Image

ഇന്ത്യയുടെ പുരോഗതി സ്ത്രീശാക്തീകരണത്തിലൂടെ: ഇ.എസ് ബിജിമോള്‍ എംഎല്‍എ

Published on 18 May, 2013
ഇന്ത്യയുടെ പുരോഗതി സ്ത്രീശാക്തീകരണത്തിലൂടെ: ഇ.എസ് ബിജിമോള്‍ എംഎല്‍എ
ഷാര്‍ജ: ജനസംഖ്യയുടെ അന്‍പത് ശതമാനത്തിലേറെ വരുന്ന സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിലൂടെ അല്ലാതെ ഇന്ത്യ പുരോഗതി പ്രാപിക്കുകയില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ് ബിജിമോള്‍ എം എല്‍ എ പ്രസ്താവിച്ചു. യുവകലാസാഹിതി പെണ്‍കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'അധികാരവഴികളിലെ സ്ത്രീസാന്നിധ്യം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 

ഭൂമിയിലേക്ക് വരുന്ന കാലം തൊട്ടേ 'വല്ലവീട്ടിലും പൊറുക്കണ്ടവളായ' പെണ്‍കുട്ടി, ചെയ്തുകൂടാത്ത കാര്യങ്ങളൂടെ പട്ടികതന്നെയാണ് പെണ്‍കുട്ടിയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ഏറ്റവും പ്രാഥമികമായ അധികാരഘടനയായ കുടുംബത്തില്‍ നിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു സ്ത്രീയുടെ അധികാരത്തിനായുള്ള പോരാട്ടങ്ങള്‍.

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ഭിക്ഷയായ സുരക്ഷയല്ല മറിച്ച് സ്ത്രീകള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യവും തുല്യതയും അധികാരത്തിലെ പങ്കാളിത്തവുമാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് വനിതാ വിഭാഗം കണ്‍വീനര്‍ നമിത സുബീര്‍ പറഞ്ഞു. യുവകലാസാഹിതി യുഎഇ വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീലത അജിത്ത് മോഡറേറ്ററായിരുന്നു. വിഷയത്തില്‍ റോസ്ലി ജഗദീഷ്, അഡ്വ: ബിന്ദു എസ്. ചേറ്റൂര്‍, ഡോ : അനിതാ സുനില്‍കുമാര്‍, ഷീബ ഷിജു, പ്രൊഫ: സുലീന ഹരി എന്നിവര്‍ സംസാരിച്ചു. സെമിനാറിനു ഷാമില അക്ബര്‍ സ്വാഗതവും ബിന്ദു സതീഷ് നന്ദിയും പറഞ്ഞു.

ഇന്ത്യയുടെ പുരോഗതി സ്ത്രീശാക്തീകരണത്തിലൂടെ: ഇ.എസ് ബിജിമോള്‍ എംഎല്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക