Image

ക്രിസ്‌മസിനെ വരവേല്‍ക്കുമ്പോള്‍ (ലേഖനം: ഏബ്രഹാം തെക്കേമുറി)

Published on 24 December, 2013
ക്രിസ്‌മസിനെ വരവേല്‍ക്കുമ്പോള്‍ (ലേഖനം: ഏബ്രഹാം തെക്കേമുറി)
ക്രിസ്‌മസ്‌ ദിനം. ആഘോഷങ്ങളുടെ നാട്ടില്‍ തളിരിട്ട എന്റെ ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍, എന്തിനും ഏതിനും തന്റേടമുള്ള ഒരു സമൂഹത്തിലെ ചില യാഥാര്‍ത്‌ഥ്യങ്ങള്‍. ഏറ്റവും ഉയരത്തില്‍ രണ്ട്‌ നക്‌ഷത്രവിളക്കുകള്‍ ഉയര്‍ത്തണം. ഒന്നു കെടുമ്പോള്‍ മറ്റത്‌ കത്തണം. ഒന്നു പച്ച, മറ്റത്‌ ചുവപ്പ്‌. നാടിനെ ഞെട്ടിക്കുന്ന ഏറ്റവും ശബ്‌ദമുള്ള അമിട്ട്‌ പൊട്ടിക്കണം. തീര്‍ന്നില്ല, ഏറ്റവും കൊഴുപ്പും അഴകുമുള്ള ഒരു കാളക്കിടാവിനെ കശാപ്പ്‌ ചെയ്യിച്ച്‌ തിന്നണം. ഇതായിരുന്നു ക്രിസ്‌മസ്‌. ധാരാളം ആഘോഷിച്ചു. ആഗ്രഹങ്ങള്‍ക്ക്‌ എന്നും ഒന്നാം സ്‌ഥാനം നേടി.

കാലം ജീവിതങ്ങളെ പറിച്ചുനട്ടു വിദേശികളായി മനുഷ്യന്‍ ഒരു പരിണാമത്തിലേക്ക്‌ പിഴുതെറിയപ്പെട്ടു. സങ്കരസംസ്‌കാരത്തിലെ സംസ്‌കാരമില്ലാത്ത ജീവിയായി. അവിടെ നേടിയതും, കൈമോശം വന്നതും വളരെയേറെ. മതപരമായ നാലുകെട്ടിലെ ആഘോഷങ്ങള്‍ക്ക്‌ ഒരു നിര്‍വചനം വിവരമുള്ളവര്‍ ഇന്ന്‌ ചമെയ്‌ക്കുന്നില്ല.

അമേരിക്കയിലെ മലയാളിയുടെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ മലയാളീകൃതമായ ഒരു സ്‌നേഹദൂത്‌. `ഏവര്‍ക്കും സര്‍വമംഗളങ്ങളും നിറഞ്ഞ ക്രിസ്‌മസ്‌ ആശംസകള്‍.'

ക്രിസ്‌മസ്‌. മനസലിവുകളുടെ പിതാവ്‌ ചരിത്രത്തിലേക്ക്‌ പ്രവേശിച്ചതിന്റെ രേഖയാണ്‌. പീഡിതരുടെ സുവാര്‍ത്തയായി ബേത്‌ലഹേമും, കാലിത്തൊഴുത്തും, വൈക്കോല്‍മെത്തയും, കീറത്തുണിയും ഒരു അത്‌ഭുതനാടകമായി സര്‍വ ജനത്തിനുമുണ്ടാകുവാനുള്ള ഒരു മഹാസന്തോഷമായി. `അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയിര്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം.'

സമൂഹത്തിന്റെ ഏറ്റവും താഴ്‌ചയില്‍പെട്ട ആട്ടിടയരും, ഉന്നതിയുടെ ശൃംഖലയില്‍ നില്‍ക്കുന്ന വിദ്വാന്മാരും , അറിയിക്കപ്പെട്ടതിനെ അനുസരിച്ചും, സ്വയമറിഞ്ഞും ചെന്ന്‌ ചരിത്രദായകന്‍ ചരിത്രത്തിന്റെ നാലുകെട്ടില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട്‌ കാലത്തെ രണ്ടായി വിഭജിച്ച ആ മഹത്‌സംഭവത്തിനു സാക്‌ഷികളായി. അങ്ങനെ സര്‍വ്വജനത്തിനുമുണ്ടാവാനുള്ളൊരു മഹാസന്തോഷമായിത്തീര്‍ന്നു ക്രിസ്‌തുവിന്റെ ജനനം.

കാലാതീതനായ ദൈവം കാലസമ്പൂര്‍ണ്ണതയിങ്കല്‍ ചരിത്രത്തിന്റെ ഭാഗമായി, മനുഷ്യനായി, അവതീര്‍ണ്ണനായി എന്നതാണ്‌ ക്രിസ്‌മസിന്റെ മുഖ്യസന്ദേശം. മനുഷ്യത്വത്തില്‍ മറഞ്ഞുകിടക്കുന്ന സാദ്‌ധ്യതകളിലേയ്‌ക്ക്‌ ക്രിസ്‌മസ്‌ വിരല്‍ ചൂണ്ടുന്നു. മനുഷ്യന്‍ വീഴ്‌ചയിലൂടെ അനുസരണക്കേടിലൂടെ ദൈവസാദൃശ്യം വികലപ്പെടുത്തി എങ്കിലും, ദൈവസാദൃശ്യത്തിലേയ്‌ക്കുള്ള വളര്‍ച്ചയ്‌ക്ക്‌ ഇനിയും സാദ്‌ധ്യതയുണ്ടെന്ന്‌ ക്രിസ്‌മസ്‌ പറയുന്നു.

ജീവനുള്ള ദൈവത്തിന്റെ സജീവ പ്രതിരൂപമാണ്‌ മനുഷ്യന്‍. ജഡാവതാരം ദൈവത്തിന്റെ മനുഷ്യവല്‍ക്കരണത്തിന്റെയും, മനുഷ്യന്റെ ദൈവവല്‍ക്കരണത്തിന്റെയും സമന്വയമാണ്‌. ജഡാവതാരം സ്വയപരിത്യാഗമാണ്‌. നിത്യനായ ദൈവത്തിന്റെ നിത്യനായ പുത്രന്‍ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ദാസനാകുന്നു, അവന്റെ ദാരിദ്രത്താല്‍ നാം സമ്പന്നരാകേണ്ടതിനു്‌ ദരിദ്രനായി, സ്‌ത്രീയില്‍ ജനിച്ചു, പാപസാദൃശ്യത്തില്‍ ലോകത്തില്‍ വന്നു. യഥാര്‍ത്‌ഥ മനുഷ്യനായി ജനിച്ച്‌, യഥാര്‍ത്‌ഥമനുഷ്യനായി ഈ ലോകത്തില്‍ ജീവിച്ച യേശുക്രിസ്‌തുവിന്റെ ജീവിതത്തിലൂടെ, മനുഷ്യന്റെ ബാദ്‌ധ്യതകള്‍ എന്തെന്ന്‌ നാം മനസിലാക്കുന്നു. അധാര്‍മ്മികതയുടെ സാഹചര്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടി അഭൗമിക ജീവിതം നയിപ്പാനല്ല, ധാര്‍മ്മികതയുടെ ഉടമസ്‌ഥനായ ദൈവത്തോട്‌ ചേര്‍ന്ന്‌ ലോകത്തില്‍ കര്‍മ്മോന്മുഖരാകുവാനാണ്‌ ക്രിസ്‌തു നമ്മെ വിളിക്കുന്നത്‌. അത്തരം ചിന്തയ്‌ക്കു മാത്രമേ നവസൃഷ്‌ടി ചെയ്യുവാന്‍ സാധിക്കയുള്ളു.

എന്നാല്‍ രണ്ടായിരം വര്‍ഷമായിട്ട്‌ ക്രിസ്‌മസ്‌ കൊണ്ടാടുന്ന ഈ ലോകത്തിലെ ഇന്നത്തെ മനുഷ്യര്‍ പുഴുക്കുത്തുവീണ മനസിന്റെയും, വക്രത നിറഞ്ഞ ഹൃദയത്തിന്റെയും ഉടമകളല്ലേ? മൂല്യങ്ങള്‍ മരിക്കുകയും മോഹങ്ങള്‍ ജയിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ആഭ്യന്തരമായി പരാജയപ്പെടുന്നു. ഇതൊരു മൂല്യത്തകര്‍ച്ചയുടെയും, മോഹഭംഗത്തിന്റെയും യുഗമാണ്‌. മനുഷ്യര്‍ക്ക്‌ ഒരു തെറ്റിനേയും പറ്റി ബോധമില്ലാതായിരിക്കുന്നു. ജാതിയും, മതവും, വര്‍ണ്ണവര്‍ഗ്ഗവ്യത്യാസങ്ങളും കൊടികുത്തി വാഴുന്ന ലോകം. ഈ അവസ്‌ഥയെപ്പറ്റി കാലം ചെയ്‌ത ഗുരുനിത്യചൈതന്യയതി പറയുന്നു `ക്രിസ്‌തു സമൂഹത്തിലെ ധര്‍മ്മച്യുതികളെപ്പറ്റി അന്ന്‌ യഹൂദ വേദജ്‌ഞരും, മോശയുടെ ന്യിയപീഠത്തില്‍ ഇരിക്കുന്നവരെയും പരീശന്മാരെയുംപ്പറ്റി പറഞ്ഞത്‌ ഇന്നത്തെ എല്ലാ മതത്തിലേയും സഭാനേതാക്കന്മാരെപ്പറ്റിയാണ്‌' (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്‌ക്ക്‌. പേജ്‌ 64.) മനുഷ്യനെ ചൂഷണം ചെയ്‌തു കൊണ്ട്‌ നിലനില്‍ക്കുന്ന മതവ്യവസ്‌ഥിതി. മൂന്നു മതങ്ങള്‍ പരസ്‌പരം പൊരുതി നില്‍ക്കുന്ന ഒരു യുദ്‌ധക്കളത്തിലാണ്‌ ഇന്നത്തെ മനുഷ്യന്‍. വിശ്വത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും ഒരു സമാനതയുണ്ട്‌ എന്നംഗീകരിക്കാന്‍ പോലും സന്മനസില്ലാതെ തലയില്‍ ദേവനും, മനസില്‍ മനുഷ്യനും, വയറുമുതല്‍ താഴോട്ട്‌ സാത്താനുമായിരിക്കുന്ന ത്രിമൂര്‍ത്തിയാണ്‌ ഇന്നത്തെ മനുഷ്യന്‍. സമാന്യബുദ്‌ധിക്കു തെളിവായ്‌ വരുന്ന ഒരു സത്യം നിഴലിച്ചു നില്‍ക്കുമ്പോഴും, അതു തുറന്നു പറഞ്ഞാല്‍ തല പോകുന്ന ഒരു ഭീകരതയുടെ നടുവിലാണ്‌ ഇന്നത്തെ മനുഷ്യന്‍. ആ സത്യം എന്താണ്‌? . മതഗ്രന്‌ഥങ്ങളെ വിശദമായി പഠിച്ചാല്‍ ഒരു സത്യം വെളിവാകുന്നു. മതഗ്രന്‌ഥങ്ങള്‍ സത്യദൈവത്തെപ്പറ്റിയുള്ള ഒരു തുടര്‍ക്കഥയാണ്‌. എ. ഡി. 600ല്‍ എഴുതപ്പെട്ട ഖുറാനില്‍ ചരിത്രമില്ല. ഖുറാന്‍തന്നെ പറയുന്നു. ഖുറാനില്‍ കണ്ടെത്താത്ത കാര്യങ്ങളില്‍ മടങ്ങി വേദത്തിലേയ്‌ക്ക്‌ പോകുകയെന്ന്‌. എന്താണു്‌ ഖുറാന്റെ അടിസ്‌ഥാന വേദം? ബൈബിളിലെ പഴയനിയമം. അതായതു്‌ അബ്രഹാമിന്റെ ചരിത്രം. ബൈബിളിലെ ക്രിസ്‌തുവിന്റെ യാഗം, കാലസമ്പൂര്‍ണ്ണത, ഇതൊക്കെ വ്യക്‌തമായി ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു
ഹിന്ദുമതം പുരാതീനമായതുകൊണ്ട്‌ അത്‌്‌ ശ്രേഷ്‌ടമെന്നോ, ക്രിസ്‌തുമതം വിദേശിയമാണെന്നോ യഹൂദന്റെ കുത്തുകയാണെന്നോ, ഇസ്‌ലാം മതം നവീനമെന്നോ ഒന്നും അവകാശപ്പെടാനില്ല. എന്നാല്‍ ഇന്നവകാശപ്പെടുന്നത്‌ മനുഷ്യന്‍ തന്നെ മനുഷ്യന്റെ മുമ്പില്‍ ദൈവങ്ങളായ്‌ വേഷം കെട്ടുന്നതിനാലാണു്‌. `മതം മനുഷ്യനെ മയക്കുന്ന കറുപ്പായതും ആളുകള്‍ നിരീശ്വരാരാ'യതും തെറ്റല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേവലം 29 ലക്‌ഷമായിരുന്ന നിരീശ്വര?ാരുടെ സംഖ്യ ഇന്ന്‌ 200കോടിയിലെത്തി നില്‍ക്കുന്നു. ആരാണിതിന്‌ ഉത്തരവാദികള്‍? നിരീശ്വരവാദികളെ വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമാണുള്ളതു്‌.

കാളിയും, കൃഷ്‌ണനും, രാമനും, ശിവനും, അള്ളാവും, സ്വര്‍ഗസ്‌ഥനായ പിതാവും ഒന്നെന്നു പറയുമ്പോഴും ആരാധനയുടെയും വിശ്വാസത്തിന്റെയും കാതലുകള്‍ കാലോചിതമോയെന്ന്‌ ചിന്തിക്കേണ്ട കര്‍ത്തവ്യമുണ്ട്‌. മാതാപിതാക്കളുടെ വിശ്വാസം അന്ധവിശ്വാസമെന്ന്‌ മുദ്രയടിക്കുന്ന തലമുറ രംഗത്തെത്തിയിരിക്കുന്നു.

ക്രിസ്‌തു പ്രഖ്യാപിച്ച സ്‌നേഹത്തിനു്‌ സീമകളില്ല. ദേശീയമോ, മതപരമോ, ലിംഗപരമോ, വര്‍ഗപരമോ, ആയ അതിര്‍വരമ്പുകളില്ല. അവിടുന്ന്‌ എല്ലാ വര്‍ഗങ്ങള്‍ക്കും, പ്രാപ്യനാണ്‌. ക്രിസ്‌മസിലെ ദൈവം മതരഹിതനാണ്‌. ജാതിരഹിതനാണ്‌, വര്‍ഗാതീതനാണ്‌, ലിംഗാതീതനാണ്‌. ക്രിസ്‌തു ഒരു പ്രത്യേക വിഭാഗത്തിന്റെ ഇഷ്‌ടദേവനല്ല. സര്‍വപ്രപഞ്ചത്തിന്റെയും സര്‍വ മാനവരാശിയുടെയും, മുഴുവന്‍ കര്‍ത്താവും ദൈവവുമാണ്‌. സര്‍വമതസാരമേകം എന്നതിന്റെ മനുഷ്യരൂപമാണ്‌. ആത്‌്‌മീയമായി ദരിദ്രരോട്‌ സുവിശേഷം അറിയിപ്പാനും, ബദ്‌ധന്മാര്‍ക്ക്‌ വിടുതലും, കുരുടന്മാര്‍ക്ക്‌ കാഴ്‌ചയും, പീഡിതര്‍ക്ക്‌ വിമോചനവും പ്രദാനം ചെയ്യുവാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം ഘോഷിപ്പാനുമായിരുന്നു ഈ തിരുഅവതാരം. എന്നാല്‍ ഇന്ന്‌ ക്രിസ്‌തുവാക്യങ്ങളെ ഭൗതികമായി, ആക്‌ഷരികമായി വ്യാഖ്യാനിച്ചുകൊണ്ട്‌ സര്‍വത്ര നാശത്തിലകപ്പെട്ട ജയില്‍പ്പുള്ളികളുടെ വിമോചനത്തിനും , വേശ്യക്കും വിലക്‌ഷണയ്‌ക്കും സഹചാരിയായും, നപുംസകങ്ങള്‍ക്ക്‌ കൂട്ടാളിയായും രാജ്യം വെട്ടിപ്പിടിയ്‌ക്കുന്ന രാജാവായും, ഒക്കെ ചിത്രീകരിച്ചുകൊണ്ട്‌ ഒരു കൂട്ടം ഉപജീവനവും സമ്പന്നതയും നേടി എല്ലാവിധത്തിലും ക്രിസ്‌തുവിനെ ഒരു മതനേതാവാക്കി ഒതുക്കി. ഒരു പുതിയ മനുഷ്യവര്‍ഗ്ഗത്തിന്റെ ഉദയവും, ഒരു പുത്തന്‍ മാനവികതയുടെ ആവിര്‍ഭാവവുമാണ്‌ ക്രിസ്‌മസിന്റെ ലക്‌ഷ്യമെന്നൊക്കെ വീമ്പിളക്കുന്ന മര്‍ത്യാ, ഒരു കലിയുഗത്തിന്റെ കെടുതികളിലേയ്‌ക്കും, അഥവാ പ്രകൃതിയുടെ മഹാപീഡനത്തിന്റെ നാളുകളിലേക്കുമാണ്‌ മതഗ്രന്‌ഥങ്ങള്‍ നമുക്കുനേരെ വിരല്‍ ചൂണ്ടുന്നതെന്നസത്യം ഈ സുദിനത്തില്‍ നാം തിരിച്ചറിയുക.

എല്ലാമാന്യവായനക്കാര്‍ക്കും ക്രിസ്‌മസ്‌ ആശംസകള്‍!.
ക്രിസ്‌മസിനെ വരവേല്‍ക്കുമ്പോള്‍ (ലേഖനം: ഏബ്രഹാം തെക്കേമുറി)
ക്രിസ്‌മസിനെ വരവേല്‍ക്കുമ്പോള്‍ (ലേഖനം: ഏബ്രഹാം തെക്കേമുറി)
ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക