Image

അല്‍ഷിമേഴ്‌സ് ദിനം: ഓര്‍മ്മകളിലെ ചിതലുകള്‍(കവിത: ഡോ.എസ്. രമ)

ഡോ.എസ്. രമ Published on 21 September, 2019
അല്‍ഷിമേഴ്‌സ് ദിനം:  ഓര്‍മ്മകളിലെ ചിതലുകള്‍(കവിത: ഡോ.എസ്. രമ)
ചിട്ടയുടെ.....
 കാര്‍ക്കശ്യത്തിന്റ
ആ  മുഖംമൂടി അയാള്‍
സ്വയം സ്വീകരിച്ചതാണ്...

എന്നിട്ടും ചിതലുകളെത്തി
അയാള്‍ പോലുമറിയാതെ..
ഓര്‍മ്മകളിലെ
 നുഴഞ്ഞുകയറ്റക്കാരായി...
 പ്രജ്ഞയില്‍ മറവിയുടെ
ഇരുള്‍ പടര്‍ത്തി..
 
അക്കങ്ങള്‍...
അക്ഷരങ്ങള്‍... 
 വാക്കുകള്‍...
ഇരുളിന്റെ തമോഗര്‍ത്തത്തില്‍
വീണു കരഞ്ഞു... 

വേര്‍തിരിച്ചറിയാനാകാത്ത 
വഴികള്‍ അയാളെ നോക്കി
കൊഞ്ഞനം കാട്ടി...


ചിതല്‍ പുറ്റുകള്‍
ഉടഞ്ഞുതകര്‍ന്ന ശൂന്യതയില്‍
നിറയെ ഇരുട്ടായിരുന്നു...
മറവിയുടെ  ഇരുട്ട്.. 
അഭിമാനത്തെയും അപമാനത്തെയും
 ഒളിപ്പിച്ചു വച്ച ഇരുട്ട്...

 പരിചിത മുഖങ്ങള്‍
അപരിചിതരെപോലെ ഇരുളിലൊളിച്ചു....
 ഓര്‍മ്മയുടെ
ഇത്തിരി വെളിച്ചത്തില്‍
അയാളാ പേരുകള്‍ തിരഞ്ഞു...

ഇല്ലാ വേദനയിലലമുറയിട്ടു...
തീരാവേദനയില്‍ നിശബ്ദനായി..
കൊടിയ വിശപ്പിലന്നം തിരസ്‌കരിച്ചു..
നിറഞ്ഞ വയറിലാര്‍ത്തി പൂണ്ടു..
ഒന്നിനു മേലെ മറ്റൊന്നായി
വസ്ത്രങ്ങള്‍  ധരിച്ചു...

വാക്കുകള്‍ ചേര്‍ത്തോര്‍മ്മിക്കുന്ന
ഒരു പിഞ്ചു പൈതലിനെ  പോലെ
ആയിരുന്നു അയാള്‍...
നിസ്സഹായത നിറഞ്ഞ
കണ്ണുകള്‍ ഇടക്കിടെ ...
നിറഞ്ഞു തുളുമ്പി...

അധികപറ്റായപ്പോഴാണ്
അടച്ചു പൂട്ടിയൊരു മുറിയില്‍
ജീവിതം അയാളെ തടവിലിട്ടത്...
കൂട്ടിന് പകുതി മരിച്ച
കുറച്ചോര്‍മകളും...

ഒരിക്കല്‍
ഇരുളിന്റെ നിറഞ്ഞ
ശൂന്യതയിലാരുമറിയാതെ
അയാളൊരു യാത്ര പോയി...
ആര്‍ക്കും തിരഞ്ഞു ചെല്ലാന്‍
പറ്റാത്ത ഏതോ ലോകത്തേക്ക്....

അല്‍ഷിമേഴ്‌സ് ദിനം:  ഓര്‍മ്മകളിലെ ചിതലുകള്‍(കവിത: ഡോ.എസ്. രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക