പോള്‍ സദാനന്ദ്‌ രത്‌നം പതിച്ച പ്ലാറ്റിനം മോതിരം അവളുടെ മോതിരവിരലിലണിയിയ്‌ക്കുന്നതിനു സാക്ഷ്യം വഹിയ്‌ക്കാനും ഹസ്‌തതാഡനം മുഴക്കാനും രണ്ടു പേരുടേയും കരങ്ങള്‍ പിടിച്ചു കുലുക്കി അഭിനന്ദിയ്‌ക്കാനും തയ്യാറായി, അക്ഷമയോടെ അവര്‍ നിന്നു.

വിശാഖം ചകിതയായി ഇരുന്നുപോയി. സദാനന്ദിന്റെ നോട്ടത്തില്‍ പ്രകടമായിരുന്ന ആശയുടെ, അഭിനിവേശത്തിന്റെ തീവ്രത കണ്ട്‌ അവള്‍ ഭയന്നു. ശ്വാസം നില്‍ക്കാന്‍ പോകുന്നതുപോലെ അവള്‍ക്കു തോന്നി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ കട്ടിലില്‍ നിന്ന്‌ മെല്ലെ ഇറങ്ങി. നേഴ്‌സുമാര്‍ അവളെ ഇറങ്ങാന്‍ സഹായിച്ചു. എഴുന്നേറ്റു നിന്നു കൊണ്ടായിരിയ്‌ക്കാം അവള്‍ മോതിരവിരല്‍ നീട്ടിക്കാണിയ്‌ക്കാന്‍ പോകുന്നതെന്ന്‌ എല്ലാവരും കരുതി. സദാനന്ദും. പക്ഷേ, കണ്ണുനീരൊഴുക്കിക്കൊണ്ട്‌ വിശാഖം സദാനന്ദിന്റെ തോളില്‍ സ്‌പര്‍ശിച്ചു. മെല്ലെപ്പറഞ്ഞു, `സദൂ...എനിയ്‌ക്ക്‌ ഡോക്ടറോട്‌ തനിച്ചു സംസാരിയ്‌ക്കണം. ഡോക്ടറോട്‌ ഒന്നു പറയ്‌.'

വിശാഖം മൃദുസ്വരത്തിലാണതു പറഞ്ഞതെങ്കിലും, സദാനന്ദ്‌ അതു വ്യക്തമായി കേട്ടിരുന്നു. മനസ്സിലാക്കുകയും ചെയ്‌തു. അവള്‍ പറഞ്ഞതു മാത്രമല്ല, അതിനപ്പുറവും സദാനന്ദ്‌ മനസ്സിലാക്കി. അവളുടെ നേരേ മോതിരം നീട്ടിയിരുന്ന കരം തളര്‍ന്ന്‌ കട്ടിലിന്മേല്‍ വീണു. കരം മാത്രമല്ല, മനസ്സും തളര്‍ന്നു. ശരീരമാകെ തളര്‍ന്നു. സദാനന്ദ്‌ കട്ടിലില്‍ തല ചായ്‌ച്ചു തളര്‍ന്നിരുന്നു, കണ്ണടച്ചു. ഡോക്ടര്‍ എന്ന വാക്കു കേട്ട്‌ ഡോക്ടര്‍ കുനിഞ്ഞ്‌ വിശാഖത്തോടു ചോദിച്ചു, `വാട്ടീസിറ്റ്‌?'

`ഡോക്ടര്‍, മുജേ ആപ്‌സേ അകേലേ മേം കുച്ച്‌ കെഹനാ ഹെ,' കണ്ണുനീരിന്നിടയില്‍ വിശാഖം ഡോക്ടറോടഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍ നേഴ്‌സുമാരോടു പറഞ്ഞു, `സോറി ഗൈസ്‌. ഷി വാണ്ട്‌സ്‌ ടു സ്‌പീക്‌ വിത്ത്‌ മി എലോണ്‍. ഓള്‍ ഓഫ്‌ യു കാന്‍ വെയിറ്റ്‌ ഔട്‌സൈഡ്‌.' നേഴ്‌സുമാര്‍ അനുസരണയോടെ പുറത്തേയ്‌ക്കു നടന്നു. അവരില്‍ ചിലര്‍ സ്‌നേഹത്തോടെ വിശാഖത്തിന്റെ തോളത്തു തട്ടി. വിശാഖം തൊഴുതുകൊണ്ടു നിശ്ചലയായി നിന്നു. ഡോക്ടര്‍ സദാനന്ദിന്റെ തോളില്‍ തട്ടി. `കാന്‍ യു ഗിവസ്‌ എ മിനിറ്റ്‌, സദാനന്ദ്‌?' നിറഞ്ഞ കണ്ണുകളോടെ, ഭാരിച്ച ഹൃദയത്തോടെ സദാനന്ദ്‌ മോതിരം ജ്യുവല്‍കേസിനുള്ളിലാക്കി പോക്കറ്റില്‍ നിക്ഷേപിച്ചു. വിശാഖത്തിന്റെ മുഖത്തു നോക്കാനാകാതെ ഭാരിച്ച ചുവടുകള്‍ വച്ച്‌ സദാനന്ദ്‌ പുറത്തു കടന്നു. പിന്നില്‍ വാതില്‍ ചാരി. പുറത്ത്‌ ചുമരില്‍ ചാരി നിന്നു. വിശാഖം മെല്ലെ കുനിഞ്ഞ്‌ ഡോക്ടറുടെ പാദം തൊട്ടു വന്ദിച്ചു. `മുജേ ആപ്‌ അപ്‌നെ പിതാ ജൈസേ ഹെ.' ഡോക്ടര്‍ വിശാഖത്തെ സെറ്റിയിലേയ്‌ക്കു നയിച്ചു. `നൗ ടെല്‍ മി. ഡിയര്‍.'

പുറത്ത്‌ നേഴ്‌സുമാര്‍ അവരവരുടെ സ്ഥാനങ്ങളിലേയ്‌ക്കു പോയി. പോകും മുന്‍പ്‌ അവരില്‍ ചിലര്‍ സദാനന്ദിനെ ആശ്വസിപ്പിയ്‌ക്കാന്‍ ശ്രമിച്ചു. സദാനന്ദിന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ട്‌ ഹെഡ്‌ നേഴ്‌സ്‌ പറഞ്ഞു, `ധീരജ്‌ രഖിയേ, സര്‍. സബ്‌ ഠീക്‌ ഹോ ജായെഗാ.' മറ്റൊരു നേഴ്‌സ്‌ സദാനന്ദിന്റെ ചെവിയില്‍ ഒരല്‍പ്പം കുസൃതിയോടെ പറഞ്ഞുകൊണ്ടു പോയി, `ലവ്‌ ഈസ്‌ നോട്ട്‌ ആള്‍വേയ്‌സ്‌ എ ബെഡ്‌ ഓഫ്‌ റോസസ്‌.' സദാനന്ദ്‌ കണ്ണുകള്‍ തുടച്ചു. വിശാഖത്തിന്റെ കരയുന്ന മുഖം മുന്നില്‍ നിന്നു മറയുന്നില്ല. എന്തായിരിയ്‌ക്കാം അവള്‍ ഡോക്ടറോടു പറയാന്‍ പോകുന്നത്‌. വിവാഹത്തിന്‌ അവള്‍ അനുകൂലമായിരുന്നെങ്കില്‍ മോതിരവിരല്‍ നീട്ടിയാല്‍ മാത്രം മതിയായിരുന്നു. അവള്‍ വിരല്‍ നീട്ടിക്കാണിച്ചില്ല. പകരം കരഞ്ഞു. കിടക്കയില്‍ നിന്നെഴുന്നേറ്റു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്റെ തോളില്‍ സ്‌പര്‍ശിച്ചു. അതിന്റെ അര്‍ത്ഥം എന്തായിരുന്നു? യെസ്‌ അല്ലെങ്കില്‍ നോ എന്നല്ലാതെ മറ്റേതുത്തരത്തിനാണ്‌ ഇവിടെ ഇക്കാര്യത്തില്‍ പ്രസക്തിയുള്ളത്‌? അവളുടെ ഉത്തരം നോ തന്നെയായിരിയ്‌ക്കും. യെസ്സായിരുന്നെങ്കില്‍ അവള്‍ വിരല്‍ നീട്ടുമായിരുന്നു, മോതിരം ആ വിരലില്‍ക്കിടന്നു മിന്നിത്തിളങ്ങുമായിരുന്നു.

ഇവളെ, ഈ എല്ലിന്‍കൂടിനെ മാറോടണയ്‌ക്കാന്‍, ആ മൂര്‍ദ്ധാവിലൊന്നു ചുംബിയ്‌ക്കാന്‍, അങ്ങനെ ചുംബിച്ചിരിയ്‌ക്കാന്‍ എന്നാണു സാധിയ്‌ക്കുക. എന്നെങ്കിലും സാധിയ്‌ക്കുമോ? സാധിയ്‌ക്കാതെ വരുമോ. നിമിഷങ്ങള്‍ക്കു മുന്‍പ്‌ അതു സാദ്ധ്യമായേനേ. യൂ മേ നൌ കിസ്‌ ദ െ്രെബഡ്‌. അതായിരുന്നു പ്രതീക്ഷ, ആശ. വിവാഹനാള്‍ വരെ കാത്തിരിയ്‌ക്കണമെന്നില്ല, മോതിരമണിയിച്ചു കഴിഞ്ഞയുടനേയും ചുംബിയ്‌ക്കാവുന്നതായിരിയ്‌ക്കും, ആയിരിയ്‌ക്കണം. മോതിരം അവളുടെ വിരലില്‍ അണിയിയ്‌ക്കുക, അവളെ മെല്ലെ, ശ്രദ്ധിച്ച്‌ കിടക്കയില്‍ നിന്നെടുത്തുയര്‍ത്തുക, നെറ്റിയില്‍ ചുംബിയ്‌ക്കുക, കണ്ണുകളിലും ചുംബിയ്‌ക്കുക. ചുണ്ടുകളില്‍...ചുണ്ടുകളില്‍ ചുംബിയ്‌ക്കാന്‍ അവള്‍ ഒരുപക്ഷേ സമ്മതിയ്‌ക്കുമായിരിയ്‌ക്കില്ല. ചുണ്ടുകളിലെ വ്രണങ്ങളൊക്കെ പൊറുത്തുകഴിഞ്ഞു. ചുണ്ടുകള്‍ക്ക്‌ നേരിയൊരു ചുവപ്പും വന്നുകഴിഞ്ഞിട്ടുണ്ട്‌. പിന്നെയെന്താ ചുണ്ടുകളില്‍ ചുംബിച്ചാല്‍? സിഫിലിസൊന്നും തനിയ്‌ക്കു പ്രശ്‌നമല്ല. പ്രശ്‌നമായിരുന്നിട്ടുമില്ല. ഇവിടെയിപ്പോ, ഡോക്ടറല്ല വലിയ കടമ്പ, അവള്‍ തന്നെയാണ്‌. ഡോക്ടര്‍ അനുവദിച്ചാലും അവള്‍ അനുവദിയ്‌ക്കുകയില്ല. മുഖം പൊത്തിപ്പിടിയ്‌ക്കും. അല്ലെങ്കില്‍ ശാസനയോടെ വിളിയ്‌ക്കും, `സദൂ...' രണ്ടായാലും അനുസരിയ്‌ക്കാതിരിയ്‌ക്കാന്‍ കഴിയില്ല. മോതിരം അണിയാന്‍ സമ്മതിച്ചിട്ടു പോലുമില്ല. അങ്ങനെയിരിയ്‌ക്കെ അവളെ ചുംബിയ്‌ക്കുന്ന കാര്യത്തെപ്പറ്റി സങ്കല്‍പ്പിയ്‌ക്കുന്നതു പാഴ്വേലയാകും. ഇരിയ്‌ക്കുന്നതിനു മുന്‍പു കാലു നീട്ടിയാല്‍ ആസനമടിച്ചു വീണതുതന്നെ. ആ വീഴ്‌ചയാണിപ്പോള്‍ നടന്നിരിയ്‌ക്കുന്നത്‌, നടക്കുന്നത്‌.

വാസ്‌തവത്തില്‍ ചുംബനത്തിലെ ശാരീരികസുഖത്തിനല്ല ചുംബിയ്‌ക്കാന്‍ കൊതിയ്‌ക്കുന്നത്‌. ചുംബനം പ്രതീകാത്മകമാണ്‌. സ്‌നേഹത്തിന്റെ മൂര്‍ദ്ധന്യം. ചുംബനത്തില്‍ പ്രകടമാകുന്നത്‌ പരസ്‌പരമുള്ള അഭിനിവേശമാണ്‌. അവള്‍ക്കും തന്നോട്‌ അഭിനിവേശമുണ്ട്‌ എന്ന്‌ ഒന്നറിയുകയെങ്കിലും ചെയ്‌താല്‍ മതിയായിരുന്നു. തന്നെ അവളുടെ സ്വന്തമായി, അവളുടേതായി അംഗീകരിയ്‌ക്കുന്നു എന്നൊന്നറിഞ്ഞുകിട്ടിയാല്‍ മതി, സ്വര്‍ഗ്ഗം നേടാന്‍. അവള്‍ ചുംബിയ്‌ക്കണമെന്നു തന്നെയില്ല. അവളുടെ ഉള്ളിന്റെ ഉള്ളില്‍ താനുണ്ട്‌ എന്നറിയണം. അവള്‍ക്കു ജീവിതം തിരികെ നല്‍കിയതിനുള്ള നന്ദിയല്ല വേണ്ടത്‌. അവളുടെ സ്വമേധയാ ഉള്ള സ്‌നേഹമാണു വേണ്ടത്‌. നന്ദിയെ മാറ്റി നിര്‍ത്തട്ടെ. സ്‌നേഹം മതി. നന്ദി വേണ്ട, സ്‌നേഹം മാത്രം മതി. സ്‌നേഹം. പ്രേമം. പ്രണയം. അതു മാത്രം മതി. മറ്റൊന്നും വേണ്ട. അവളുടെ മനസ്സില്‍ അതുണ്ടോ? അനിശ്ചിതത്വത്തിന്റെ മൂടല്‍ വീണ്ടുമുയര്‍ന്നു.

വിശാഖം തന്നെ വിവാഹം കഴിയ്‌ക്കുന്നില്ലെങ്കില്‍ പിന്നെ താനെന്തു ചെയ്യും? വിവാഹം ചെയ്‌ത സ്‌ത്രീ തന്നെ ചതിച്ചു കൊണ്ടു പോയി. ചതിയ്‌ക്കാത്ത സ്‌ത്രീയാകട്ടെ തന്നെ വിവാഹം കഴിയ്‌ക്കാന്‍ സമ്മതിയ്‌ക്കുന്നുമില്ല. സ്‌ത്രീകള്‍ക്കാകെ താന്‍ വര്‍ജ്ജ്യമായിത്തീര്‍ന്നോ? ഒന്നു വിരല്‍ ഞൊടിച്ചാല്‍ കൂടെ വരാന്‍ തയ്യാറുള്ള വനിതകളുണ്ടാകാം. പക്ഷേ അവര്‍ക്ക്‌ മറ്റു പല താത്‌പര്യങ്ങളുമുണ്ടാകും. തന്റെ സമ്പത്താകാം അവരുടെ ദൃഷ്ടിയില്‍ പെടുന്നത്‌. തന്റെ സമ്പത്തില്‍ മതിമറന്ന്‌, മറ്റു ഗുണങ്ങള്‍ തനിയ്‌ക്കുണ്ടോ, അല്ലെങ്കില്‍ തനിയ്‌ക്കു ദൂഷ്യങ്ങളെന്തെങ്കിലുമുണ്ടോ എന്നൊന്നും അവര്‍ ചിന്തിച്ചെന്നു വരില്ല. പണത്തിന്റെ പ്രഭയില്‍ മയങ്ങിവീഴുന്നവരെ തനിയ്‌ക്കു വേണ്ട. പണത്തിന്റെ പ്രഭയില്‍ മയങ്ങി വീഴാത്തവരാരാണുള്ളത്‌. ആരുമുണ്ടാവില്ല. ഒരാളൊഴികെ. വിശാഖം. നാല്‍പ്പത്തഞ്ചുകോടി രൂപ വില വന്നേയ്‌ക്കാവുന്ന സ്വത്തുക്കളടങ്ങിയ വില്‍പ്പത്രം വച്ചു നീട്ടിയപ്പോള്‍ അവളതു കീറിക്കളഞ്ഞു. വില്‍പ്പത്രത്തിലുള്ളത്‌ എന്തെന്നു മനസ്സിലാകാതെയല്ല, അവളതു വലിച്ചു കീറിക്കളഞ്ഞത്‌. വില്‍പ്പത്രം ആദ്യാവസാനം പല തവണ വായിച്ചുനോക്കി ശരിയ്‌ക്കും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്‌ അവളതു കീറിക്കളഞ്ഞത്‌. `എന്നോടു പൊറുക്കണം' എന്നു പറഞ്ഞുകൊണ്ട്‌ അവളതു കീറി.

തന്റേത്‌ ആത്മഹത്യയാണെന്നും, ആര്‍ക്കും അതില്‍ പങ്കില്ലെന്നും എഴുതിയൊപ്പിട്ട കുറിപ്പും ഉള്ള നിലയ്‌ക്ക്‌ തന്നെ കൊലപ്പെടുത്തി തന്റെ സ്വത്തു മുഴുവനും കൈക്കലാക്കാന്‍ പോലും പലരും തുനിഞ്ഞേനേ. അതിന്ന്‌ ഒരുമ്പെടാന്‍ ധൈര്യപ്പെടുന്നവര്‍ സ്‌ത്രീകളിലും ഉണ്ടാകും. കൊലപാതകങ്ങള്‍ നടത്തുകയെന്നത്‌ പുരുഷന്മാരുടെ കുത്തകയല്ല. പണത്തിനു വേണ്ടി കൊല ചെയ്യാന്‍ തയ്യാറുള്ള സ്‌ത്രീകളും ഉണ്ടാകും. കുറവായിരിയ്‌ക്കും, പക്ഷേ ഉണ്ടാകും. എന്നാലിവള്‍ ഈ വിശാഖം അത്തരക്കാരിയല്ല. അവളുടെ നോട്ടം തന്റെ സമ്പത്തിന്മേലായിരുന്നില്ല, ഉറക്കഗുളികകളിന്മേലായിരുന്നു. നാല്‍പ്പത്തഞ്ചു കോടിയുടെ സ്വത്തിനെ അവള്‍ പുല്ലുപോലെ വലിച്ചു കീറി. വച്ചുനീട്ടിയ സ്വത്തിനെ തട്ടിത്തെറിപ്പിച്ചതോടൊപ്പം സ്വന്തം ജീവനേയും അവള്‍ വലിച്ചെറിയാന്‍ ശ്രമിച്ചു. സ്വന്തം ജീവനു പോലും വില കല്‍പ്പിയ്‌ക്കാത്തവള്‍.

പട്ടുസാരികളും അവള്‍ അന്യര്‍ക്കു കൊടുത്തു കളഞ്ഞു. എല്ലാ പട്ടുസാരികളും അയ്യായിരം രൂപയോ അതിലേറെയോ വില വരുന്നവയുമായിരുന്നു. ഒരു തുടക്കമെന്ന നിലയ്‌ക്കാണ്‌ ആ വിലകളില്‍ ഒതുക്കിയത്‌. അഞ്ചക്കവിലകളായിരുന്നു ആദ്യമാലോചിച്ചിരുന്നത്‌. വിലകുറഞ്ഞവയില്‍ ഒതുക്കാന്‍ തോന്നിയതു നന്നായി. ഒരു ദിവസം പോലും അവളവ കൈയ്യില്‍ വച്ചാസ്വദിച്ചില്ല, ഒന്നു ധരിച്ചുപോലും നോക്കിയില്ല, അതിനു മുന്‍പു തന്നെ ഒന്നൊഴിയാതെ, എല്ലാ സാരികളും, ബനാറസ്‌, കാഞ്ചീപുരം, മൈസൂര്‍, പോച്ചമ്പിള്ളി, പട്ടോള, ഒക്കെ, അവളന്യര്‍ക്കു കൊടുത്തു തീര്‍ത്തു. അവള്‍ക്കവയെല്ലാം ഇഷ്ടമായിരുന്നു താനും. ഇഷ്ടപ്പെട്ട പട്ടുസാരികള്‍ അന്യര്‍ക്കു കൊടുത്തുകളയുന്ന വനിതകള്‍ അധികമുണ്ടാവില്ല. അതിനൊക്കെപ്പുറമേ, ഒന്നരക്കോടിയുടെ സ്വപ്‌നസദൃശമായ ഫ്‌ലാറ്റുകളുടെ ചിത്രങ്ങള്‍ അവള്‍ മാറ്റിവയ്‌പിച്ചു. അവളല്ലാതെ മറ്റാരാണ്‌ ആ ഫ്‌ലാറ്റുകള്‍ തള്ളിനീക്കുക! ഇവയൊക്കെ വേണ്ടെന്നു പറയാന്‍ മടിയില്ലാത്ത വനിത തന്നെയും വേണ്ടെന്നു പറയാന്‍ മടി കാണിയ്‌ക്കുമോ. തന്നെ വേണ്ടെന്നു പറയാനായിരിയ്‌ക്കും ഡോക്ടറോടു തനിയെ സംസാരിയ്‌ക്കണം എന്നവള്‍ പറഞ്ഞത്‌. നോ എന്ന്‌ സകലരുടേയും മുന്നില്‍ വച്ചു തന്നോടു പറയാന്‍ അവള്‍ക്ക്‌ വിഷമമുണ്ടായിരുന്നിരിയ്‌ക്കും. അതുകൊണ്ട്‌ ഡോക്ടറോടു പറയുന്നു. ഡോക്ടര്‍ പിതൃതുല്യനായിരിയ്‌ക്കും. അച്ഛനോടുള്ള സ്വാതന്ത്ര്യം ഡോക്ടറോടും അവള്‍ക്കു തോന്നുന്നുണ്ടാകാം. അച്ഛാ, എനിയ്‌ക്കീ വിവാഹം വേണ്ട. `വാസ്‌തവത്തില്‍ അവള്‍ മരിയ്‌ക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്‌ താന്‍ അന്നു മരണത്തില്‍ നിന്നു പിന്തിരിഞ്ഞത്‌. മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്‌ എന്നും പറയണം. വിശാഖം തന്നെ വിവാഹം കഴിയ്‌ക്കുമെങ്കില്‍, അന്നത്തേത്‌ രക്ഷപ്പെടലായിരുന്നെന്നു പറയാം. അവള്‍ തന്നെ വിവാഹം കഴിയ്‌ക്കുന്നില്ലെങ്കില്‍...ഇല്ലെങ്കില്‍... ആ രക്ഷപ്പെടല്‍ താത്‌കാലികം മാത്രമാകും'

വാതില്‍ തുറന്ന്‌ ഡോക്ടര്‍ പുറത്തു വന്നു. `സദാനന്ദ്‌.' ഡോക്ടര്‍ തോളത്തു കൈ വച്ചു. `ദെയറീസ്‌ നത്തിങ്ങ്‌ ടു വറി.' വറി ചെയ്യാനില്ലെന്നു വച്ചാല്‍ എന്തായിരിയ്‌ക്കും, അവള്‍ വിവാഹം കഴിയ്‌ക്കാന്‍ സമ്മതിച്ചോ. സദാനന്ദ്‌ ആശയോടെ ഡോക്ടറെ നോക്കി. ഡോക്ടര്‍ തുടര്‍ന്നു. `ഷിയീസ്‌ ഓള്‍ യുവേഴ്‌സ്‌, സദാനന്ദ്‌.' സദാനന്ദിന്റെ മുഖം പ്രകാശിച്ചു. `ബട്ട്‌, ഡോണ്ട്‌ പുഷ്‌ ഹെര്‍ ഇന്റു മാര്യേജ്‌ നൗ.' പ്രകാശം മങ്ങി. `ഷി സ്റ്റില്‍ ബിലീവ്‌സ്‌ ഷി ഡെസിന്റ്‌ ഡിസെര്‍വ്‌ യു.' അപ്പോള്‍ അതാണു കാരണം. അവള്‍ക്ക്‌ അതിനുള്ള യോഗ്യതയില്ലെന്ന്‌ അവള്‍ വിശ്വസിയ്‌ക്കുന്നു. `ഷി വാണ്ട്‌സ്‌ മി ടു കണ്‍വിന്‍സ്‌ യു ദാറ്റ്‌ ഷി ഡെസിന്റ്‌ ഡിസെര്‍വ്‌ യു. ഷി വാണ്ട്‌സ്‌ മി ടു പെഴ്‌സ്വേഡ്‌ യു ഔട്ട്‌ ഓഫ്‌ ദിസ്‌ മാര്യേജ്‌ പ്രോപ്പസിഷന്‍.' അവള്‍ക്ക്‌ അര്‍ഹതയില്ലെന്നു തന്നെ ബോദ്ധ്യപ്പെടുത്തി തന്നെ ഈ വിവാഹക്കാര്യത്തില്‍ നിന്നു പിന്തിരിപ്പിയ്‌ക്കാന്‍ അവള്‍ ഡോക്ടറോടഭ്യര്‍ത്ഥിച്ചിരിയ്‌ക്കുന്നു. സദാനന്ദ്‌ നിസ്സഹായനായി മരവിച്ചു നിന്നു. ഡോക്ടര്‍ സദാനന്ദിന്റെ തോളില്‍ സ്‌നേഹത്തോടെ പിടിച്ചുകൊണ്ട്‌ അല്‍പ്പം ചില കാര്യങ്ങള്‍ പറഞ്ഞു. സദാനന്ദ്‌, ഒരു വ്യക്തിയുടെ മൂല്യം അളക്കാന്‍ സമൂഹം പൊതുവില്‍ ഉപയോഗിയ്‌ക്കാറുള്ള മാനദണ്ഡങ്ങള്‍ സമ്പത്ത്‌, വരുമാനം, ജോലി, വിദ്യാഭ്യാസം, സൌന്ദര്യം, കുടുംബമഹിമ എന്നിവയൊക്കെയാണ്‌. പക്ഷേ ഇതൊക്കെ വച്ചാണ്‌ അളക്കുന്നതെങ്കില്‍ നിന്നെ വിവാഹം കഴിയ്‌ക്കാനുള്ള അര്‍ഹത വിശാഖം ഒരിയ്‌ക്കലും നേടുകയില്ല. അതവള്‍ക്കറിയാം. നീ അവളെ വിവാഹം കഴിച്ചാല്‍ നിന്റെ ഭാവി തകരും എന്നവള്‍ വിശ്വസിയ്‌ക്കുന്നു. നിനക്കു ദോഷമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യുന്ന കാര്യം ആലോചിയ്‌ക്കാന്‍ പോലും അവള്‍ക്കാകുകയില്ല.

`എനിയ്‌ക്കവളെ വിവാഹം കഴിയ്‌ക്കണം, ഡോക്ടര്‍.' സദാനന്ദ്‌ പറഞ്ഞു.

`നിന്നെ വിവാഹം കഴിയ്‌ക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ടെന്ന്‌ അവളെ ബോദ്ധ്യപ്പെടുത്തുക മാത്രമേ വഴിയുള്ളു.'

`അതിനു ഞാനെന്തു ചെയ്യണം?' സദാനന്ദ്‌ സ്‌കൂള്‍കുട്ടിയുടെ നിഷ്‌ക്കളങ്കതയോടെ ചോദിച്ചു.

`സത്യം പറയട്ടെ, എനിയ്‌ക്കതറിയില്ല,' ഡോക്ടര്‍ പറഞ്ഞു. `പക്ഷേ ഞാനൊരു ചോദ്യം ചോദിയ്‌ക്കാം. നീ അവളെ അര്‍ഹിയ്‌ക്കുന്നുണ്ടോ? നീയവളെ ആഗ്രഹിയ്‌ക്കുന്നുണ്ടോ എന്നല്ല, നീയവളെ അര്‍ഹിയ്‌ക്കുന്നുണ്ടോ എന്നാണു ചോദ്യം. യൂ മൈനസ്‌ ആള്‍ യുവര്‍ വെല്‍ത്ത്‌? നിന്റെ സ്വത്തുക്കളൊന്നുമില്ലാതെ.' സദാനന്ദ്‌ കണ്ണു മിഴിച്ചു നിന്നു. സ്വത്തുക്കളില്ലാത്ത സദാനന്ദിന്‌ എന്തസ്‌തിത്വം? ഡെല്ലിലെ സമര്‍ത്ഥനായ പ്രോജക്‌റ്റ്‌ മാനേജര്‍ എന്ന, പണം വാരുന്ന പദവിയില്ലാതെ എന്തു സദാനന്ദ്‌? ഡോക്ടര്‍ തുടര്‍ന്നു. `നീ അവളെ അര്‍ഹിയ്‌ക്കുന്നുണ്ടെന്നു വിശ്വസിയ്‌ക്കുന്നുണ്ടെങ്കില്‍ നീ അതാദ്യം തെളിയിയ്‌ക്ക്‌.' കാരണം, എനിയ്‌ക്കു കാണാന്‍ കഴിഞ്ഞിടത്തോളം അവളൊരു സാധാരണ സ്‌ത്രീയല്ല. തളര്‍ന്ന്‌ ചുവരും ചാരി നില്‍ക്കുന്ന സദാനന്ദിന്റെ തോളില്‍ കൈ വച്ചുകൊണ്ട്‌ ഡോക്ടര്‍ പറഞ്ഞു, `ഐ മസ്റ്റ്‌ ഗോ നൌ. ബട്ട്‌ ഓള്‍ ദ ബെസ്റ്റ്‌ ടു യു, യങ്ങ്‌ മാന്‍.' ഡോക്ടര്‍ നടന്നകന്നു.

വാസ്‌തവത്തില്‍ സദാനന്ദ്‌ ആരാണ്‌? ഈ ഫുള്‍സ്ലീവ്‌സ്‌ ഷര്‍ട്ടും, ഈ പാന്റും അതിലെ ഒരു പോക്കറ്റില്‍ കിടക്കുന്ന ജ്യൂവല്‍കേസിനുള്ളിലെ ഡയമണ്ടോടു കൂടിയ പ്ലാറ്റിനം മോതിരവും മറ്റൊരു പോക്കറ്റിലെ പഴ്‌സിലുള്ള പ്ലാസ്റ്റിക്‌ കാര്‍ഡുകളുമെല്ലാം ശരീരത്തില്‍ നിന്നു നീക്കം ചെയ്‌താല്‍ പിന്നെ അവശേഷിയ്‌ക്കുന്നതല്ലേ യഥാര്‍ത്ഥ സദാനന്ദ്‌? ആ സദാനന്ദ്‌ ഈ വിശാഖത്തെ അര്‍ഹിയ്‌ക്കുന്നുണ്ടോ? ഉടന്‍ തിരിച്ചും ചിന്തിച്ചു. പണമില്ലാത്ത, പദവിയില്ലാത്ത, ദരിദ്രനായ ഒരു സദാനന്ദിനെ സങ്കല്‍പ്പിയ്‌ക്കാന്‍ പോലും സാധിയ്‌ക്കുന്നില്ല. പക്ഷേ അത്തരമൊരു സദാനന്ദിനെ എന്തിനു സങ്കല്‍പ്പിയ്‌ക്കണം? പണവും പദവിയും പാപമല്ലല്ലോ. ജനിച്ചത്‌ ദാരിദ്ര്യത്തിനു നടുവിലായിരുന്നില്ല, ശരി തന്നെ. എന്നാല്‍ സമ്പന്ന കുടുംബത്തിലുമായിരുന്നില്ല. അച്ഛനില്ലാത്ത കുറവു നികത്താന്‍ അമ്മ ആവുന്ന പോലൊക്കെ പരിശ്രമിച്ചു, അമ്മയുടേതായ രീതിയില്‍ പ്രോത്സാഹിപ്പിച്ചു. തുടക്കം അങ്ങനെയായിരുന്നെങ്കിലും ഇന്നു കാണുന്ന പണവും പദവിയുമെല്ലാം സ്വപ്രയത്‌നത്താല്‍ നേടിയെടുത്തതാണ്‌. സമ്പത്തുണ്ടായിപ്പോയത്‌ അര്‍ഹതക്കുറവാകുന്നതെങ്ങനെ? ഈ സ്വത്തുക്കള്‍ എന്തിനു കളയണം. അതെല്ലാം അന്ന്‌ അവള്‍ക്കു കൊടുത്തതായിരുന്നു. അവളെ സമ്പന്നയാക്കാന്‍ വേണ്ടി സ്വത്തുമാത്രമല്ല ജീവനും വെടിയാന്‍ തയ്യാറായതാണ്‌. രണ്ടും അവള്‍ തന്നെ നിരസിച്ചു. അവള്‍ക്കുവേണ്ടി അതൊക്കെ വീണ്ടും വെടിയാന്‍ ഇന്നും തയ്യാറാണ്‌.

തയ്യാറാണോ? സത്യം പറഞ്ഞാല്‍ തയ്യാറല്ല. ജീവന്‍ വെടിഞ്ഞാല്‍പ്പിന്നെ അവളെ ആരാണു സംരക്ഷിയ്‌ക്കുക. ഉള്ളതെല്ലാം അവള്‍ക്കു കൊടുക്കാന്‍ തയ്യാറാണ്‌. അതെല്ലാം അവള്‍ക്കല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍! മറ്റാര്‍ക്കും കൊടുക്കാന്‍ തയ്യാറല്ല. ഈ സ്വത്തെല്ലാം വിശാഖത്തിനു വേണ്ടിയുള്ളതാണ്‌. അവളെ മഹാറാണിയാക്കണം. ഇന്ത്യാമഹാരാജ്യത്തെ മഹാറാണിയാക്കാന്‍ പറ്റുന്നില്ലെങ്കില്‍ മുംബൈയിലെയെങ്കിലുമാക്കണം. മുംബൈയിലെ അല്ലെങ്കില്‍ ബാംഗ്ലൂരെയെങ്കിലും. മറ്റാര്‍ക്കുള്ളതിനേക്കാളും മനോഹരമായ ഫ്‌ലാറ്റായിരിയ്‌ക്കണം അവള്‍ക്കുള്ളത്‌. മറ്റാര്‍ക്കുമില്ലാത്ത കാറായിരിയ്‌ക്കണം അവളുടേത്‌. മറ്റാര്‍ക്കുമില്ലാത്ത സാരികളായിരിയ്‌ക്കണം അവള്‍ക്കുള്ളത്‌. മറ്റാര്‍ക്കുമില്ലാത്ത...ഇതൊക്കെയല്ലാതെ മറ്റെന്താണ്‌ തന്നെക്കൊണ്ടു ചെയ്യാന്‍ കഴിയുക. ഇതൊന്നുമല്ല, ചങ്കു തന്നെ പറിച്ചുകൊടുക്കണം എന്ന്‌ അവള്‍ ആവശ്യപ്പെട്ടാല്‍, അതും ശ്രമിച്ചു നോക്കാം. ഒരിയ്‌ക്കല്‍ ശ്രമിച്ചതാണ്‌. വീണ്ടും ശ്രമിയ്‌ക്കാം. വേണമെങ്കില്‍ അവള്‍ പറയട്ടെ.

സദാനന്ദ്‌ വാതില്‍ തുറന്ന്‌ അകത്തു കടന്നു. വിശാഖം കട്ടിലില്‍ കിടക്കുകയായിരുന്നു. ഒരു കാറ്റു പോലെ സദാനന്ദ്‌ കട്ടിലിന്നടുത്തെത്തി. വിശാഖത്തിന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട്‌ കട്ടിലിന്റെ അരികില്‍

നിലത്തിരുന്നു. `വിശാഖം, എന്നെ കൈവിടല്ലേ...' എന്നു പറഞ്ഞപ്പോഴേയ്‌ക്കും സദാനന്ദ്‌ പൊട്ടിക്കരഞ്ഞുപോയി. വിശാഖം പരിഭ്രമിച്ച്‌ കട്ടിലില്‍ നിന്ന്‌ പ്രയാസപ്പെട്ട്‌ ഇറങ്ങി നിലത്തിരുന്ന്‌ സദാനന്ദിനെ കെട്ടിപ്പിടിച്ചു മാറോടു ചേര്‍ത്തു. സദാനന്ദ്‌ അവളുടെ മാറില്‍ തല ചായ്‌ച്ചുകൊണ്ട്‌ കുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അവളുടെ മാറില്‍. ഈ മാറ്‌ തന്റേതാകണം.

`എന്റെ സദൂ...കരയല്ലേ.' സദാനന്ദിന്‌ കരച്ചില്‍ നിര്‍ത്താനായില്ല. `എന്റെ സദൂ...ഞാന്‍ സദൂന്റെയാണ്‌. എന്റെ ജീവനും ശരീരോമൊക്കെ സദൂന്റെയാണ്‌.' വിശാഖം സദാനന്ദിനെ മാറോടമര്‍ത്തി, ശിരസ്സില്‍ ചുംബിച്ചു.

`എന്നെ കൈവിടല്ലേ...' സദാനന്ദ്‌ തേങ്ങലുകള്‍ക്കിടയില്‍ വീണ്ടും അപേക്ഷിച്ചു.

`സദൂ, എന്റെ ജീവിതം മുഴുവനും സദൂന്റെ കൂടെയായിരിയ്‌ക്കും. സദു കരയല്ലേ. എഴുന്നേല്‍ക്ക്‌. എനിയ്‌ക്കിങ്ങനെ അധികനേരം ഇരിയ്‌ക്കാന്‍ പറ്റുന്നില്ല. പുറം വേദനിയ്‌ക്കുന്നു. എഴുന്നേല്‍ക്ക്‌ സദൂ.'

`എന്റെ ജീവിതം മുഴുവനും സദൂന്റെ കൂടെയായിരിയ്‌ക്കും' എന്നു കേട്ടയുടനെ സദാനന്ദിന്റെ കരച്ചില്‍ നിന്നു. അതിന്റെ അര്‍ത്ഥം മറ്റെന്തൊക്കെയായാലും, അവള്‍ തന്റെ കൂടെത്തന്നെയുണ്ടാകും എന്നാണവള്‍ പറഞ്ഞിരിയ്‌ക്കുന്നത്‌. അവളുടെ സാമീപ്യമാണു തനിയ്‌ക്കു വേണ്ടതും. വിവാഹമോ? അതെന്തുമാകട്ടെ. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ സദാനന്ദ്‌ എഴുന്നേറ്റു. വിശാഖത്തെ കട്ടിലില്‍ കയറിക്കിടക്കാന്‍ സഹായിച്ചു. രോഗത്തിനു കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും അവളുടെ ആരോഗ്യം ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ലെന്ന കാര്യം സദാനന്ദ്‌ ഓര്‍ത്തു. അതിന്നിടെ എന്തെല്ലാം സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അവളെ വിധേയയാക്കിക്കൊണ്ടിരിയ്‌ക്കുന്നു! പാവം. വിശാഖം കിടന്നപ്പോള്‍, സദാനന്ദ്‌ കൂടെക്കിടന്ന്‌ അവളെ ആലിംഗനം ചെയ്യാന്‍ ഒരുമ്പെട്ടു. അവള്‍ നിര്‍ദ്ദയം തടഞ്ഞു. എന്നെ ഇഷ്ടമാണോ സദൂന്‌?' അവള്‍ ചോദിച്ചു. അതിനുള്ള മറുപടിയായി സദാനന്ദ്‌ അവളുടെ കൈ മുറുക്കിപ്പിടിച്ചു. `ഞാന്‍ പറയുന്നത്‌ സദു അനുസരിയ്‌ക്കില്ലേ?'

`നീ മരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ മരിക്കും.' അതു പറയാനുള്ള ശബ്ദം സദാനന്ദിന്‌ എവിടുന്നോ കിട്ടി.

`എന്നാല്‍ ഞാന്‍ പറയുന്നത്‌ അനുസരിയ്‌ക്ക്‌. ആദ്യം കട്ടിലില്‍ നിന്നിറങ്ങ്‌. ചെന്ന്‌ കൈയ്യും മുഖവും സോപ്പിട്ടു നന്നായി കഴുക്‌. കൈ സാനിറ്റൈസ്‌ ചെയ്യ്‌. എന്നിട്ട്‌ ഇവിടെ വന്നിരിയ്‌ക്ക്‌. ചെല്ല്‌.' അവളുടെ തുടരെത്തുടരെയുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ട്‌ സദാനന്ദ്‌ കണ്ണുനീരിന്നിടയിലും പുഞ്ചിരിച്ചുപോയി. അമ്മ പോയ ശേഷം ഇത്തരം കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ട്‌. സദാനന്ദ്‌ പറഞ്ഞതെല്ലാം അതേപടി അനുസരിച്ചു.

`സദൂ, എനിയ്‌ക്ക്‌ പല കുഴപ്പങ്ങളുമുണ്ട്‌. അതിനെപ്പറ്റിയൊക്കെ എനിയ്‌ക്ക്‌ സദൂനോട്‌ പറയാനുണ്ട്‌. എനിയ്‌ക്കതൊക്കെ പറയണം, സദു അതൊക്കെ കേള്‍ക്കേം വേണം.'

`നീ പറയുന്നതൊക്കെ കേള്‍ക്കാം, വിശാഖം.'

`സദൂ, ഞാന്‍ ചില കണക്കുകള്‍ പറയാം. വിഷമിയ്‌ക്കരുത്‌.'

`ഇല്ല വിശാഖം' എന്നു പറഞ്ഞെങ്കിലും സദാനന്ദിന്റെ ഉള്ളു പിടച്ചു. എന്തായിരിയ്‌ക്കാം ഇവള്‍ പറയാന്‍ പോകുന്ന കണക്കുകള്‍.

`ഞാന്‍ കാമാഠിപുരയില്‍ എത്തിപ്പെട്ടിട്ട്‌ നാലു കൊല്ലത്തിലേറെയായി. ആയിരത്തഞ്ഞൂറു ദിവസം എന്നു വയ്‌ക്കുക. മഴയോ വെയിലോ എന്ന വ്യത്യാസമൊന്നുമില്ലാതെ ഓരോ ദിവസവും ഒരാളെങ്കിലും എന്റടുത്തു വന്നിട്ടുണ്ട്‌. അവസാനത്തെ ഒന്നു രണ്ടു മാസം മാത്രമേ അങ്ങനല്ലാതിരുന്നിട്ടുള്ളു.' വിശാഖം ജനലിലൂടെ മുംബൈ നഗരത്തിന്റെ ആകാശത്തിലേയ്‌ക്കു നോക്കിയിരുന്നു. `എനിയ്‌ക്കതൊക്കെ പറയാന്‍ പറ്റണില്ല, സദൂ.' സദാനന്ദ്‌ അവളുടെ തോളില്‍ തടവി ധൈര്യം നല്‍കി. അവള്‍ പറയട്ടെ. പറയാനുള്ളതൊക്കെ പറയട്ടെ. എല്ലാം, എന്തും കേള്‍ക്കാന്‍ തയ്യാര്‍. അല്‍പ്പനേരത്തെ നിശ്ശബ്ദതയ്‌ക്കു ശേഷം വിശാഖം ധൈര്യമവലംബിച്ചു തുടര്‍ന്നു. `ഒരു ദിവസം തന്നെ ഈരണ്ടാളുകളെ സേവിയ്‌ക്കേണ്ടി വന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്‌. അങ്ങനെ, ചുരുക്കത്തില്‍ ഒരു രണ്ടായിരം പേരെങ്കിലും എന്റടുത്തു വന്നു പോയിട്ടുണ്ട്‌. ആളുകള്‍ എന്തൊക്കെയാണ്‌ എന്നെ ചെയ്‌തിരിയ്‌ക്കുന്നത്‌! എന്നെക്കൊണ്ട്‌ അവര്‍ എന്തൊക്കെച്ചെയ്യിച്ചിരിയ്‌ക്കുന്നു, എന്റീശ്വരാ...' അവള്‍ കണ്ണടച്ചു.

സദാനന്ദ്‌ അസ്വസ്ഥനായി. ഒരു മനുഷ്യസ്‌ത്രീയായി കണക്കാക്കാതെ കേവലം ഒരു മൃഗമായി ജനങ്ങള്‍ വിശാഖത്തിനെ നോക്കിക്കണ്ടിരുന്ന കാലഘട്ടത്തെപ്പറ്റിയുള്ള വേദനാജനകമായ ഈ ഓര്‍മ്മകള്‍ എത്രകാലം അവളെ അലട്ടിക്കൊണ്ടിരിയ്‌ക്കും? `എന്റെ കുട്ടീ, നീ ഒരിയ്‌ക്കലും അതൊന്നും ഓര്‍മ്മിയ്‌ക്കാത്ത തരത്തില്‍ ഞാന്‍ നിന്നെ കൊണ്ടുനടന്നോളാം.' സദാനന്ദ്‌ അവളെ ആശ്വസിപ്പിയ്‌ക്കാന്‍ ശ്രമിച്ചു.

`രണ്ടായിരം പേരെ സേവിച്ചുകഴിഞ്ഞതുകൊണ്ട്‌, ഇപ്പോള്‍ സെക്‌സെന്നു കേട്ടാല്‍ എനിയ്‌ക്ക്‌ ഛര്‍ദ്ദിയ്‌ക്കാന്‍ തോന്നും.' വിശാഖം നിര്‍വ്വികാരതയോടെ പറഞ്ഞു. ഈ ജന്മത്തില്‍ മാത്രമല്ല, പല ജന്മങ്ങളോളം എനിയ്‌ക്ക്‌ സെക്‌സിനെപ്പറ്റി ഓര്‍ക്കാന്‍ പോലും കഴിയില്ല. അത്രയ്‌ക്കു വെറുപ്പായിപ്പോയി സെക്‌സിനോട്‌. വിശാഖം നിറുത്തി. `ഞാന്‍ സേവിച്ച രണ്ടായിരം പേരില്‍ പല തരക്കാരുണ്ടായിരുന്നു. പല പ്രായക്കാരും. പ്രായം ചെന്നവര്‍ പോലും വന്നിരുന്നു. അതില്‍ നിന്നെല്ലാം ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. പുരുഷന്മാര്‍ക്ക്‌ ആഹാരം പോലെതന്നെ ആവശ്യമുള്ളതാണ്‌ സെക്‌സ്‌. ആരോഗ്യമുള്ള പുരുഷന്മാര്‍ക്ക്‌ പ്രത്യേകിച്ചും. പുരുഷന്മാരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പ്രകൃതി അങ്ങനെയാണ്‌ അവരെ സൃഷ്ടിച്ചിരിയ്‌ക്കുന്നത്‌.' വിശാഖം സദുവിന്റെ മുഖത്തേയ്‌ക്കു നോക്കി. `സദു ആരോഗ്യമുള്ളൊരു പുരുഷനാണ്‌. സദുവിനും സെക്‌സ്‌ ആവശ്യമാണ്‌. പക്ഷേ അതു തരാന്‍ ഈ ജന്മം എന്നെക്കൊണ്ടാവില്ല.'

`എന്റെ വിശാഖം, എനിയ്‌ക്കു നിന്റെ മനസ്സുമാത്രം മതി. ഈ ആയുസ്സിലെനിയ്‌ക്ക്‌ സെക്‌സു വേണ്ട. സെക്‌സിനുവേണ്ടി നിന്റെ ശരീരത്തില്‍ ഞാന്‍ സ്‌പര്‍ശിയ്‌ക്കില്ല.'

`എന്റെ പാവം സദു.' വിശാഖത്തിന്റെ കണ്ണു നിറഞ്ഞു. ഒരു മിനിറ്റവള്‍ നിശ്ശബ്ദയായി. `ഇനിയുമുണ്ടു കാര്യങ്ങള്‍. കാമാഠിപുരയിലെ സ്‌ത്രീകള്‍ ഇടയ്‌ക്കിടെ ഗര്‍ഭിണികളായിത്തീരുന്നു. ഗര്‍ഭിണികളായിത്തീര്‍ന്നവരുടെ കാര്യം കഷ്ടമാണ്‌. അവര്‍ക്ക്‌ സേവനം തുടരാന്‍ പറ്റില്ല. വരുമാനം അതോടെ നിലയ്‌ക്കുന്നു. പട്ടിണിയാകും. അതു ഭയന്ന്‌, ഗര്‍ഭിണിയായിത്തീര്‍ന്നവരില്‍ മിയ്‌ക്കവരും അത്‌ അലസിപ്പിച്ചു കളയുന്നു. മരിച്ചില്ലെങ്കില്‍ തിരിച്ചു വരുന്നു. പ്രസവിയ്‌ക്കുന്നവര്‍ക്ക്‌ കുഞ്ഞുള്ളതുകൊണ്ട്‌ തിരിച്ചു വരാന്‍ പറ്റില്ല.' വിശാഖം നിശ്ശബ്ദയായി. സദാനന്ദ്‌ നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നു. വിശാഖം തുടര്‍ന്നു. `രണ്ടായിരം പേരെ സേവിച്ചു കഴിഞ്ഞിട്ടും, ഞാന്‍ ഒരു തവണ പോലും ഗര്‍ഭിണിയായില്ല. ഗര്‍ഭിണിയായിപ്പോയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ വളരെ മുന്‍പേ തന്നെ മരിച്ചു പോയേനേ.'

`എന്റെ വിശാഖം.' സദാനന്ദ്‌ വിശാഖത്തിന്റെ ചുരുണ്ട മുടിയില്‍ തഴുകി.

`ഞാന്‍ ഗര്‍ഭിണിയാകാഞ്ഞതു കൊണ്ട്‌ എനിയ്‌ക്ക്‌ ഗര്‍ഭം ധരിയ്‌ക്കാനുള്ള കഴിവില്ല എന്നൊരു സംശയം എനിയ്‌ക്കുണ്ടായിട്ടുണ്ട്‌. നമ്മള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ സദുവിനെ ഒരച്ഛനാക്കാന്‍ എനിയ്‌ക്കു കഴിഞ്ഞില്ലെന്നു വരും. പ്രായം ചെല്ലുമ്പോള്‍ ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം രൂക്ഷമാകും.`

`നമുക്കു കുഞ്ഞുണ്ടാകാന്‍ ആധുനികമാര്‍ഗ്ഗങ്ങള്‍ പലതുമുണ്ട്‌, വിശാഖം. അതൊന്നും ഫലിച്ചില്ലെങ്കില്‍ നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം. എനിയ്‌ക്ക്‌ ഒരച്ഛനാകണമെന്നതിലുപരി, നീ ഒരമ്മയായിക്കാണണമെന്ന്‌ എനിയ്‌ക്കുണ്ട്‌. ജീവിതത്തിലെ എല്ലാ സുഖങ്ങളും ദീര്‍ഘകാലം നീ ആസ്വദിയ്‌ക്കണം. അതാണെന്റെ ആശ. അതുകൊണ്ട്‌ നീ പ്രസവിയ്‌ക്കുന്നില്ലെങ്കില്‍ നമുക്കു മറ്റു വഴികളുണ്ട്‌.'

വിശാഖം മന്ദഹസിച്ചു. ഉടനെ മന്ദഹാസം മാഞ്ഞു. `ഇനിയുമുണ്ട്‌, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി. സദൂ, മുംബൈയിലെ ഒരുപാടാളുകള്‍ക്ക്‌ ഞാനാരായിരുന്നു എന്നറിയാം. കാമാഠിപുരക്കാരി വേശ്യ. അങ്ങനെയായിരിയ്‌ക്കും അവരെല്ലാവരും എല്ലാക്കാലവും എന്നെ നോക്കിക്കാണുക. എന്നെക്കാണുമ്പോള്‍ നമുക്കിഷ്ടമില്ലാത്തതു പലതും അവര്‍ പറഞ്ഞെന്നിരിയ്‌ക്കും, പ്രവര്‍ത്തിച്ചെന്നുമിരിയ്‌ക്കും. നമ്മളെന്തു ചെയ്യും, സദൂ?' നിസ്സഹായത വിശാഖത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

സദാനന്ദ്‌ ഇതേപ്പറ്റി നേരത്തേ തന്നെ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. `കാമാഠിപുരയില്‍ നീ ചെയ്‌തുപോന്ന കാര്യങ്ങള്‍ ചെയ്യാന്‍ നീ എങ്ങനെയോ നിര്‍ബദ്ധയായിപ്പോയതാണ്‌. മറ്റൊന്നു കൂടി അതിലുണ്ട്‌. വേശ്യാവൃത്തിയില്‍ വഞ്ചനയോ തട്ടിപ്പോ കള്ളത്തരമോ ഒന്നുമില്ല. നേരായ വഴി. ആരേയും ഉപദ്രവിയ്‌ക്കുന്നുമില്ല. സുഖം തേടി വരുന്നവര്‍ക്ക്‌ സുഖം നല്‍കുന്ന ഒരേയൊരു സേവനം. ആ സേവനം നല്‍കുന്നവര്‍ക്ക്‌ അതില്‍ യാതൊരു അപമാനവും തോന്നേണ്ടതില്ല. കാരണം, അവര്‍ തെറ്റുകളൊന്നും ചെയ്യുന്നില്ല. തെറ്റുകളാരെങ്കിലും ചെയ്യുന്നുണ്ടെങ്കിലത്‌ അവിടെ വരുന്ന പുരുഷന്മാരാണ്‌. അവര്‍ക്കാണ്‌ അപമാനം തോന്നേണ്ടത്‌.' വിശാഖം സദാനന്ദിന്റെ ശിരസ്സില്‍ തലോടി. സദാനന്ദ്‌ തുടര്‍ന്നു. `ഇനി നിന്റെ ചോദ്യത്തിനുള്ള ഉത്തരം തരാം. കാമാഠിപുരയിലെ നിന്റെ ജീവിതത്തെ എന്നില്‍ നിന്നു മറച്ചു വച്ചുകൊണ്ടല്ല, നീ എന്റെ കൂടെ വരുന്നത്‌. പലരും നിന്നെ കണ്ട്‌ തിരിച്ചറിഞ്ഞെന്നു വരാം. ഞാനതില്‍ കുഴപ്പം കാണുന്നില്ല. ഒരു കാലത്ത്‌ നീ കാമാഠിപുരയില്‍ ജീവിച്ചിരുന്ന കാര്യം മറച്ചുവയ്‌ക്കാന്‍ നമ്മളുദ്ദേശിയ്‌ക്കുന്നില്ല. പറയേണ്ടി വരുന്നിടത്തു നമ്മളതു പറയുക തന്നെ ചെയ്യും. നീയിപ്പോള്‍ എന്റെ ഭാര്യയാണ്‌, ഒരു ഗൃഹനാഥയാണ്‌ എന്ന്‌ നിന്നെ തിരിച്ചറിയുന്നവരോടു നമ്മള്‍ പറയും. അതിരുകടന്ന്‌ ആരും പെരുമാറുമെന്നു തോന്നുന്നില്ല. അഥവാ ബോധമില്ലാത്ത ആരെങ്കിലും അതിന്നൊരുമ്പെട്ടാല്‍, നാം സംരക്ഷണം തേടും. അതിനുള്ള പണം നമ്മുടെ കൈയ്യിലുണ്ടു താനും.'

സദാനന്ദിന്റെ ആവേശം കണ്ട്‌ വിശാഖം മന്ദഹസിച്ചു. `അവസാനത്തെ കാര്യം കൂടി.' വിശാഖം നിറുത്തി. ദീര്‍ഘമായി ശ്വാസോച്ഛ്വാസം കഴിച്ചു. സദാനന്ദ്‌ ശ്വാസം അടക്കിപ്പിടിച്ചു. ഇനിയെന്താണാവോ അവള്‍ പറയാന്‍ പോകുന്നത്‌! `സദൂ, ഞാന്‍ പറയുന്നതെന്തും സദു സമ്മതിയ്‌ക്കും, ഇല്ലേ?'

`നീ പറയുന്നതെന്തും ഞാന്‍ സമ്മതിയ്‌ക്കും. പറഞ്ഞുനോക്കിക്കോളൂ.'

`എന്റെ സദു. എന്റെ പാവം സദു.' വിശാഖം സദാനന്ദിന്റെ തലമുടിയില്‍ തലോടി. `ഞാന്‍ പറയട്ടേ?'

നെഞ്ചിടിപ്പോടെ സദാനന്ദ്‌ പറഞ്ഞു, `പറയ്‌, വിശാഖം.'

`സദുവിന്റെ കൈയ്യൊന്നു ഞാന്‍ പിടിയ്‌ക്കട്ടെ. എന്നോടൊന്ന്‌ മുട്ടിയിരിയ്‌ക്ക്‌. മുട്ടിയിരിയ്‌ക്കുമ്പോ പറയാന്‍ ധൈര്യം കിട്ടും. അകന്നിരിയ്‌ക്കുമ്പോ പേടിയാകും.' സദാനന്ദ്‌ അവളെ ചേര്‍ത്തു പിടിച്ചു. വിശാഖത്തിന്റെ ശ്വാസഗതി വേഗത്തിലായി. സദാനന്ദ്‌ ശ്വാസം അടക്കിപ്പിടിച്ചു.

`സദൂ, ഞാന്‍ കാമാഠിപുരയിലേയ്‌ക്കു മടങ്ങിപ്പോകുന്നു.'

(തുടരും)

(ഈ കഥ സാങ്കല്‍പ്പികം മാത്രമാണ്‌.)
വൈശാഖപൗര്‍ണമി (കഥ: ഭാഗം 8)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക