Image

ത്രില്ലടിപ്പിക്കുന്ന രാക്ഷസന്‍

Published on 15 October, 2018
ത്രില്ലടിപ്പിക്കുന്ന രാക്ഷസന്‍
ഹൊറര്‍ ത്രില്ലര്‍ സിനിമകളുടെ വിജയം എന്നു പറയുന്നത് അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് പ്രേക്ഷകന് യാതൊരു പിടിയും കൊടുക്കാതെ കഥ മുന്നോട്ടു കൊണ്ടു പോകാനുള്ള സംവിധായകനുള്ള കഴിവാണ്. ഇത്തരം കഥകളില്‍ സ്ഥിരമായി ഒരു കുറ്റവാളിയും അയാളെ തിരഞ്ഞു നടക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ എന്ന ചിത്രവും സൂപ്പര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ത്രില്ലടിപ്പിച്ചുകൊണ്ടാണ് സിനിമയുടെ സഞ്ചാരം.

പ്രമേയം നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. ഒരു സീരിയല്‍ കില്ലറെ തേടിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്യുന്ന സംഭവം പതിവായി അരങ്ങേറുന്നു. ഈ കൊടുംകുറ്റവാളിയെ കണ്ടെത്താനുള്ള പോലീസിന്റെ പരിശ്രമങ്ങളും അതില്‍ അരുണ്‍ എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ നേരിടുന്ന വെല്ലുവിളികളുമാണ് കഥ.

പ്രമേയത്തിനു പുതുമയില്ലെങ്കിലും അതവതരിപ്പിച്ച രീതിക്ക് നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാം. യുക്തിഭദ്രത , അതോടൊപ്പം മികച്ച കൈയ്യടക്കം ഇതു രണ്ടും അണുവിട തെറ്റാതെ പുലര്‍ത്തിയിട്ടുണ്ട്. ഒന്നു വഴുതിയാല്‍ കൈവിട്ടു പോകാവുന്ന പ്രമേയത്തെ ശക്തമായ തിരക്കഥയുടെ പിന്‍ബലം കൊണ്ടും ട്രീറ്റ്‌മെന്‍രുകൊണ്ടുമാണ് സംവിധായകന്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. വയലന്‍സ് രംഗങ്ങള്‍ പോലും പ്രേക്ഷകന് മടുക്കാത്ത വിധം അവതരിപ്പിച്ചിട്ടുണ്ട്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അവസാന രംഗം വരെ പ്രേക്ഷകനെ കൊണ്ടു പോകാന്‍ കഴിഞ്ഞത് സംവിധായകന്റെ വിജയമാണ്. പല രംഗങ്ങളിലും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ വരുന്നത് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിക്കുന്നത്.

തിരക്കഥയുടെ കരുത്തും സംവിധാനമികവും ഒത്തു ചേര്‍ന്നു എന്നതാണ് രാക്ഷസന്‍ എന്ന സിനിമയുടെ വിജയം. അതിന് സംവിധായകന്‍ രാംകുമാറിന് നന്ദി പറയാം. മികച്ച ഒരു ചലച്ചിത്രാനുഭവം നല്‍കിയതിന്. ഈയിടെയായി തമിഴകത്തു നിന്നും എത്തുന്ന ചിത്രങ്ങള്‍ പലതും മലയാളിയുടെ മനം അക്ഷരാര്‍ത്ഥത്തില്‍ കവരുക തന്നെയാണ്. 96 എന്ന ചിത്രത്തിന്റെ വിജയം ഇതിന്റെ ഉദാഹരണമാണ്. ഇതേ ട്രാക്കില്‍ തന്നെയാണ് രാക്ഷസന്റെയും യാത്ര. പല രംഗങ്ങളിലും തിയേറ്ററില്‍ നിന്നും ഉയരുന്നകൈയ്യടി അതിന്റെ തെളിവാണ്. ചിത്രത്തിന്റെ മൂഡു നിലനിര്‍ത്തുന്നതില്‍ സംവിധായകനെ ഏറ്റവുമധികം പിന്തുണച്ച രണ്ടു കാര്യങ്ങള്‍ ജിബ്രാന്റെ പശ്ചാത്തല സംഗീതവും സാന്‍ ലോകേഷിന്റെ എഡിറ്റിങ്ങുമാണ്. പ്രേക്ഷകനെ കഥയ്‌ക്കൊപ്പം പോകാന്‍ സഹായിച്ചതില്‍ ജിബ്രാന്റെ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. അവസാനരംഗത്തെ പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ സംഘട്ടനരംഗം അതിമനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

പോലീസ് ഓഫീസര്‍ അരുണായി വേഷമിട്ട വിഷ്ണു വിശാല്‍ സ്വാഭാവിക അഭിനയം കൊണ്ടു മികച്ചു നിന്നു. നായിക അമലാ പോളിന് കാര്യമായൊന്നും ചെയ്യാന്‍ ചിത്രത്തില്‍ അവസരമുണ്ടായില്ല. എങ്കിലും അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. രാധാരവി, നിഴല്‍കല്‍ രവി, അലക്‌സ് ക്രിസ്റ്റഫര്‍, രാംദാസ്, വിനോദിനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം മികച്ചു നിന്നു.

മികച്ച ദൃശ്യാനുഭവം, അമ്പരപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍, അവസാന രംഗം വരെ നീണ്ടു പോകുന്ന സസ്‌പെന്‍സ്, ആകാംക്ഷ...അങ്ങനെ രാക്ഷസന്റെ പ്രമേയം കൊരുത്തു വയ്ക്കുന്ന വിജയഘടകങ്ങള്‍ നിരവധിയാണ്. നല്ല സിനിമ കാണാനാഗ്രഹിക്കുന്ന പ്രേക്ഷകന് രാക്ഷസന്‍ ഒരു വേറിട്ട അനുഭവമായിരിക്കും. ധൈര്യമായി ടിക്കറ്റെടുക്കാം ഈ ചിത്രത്തിന്. 
ത്രില്ലടിപ്പിക്കുന്ന രാക്ഷസന്‍
Join WhatsApp News
Francis Thaathil 2018-10-16 07:38:30
Great review 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക