മുംബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി താരം എസ്. ശ്രീശാന്തിന് മോഡലുകളുടെയും നടിമാരുടെയും ചിത്രങ്ങള്‍ അയച്ച ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറെ പോലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്ത സമയത്ത് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെയും മുംബൈ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഐപിഎല്‍ കോഴയുമായി എന്തെങ്കിലും ബന്ധമുണ്‌ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിച്ചത്.
ശ്രീശാന്തിന്റെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടിച്ചെടുത്ത ഐ പാഡും ലാപ്‌ടോപ്പും പരിശോധിച്ചതില്‍ നിന്നാണ് മോഡലുകളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത കാസ്റ്റിംഗ് ഡയറക്ടറുടെ കാര്യം ശ്രദ്ധയില്‍പെട്ടത്. 13 പെണ്‍കുട്ടികളുടെ നമ്പരുകളും ചിത്രങ്ങളുമാണ് ഇയാള്‍ ശ്രീശാന്തിന് അയച്ചുകൊടുത്തിരുന്നത്. ഇവരുമായി ശ്രീശാന്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ പരസ്യ ബ്രാന്‍ഡായ എസ്-36 ന്റെ പരസ്യത്തിന് വേണ്ടിയായിരുന്നു ശ്രീശാന്തിന് ഈ ഫോട്ടോകള്‍ കൈമാറിയതെന്നാണ് കാസ്റ്റിംഗ് ഡയറക്ടറുടെ വിശദീകരണം.
അതിനിടെ ലാപ്‌ടോപ്പില്‍ നിന്ന് ശ്രീശാന്തും ഒത്തുകളി ഏജന്റായ ജൂപ്പിറ്ററും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. ചില ഇ-മെയിലുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായതിനെ തുടര്‍ന്ന് ഇത് കണ്‌ടെടുക്കാനായി മുംബൈ പോലീസിലെ സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ശ്രീശാന്തിനെതിരേ നിലവില്‍ പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലെങ്കിലും ഇത്തരം രേഖകള്‍ ശ്രീയെ കുടുക്കാന്‍ ഇടയാക്കുമെന്നാണ് സൂചനകള്‍.