Image

ഷായുടെ ഭാഷാ രാഷ്ട്രീയം- (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 21 September, 2019
 ഷായുടെ ഭാഷാ രാഷ്ട്രീയം- (ദല്‍ഹികത്ത്:  പി.വി.തോമസ്)
ഒരു രാജ്യം ഒരു ഭരണഘടന, ഒരു രാജ്യം ഒരു ഭാഷാ, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു സിവില്‍ കോഡ്, ഒരു രാജ്യം ഒരു ചിന്ത, ഒരു ജാതി ഒരു മതം, ഒരു രാജ്യം ഒരു പാര്‍ട്ടി, ഒരു രാജ്യം ഒരു നേതാവ്. ഏറ്റവും ഒടുവില്‍ പറഞ്ഞ നാലു കാര്യങ്ങള്‍ ഇതുവരെ മോഡി-ഷാ കമ്പനി പരസ്യമാക്കിയിട്ടില്ല. മറ്റുള്ളവയെല്ലാം പ്രഖ്യാപിക്കപ്പെട്ടതാണ്. ഏറ്റവും ഒടുവിലത്തെ മുദ്രാവാക്യം ആണ് ഒരു രാജ്യം ഒരു ഭാഷാ(ഹിന്ദി). ഇത് ഗൃഹകാര്യ മന്ത്രിയും ബി.ജെ.പി. അദ്ധ്യക്ഷനും ആയ അമിത് ഷായുടെ സ്വന്തം മുദ്രാവാക്യം ആണ്. അപ്പോള്‍ അതിന്റെ ഗൗരവം മനസിലാകും.

കാരണം മോഡി ഭരണം ഏതാണ്ട് അമിത് ഭരണം തന്നെയാണ്. ഈയിടെ മോഡി-2-100 ദിവസം തികച്ചപ്പോള്‍ അതിനെ ഷായുടെ 100 ദിവസം എന്ന് വിശേഷിപ്പിക്കുവാന്‍ ആണ് പല രാഷ്ട്രീയ നിരീക്ഷകരും ആഗ്രഹിച്ചത്. ഷാ ഒരു ഡിഫാക്ടോ പ്രധാനമന്ത്രി ആയിരുന്നു. അണ്‍ലോഫുകള്‍ ആക്ടിവിടീസ് പ്രിവന്‍ഷന്‍ ആക്ടിന്റെ ഭേദഗതി മുതല്‍ കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് അതിനെ വിഭജിച്ച് യൂണിയന്‍ ടെറിറ്ററിയാക്കിയതുവരെ ഷായുടെ കൈ ഒപ്പു പതിഞ്ഞ ഭരണപരിഷ്‌ക്കാരങ്ങള്‍ ആണ്. ആസാമിലെ നാഷ്ണല്‍ രജിസ്ട്രര്‍ ഓഫ് സിറ്റിസന്‍സ് രാജ്യവ്യാപകം ആകുവാനുള്ള നീക്കവും ഷായുടേതാണ്.

എന്താണ് ഹിന്ദിയെ രാഷ്ട്രഭാഷ ആക്കുവാനുള്ള ഷായുടെ നീക്കത്തിന്റെ പിന്നിലുള്ള രാഷ്ട്രീയം? കാരണം ഭാഷക്ക് രാഷ്ട്രീയം ഉണ്ട്. മതത്തിനെ രാഷ്ട്രീയ വല്‍ക്കരിച്ച ബി.ജെ.പി.ക്കും ഷാക്കും സംഘപരിവാറിനും അത് ശരിക്കും അറിയാം. ഹിന്ദിയെ ദേശീയഭാഷ ആക്കുക വഴി അഹിന്ദി സംസ്ഥാനങ്ങളായ തെക്കെ ഇന്‍ഡ്യയെയും വടക്കുകിഴക്കന്‍ പ്രവശ്യയെയും കീഴ്‌പ്പെടുത്തി, ചൊല്‍പ്പടിയിലാക്കി വരുതിയില്‍ ആക്കുവാന്‍ ആണ് ഷായും സംഘപരിവാറും ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാരണം ഈ ഹിന്ദി വാദം രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ കാലാകാലമായിട്ടുള്ള ഒരു അജണ്ടയാണ്.? ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്നതായിരുന്നു ബി.ജെ.പി.യുടെ ആദ്യ അവതാരം ആയിരുന്ന ഹിന്ദു മഹാസഭയുടെ മുദ്രാവാക്യം. പിന്നീട് ഒരു അഖിലേന്ത്യാ പ്രതിഛായ ലഭിക്കുവാന്‍ ഇടക്കാലം കൊണ്ട് ബി.ജെ.പി. ഹിന്ദി എന്ന പദം മുദ്രാവാക്യത്തില്‍ നിന്നുമാറി എന്നുമാത്രം. ഇപ്പോള്‍ അത് വീണ്ടും വരുവാന്‍ കാരണം ബി.ജെ.പി.ക്ക് തെക്കെ ഇന്‍ഡ്യ ഒപ്പം ഇല്ലെങ്കിലും ഇന്‍ഡ്യ ഭരിക്കുവാന്‍ സാധിക്കും എന്ന കണക്ക് കൂട്ടല്‍ ആണ്. 2014-ല്‍ 282 സീറ്റ് നേടി ഒരുകക്ഷിയായി ഭരിച്ചപ്പോഴും 2019-ല്‍ 303 സീറ്റ് നേടി ഒറ്റകക്ഷി ആയി അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴും തെക്കെ ഇന്‍ഡ്യയില്‍ നിന്നുമുള്ള നേട്ടം ഇരുപതില്‍ താഴെയോ അല്പം മുകളിലോ മാത്രം ആയിരുന്നു. ഉത്തര്‍പ്രദേശും ബീഹാറും(80+40), മഹാരാഷ്ട്രയും, മദ്ധ്യപ്രദേശും, ഗുജറാത്തും, രാജസ്ഥാനും, ഡാര്‍ഖണ്ഡും, ഛത്തീസ്ഘട്ടും ഉള്‍പ്പെട്ട ഹിന്ദു ഹൃദ്യ ഭൂമി ഒപ്പം ഉണ്ടെങ്കില്‍ ബി.ജെ.പി.ക്ക് ഇന്‍ഡ്യ തനിച്ച് ഭരിക്കാവുന്നതേയുള്ളൂ. തെക്കെ ഇന്‍ഡ്യയിലെ 130 ലോകസഭസീറ്റുകള്‍ വലിയ ഒരു വിഷയം അല്ല. മാത്രവും അല്ല ഷായുടെ ഈ ഹിന്ദിപ്രയോഗം മൂലം ഹിന്ദി ഹൃദയഭൂമിയുടെ ഒരു ധ്രൂവീകരണവും സാദ്ധ്യം ആണ്. അതുതന്നെ ആണല്ലോ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റുക വഴിയും ഷാ നേടിയത്.

എന്താണ് ഷാ സെപ്തംബര്‍ 14-ാം തീയതി ഹിന്ദി ദിവസാഘോഷവേളയില്‍ പറഞ്ഞത്? അദ്ദേഹം പറഞ്ഞു ഹിന്ദി ഇന്‍ഡ്യയുടെ ദേശീയഭാഷ ആകണം. മറ്റ് വിദേശഭാഷകളെ(ഇംഗ്ലീഷ്) ഹിന്ദിയെ കീഴടക്കുവാന്‍ അനുവദിക്കരുത്. ഇന്‍ഡ്യയില്‍ വളരെയേറെ ഭാഷകള്‍ ഉണ്ട്. പക്ഷേ, ഇന്‍ഡ്യക്ക് അന്താരാഷ്ട്രീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ദേശീയ ഭാഷ വേണം. അത് ഹിന്ദിയാണ്. അതാണ് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ.'

ശരിയാണ് 43.6 ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. പക്ഷേ, ഹിന്ദി സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. പക്ഷേ, ഹിന്ദി സംസാരിക്കുന്ന ഉത്തര്‍പ്രദേശിലും, മദ്ധ്യപ്രദേശിലും, മഹാരാഷ്ട്രയിലും, രാജസ്ഥാനിലും, ഉത്തരാഖണ്ഡിലും, ഹിമാചല്‍പ്രദേശിലും, ബീഹാറിലും മറ്റ് നിരവധി പ്രാദേശിക ഭാഷകള്‍ ഉണ്ടെന്നുള്ളതാണ് വസ്തുത. അത് ആ ജനവിഭാഗങ്ങളുടെ ആത്മാവും വികാരവും ജീവനും ആണ്. അവരുടെ മുകളില്‍ ഷാ എങ്ങനെ ഈ ഹിന്ദി അടിച്ചേല്‍പിക്കും? എന്തിനുവേണ്ടി? സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുവാന്‍ വേണ്ടിയോ? രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സാംസ്‌കാരിക ദേശീയത എന്ന ഹിന്ദുത്വ ദര്‍ശനം നിലവില്‍ വരുത്തുവാന്‍ വേണ്ടിയോ?

ഇന്‍ഡ്യയില്‍ ഏതാണ്ട് 122 ഭാഷകളും 19,500 ഡയലക് ട്ടസും ഉണ്ട്. ഇത് ഷാ തന്നെ സമ്മതിക്കുന്നതാണ്. ഹിന്ദി ഉള്‍പ്പെടെ 22 ഇന്‍ഡ്യന്‍ ഭാഷകളെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടും ഉണ്ട്. ഇവയെ എല്ലാം മറികടന്ന് എന്തിന് ഹിന്ദിക്ക് ഒരു പ്രത്യേക പരിഗണന നല്‍കണം? രാഷ്ട്രീയം മാത്രം ആണ് അതിന്റെ ലക്ഷ്യം. കാരണം മതം പോലെ ഭാഷയും ബി.ജെ.പി.യുടെ, സംഘപരിവാറിന്റെ അധികാര കയ്യാളലിന്റെ ആയുധങ്ങള്‍ ആണ്.
ഷാ ഒരു പക്ഷേ, അറിഞ്ഞുകൊണ്ട് ചരിത്രത്തെ അവഗണിക്കുകയാണ്. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ഒരു ഭാഷയെ ദേശീയ ഭാഷ ആക്കേണ്ടെന്ന് തീരുമാനിച്ചതാണ്. കാരണം അത് തീക്കളി ആകുമെന്ന് അതിന് അറിയാമായിരുന്നു. എന്നാല്‍ 1960 കളില്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തെക്കെ ഇന്‍ഡ്യ കത്തി. അവസാനം കേന്ദ്രം പിന്മാറി അതോടെ മൂന്നു ഭാഷ ഫോര്‍മുല നിലവില്‍ വന്നു-ഇംഗ്ലീഷ്, ഹിന്ദി, അതാതു സംസ്ഥാനങ്ങളിലെ മാതൃഭാഷ. ഇന്നും ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇംഗ്ലീഷ് ഒരു ലിങ്ക് ഭാഷയായി നിലനില്‍ക്കുന്നു. ഓരോ സംസ്ഥാനങ്ങളിലെയും മാതൃഭാഷ ആകട്ടെ അതാത് ജനങ്ങളുടെ ആശയ-ആത്മാവിഷ്‌ക്കാരത്തിന്റെ വികാരം ആയും. എന്തിന് ഷാ ഇതിനെ ശിഥിലം ആക്കണം?
ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ദേശീയോദ്ഗ്രഥനവും വൈകാരിക ഒന്നു ചേരലും ഉറപ്പ് വരുത്തുമോ? ശുദ്ധ അസംബന്ധം ആണ് അത്. രാഷ്ട്രീയ മേല്‍ക്കോയ്മക്കു മാത്രമെ അത് വഴി തെളിക്കൂ. പ്രത്യേകിച്ചും വടക്ക് തെക്കെ ഇന്‍ഡ്യകള്‍ തമ്മില്‍. ദേശീയോദ്ഗ്രഥനവും വൈകാരിക ഒരുമയും ഉറപ്പുവരുത്തുവാന്‍ ആദ്യം പട്ടിണി അവസാനിപ്പിക്കുക, ഉള്ള വരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുക, ചൂഷണം അവസാനിപ്പിക്കുക, സഹിഷ്ണുതയും മനുഷ്യാവകാശവും ഉറപ്പുവരുത്തുക. അല്ലാതെ ഒരു ഭാഷയെ രാജ്യം മുഴുവനും അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. അത് സാംസ്‌ക്കാരികമായ ബലാല്‍സംഗം ആണ്. രാ്ഷ്ട്രീയമായ കടന്നുകയറ്റം ആണ്. ഹിന്ദിയെ രാഷ്ട്രഭാഷയോ രാ്ഷ്ട്രീയഭാഷയോ ആക്കുന്നതിന്റെ ഉദ്ദേശം ആണ്.
ഹിന്ദി സമുന്നതമായ ഒരു ഭാഷയാണ്. അതിന്റെ സാഹിത്യം സമ്പുഷ്ടം ആണ്. ആര്‍ക്കാണ് ഇതില്‍ വിയോജിപ്പുള്ളത്? അതുപോലെ സമുന്നതവും, സമ്പുഷ്ടവും, ശ്രേഷ്ഠവും ആണ് മറ്റ് ഇന്‍ഡ്യന്‍ ഭാഷകളും. അവര്‍ക്കും തുല്യപ്രാധാന്യം നല്‍കണം. ഷായെപ്പോലുള്ള രാഷ്ട്രീയക്കാരും ഭരണാധികാരികളും അല്ല  ഒരു ഭാഷയെ വളര്‍ത്തുന്നത്. അതാതു ഭാഷകളിലെ എഴുത്തുകാരാണ്. ഷേക്ക്‌സ്പിയറും കാളിദാസനും, മുന്‍ഷി പ്രേം ചന്ദും അവരവരുടെ ഭാഷകളെ ആഗോളപ്രസിദ്ധം ആക്കിയത്. അവരുടെ ഭരണാധികാരികള്‍ അല്ല. ഷായെപോലുള്ള ഹൃസ്വദൃഷ്ടികളും അല്പജ്ഞാനികളും ആയ രാഷ്ടീയക്കാര്‍ക്ക് ഭാഷയുടെ രാഷ്ട്രീയം അല്ലാതെ അവയുടെ ആത്മാവും അന്തസത്തയും അറിയാമോ? ആ ഭാഷകള്‍ ഉപയോഗിക്കുന്നവരുടെ വികാരവും ആത്മാനുഭൂതിയും അറിയാമോ? അതാണ് മാതൃഭാഷയുടെ ചൂടുംചൂരും. കാരണം അത് മുലപ്പാലിലൂടെ ലഭിച്ചതാണ്.

 ഷായുടെ ഭാഷാ രാഷ്ട്രീയം- (ദല്‍ഹികത്ത്:  പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക