Image

മാപ്പു നല്‍കണേ കൃഷ്ണാ! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 18 October, 2019
മാപ്പു നല്‍കണേ  കൃഷ്ണാ! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
കൂപ്പുകൈകളുമായി, നില്‍പ്പൂ ഞാന്‍  തിരുമുമ്പില്‍
മാപ്പു നല്‍കണേ കൃഷ്ണാ! മുകുന്ദാ! ജനാര്‍ദ്ദനാ!
മറഞ്ഞു  നിന്നെല്ലാം  നീ കണ്ടുകൊണ്ടിരു, ന്നേതോ
മായയില്‍ കുടുങ്ങീ ഞാന്‍, അജ്ഞാന തിമിരത്താല്‍!

അന്നു ഞാനറിഞ്ഞില്ല,ഭക്തിയുമതു നല്‍കും
ആത്മലാഭവും,ജ്ഞാന,വൈരാഗ്യ ഗുണങ്ങളും!
ഇന്നിതാ സമാഗത മായല്ലോ,വാര്‍ദ്ധക്യത്തില്‍
ഇന്നലെവരെ തോന്നാ, ത്താത്മീയവിചാരങ്ങള്‍!

ഇത്രയും കാലം നിന്നെയറിയാന്‍  ശ്രമിക്കാതെ
ഇന്ദ്രിയ നിര്‍ദ്ദേശങ്ങള്‍, ക്കൊത്തു ഞാന്‍ ചലിച്ചു പോയ്!
ജന്മലക്ഷ്യമേ, യാത്മ, സാക്ഷാത്കാര മെന്നിതേ
ജന്മത്തിലറിയണമെന്നു നീയുണര്‍വ്വേകി!

ബാല്യത്തില്‍,കൗമാരത്തില്‍ യൗവ്വന പ്രായങ്ങളില്‍
ദൃശ്യമായില്ല,ഭക്തിമാര്‍ഗ്ഗമോ,പ്രയാണമോ!
വശ്യമായതു വെറും,ലൗകിക സുഖ, ഭോഗ
വന്യ ചിന്തകള്‍ മാത്ര, മോര്‍ക്കുമ്പോള്‍ ലജ്ജാവഹം!

അന്നൊരു നിരീശ്വര വാദിയായിരുന്നെന്നാല്‍
ഇന്നൊരു പരി പക്വ, ഭക്തനായ് മാറ്റി കാലം!
ഗ്രന്ഥങ്ങളുല്‍ഘോഷിക്കും,വേദങ്ങളുള്‍ക്കൊള്ളാനോ
ഗ്രന്ഥികള്‍ വിരചിച്ച, വേദാന്തം പഠിക്കാനോ,

ഉത്സാഹം കാണിക്കാതെ, ജീവിതമെന്നാല്‍ വെറും
ഉത്സവമായിക്കണ്ടെന്‍,ആയുസ്സു പാഴാക്കി ഞാന്‍!
സന്യാസാശ്രമം പൂകി, ലോകചിന്തയില്‍ നിന്നും
സര്‍വ്വവും, ന്യാസിച്ചിന്നു,ജീവിതം നയിപ്പൂ,ഞാന്‍!

ഈ ഗൃഹം തന്നില്‍ ശ്യാമസുന്ദരാ, കൃഷ്ണാ,തവ
വിഗ്രഹം പൂവിട്ടെന്നും പൂജിച്ചു കഴിവൂ ഞാന്‍!
പാഞ്ചാലി  മനം നൊന്തു  ശരണാഗതി ചെയ്‌കെ,
കഞ്ചുകം കൊടുത്തന്നു, രക്ഷിച്ചതല്ലയോ നീ!

നാമസങ്കീര്‍ത്തനവും, സ്‌തോത്രപാരായണവും
താമസ ഗുണം പോകാനുതകും സത്‌സംഗവും,
ആത്മീയ പ്രഭാഷണ,ശ്രവണാദികള്‍ മറ്റും
ആത്മാവെ, യുയര്‍ത്തുവാ, നുതകും സന്മാര്‍ഗ്ഗങ്ങള്‍ !

മനുഷ്യ  ജന്മമെത്ര ദുര്‍ല്ലഭ മതുതെല്ലും
മതിയ്ക്കാതതിന്‍ മൂല്യ,മാഹാത്മ്യ മറിയാതെ,
മൃഗമായ് ജീവിക്കുകി,ലില്ലതിലാത്മലാഭ
മാത്മസാക്ഷാത്ക്കാരത്തിന്‍,ലക്ഷ്യമേ പിഴച്ചു പോം!

അജ്ഞത മൂലം  ചെയ്ത  തെറ്റുകള്‍  പൊറുത്തെന്റെ
അഞ്ജലി സദയം നീ  സ്വീകരിക്കണേ! കൃഷ്ണാ!
ഇനിയും  ജന്മങ്ങള്‍  നീ തന്നാലുമതിലെല്ലാം
ഇതുപോലൊരു ഭക്ത,ജീവിതം തരേണമേ!

നിത്യപ്രളയമാകും, രാത്രിതന്‍  കരിങ്കടല്‍
നീന്തി  ഞാന്‍ പ്രഭാതമാം,  പാല്‍ക്കടല്‍ തീരത്തിങ്കല്‍,
നിത്യവുമെത്തുന്നതും, തുടര്‍ന്നു ജീവിപ്പതും
നിസ്തര്‍ക്കമവിടുത്തെ, കാരുണ്യാമൃതമൊന്നാല്‍,

ഇന്നു ഞാന്‍  പരിശീലിക്കുന്നതു പ്രത്യാഹാരം
എന്നുമേയെനിക്കതു മുഖ്യമാം നിത്യാഹാരം!
താപത്രയ വിനാശ, സൃഷ്ടി, സ്ഥിതി,  ലയാദി,
രാപകല്‍ വ്യത്യാസങ്ങള്‍, സര്‍വ്വം നീ  നിയന്ത്രിപ്പൂ!

അര്‍പ്പിച്ചിടുന്നേന്‍ തവ പാദ പങ്കജങ്ങളില്‍
കാര്‍പ്പണ്യമിയലാതെ,എന്നെയേ ഭഗവാനെ!
മാപ്പുതന്നടിയനെ,സ്വീകരിച്ചീ ജീവിതം
മോക്ഷദായകമാക്കി മാറ്റുവാന്‍ കനിയണെ!

നമ്പി ഞാനിരുന്നവരേവരും കൈവിട്ടു പോയ്
വമ്പിച്ച  നിരന്തര സ്വാര്‍ത്ഥ ലാഭങ്ങള്‍ തേടി!
ആര്‍ക്കെല്ലാം നിസ്വാര്‍ത്ഥമായ്,എന്തെല്ലാം ചെയ്‌തെന്നാലും
ആര്‍ക്കുമേ വേണ്ടാത്തവ, നായി  ഞാന്‍  അവസാനം!

ആരുമില്ലെനിക്കിന്നീ  ഭൂമുഖത്തൊരിത്തിരി
ആശ്വാസം പകരാനോ,ആശ്രയം തരുവാനോ!
ആശ്രയമെല്ലാമെനി, യ്ക്കിന്നു നീ,ആശ്വാസമോ,
ആ മുഖാംബുജത്തിലെ, തൂമന്ദഹാസം മാത്രം!
    
Join WhatsApp News
amerikkan mollakka 2019-10-18 19:28:14
ഇങ്ങള് കിസനനോട് മാപ്പു ചോദിക്കുമ്പോൾ 
അസ്സലാമു അലൈക്കും എന്ന് പറയുന്നില്ല.
എന്തിനാ ശങ്കർ സാഹിബ് ഇങ്ങള് മാപ്പു 
ചോദിക്കണ് .കിസനൻ അതൊക്കെ കബൂലാക്കും.
ഇങ്ങളും ഒരു ദേബനല്ലേ? ശങ്കർ ഭഗവാൻ.
കിസ്‌നൻ ഗോപികമാരുമായി ആടി 
കളിച്ചതും ആ മൊഞ്ചത്തികളുടെ 
അയകും  എയ്തു സാഹിബ്. അതൊക്കെയല്ലേ 
ഈ സിന്ദഗി. സിന്ദഗി ഏക് സഫര്  ഹേ സുഹാന 
യഹാം കൽ ക്യാ ഹോ കിസ്നെ ജാന.
ഇങ്ങൾ പറയുന്ന കിസനൻ ജാനേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക