Image

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്-സംസ്ഥാന സര്‍ക്കാര്‍ അടവുനയം തിരുത്തണം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 29 November, 2012
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്-സംസ്ഥാന സര്‍ക്കാര്‍ അടവുനയം തിരുത്തണം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
കൊച്ചി: പശ്ചിമഘട്ട മേഖലകളിലെ ലക്ഷോപലക്ഷം ജനങ്ങളുടെ നിലനില്‍പ്പിനേയും അതിജീവനത്തേയും ബാധിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമാണെന്നും അടവുനയം മാറ്റി നിലപാടു വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ പശ്ചിമഘട്ടത്തിലെ കര്‍ഷക പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളുമായി പൊതുചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കേരള സ്റ്റേറ്റ് ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ പ്രതിനിധികളും ഗാഡ്ഗില്‍ കമ്മിറ്റിയില്‍ അംഗമായിരുന്നുവെന്നത് സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹത സൃഷ്ടിക്കുന്നതാണ്. 2010 ജൂലൈ 27ന് തിരുവനന്തപുരത്ത് ഗാഡ്ഗില്‍ കമ്മിറ്റി ചേരുകയും ഇടതുപക്ഷ സര്‍ക്കാരിന്റെ വനം, കൃഷിവകുപ്പു മന്ത്രിമാരും ഡൈവേഴ്‌സിറ്റി ബോര്‍ഡ് നിശ്ചയിച്ച പരിസ്ഥിതിവാദി സംഘടനാ പ്രതിനിധികളും പങ്കെടുക്കുകയും ചെയ്തു. 2010 ഓഗസ്റ്റ് 17ന് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പശ്ചിമഘട്ടത്തിലെ പാര്‍ലമെന്റ് അംഗങ്ങളുടെ കൂടിയാലോചനയും നടന്നു. ഈ സമ്മേളനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുമ്പോള്‍ വൈകിയവേളയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ ജനങ്ങളെ വിഢികളാക്കുന്നതാണെന്ന് വി.സി.സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.

31 ഓഗസ്റ്റ് 2011-ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് രഹസ്യമായിവെച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമം വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിലൂടെ 2012 മെയ് മാസത്തില്‍ പുറത്തുവന്നിരിക്കുന്നത് മുമ്പ് ചര്‍ച്ചകളില്‍ പങ്കെടുത്ത മന്ത്രിമാരും, എം.പി.മാരും, ഉദ്യോഗസ്ഥരും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു നടത്തിയ രഹസ്യനീക്കങ്ങള്‍ക്ക് നിഗൂഡതയേറുന്നു. കര്‍ണ്ണാടക സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് 2011 ജൂണ്‍ 19 മുതല്‍ 29 വരെ പാരീസില്‍ ചേര്‍ന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി പശ്ചിമഘട്ടത്തെ ഒഴിവാക്കിയിരുന്നെങ്കില്‍ 2012 ജൂലെ 1ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ നടന്ന യുനസ്‌കോയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ പശ്ചിമഘട്ടത്തെ ലോകപൈതൃക പരിസ്ഥിതി മേഖലയായി അംഗീകാരം നല്‍കിയത് വരുംനാളുകളില്‍ വിദേശശക്തികളുടെ ഇടപെടലുകളും നിയന്ത്രണങ്ങളും പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഉണ്ടാവുമെന്നത് ഉറപ്പാണ്. പശ്ചിമഘട്ട അഥോറിറ്റിയുടെ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനുപോലും ഈ മേഖലയില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയിലേക്കുവരും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ സ്വീകരിച്ച് പ്രായോഗിക നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതും 2013 ഫെബ്രുവരി 16ന് കാലാവധി കഴിയുന്നതുമായ ഡോ.കസ്തൂരിരംഗന്‍ സമിതി പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുവാന്‍ തയ്യാറാകണം.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സമര്‍പ്പിക്കാനാണു തങ്ങളോട് ആവശ്യപ്പെട്ടതെന്നും അവിടത്തെ മനുഷ്യരുടെ കാര്യം തങ്ങളുടെ പരിഗണനാവിഷയമായിരുന്നില്ലെന്നുമുള്ളഗാഡ്ഗില്‍ സമിതിയുടെ വിശദീകരണം ധിക്കാരപരമാണ്. പരിതസ്ഥിതി സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. ജനങ്ങളെ തെരുവിലേക്കു വലിച്ചെറിയുവാന്‍ ആരെയും അനുവദിക്കുകയില്ല. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ പശ്ചിമഘട്ട കര്‍ഷക നേതൃസമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുന്നതാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക