ശബരിമല: ബുധനാഴ്ച നടക്കാനിരുന്ന നിറപുത്തരി ആഘോഷത്തിനായി നെല്‍ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിര്‍ത്തിവച്ചു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ താമസിക്കും.
കനത്ത മഴയും മൂടല്‍ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചത്. മാത്രമല്ല തീര്‍ഥാടന കാലമല്ലാത്തതിനാല്‍ പാത ഏറെ ദുര്‍ഘടമായിരിക്കുന്നതും യാത്ര നിര്‍ത്തിവെക്കാന്‍ കാരണമായി.
നാളെ രാവിലെ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് യാത്ര തുടരും. ബുധനാഴ്ച രാവിലെ ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകള്‍ സംഘം എത്തിയതിന് ശേഷമാകും നടത്തുക.