Image

ഡോ. സല്‍മാന്‍ അല്‍ സുദൈരിയുടെ മൃതദേഹം ഖബറടക്കം മേയ് 19ന്

Published on 19 May, 2013
ഡോ. സല്‍മാന്‍ അല്‍ സുദൈരിയുടെ മൃതദേഹം ഖബറടക്കം മേയ് 19ന്
റിയാദ്: മേയ് 17ന് (വെള്ളി) പുലര്‍ച്ചെ റിയാദില്‍ മരണപ്പെട്ട സൗദി അറേബ്യയിലെ രാജകുടുംബാംഗവും പ്രമുഖ ചരിത്രപണ്ഡിതനും വ്യവസായിയുമായ ഡോ. സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സുദൈരി (55) യുടെ മൃതദേഹം മേയ് 19ന് (ഞായര്‍) അല്‍ ഖസീമില്‍ ഖബറടക്കും. സൗദി അറേബ്യയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്ന ഡോ. സല്‍മാന്‍ അന്തരിച്ച സൗദി ആഭ്യന്ത്യര മന്ത്രി നായിഫ് ഇബ്‌നു അബ്ദുള്‍ അസീസ് രാജകുമാരന്റെ ഭാര്യാ സഹോദരനാണ്. മിഷായല്‍ ബിന്‍ത് ഫൈസല്‍ ഇബ്‌നു അബ്ദുറഹ്മാന്‍ അല്‍ സൗദ് രാജകുമാരിയാണ് ഭാര്യ. 

ശനിയാഴ്ച അസര്‍ നമസ്‌കാരാനന്തരം റിയാദിലെ ഇമാം തുര്‍ക്കി മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍ രാജകുടുംബാംഗങ്ങളും സുഹൃത്തുക്കളും വ്യവസായ പ്രമുഖരുമായി നിരവധി പേര്‍ പങ്കെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ അല്‍ ഖസീമിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം ളുഹര്‍ നമസ്‌കാര ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഖബറിസ്ഥാനില്‍ മറവ് ചെയ്യും. 

വിദ്യാര്‍ഥികളായ ഫഹദ് ബിന് സല്‍മാന്‍, ഖാലിദ് ബിന്‍ സല്‍മാന്‍, ഹനൂദ് ബിന്‍ത് സല്‍മാന്‍, ഹല ബിന്‍ത് സല്‍മാന്‍ എന്നിവരാണ് മക്കള്‍. 

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള ഡോ. സല്‍മാന്‍ ഇതേ വിഷയത്തില്‍ തന്നെ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിററിയിലെ അധ്യാപകനായിരുന്ന ഡോ. സല്‍മാന്‍ പുരാവസ്തു ഗവേഷണത്തില്‍ ഏറെ താത്പര്യം കാണിച്ചിരുന്നു. റിയാദിലെ നാഷണല്‍ മ്യൂസിയത്തിന് തന്റെ പുരാവസ്തുക്കളുടെ വലിയൊരു ശേഖരം സംഭാവന ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കൈവശം വിന്റേജ് കാറുകളുടേയും മറ്റു വിലമതിക്കാനാവത്ത വസ്തുക്കളുടേയും വലിയ ശേഖരം ഇപ്പോഴുമുണ്ട്. 

സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവുവുമായി ഏറെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഡോ. സല്‍മാന്‍ ഇന്ത്യക്കാരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം കേരളം ഹൃദ്യമായ അനുഭവമാണെന്ന് പലതവണ അഭിപ്രായപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായ സംരഭകനും ഐടി.എല്‍ ഇറാം ഗ്രൂപ്പുകളുടെ സിഎംഡി യുമായ ഡോ. സിദ്ദീഖ് അഹമ്മദിന്റെ ഉറ്റ സുഹൃത്തായിരുന്നു ഡോ. സല്‍മാന്‍ അല്‍ സുദൈരി. വ്യാവസായിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ഒട്ടേറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന ഡോ. സല്‍മാന്‍ അല്‍ സുദൈരിയുടെ ആകസ്മിക നിര്യാണത്തില്‍ ഡോ. സിദ്ദീഖ് അഹമ്മദ് അകമഴിഞ്ഞ ദുഖം രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

ഡോ. സല്‍മാന്‍ അല്‍ സുദൈരിയുടെ മൃതദേഹം ഖബറടക്കം മേയ് 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക