Image

ഗണേഷ് മന്ത്രിയാകുന്നത് എന്‍.എസ്.എസിന്റെ വിഷയമല്ല: സുകുമാരന്‍ നായര്‍

Published on 21 May, 2013
ഗണേഷ് മന്ത്രിയാകുന്നത് എന്‍.എസ്.എസിന്റെ വിഷയമല്ല: സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി : കെ.ബി ഗണേഷ്‌കുമാര്‍ വീണ്ടും മന്ത്രിസഭയില്‍ എത്തുന്നത് എന്‍.എസ്.എസിന്റെ വിഷയമല്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിച്ചുവെന്നാണ് എന്‍എസ്എസ് കരുതുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാന കാര്യത്തില്‍ എന്‍എസ്എസ് ഇടപെടില്ല. മന്ത്രിസഭയിലേയ്ക്ക് ആരെ കൊണ്ടുവരണം എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ എന്‍എസ്എസ് ഇല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാര്യങ്ങളുടെ സൂത്രധാരന്‍. ചെന്നിത്തലയുടെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ ചെന്നിത്തല ചോദിച്ചുവാങ്ങിയതാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുകയും അതിനായി എന്‍എസ്എസ് കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് ഇത്തരം ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യപ്പെടുന്നില്ലെന്നും യുഡിഎഫുമായുള്ള ബന്ധം വിഛേദിച്ചുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും പേരെടുത്ത് വിമര്‍ശിച്ചശേഷം കാര്യങ്ങള്‍ കാത്തിരുന്നു കാണാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പിള്ളയെ മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കി നായര്‍ സമുദായത്തോട് എന്തോ വലിയ കാര്യം ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ധാരണ. മുന്നോക്ക കമ്മീഷന്‍ നായര്‍ സമുദായത്തിന്റെ മാത്രമല്ല, എല്ലാ മുന്നോക്ക വിഭാഗങ്ങളിലെയും പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്‌നം പരിഹരിക്കാനുള്ള സമിതിയാണ്. എന്‍എസ്എസ് ഈ ആശയം മുന്നോട്ടുവച്ചു എന്നു മാത്രമേയുള്ളു.

ഗണേഷിനെ എന്‍.എസ്.എസ് പിന്തുണയ്ക്കുന്നില്ലെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കാനില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക