റിയാദ്: ഇടം സാംസ്‌കാരികവേദി ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണവും വഴിതെറ്റുന്ന ഇടതുപക്ഷവും വഴിതേടുന്ന ഇടതുപക്ഷ ബദലുകളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനവും നിര്‍വഹിച്ചു.
സമരങ്ങളിലൂടെയാണ് കമ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തിലും ഇന്ത്യയിലും വേരുപിടിച്ചത്. കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും ഒഞ്ചിയവും പുന്നപ്രയും വയലാറും അന്തിക്കാടും ഒക്കെയടങ്ങുന്ന നിരവധിയായ കര്‍ഷക, കര്‍ഷകത്തൊഴിലാളി സമരങ്ങളും തൊഴിലാളി സമരങ്ങളുമാണ് കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടാക്കിക്കൊടുത്തത്. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന വിവിധങ്ങളായ ഒട്ടനവധി സമരങ്ങളില്‍ ഒരിടത്തുപോലും കമ്യൂണിസ്റ്റുപാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മിനെ കാണാനില്ല. സമരങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിര്‍മിച്ചതെങ്കില്‍, സമരങ്ങളിലൂടെയേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതു നയിക്കുന്ന പ്രസ്ഥാനത്തിനും നിലനില്‍പ്പുള്ളുവെങ്കില്‍ സമര രംഗങ്ങളില്‍ നിന്നകന്ന പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റുപാര്‍ട്ടിയെന്നോ ഇടതുപക്ഷ പ്രസ്ഥാനമെന്നോ വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത ഒരു ഘട്ടത്തിലാണ് ഇന്ന് കേരളവും ഇന്ത്യയും എത്തിനില്‍ക്കുന്നത്. ഈയൊരവസ്ഥയിലാണ് ബദല്‍ ഇടതുപക്ഷം കാലഘട്ടത്തിന്റെ ആവശ്യമായിത്തീരുന്നതെന്ന് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.
പുതിയ ഇടതുപക്ഷമെന്നത് അധികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാവരുത് അത് സമരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാവണം. പാര്‍ശ്വവത്കരിക്കപ്പെട്ട അസംഘടിതരായ ദളിത് ജനവിഭാഗങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ ഇടം കിട്ടണം. അതിനുതകുന്ന സമരപരിപാടികള്‍ മുന്നോട്ടുവയ്ക്കുന്നതാവണം ബദല്‍ പ്രസ്ഥാനത്തിന്റെ അജണ്ടകള്‍. കൂടാതെ, പരിസ്ഥിതിയുടേയും ലിംഗനീതിയുടെയും തൊഴില്‍ നീതിയുടെയും രാഷ്ട്രീയത്തെ അതുള്‍ക്കൊള്ളണം ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രാക്തനവും സുരഭിലവുമായ ആദര്‍ശങ്ങളെ പുനരുജീവിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും അതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വ്യക്തിയാണ് ടി.പി.ചന്ദ്രശേഖരന്‍ എന്ന് ആര്‍.മുരളീധരന്‍ അനുസ്മരിച്ചു.
ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി, കോണ്‍ഗ്രസുമായുള്ള സമീപനങ്ങളില്‍ കോണ്‍ഗ്രസിന് വിധേയപ്പെടുന്ന ഘട്ടത്തിലാണ് സിപിഎം ഉണ്ടാവുന്നത്. അതിനുശേഷം സിപിഎമ്മിന്‍രെ അജണ്ടകളില്‍ അതിന്റെ വിപ്ലവാത്മകത നഷ്ടമാവുമ്പോഴാണ് 60 കളുടെ അവസാനം നക്‌സലൈറ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്. ഇവയൊന്നും തന്നെ സോഷ്യലിസ്റ്റ് ബദലുകള്‍ക്കുവേണ്ടിയുള്ള മുന്നേറ്റങ്ങളായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ഇടതുപക്ഷ ബദല്‍ അഥവാ സോഷ്യലിസ്റ്റ് ബദല്‍ എന്ന ആശയം പ്രസക്തമായി നില്‍ക്കുന്നത്. സോഷ്യലിസ്റ്റ് ബദല്‍ എന്നത് കേരളത്തിലോ ഇന്ത്യയിലോ മാത്രമായി സംഭവിക്കുന്ന ഒന്നല്ല, ആഗോളതലത്തില്‍ തന്നെ അതിനനുകൂല സാഹചര്യങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. സോഷ്യലിസമെന്നത് ഒരു വിദൂരമായ കരച്ചിലല്ല. വെനുസ്വേലയിലെ 51 ശതമാനം സര്‍ക്കാരിനും 49 ശതമാനം കോര്‍പ്പറേറ്റുകള്‍ക്കും എന്ന ഷാവേസിന്റെ ദേശസാത്കരണ നയത്തെ 21-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് മാതൃകയായി വിശേഷിപ്പിക്കുന്നത് കാണാറുണ്ട് അത് തെറ്റാണ്. വിഷയം അവതരിപ്പിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞു.
സിപിഎമ്മിനെവിട്ട് ഒറ്റയ്ക്ക് നിന്നതുകൊണ്ടാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്നും കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവര്‍ക്ക് സംഭവിക്കാത്ത ദുരന്തമായിരുന്നു അതെന്നും അഡ്വ. അജിത് (ഛകഇഇ) അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ സോഷ്യലിസം എന്നെഴുതിവച്ചിട്ടുണെ്ടങ്കിലും പൂര്‍ണമായും കോര്‍പ്പറേറ്റുകള്‍ക്ക് കീഴ്‌പ്പെട്ട ആ പാര്‍ട്ടിക്ക് ഒരു സെന്‍ട്രിസ്റ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി എന്ന സ്ഥാനം നഷ്ടപ്പെട്ട് തികഞ്ഞ വലതുപക്ഷ പാര്‍ട്ടിയായി അതു മാറി. അതുപോലെ രാജ്യത്തിനാകെ ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ച ഇടതുപാര്‍ട്ടികളും ഇടതു സര്‍ക്കാരുകളും അതിന്റെ വര്‍ഗ നിലപാടുകള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് നിരാശാബാധിതമായ ഭൂതകാലത്തെക്കുറിച്ചും സ്വപ്നസന്നിഭമായ ഭാവിയെക്കുറിച്ചുമുള്ള ഈ ചര്‍ച്ചയുടെ പ്രസക്തിയെന്ന് എഴുത്തുകാരന്‍ ഫൈസല്‍ പറഞ്ഞു.
നിജാസ് അധ്യക്ഷത വഹിച്ചു. സിദ്ധീക്ക് നിലമ്പൂര്‍ സ്വാഗതവും നന്ദന്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍