Image

വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍...

സ്വന്തം ലേഖകന്‍ Published on 19 June, 2019
വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍...
എന്തായാലും ഒരേ കളരിയില്‍നിന്ന് പയറ്റിത്തെളിഞ്ഞവര്‍ ഇരു വിഭാഗങ്ങളിലായി വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ അത് കേരള കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഏത് വിധത്തിലാവുമെന്ന് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ. സ്വന്തം സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുള്ള ഈ നീക്കത്തില്‍ ജനാധിപത്യ കേരളത്തിന് എന്തു നേട്ടമാണ്, എന്തു കോട്ടമാണ് ഉണ്ടാക്കുകയെന്നും കാലം തെളിയിക്കും. 'വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും' ചെയ്യുന്ന പാര്‍ട്ടിയെന്നു സാക്ഷാല്‍ കെ.എം മാണി തന്നെ വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പിളര്‍പ്പ് പാര്‍ട്ടിയെ വളര്‍ത്തുകയാണോ അതോ തളര്‍ത്തുകയാണോ ചെയ്യിക്കുകയെന്നും അപ്പോഴേ മനസ്സിലാവൂ. എന്തായാലും ഈ പിളര്‍പ്പില്‍ പാര്‍ട്ടിക്കു ഗുണമുണ്ടായാലും ഇല്ലെങ്കിലും ഇടതു മുന്നണിക്കു വല്ല പിടിയും കിട്ടുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ആകാംക്ഷ ഉണര്‍ത്തുന്നത്.

പിളര്‍പ്പും മുന്നണി മാറ്റവും കേരള രാഷ്ട്രീയത്തില്‍ പുതിയതല്ല. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പും വേര്‍പിരിയലും 1964ല്‍ അതിന്റെ രൂപീകരണം തൊട്ടേയുള്ള ജനിതക ഘടനയുടെ ഭാഗമാണ്. പാര്‍ട്ടിയിലെ വന്‍തോക്കുകള്‍ വീഴുമ്പോഴും നേതാക്കള്‍ക്കു മൂപ്പെത്തുമ്പോഴും പാര്‍ട്ടി പിളരും. പിളര്‍ന്നവ വീണ്ടും പിളരുകയും പിന്നീട് യോജിച്ചതും സംഘടനയുടെ ചരിത്രം. അഞ്ചര പതിറ്റാണ്ടിനിടെ, കേരള കോണ്‍ഗ്രസ് 11 തവണ പിളര്‍ന്നു. ഇപ്പോഴത്തെ പിളര്‍പ്പ് നേരത്തെ പ്രതീക്ഷിച്ചതാണ്. ഇതിന്റെ അനുരണനം പാര്‍ട്ടിയുടെ സംഘടനാതലത്തിലും യു.ഡി.എഫിലും ഏതു തരത്തിലാകും എന്ന കൗതുകമേ ഇപ്പോള്‍ പൊതുസമൂഹത്തിനുള്ളൂ. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ പിളര്‍പ്പിന്റെ മര്‍മ്മം.

കസേര, മാണിയുടെ മകന്‍ ജോസ് കെ മാണിയ്ക്കു അവകാശപ്പെട്ടതാണെന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്നലെ തീര്‍ച്ചപ്പെടുത്തി. ഇതോടെ രണ്ടിലയെച്ചൊല്ലിയുള്ള നിയമയുദ്ധം രണ്ടു വഴിക്കാവുമെന്നു മാത്രം. ഇനി പിളര്‍പ്പിനപ്പുറം അനുനയത്തിന്റെ സാദ്ധ്യത ബാക്കിയുണ്ടോ? ഉണ്ടായാലും ആ വഴി എത്രത്തോളം എളുപ്പമാവുമെന്ന് ഇപ്പോള്‍ പറയാവതല്ല. ഓഫീസ്, സംഘടനാ അവകാശവാദങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും മദ്ധ്യേ കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനും ആരെ തുണക്കുമെന്നാണ് ഇനി അറിയാനുള്ളത്. രണ്ടായാലും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനും പി.ജെ ജോസഫിനെ തുണക്കുന്നവര്‍ക്കും ഒരേ മുന്നണിയില്‍ തുടരുമ്പോഴും വഴി രണ്ടാണെന്നു വ്യക്തം. പാര്‍ട്ടിയിലും മുന്നണിയിലും പുതിയ പോര്‍മുഖം തുറന്ന ഇരുവിഭാഗവും ആരോപണ പ്രത്യാരോപണം ഏതളവു വരെ മുന്നോട്ടു കൊണ്ടുപോവും? എന്നതാണ് കേരളം കാണാനിരിക്കുന്നത്. ഈ കലാപക്കൊടി യു.ഡി.എഫിലുണ്ടാക്കുന്ന ചലനങ്ങള്‍ എന്താവും? മുന്നണിയില്‍ ഇരു മെയ്യായി നീങ്ങുന്ന ഇരുവിഭാഗങ്ങളെയും അപസ്വരങ്ങളില്ലാതെ, പിണക്കാതെ, പ്രശ്‌നങ്ങളില്ലാതെ, ഒരുമയോടെ നയിക്കാനുള്ള രാഷ്ട്രീയ നയതന്ത്രമാണ് യു.ഡി.എഫ് നേരിടുന്ന വെല്ലുുവിളി. അപ്പോഴും ആസന്നമായ പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്ന സങ്കീര്‍ണ്ണാവസ്ഥ വേറെ. അതിനിടിയ്ക്ക് ഇരു കൂട്ടരും തമ്മിലുള്ള കലഹത്തില്‍ വല്ലതും തരപ്പെടുമോ എന്ന ഗവേഷണത്തിലാവും ഇടതുപക്ഷ ജനാധിപത്യ മുന്നണി, പ്രത്യേകിച്ച് സി.പി.എം നേതൃത്വം. ബാര്‍ കോഴക്കേസ് കാലത്ത് കെ.എം മണിക്കെതിരേ പറഞ്ഞതെല്ലാം വിഴുങ്ങി ഒരുവേള ഇടതു മുന്നണിയിലേക്കടുപ്പിക്കാന്‍! സി.പി.എം പല നീക്കങ്ങള്‍ നടത്തിയെങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി.എസ് അണ്ടച്യുതാനന്ദന്റെയും സി.പി.ഐയുടെയും കര്‍ക്കശമായ നിലപാടുകള്‍ കാരണം തട്ടി അത് നടന്നില്ല. എന്തായാലും ലോണ്ടക് സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ആഘാതത്തില്‍ പ്രത്യേകിച്ചും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ കൂടെ കിട്ടുമെങ്കില്‍ അത് സി.പി.എം ഏതളവുവരെയും ഉപയോഗിക്കുമെന്നുറപ്പാണ്. ഈ സാദ്ധ്യതയെ എങ്ങനെയും ഇല്ലാതാക്കാനാണ് യു.ഡി.എഫ് നേതൃത്വം കിണഞ്ഞുശ്രമിക്കുക. ജോസ് കെ മാണിയുടെ പുതിയ സ്ഥാനാരോഹണം സംഘടനാപരമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഭരണഘടനാവിരുദ്ധമെന്നു ജോസഫ് പക്ഷവും വാദിക്കുന്ന സ്ഥിതിക്കു ഒരു കമ്മിഷന്‍ വഴി നീതിപൂര്‍വ്വമായ ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയാലും പിളര്‍പ്പല്ലാതെ പോംവഴിയുണ്ടാവില്ല. അതല്ലെങ്കില്‍ യു.ഡി.എഫും സഭാനേതാക്കളും നടത്തുന്ന സമവായ ചര്‍ച്ചകള്‍ ഫലം കാണണം. നിലവില്‍ അതിനുള്ള സാദ്ധ്യത കാണുന്നില്ല. എന്നും കേരള കോണ്‍ഗ്രസിനെ പിളര്‍പ്പിലേക്ക് നയിച്ചത് ചിലരുടെ സ്ഥാപിത താല്പര്യങ്ങളാണ്. മാറിയും മറിഞ്ഞും ഇണങ്ങിയും പിണങ്ങിയും വിവിധ ചേരികളിലായിരുന്ന കെ.എം മാണിയേയും പി.ജെ ജോസഫിനേയും 10 വര്‍ഷം മുമ്പ് യോജിപ്പിക്കാന്‍ ചരടുവലിച്ചവര്‍ തന്നെയാണ് ഇക്കുറി ജോസ് കെ മാണി നയിക്കുന്ന മാണി വിഭാഗത്തേയും പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള ചേരിയേയും ഭിന്നധ്രുവങ്ങളിലാക്കിയത്. ഇതില്‍ എക്കാലവും മാണി ഗ്രൂപ്പിനൊപ്പം നിന്നിരുന്ന മുതിര്‍ന്ന നേതാവ് സി.എഫ് തോമസ്, ജനറല്‍സെക്രട്ടറി ജോയ് അബ്രഹാം, തോമസ് ഉണ്ണിയാടന്‍ അടക്കമുള്ളവരെ ആ പാളയത്തില്‍നിന്നും മാറ്റാന്‍ സാധിച്ചുവെന്നത് ജോസഫ് വിഭാഗത്തിന് ആശ്വാസം പകരുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക