ജിദ്ദ: ജിദ്ദയിലെ ആദ്യ പ്രവാസി സംരംഭങ്ങളില്‍ ഒന്നായ അല്‍ റയാന് ക്ലിനിക് ഇരുപത്തിഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് ഇരുപതിന സേവന പരിപാടി ആവിഷ്കരിച്ചതായി ചെയര്മാന് വി.പി മുഹമ്മദ് അലി അല്‍ റയാനില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
മേയ് പതിനാറിന് വൈകുന്നേരം പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഉദ്ഘാടനത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടികളുടെ നടത്തിപ്പിനായി അഡ്മിനിസ്ട്രേഷന് മാനേജര്‍ ടി.പി ഷുഹൈബിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
കെഎംസിസി, ഒഐസിസി, നവോദയ തുടങ്ങിയ വിവിധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പ്, വ്യത്യസ്ത സേവനപരിപാടികള്‍ എന്നിവയ്ക്ക് പുറമേ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ടി. ഷുഹൈബ് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന വിശാലമായ പാര്ക്കിംഗോടു കൂടിയ മൈന്‍ എന്‍ട്രന്‍സ് ഉദ്ഘാടന കര്‍മ്മവും നടക്കും.
ഇന്ത്യ, പാകിസ്ഥാന്, ബംഗ്ളാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകളുടെ സംഗമവും വിവിധ വിഷയങ്ങളെ ആസ്പദമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പുകളും സെമിനാറുകളും ചര്‍ച്ചകളും കലാവിരുന്നും 20 ദിവസങ്ങളിലായി നടക്കും.
ആതുര ശുശ്രൂഷാ രംഗത്ത് ജിദ്ദയിലെ സ്വദേശി വിദേശി സമൂഹത്തിനിടയില്‍ മികച്ച നേട്ടങ്ങളുടെ ചരിത്രമാണ് അല്‍ റയാന് ഇന്റര്‍നാഷണല്‍ പോളിക്ലിനിക്കിന്റേതെന്ന് ചെയര്മാന് വി.പി മുഹമ്മദ് അലി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സാ സേവനങ്ങള്‍ നല്‍കിക്കൊണ്ട് ആരംഭിച്ച ആശുപത്രിയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത സേവന തത്പരരും അര്‍പ്പണ മനോഭാവവുമുള്ള മുപ്പതോളം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്. ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഒഫ്താല്‍മോളജി, യൂറോളജി, ഡെന്റിസ്ട്രി, റേഡിയോളജി, പാത്തോളജി, ഫിസിയോ തെറാപ്പി തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച സേവനം ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കായി ഇഖാമ, ബലദിയ മെഡിക്കല്‍ സേവനങ്ങളും ലഭ്യമാണ്. എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ കാര്‍ഡുകളും ആശുപത്രിയില്‍ സ്വീകരിക്കും. ജിദ്ദയിലെ കലാകായിക സാമൂഹ്യസേവനരംഗങ്ങളിലും പോളിക്ലിനിക് മികച്ച പ്രവര്‍ത്തനം നടത്തുന്നു.
പത്രസമ്മേളനത്തില്‍ ചെയര്മാന് വി.പി മുഹമ്മദ് അലി, ടി.സുഹൈബ്, മാനുപ്പ, സിയാസ് ഇംപാല, ഡോ. സലാഹുദ്ദീന്, അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍