Image

ലൈംഗിക ആരോപണം വീണ്ടും: ഐ ഗേറ്റില്‍ നിന്നും ഫാനീഷ് മൂര്‍ത്തി പുറത്ത്

Published on 21 May, 2013
ലൈംഗിക ആരോപണം വീണ്ടും: ഐ ഗേറ്റില്‍ നിന്നും ഫാനീഷ് മൂര്‍ത്തി പുറത്ത്
ബാംഗളൂര്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഫാനീഷ് മൂര്‍ത്തിയെ ഐ ഗേറ്റിന്റെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കി. കമ്പനിയുടെ ഇന്‍വസ്റ്റേഴ്‌സ് റിലേഷന്‍ ഹെഡ് അറസെലി റോയ്‌സുമായി മൂര്‍ത്തിക്കുള്ള ബന്ധത്തെത്തുടര്‍ന്നാണ് പുറത്താക്കല്‍. മൂര്‍ത്തിക്ക് പകരം ഗെര്‍ഹാര്‍ഡ് വാട്ട്‌സിംഗറിനെ പുതിയ സിഇഒ ആയി കമ്പനി നിയമിച്ചു. സംഭവത്തെക്കുറിച്ച് മൂര്‍ത്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

2002-ല്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മൂര്‍ത്തിയെ ഇന്‍ഫോസിസില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന രേഖ മാക്‌സിമോവിച്ച് ആദ്ദേഹത്തിനെതിരേ ലൈംഗിക പീഡനമാരോപിച്ച് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്ന് പുറത്താക്കിയത്. കമ്പനി മുപ്പത് ലക്ഷം ഡോളര്‍ രേഖ മാക്‌സിമോവിച്ചിന് നല്‍കി കോടതിക്ക് പുറത്ത് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ വിശ്വസ്തനായിരുന്നു ഫാനീഷ് മൂര്‍ത്തി. ഇന്‍ഫോസിസ് പാനീഷ് മൂര്‍ത്തിക്ക് നഷ്ടപരിഹാരമായി 5,70,000 ഡോളര്‍ നല്‍കി അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു. 

പിന്നീട് ഫാനീഷ് മൂര്‍ത്തി തുടങ്ങിയ കമ്പനി ഐ ഗേറ്റ് വാങ്ങിയതിനെ തുടര്‍ന്നാണ് മൂര്‍ത്തി അവിടെയെത്തുന്നത്. ഇവിടെ നിന്നും പുറക്കാപ്പെട്ടതോടെ കമ്പനി മാസംതോറും 6000 ഡോളര്‍ നഷ്ടപരിഹാരമായി അദ്ദേഹത്തിന് നല്‍കും. 

അതേസമയം, ലൈംഗിക പീഡന ആരോപണം മൂര്‍ത്തി നിഷേധിച്ചു. 2002 -ല്‍ ഇന്‍ഫോസിസില്‍ വച്ചുണ്ടായ ആരോപണത്തിന്റെ ചുവടുപിടിച്ചുള്ള കേസ് ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ആരോപണമുന്നയിച്ച സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകനും അതേ അഭിഭാഷക ഓഫീസുമാണ് ഇത്തവണ തനിക്കെതിരേ അരോപണമുന്നയിച്ച സ്ത്രീക്കു പിന്നിലുമുള്ളതെന്ന് ഫാനിഷ് മൂര്‍ത്തി ആരോപിച്ചു. സ്ത്രീകളെ കൂട്ടുപിടിച്ച് പണം പിടുങ്ങാനുള്ള ഒരു സംഘം അഭിഭാഷകരുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക