ജിദ്ദ: അനധികൃത തൊഴില്‍, താമസ നിയമ ലംഘകര്‍ക്ക് ജിദ്ദ തര്‍ഹീലില്‍ നിന്ന് മേയ് 18 (ശനി) മുതല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കും.
പാസ്‌പോര്‍ട്ടുള്ളവര്‍ അതുമായോ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവര്‍ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായോ (ഇസി) തര്‍ഹിലീല്‍ നേരിട്ട് ഹാജരാവണം. ഇതിന് പ്രത്യേക ഫീസ് ഇല്ല. ഇവിടെ നിന്ന് പാസ്‌പോര്‍ട്ടിലോ ഇസിയിലോ എക്‌സിറ്റ് സ്റ്റാമ്പ് ചെയ്തുകിട്ടിയാല്‍ തടസങ്ങളില്ലാതെ നാട്ടിലേക്ക് മടങ്ങാം. എക്‌സിറ്റ് ലഭിക്കാന്‍ ടിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധവുമില്ല.
എന്നാല്‍, എക്‌സിറ്റ് സ്റ്റാമ്പ് ചെയ്തവര്‍ ജൂലൈ മൂന്നിന് മുമ്പ് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങണം. ജൂലൈ മൂന്നിനുശേഷം രാജ്യത്ത് തങ്ങുന്നവരെ നിയമവിരുദ്ധ താമസക്കാരായി കണക്കാക്കുകയും ശിക്ഷാനടപടികളെടുക്കുകയും ചെയ്യും. ജിദ്ദയില്‍ എക്‌സിറ്റ് നടപടികള്‍ക്ക് തര്‍ഹീലിലും ജവാസാത്തിലും നേരിട്ട് എത്തുന്നവരെ സഹായിക്കാന്‍ അവിടെ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലഭിച്ച ഹുറൂബായ എഴായിരത്തോളം ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ 21 മുതല്‍ വിതരണം ചെയ്യും. പാസ്‌പോര്‍ട്ടുകളുടെ ലിസ്റ്റ് കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ 022611483, 022614093 എന്നീ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് പാസ്‌പോര്‍ട്ട് നമ്പര്‍ പറഞ്ഞാലും വിവരങ്ങള്‍ അറിയാം.
നേരത്തേ റിയാദിലെ എംബസിയില്‍ 15,100 പാസ്‌പോര്‍ട്ടുകള്‍ ഇങ്ങനെ എത്തിച്ചിരുന്നു. ഇതിന്റെ ഉടമകളില്‍ പലരും ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്. പാസ്‌പോര്‍ട്ടോ ഇഖാമയോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ദീര്‍ഘയാത്ര ചെയ്ത് റിയാദിലെത്തുന്നത് ദുഷ്‌കരമാണ്.
അതിനാല്‍ ജവാസാത്തില്‍നിന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ച പാസ്‌പോര്‍ട്ട് ജിദ്ദയിലുള്ള ഉടമകള്‍ക്ക് ലഭ്യമാക്കുമെന്ന് ബുധനാഴ്ച വൈകിട്ട് കോണ്‍സുലേറ്റില്‍ വോളന്റിയര്‍മാരുടെ യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചിരുന്നു.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍