Image

ഡോക്ടര്‍ വിസമ്മതിച്ചു, അറ്റന്‍ഡര്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതി മരിച്ചു

Published on 19 September, 2018
 ഡോക്ടര്‍ വിസമ്മതിച്ചു, അറ്റന്‍ഡര്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതി മരിച്ചു
ചെന്നൈ: മധുരയ്ക്കടുത്ത് ഉസിലംപട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഗര്‍ഭച്ഛിദ്രം നടത്തിയതിനെത്തുടര്‍ന്ന് 28കാരി മരിച്ചു.

പെരിയാര്‍ താലൂക്കിലെ രാമറുടെ ഭാര്യയും മൂന്നു പെണ്‍കുട്ടികളുടെ അമ്മയുമായ രമുതായി ആണ് മരിച്ചത്. സംഭവത്തില്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ ജയലക്ഷ്മിയെ അറസ്റ്റുചെയ്തു. പെണ്‍ഭ്രൂണഹത്യയാണെന്ന സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.

ആറുമാസം ഗര്‍ഭണിയായിരിക്കെയാണ് ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട് രമുതായി ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ അവരെ തിരിച്ചയച്ചു. ആശുപത്രിയില്‍ നേരത്തേ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് രമുതായി ജയലക്ഷ്മിയെ പരിചയപ്പെട്ടത്. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മതിച്ചതോടെ സ്വന്തം വീട്ടില്‍വെച്ച് താന്‍ നടത്തിത്തരാമെന്ന് രമുതായിക്ക് ജയലക്ഷ്മി ഉറപ്പുനല്‍കി. അന്നുവൈകീട്ടുതന്നെ രമുതായി ജയലക്ഷ്മിയുടെ വീട്ടിലെത്തി. ഗര്‍ഭച്ഛിദ്രത്തിനായി ജയലക്ഷ്മി അവര്‍ക്ക് കുത്തിവെപ്പുനല്‍കിയതായി പറയുന്നു. അടുത്തദിവസം രാവിലെ രമുതായിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജനിക്കാന്‍പോകുന്ന കുഞ്ഞിനെ നശിപ്പിക്കണമെന്ന് രമുതായിയും രാമറും നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അതിനായി മൂന്നുമാസം ഗുളിക കഴിച്ചിരുന്നുവെന്നും ഇത് ഫലിക്കാതെ വന്നപ്പോഴാണ് ആശുപത്രിയിലെത്തിയതെന്നും പോലീസ് പറഞ്ഞു. നാലാമത്തേതും പെണ്‍കുട്ടിയാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയിട്ടാവാം ഗര്‍ഭച്ഛിദ്രത്തിന് തുനിഞ്ഞതെന്നാണ് പോലീസ് സംശയിക്കുന്നത്. രമുതായി നേരത്തേ സ്കാന്‍ ചെയ്ത് ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന് ഉറപ്പുവരുത്തിയിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം 1994 മുതല്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് മധുര കളക്ടര്‍ എസ്. നടരാജന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക