Image

രാജ്യസ്‌നേഹവും മനുഷ്യജീവിതവും ഒരുമിക്കുന്ന എടക്കാട്‌ ബറ്റാലിയന്‍

Published on 31 October, 2019
  രാജ്യസ്‌നേഹവും മനുഷ്യജീവിതവും ഒരുമിക്കുന്ന  എടക്കാട്‌ ബറ്റാലിയന്‍
പി.ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗത സംവിധായകനായ സ്വപ്‌നേഷ്‌ കെ.നായര്‍ സംവിധാനം ചെയ്‌ത എടക്കാട്‌ ബറ്റാലിയന്‍-06. ഒരു പട്ടാളക്കാരന്റെ രാജ്യസ്‌നേഹവും ഉത്തരവാദിത്വവും വ്യക്തമാക്കുന്നതോടൊപ്പം അയാളുടെ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആത്മസംഘര്‍ഷങ്ങളും കൂടി പങ്കു വയ്‌ക്കുന്നു. അതു കൊണ്ടു തന്നെ ഒരു പക്കാ പട്ടാള ചിത്രമല്ല, എടക്കാട്‌ ബറ്റാലിയന്‍. അതില്‍ മനുഷ്യജീവിതത്തിന്റെ തുടിപ്പുകളും യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളുമുണ്ട്‌.

ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ ഒരു മുഴുവന്‍ സമയ പട്ടാള ചിത്രമാണെന്ന്‌ തോന്നുമെങ്കിലും ഇതങ്ങനെയല്ല. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ എടക്കാട്‌ ബറ്റാലിയന്‍ എന്ന്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. അതില്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും നന്‍മയും സ്‌നേഹവും സാമൂഹ്യവിപത്തിനെതിരേ പോരാടുന്നതിന്റെ ആവശ്യകതയുമെല്ലാം വെളിപ്പെടുത്തുന്നു.

കോഴിക്കോട്‌ ജില്ലയിലെ എടക്കാട്‌ എന്ന ഗ്രാമത്തിലെ ചെറുപ്പക്കാരനാണ്‌ ഷഫീക്ക്‌ മുഹമ്മദ്‌(ടൊവീനോ). അയാളുടെ ജന്‍മനാടും വീടും കൂട്ടുകാരും കുടുംബവുമെല്ലാം ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്‌. എല്ലാറ്റിനോടും വല്ലാത്ത വൈകാരികത പുലര്‍ത്തുന്ന വ്യക്തിയാണ്‌ ഷഫീഖ്‌. അവധിക്ക്‌ നാട്ടിലെത്തുന്ന ഷഫീഖ്‌ തന്റെ ഗ്രാമത്തിലെ കുറേ ചെറുപ്പക്കാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന്‌ കണ്ടെത്തുന്നു. 

അതിലെ അപകടം തിരിച്ചറിഞ്ഞ ഷഫീഖ്‌ അവരുടെ ലഹരി ഉപയോഗവും അതിലേക്കുള്ള വഴികളും പദ്ധതികളും തകര്‍ക്കുന്നു. ഇതോടെ ലഹരി സംഘത്തിന്‌ ഷഫീഖ്‌ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി മാറുകയാണ്‌. ഷഫീഖിനെതിരേ ആഞ്ഞടിക്കാന്‍ അവര്‍ ഒരവസരം നോക്കി കാത്തിരിക്കുന്നു. ഇതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രം പറയുന്നത്‌.

കഥയുടെ രണ്ടാം പകുതിയില്‍ ഷഫീഖിന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു അപ്രതീക്ഷിത സംഭവം അയാളുടെ എല്ലാം തകിടം മറിക്കുന്നു. പ്രിയപ്പെട്ടവവര്‍ക്കു പോലും അതിന്റെ ആഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഷഫീഖ്‌ ഈ പ്രതിസന്ധികളെ നേരിടുന്നതും അതിനെ അതിജീവിക്കുന്നതുമാണ്‌ പ്രമേയം.

തന്റെ കരിയറില്‍ ആദ്യമായി ഒരു പട്ടാളക്കാരന്റെ വേഷം അഭിനയിച്ച ടൊവീനോക്ക്‌ അഭിമാനിക്കാം. ഷഫീഖ്‌ മുഹമ്മദിനെ വളരെ മികച്ചരീതിയില്‍ ടൊവീനോ അവതരിപ്പിച്ചിട്ടുണ്ട്‌. പട്ടാളവേഷത്തില്‍ മികച്ച ശരീരഭാഷയും അഭിനയവും കാഴ്‌ച വച്ചുകൊണ്ടാണ്‌ ടൊവീനോ ഇതില്‍ തിളങ്ങുന്നത്‌.
 മാസും ആക്ഷനും ആവശ്യത്തിനു നിറച്ചിട്ടുണ്ടെങ്കിലും അഭിനയ സാധ്യത ആവോളം പുറത്തെടുക്കാനുള്ള അവസരവും സംവിധായകന്‍ നായകന്‌ നല്‍കിയിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ടൊവീനോയുടെ താരമൂല്യം പരമാവധി മുതലാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ യഥാര്‍ത്ഥ കഥയില്‍ നിന്നും സ്വീകരിച്ച്‌ പ്രമേയത്തോട്‌ സത്യസന്ധത പുലര്‍ത്താന്‍ തിരിച്ചടികള്‍ ഒരുപാട്‌ നേരിടേണ്ടി വരുന്ന നായകനായി തന്നെ അതിഭാവുകത്വങ്ങളില്ലാതെ, ടൊവീനോയെ അവതരിപ്പിക്കാനും സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌.

നവാഗത സംവിധായകനായ സ്വപ്‌നേഷിനും അഭിമാനിക്കാന്‍ വകയുണ്ട്‌. ശക്തമായ ഒരു കഥയും തിരക്കഥയും മനോഹരമായ രീതിയില്‍ ഒരു ചല്‌ചിത്രമാക്കി മാറ്റിയതിന്‌. ആഖ്യാനശൈലി വളരെ മികച്ചതാണ്‌. നായികയായി എത്തിയ സംയുക്ത മേനോന്‌ വളരെ കാര്യമായൊന്നും ഈ ചിത്രത്തില്‍ ചെയ്യാനുണ്ടായിരുന്നില്ല. രണ്ടു പേരും ചേര്‍ന്നുള്ള പ്രണയ രംഗങ്ങള്‍ വളരെ മികച്ചു നിന്നു. പി.ബാലചന്ദ്രന്‍, ജോയ്‌ മാത്യു, രേഖ, സന്തോഷ്‌ കീഴാറ്റൂര്‍, ഷീലു റഹീം, ദിവ്യ പിള്ള, സുധീഷ്‌ നിര്‍മ്മല്‍ പാലാഴി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ഹരിനാരായണന്‍ രചിച്ച ഗാനങ്ങള്‍ക്ക്‌ കൈലാസ്‌ മേനോന്‍ നല്‍കിയ സംഗീതവും ഹൃദയഹാരിയാണ്‌. ഛായാഗ്രഹണവും മനോഹരമാണ്‌. നമ്മള്‍ ഓരോരുത്തരും വീടുകളില്‍ സൈ്വര്യമായി ഉറങ്ങുന്നത്‌ അതിര്‍ത്തികളില്‍ ഓരോ പട്ടാളക്കാരനും ഉറങ്ങാതെയും കണ്ണിമയ്‌ക്കാതെയും ചൂടും മഴയും മഞ്ഞും സഹിച്ച്‌ കാവലിരിക്കുന്നതിന്റെ ഫലമാണ്‌ എന്ന മികച്ച സന്ദേശം നല്‍കുന്നുമുണ്ട്‌ ചിത്രം. എടക്കാട്‌ ബറ്റാലിയനില്‍ രാജ്യസ്‌നേഹമുണ്ട്‌, മനുഷ്യജീവിതമുണ്ട്‌. തീര്‍ച്ചയായും നല്ലൊരു കാഴ്‌ചാനുഭവം നല്‍കും ഈ ചിത്രം എന്നതില്‍ സംശയമില്ല.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക