Image

എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ ജാതിവിദ്വേഷത്തിന് ഇടയാക്കുമെന്ന് വെള്ളാപ്പള്ളി

Published on 17 October, 2019
എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ ജാതിവിദ്വേഷത്തിന് ഇടയാക്കുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എന്‍.എസ്.എസ്. നേതൃത്വത്തിന് കാടന്‍ ചിന്തകളാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും. അവരുടെ നേതൃത്വത്തിന് കാടന്‍ ചിന്തകളാണുള്ളത്. ഈഴവസമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതുമാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച്‌ ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.


എന്‍.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവര്‍ക്ക് സവര്‍ണരെ പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എന്‍.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഒരു ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എന്‍.എസ്.എസ്. ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അത് കണ്ടതാണ്. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുന്നു. എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും എന്‍.എസ്.എസ്. കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്ബിത്തരം എല്ലാ കാലവും സഹിക്കില്ല.


ശരിദൂരവും സമദൂരവുമെല്ലാം എന്‍.എസ്.എസിന്റെ അടവുനയമാണെന്നും അവര്‍ യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ ഉപതിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അതിനാല്‍ ആര്‍ക്കും പിന്തുണ നല്‍കേണ്ടെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് എസ്.എന്‍.ഡി.പി.യുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക