Image

പ്രവാസികള്‍ക്ക്‌ ആശ്വാസം; നാട്ടിലേക്ക്‌ ഒരു കിലോ സ്വര്‍ണം വരെ കൊണ്‌ടുപോകാം

Published on 14 May, 2012
പ്രവാസികള്‍ക്ക്‌ ആശ്വാസം; നാട്ടിലേക്ക്‌ ഒരു കിലോ സ്വര്‍ണം വരെ കൊണ്‌ടുപോകാം
വിയന്ന: 20,000 രൂപക്ക്‌ മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്‌ത്രീകളില്‍ നിന്ന്‌ നികുതി ഈടാക്കാമെന്ന നിയമത്തിന്റെ മറവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്‌ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കിയ നികുതി പിരിവിനു ഭാരത സര്‍ക്കാരിന്റെ സാന്ത്വനം. ഇനി മുതല്‍ ഒരു കിലോ സ്വര്‍ണം വരെ നികുതിയില്ലാതെ നെടുമ്പാശേരി വഴി കൊണ്‌ടുപോകാമെന്ന ഭേദഗതി, കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക്‌ ഉറപ്പ്‌ ലഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നാണ്‌ സൂചന.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്‌ത്രീകള്‍ 20,000 രൂപയിലും പുരുഷന്‍മാര്‍ 10,000 രൂപയിലും കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ അതിന്‌ തീരുവ നല്‍കണമെന്നാണ്‌ നിലവിലുള്ള പഴയ നിയമം. ഇതു പൊടിതട്ടിയെടുത്തതോടെയാണ്‌ പ്രവാസികള്‍ ദുരിതത്തിലായത്‌. നിലവില്‍ പവന്‌ 22,000 രൂപയിലധികം വിലയുള്ളതിനാല്‍ ഈ നിയമമനുസരിച്ച്‌ ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പോലും സ്‌ത്രീകള്‍ക്ക്‌ അനുവാദമില്ല. ഇതിലെ പ്രായോഗിക ബുദ്ധിമുട്ട്‌ ജോസ്‌ കെ. മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ കേരള കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ യൂണിറ്റ്‌ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനായി ജോര്‍ജ്‌ പള്ളിക്കുന്നേലിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ ജോസ്‌ കെ. മാണിക്കു പരാതി നല്‍കാന്‍ തീരുമാനമായിരുന്നു. ഒടുവില്‍ പ്രശ്‌നപരിഹാരമായി എന്ന സന്തോഷവാര്‍ത്ത പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നു ഓസ്‌ട്രിയന്‍ പ്രസിഡന്റിനെയും അംഗങ്ങളെയും വിളിച്ചറിയിക്കുകയായിരുന്നു.

ഓസ്‌ട്രിയ ഘടകത്തിന്റെ പ്രസിഡന്റ്‌ ജോസ്‌ മാത്യു പനച്ചിക്കല്‍, വൈസ്‌ പ്രസിഡന്റ്‌ സാജു സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഐക്കരേട്ട്‌, കോ-ഓര്‍ഡിനേറ്റര്‍മാരായ സോജ ചേലപ്പുറത്ത്‌, ജോര്‍ജ്‌ പള്ളിക്കുന്നേല്‍, അവിരാച്ചന്‍ കരിപ്പക്കാട്ട്‌, ട്രഷറര്‍ ഷാജി ചീരംവേലില്‍, പിആര്‍ഒ ജോജിമോന്‍ എര്‍ണാകേരില്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രശ്‌നം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്‌.

ഇതേത്തുടര്‍ന്ന്‌ ഓസ്‌ട്രിയന്‍ മലയാളികളുടെ വികാരം മൊത്തം പ്രവാസികളുടെ പ്രശ്‌നമായി കണക്കിലെടുത്ത്‌ കേന്ദ്രത്തെ അറിയിക്കാമെന്ന്‌ ജോസ്‌ കെ. മാണി ഉറപ്പുനല്‍കിയിരുന്നു. ഇതോടെയാണ്‌ പ്രശ്‌നപരിഹാരത്തിനു വഴിതെളിഞ്ഞത്‌. കേരള കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ യൂണിറ്റിനു തികച്ചും അഭിമാനിക്കാവുന്ന തീരുമാനമാണ്‌ കേന്ദ്ര ധനകാര്യമന്ത്രി സ്വീകരിച്ചത്‌. ഓസ്‌ട്രിയന്‍ ഘടകത്തിന്റെ അടുത്ത സമ്മേളനം ജോര്‍ജ്‌ ഐക്കരേട്ടിന്റെ വസതിയില്‍ നടത്തും. പാര്‍ട്ടിയുടെ വിപുലീകരണവും മറ്റു പ്രവര്‍ത്തനങ്ങളും ഇതിനുശേഷം അറിയിക്കും.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക്‌ നികുതിയുടെ പേരില്‍ ഏറെ പ്രയാസമനുഭവിക്കേണ്‌ടി വന്നതായി പരാതി ഉയര്‍ന്നിരുന്നു പതിവായി ധരിക്കുന്ന ആഭരണങ്ങളുടെ പേരില്‍ അപ്രതീക്ഷിതമായി ആയിരങ്ങള്‍ നികുതി ആവശ്യപ്പെട്ടത്‌ യാത്രക്കാരെ ദുരിതത്തിലാക്കി. രണ്‌ട്‌ കമ്മല്‍ മാത്രം ധരിക്കുന്നവര്‍ പോലും ഈ നിയമം കാരണം വിമാനത്താവളത്തില്‍ നികുതി നല്‍കേണ്‌ടിവരുന്ന അവസ്ഥയായിരുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം പലരും ഇക്കാര്യം ശ്രദ്ധിക്കാറുണ്‌ടായിരുന്നില്ല. കൈയില്‍ വേണ്‌ടത്ര പണം കരുതാതെ തനിച്ച്‌ യാത്ര ചെയ്യുന്ന സ്‌ത്രീകള്‍ക്കും മറ്റും അപ്രതീക്ഷിതമായുണ്‌ടാകുന്ന ദുരനുഭവം കനത്ത മാനസിക സംഘര്‍ഷത്തിനു ഇടയാക്കിയതോടെയാണ്‌ പ്രതിഷേധം ഉയര്‍ന്നത്‌.
പ്രവാസികള്‍ക്ക്‌ ആശ്വാസം; നാട്ടിലേക്ക്‌ ഒരു കിലോ സ്വര്‍ണം വരെ കൊണ്‌ടുപോകാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക