തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചി നല്കിയ പരാതിയെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ.ബി.ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പ്.
പിതാവും കേരളാ കോണ്‍ഗ്രസ് -ബി ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ളയുമായി ഒത്തുതീര്‍പ്പിലെത്തി ഗണേഷ്, മന്ത്രിസ്ഥാനം തിരികെപ്പിടിക്കാനുള്ള നീക്കം നടത്തുകയാണ്. എന്‍എസ്എസിന്റെ ആശീര്‍വാദവും ഈ നീക്കത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഗണേഷ്, പിതാവും പാര്‍ട്ടിയും മുന്നോട്ടുവയ്ക്കുന്ന ഏത് ആവശ്യത്തിനും വഴങ്ങാമെന്ന് അറിയിച്ചിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫിനെയും ബോര്‍ഡ്, കോര്പറേഷന് ചെയര്മാന്മാരെയും പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് നിയമിക്കാമെന്നാണ് ഗണേഷ് ഉറപ്പു നല്‍കിയിട്ടുള്ളത്. ഇതേതുടര്‍ന്ന് ഗണേഷ്കുമാറിനെ പാര്‍ട്ടി നോമിനിയായി വീണ്ടും മന്ത്രിയാക്കണമെന്ന് പിള്ള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിള്ളയും ഗണേഷും തമ്മില്‍ ധാരണയുണ്ടാകുന്നതിന് മുന്‍പ് ബാലകൃഷ്ണപിള്ളയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ മുന്നോക്കക്ഷേമ കോര്പറേഷന് ചെയര്‍മാനാക്കാമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. കാബിനറ്റ് പദവിയോടെ പിള്ളക്ക് മുന്നോക്കക്ഷേമ കോര്പറേഷന് ചെയര്‍മാന്‍സ്ഥാനം നല്‍കാനായിരുന്നു യുഡിഎഫ് ധാരണ. ഇതിനുപിന്നാലെയാണ് പിള്ള -ഗണേഷ് വെടിനിര്‍ത്തല്‍ ഉണ്ടായതും ഗണേഷിനെ വീണ്ടും മന്ത്രിസ്ഥാനത്ത് നിയമിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടതും.
ഇതോടെ ഒരു എംഎല്‍എ മാത്രമുള്ള കേരളാ കോണ്‍ഗ്രസ് -ബിക്ക് രണ്ടു കാബിനറ്റ് പദവി കിട്ടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. ഐ ഗ്രൂപ്പാണ് വാദവുമായി മുന്നിലുള്ളത്. ഗണേഷിനെ മന്ത്രിയാക്കുന്നത് സര്‍ക്കാരിന്റെ പ്രതിഛായക്ക് ക്ഷീണമാണെന്നാണ് ഇവര്‍ പറയുന്നത്. ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യം ഇപ്പോഴും അതേപോലെ തുടരുകയാണ്. പിള്ള ഇടപെട്ടല്ല ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത്. ഈ സാഹചര്യത്തില്‍ പിള്ള ആവശ്യപ്പെടുമ്പോള്‍ മന്ത്രിസ്ഥാനം തിരികെ നല്‍കേണ്ടതില്ല. മാത്രമല്ല, ഹൈക്കമാന്‍ഡ് ഇടപെട്ട് രമേശ് ചെന്നിത്തലയെ മന്ത്രിസ്ഥാനത്തുകൊണ്ടുവന്നാല് ഗണേഷിന്റെ മന്ത്രിസഭയിലെ സാന്നിധ്യം പ്രശ്നമാകും. ഗണേഷിനെ മന്ത്രിയാക്കിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായിരിക്കുമെന്ന് ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പിള്ള നിര്‍ബന്ധം പിടിച്ചാലും ഗണേഷിന് മന്ത്രിസ്ഥാനം തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷണം. എന്‍എസ്എസിന്റെ പിന്തുണ മാത്രമാണ് നിലവില്‍ ഗണേഷിന് അനുകൂലമായ ഘടകം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്കാരെ പിണക്കി ഉമ്മന്‍ ചാണ്ടി, ഗണേഷിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ചെന്നിത്തലയുടെ മന്ത്രിവിഷയത്തില്‍ എന്‍എസ്എസ് മുഖ്യമന്ത്രിയെ നിരന്തരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയെ വിശ്വാസത്തില്‍ എടുക്കാതെ മുഖ്യമന്ത്രിക്ക് ഗണേഷ് വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ല. മാത്രമല്ല, കാബിനറ്റ് പദവിയോടെയുള്ള മുന്നോക്കക്ഷേമ കോര്പറേഷന് ചെയര്മാന് സ്ഥാനം ലഭിക്കുന്ന സാഹചര്യത്തില്‍ തല്ക്കാലം ബാലകൃഷ്ണപിള്ള ഗണേഷിന്റെ കാര്യത്തില്‍ കാര്യമായ സമ്മര്‍ദം ചെലുത്താനും സാധ്യതയില്ല.