Image

ജെറ്റ് എയര്‍വേയ്‌സ് അബുദാബി-കൊച്ചി നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു

Published on 17 May, 2013
ജെറ്റ് എയര്‍വേയ്‌സ് അബുദാബി-കൊച്ചി നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു
അബുദാബി :ജെറ്റ് എയര്‍വേയ്‌സിന്റെ അബുദാബി-കൊച്ചി നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേയ്ക്കും ഈ വിമാനം സര്‍വീസ് നടത്തും. വൈകുന്നേരം വൈകുന്നേരം5.55ന് കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പ്രാദേശിക സമയം 8.30ന് എത്തും. 9.20ന് പുറപ്പെട്ട് പ്രാദേശിക സമയം 10.05ന് കുവൈത്തിലെത്തും. തിരിച്ച് 11.05ന് പുറപ്പെട്ട് പുലര്‍ച്ചെ 1.50ന് അബുദാബിയിലെത്തി 2.40ന് പുറപ്പെട്ട് രാവിലെ 8.10ന് കൊച്ചിയിലെത്തും. 

ഇതോടെ മുംബൈ, ഡല്‍ഹി, കൊച്ചി, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്കുള്ള ജെറ്റ് സര്‍വീസിന്റെ കേന്ദ്രമാകും അബുദാബിയെന്ന് ജെറ്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബ്രാം സ്‌റ്റെല്ലര്‍, ഗള്‍ഫ് മിഡില്‍ഈസ്റ്റ് ജനറല്‍ മാനേജര്‍ ഷാക്കിര്‍ കാന്താവാല, അബുദാബി ജനറല്‍മാനേജര്‍ ജലീല്‍ ഖാലിദ് എന്നിവര്‍ പറഞ്ഞു. ബഹ്‌റൈന്‍, ദുബായ്, ദോഹ, കുവൈത്ത്, മസ്‌കറ്റ് എന്നിവിടങ്ങളിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ജെറ്റ് സര്‍വീസുകളുണ്ട്.

ഉദ്ഘാടന ഓഫര്‍ വണ്‍വേ 670 ദിര്‍ഹവും റിട്ടേണ്‍ 1280 ദിര്‍ഹവും(നികുതികള്‍ പുറമേ)യാണ്. കൊച്ചിയിലേക്ക് പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യം എന്നതിലുപരി ഇന്ത്യയുടെ ടൂറിസം കവാടമായി കൊച്ചിയെ മാറ്റുക എന്നതു കൂടിയാണ് ജെറ്റ് ലക്ഷ്യമിടുന്നതെന്ന് ബ്രാം സ്‌റ്റെല്ലര്‍ പറഞ്ഞു. കൊച്ചി നിരവധി വിദേശ ടൂറിസ്റ്റുകള്‍ക്കു താല്‍പര്യമുള്ള സ്ഥലമാണ്. യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊച്ചിയിലേക്കു കൂടി നോണ്‍ സ്‌റ്റോപ്പ് യാത്രാ സൗകര്യവും അവിടെ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള കണക്ഷന്‍ സൗകര്യവും നല്‍കുന്നതു വഴി ഈ രംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കാമെന്ന് കരുതുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ബാേയിങ് 737-800 എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. എട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 162 ഇക്കോണമി ക്ലാസ് സീറ്റുകളുമാണുള്ളത്.

നിലവില്‍ ഷാര്‍ജ-കൊച്ചി റൂട്ടില്‍ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുണ്ട്. തിരുവനന്തപുരം സര്‍വീസ് ഇടയ്ക്കു നിര്‍ത്തിവച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് സര്‍വീസ് ആരംഭിക്കാന്‍ തടസമില്ലെന്ന് ബ്രാം സ്‌റ്റെല്ലര്‍ പറഞ്ഞു. ഇത്തിഹാദ് എയര്‍വേയ്‌സ് ജെറ്റിന്റെ ഓഹരികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബി-കൊച്ചി സര്‍വീസിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ് നിര്‍വഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക