Image

ലാവയൊഴുകുന്ന ഭൂമിയിലൂടെ (യാത്രാവിവരണം: റീനി മമ്പലം)

Published on 27 March, 2012
ലാവയൊഴുകുന്ന ഭൂമിയിലൂടെ (യാത്രാവിവരണം: റീനി മമ്പലം)
രാവിലെ ഞങ്ങള്‍ ഫോര്‍ട്ട്‌കോളിന്‍സ്‌ വിട്ടു. നീണ്ടയാത്രയില്‍ കേള്‍ക്കാനായി പലരാഗങ്ങളായി തരംതിരിച്ച്‌ പാട്ടുകള്‍ പലതും കരുതിയിരുന്നു. രാവിലെതന്നെ ഞാന്‍ എന്‍െറ ബാഗില്‍നിന്ന്‌ ബെന്യാമിന്‍െറ `ആടുജീവിതം' പുറത്തെടുത്തു. അന്നത്തെ നീണ്ടയാത്രക്കിടയില്‍ ആ പുസ്‌തകം വായിച്ചു തീര്‍ക്കണമെന്ന്‌ ശപഥമെടുത്തു. അങ്ങനെ കൂടെയുണ്ടായിരുന്നവര്‍ ആടുജീവിതം എന്ന പുസ്‌തകത്തെക്കുറിച്ച്‌ കൂടുതലറിഞ്ഞു. അമേരിക്കന്‍ സമൃദ്ധിയില്‍ ജീവിക്കുന്ന എന്നെ, ഇതൊരു കെട്ടുകഥയല്ല, മിഡിലീസ്റ്റിലെ ജീവിതത്തിന്‌ ഇങ്ങനെ ഒരുവശമുണ്ടെന്ന്‌ മോണ്ടാനയില്‍ എത്തുംമുമ്പ്‌ ബെന്യാമിന്‍ മനസ്സിലാക്കിച്ചു.

ഹൈവേയില്‍ മറ്റു വാഹനങ്ങള്‍ വളരെ വിരളം. തരിശായി കിടക്കുന്ന ഭൂമി. മനുഷ്യരെ കാണാന്‍ പോലുമില്ല. വല്ലപ്പോഴുമൊരിക്കല്‍ കണ്ട കെട്ടിടക്കൂട്ടങ്ങള്‍ ചെറിയ ഗ്രാമങ്ങളാവാം.
സൂര്യന്‍ അസ്‌തമിക്കുംമുമ്പ്‌ യെലോസ്‌റ്റോണ്‍ പാര്‍ക്കിന്‍െറ ഈസ്റ്റ്‌ ഗേറ്റിലൂടെ പാര്‍ക്കിനുള്ളില്‍ കയറി. കുറച്ച്‌ വര്‍ഷം മുമ്പ്‌ ഒരു കാട്ടുതീയില്‍ പാര്‍ക്കിന്‍െറ ഒരു ഭാഗം കത്തിനശിച്ചിരുന്നു. പാര്‍ക്കിനുള്ളിലാണെന്ന്‌ ആരും പറയാതെതന്നെ കരിഞ്ഞുനില്‍ക്കുന്ന പൈന്‍ മരങ്ങള്‍ പറഞ്ഞു. അവക്കരികില്‍ ആവേശത്തോടെ വളരുന്ന പൈന്‍തൈകള്‍ ഒരു പത്ത്‌ വര്‍ഷം കൊണ്ട്‌ അവിടം വീണ്ടും ഒരു പൈന്‍കാടാക്കും.

ഞങ്ങള്‍ യെലോസ്‌റ്റോണിന്‍െറ വെസ്റ്റ്‌ ഗേറ്റിലൂടെ ഇറങ്ങി മൊണ്ടാനയെ ലക്ഷ്യമാക്കി െ്രെഡവ്‌ ചെയ്‌തു. രാത്രിയോടെ ഹോട്ടലിന്‌ സമീപം എത്തി. ഹോട്ടലില്‍ എത്തിയപ്പോഴേക്കും നോവലിലെ നജീബ്‌ എന്ന കഥാപാത്രവും നബീല്‍ എന്ന ആട്ടിന്‍കുട്ടിയും കഥാലോകത്തുനിന്ന്‌ ചോരയും നീരോടും കൂടി ഇറങ്ങി വന്ന്‌ എന്നെയും കാത്തുനിന്നിരുന്നു, അവരുടെ ബാക്കി കഥ പറയുവാന്‍.

യെലൊസ്‌റ്റോണ്‍ നാഷനല്‍ പാര്‍ക്ക്‌

1872ല്‍ അമേരിക്കയിലെ ആദ്യത്തെ നാഷനല്‍ പാര്‍ക്കായി യെലൊസ്‌റ്റോണ്‍ പ്രഖ്യാപിക്കപ്പെട്ടു. അസാധാരണമായ പ്രകൃതി ഭംഗിക്കും വൈവിധ്യത്തിനും പുറമെ ഒരു ആക്‌റ്റീവ്‌ വോള്‍ക്കാനൊയുടെ മുകളിലാണ്‌ യെലൊസ്‌റ്റോണ്‍ നാഷനല്‍ പാര്‍ക്ക്‌.

യെലൊസ്‌റ്റോണില്‍ തിളച്ചുമറിയുന്ന ലാവ അധികം ആഴത്തിലല്ല. കഴിഞ്ഞ ഇരുപത്‌ ലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ വളരെയധികം ശക്തിയോടെ ഇവിടെ വോള്‍ക്കാനോ പൊട്ടിയിട്ടുണ്ട്‌. അവസാനമായി സംഭവിച്ചത്‌ 70,000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. 3468.4 ചതുരശ്ര മൈലുള്ള പാര്‍ക്കിന്‍െറ ഭൂരിഭാഗം വയോമിങ്‌, മോണ്ടാന, ഐഡഹോ എന്ന സ്‌റ്റേറ്റുകളിലായി യെലോസ്‌റ്റോണ്‍ എന്ന `കാല്‍ഡേരയില്‍' വ്യാപിച്ചുകിടക്കുന്നു. അഗ്‌നിപര്‍വതം പൊട്ടി ഭൂമിയുടെ ഉള്ളില്‍നിന്നും ലാവയും കല്ലുകളും പുറത്തേക്ക്‌ വമിക്കുമ്പോള്‍ ഉണ്ടാവുന്ന പൊള്ളയായ സ്ഥലത്തേക്ക്‌ ചുറ്റുമുള്ള ഭൂമി താഴ്‌ന്ന്‌ ഒരു പാത്രം പോലെയാകുന്നതിനെയാണ്‌ `കാല്‍ഡേര' എന്നുവിളിക്കുന്നത്‌.

ഭൂമിക്കടിയിലെ ഉയര്‍ന്ന താപം കൊണ്ട്‌ ഉണ്ടാകുന്ന, ഗീസേര്‍സ്‌, ഹോട്ട്‌സ്‌പ്രിങ്‌സ്‌, മഡ്‌ പോട്ട്‌സ്‌, ഫ്യുമറോള്‍സ്‌, ട്രാവര്‍റ്റീന്‍ ടെറസ്‌ എന്നീ പ്രതിഭാസങ്ങളും വിവിധ തരത്തിലുള്ള ജീവജാലങ്ങളുമാണ്‌ യെലൊസ്‌റ്റോണിന്‍െറ പ്രത്യേകതകള്‍. ഭൂമിയുടെ അടിയിലുള്ള വെള്ളം ഇടക്കിടെ ജലധാര പോലെ ബഹിര്‍ഗമിക്കുന്ന പ്രതിഭാസത്തെയാണ്‌ ഗീസേര്‍സ്‌ അല്ലെങ്കില്‍ ഗൈസേര്‍സ്‌ (geysers) എന്ന്‌ വിളിക്കുന്നത്‌. ചൂടുവെള്ളം നിറഞ്ഞ ജലാശയമാണ്‌ ഹോട്ട്‌ സ്‌പ്രിങ്‌.

ഗീസറുകളിലേക്ക്‌

ആദ്യ ദിവസം ഞങ്ങള്‍ ലോവര്‍ ഗീസര്‍ ബേസിനിലേക്ക്‌ യാത്രയായി. അവിടത്തെ ഏറ്റവും വലിയ ബേസിനും ഇതുതന്നെ. ഒന്നിലധികം ഗീസേര്‍സും ചുരുക്കം മഡ്‌പോട്ടുകളും അടുത്തടുത്തുള്ള ഏരിയയെയാണ്‌ `ബേസിന്‍' എന്ന്‌ വിളിക്കുന്നത്‌. ഇവിടെ പ്രധാനപ്പെട്ടത്‌ `പെയിന്‍റഡ്‌ മഡ്‌ പോട്ട്‌'റെഡ്‌ സ്‌പൗട്ടര്‍, ഗ്രേറ്റ്‌ ഫൗണ്ടന്‍ ഗീസര്‍ എന്നിവയാണ്‌. സന്ദര്‍ശകര്‍ക്കായി ഒരു നടപ്പാലം നിര്‍മിച്ചിട്ടുണ്ട്‌.

വാനില്‍നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ തന്നെ മഡ്‌പോട്ടില്‍ നിന്നുയരുന്ന ഹൈഡ്രജന്‍ സര്‍ഫൈഡിന്‍െറ മണം ശ്രദ്ധിച്ചു. എന്‍െറ മുന്നിലേക്ക്‌ പുതിയൊരു ലോകം അടര്‍ന്നുവീഴുകയായിരുന്നു. ഗന്ധവും, ശബ്ദങ്ങളും ഫൗണ്ടനും ആവിയും കൊണ്ട്‌ നമ്മെ വിസ്‌മയരാക്കുന്ന ഒരു അദ്‌ഭുത ലോകം. പെയിന്‍റഡ്‌ മഡ്‌ പോട്ട്‌ എന്ന പേര്‌ അതിലെ ചളിയില്‍ ബ്രൗണ്‍, മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഉള്ളതിനാലാണ്‌. ഈ നിറങ്ങള്‍ ചളിയിലുള്ള ഇരുമ്പ്‌, സിലിക്ക എന്നിവ ഓക്‌സിഡൈസ്‌ ചെയ്‌ത്‌ ഉണ്ടാവുന്നതാണ്‌. ഇതില്‍ കാണുന്ന കുമിളകള്‍ ചളി തിളക്കുന്നതുകൊണ്ടല്ല, ഭൂഗര്‍ഭത്തില്‍നിന്നുള്ള ഗ്യാസ്‌ പുറത്തേക്ക്‌ വമിക്കുന്നതിനാലാണ്‌. ആകെക്കൂടി നിറങ്ങളുടെ ഒരു തിളപ്പ്‌! മഴകുറഞ്ഞ സീസണില്‍ `മഡ്‌ പോട്ട്‌' കുറുകിയ ഒരു സൂപ്പുപോലെ തോന്നിക്കും.

നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു ഗീസറാണ്‌ അവിടെയുള്ള ഗ്രേറ്റ്‌ ഫൗണ്ടന്‍ ഗീസര്‍. എല്ലാ ഒമ്പതു മുതല്‍ 15 മണിക്കൂറിലും ഇതില്‍നിന്ന്‌ ഫൗണ്ടന്‍ ഉയരുന്നു. അത്‌ ഒരു മണിക്കൂര്‍ ചിലപ്പോള്‍ രണ്ട്‌ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയും 75 അടിമുതല്‍ 200 അടി വരെ ഉയരത്തില്‍ പൊങ്ങുകയും ചെയ്യുന്നു.

`റെഡ്‌ സ്‌പൗട്ടര്‍' വളരെയധികം ഒച്ചയും ബഹളവും കൊണ്ട്‌ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു `മഡ്‌ പോട്ടാണ്‌.' അതില്‍നിന്ന്‌ ഒരു പ്രഷര്‍ കുക്കറില്‍നിന്നെന്നപോലെ എപ്പോഴും വലിയ ചീറ്റലും പൊട്ടലും ഉണ്ടായിക്കൊണ്ടിരിക്കും. വസന്തത്തിന്‍െറ തുടക്കത്തില്‍ ധാരാളം മഴയുള്ളപ്പോള്‍ ചുവപ്പ്‌ രാശിയുള്ള ചളി വെള്ളം അതിന്‍െറ വക്കില്‍ വലിയ ഓളങ്ങളുണ്ടാക്കും. അധികം വെള്ളമില്ലാത്ത സമയത്ത്‌ ആവിമാത്രം പുറത്ത്‌ വിട്ടുകൊണ്ട്‌ ഇതൊരു ഫ്യുമറോളായി മാറും.

പിന്നെ, ഞങ്ങള്‍ നേരെ വിട്ടത്‌ ഏറ്റവും പ്രസിദ്ധമായ ഓള്‍ഡ്‌ ഫെയ്‌ത്‌ ഫുള്‍ എന്ന ഗീസര്‍ കാണാനാണ്‌. 3700 മുതല്‍ 8400 ഗ്യാലന്‍ വെള്ളം ആവറേജ്‌ 145 അടി ഉയത്തില്‍ വിട്ടുകൊണ്ട്‌ എല്ലാ 90 മിനിറ്റിലും ഈ ഗീസര്‍ സജീവമാകുന്നു. ഈ കാര്യത്തില്‍ വളരെ കണിശമാണ്‌. അതിനാലാണ്‌ അവര്‍ക്ക്‌ ഓള്‍ഡ്‌ ഫെയ്‌ത്‌ഫുള്‍ എന്ന പേരുകിട്ടിയതും.

ഉച്ചതിരിഞ്ഞ്‌ ഞങ്ങള്‍ മിഡ്വേ ഗീസര്‍ ബേസിന്‍ കാണാന്‍ പുറപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ രണ്ട്‌ ഹോട്ട്‌ സ്‌പ്രിങ്‌ ഇവിടെയാണ്‌, ഗ്രാന്‍റ്‌ പ്രിസ്‌മാറ്റിക്‌ സ്‌പ്രിങ്ങും എക്‌സല്‍സിയോര്‍ സ്‌പ്രിങ്ങും. ഒരു മിനിറ്റില്‍ ഭൂമിക്കടിയില്‍നിന്ന്‌ ഇതിലേക്ക്‌ 560 ഗ്യാലന്‍ വെള്ളം വരുന്നു. ഇതിലെ താപം ഏകദേശം 188 ഡിഗ്രി ഫാരന്‍ ഹീറ്റ്‌. ലോകത്തിലെ ഏറ്റവും വലിയ ഹോട്ട്‌ സ്‌പ്രിങ്‌സില്‍ മൂന്നാം സ്ഥാനം.
എക്‌സല്‍സിയോര്‍ സ്‌പ്രിങ്ങില്‍ വെള്ളത്തിന്‌ 199 ഡിഗ്രി ഫാരന്‍ ഹീറ്റ്‌ ചൂടുണ്ട്‌. 1880 വരെ ഈ ഹോട്ട്‌ സ്‌പ്രിങ്‌ 300 അടി പൊക്കത്തില്‍ ഫൗണ്ടന്‍ ഉയര്‍ത്തിക്കൊണ്ട്‌ വളരെ സജീവമായിരുന്നു. അതിനു ശേഷം ഉറക്കംപൂണ്ട മട്ടാണ്‌. ഇപ്പോള്‍ ഒരു ഹോട്ട്‌ സ്‌പ്രിങ്ങായി തുടരുന്നു.

ഇവിടെ ഒഴുകുന്ന വെള്ളത്തിന്‌ നല്ല ചൂടാണ്‌. തന്നെയുമല്ല ചിലപ്പോള്‍ സള്‍ഫ്യൂരിക്‌ ആസിഡ്‌ പോലെയുള്ള ആസിഡ്‌ അലിഞ്ഞുചേര്‍ന്നിരിക്കും. ഇറങ്ങിനടന്നാല്‍ ചിലപ്പോള്‍ കയറി വരാനാവാത്തവിധം താഴ്‌ന്നുപോയെന്നിരിക്കും. ദേഹമാകെ പൊള്ളി പലരും മരിച്ചിട്ടുണ്ട്‌.

എല്ലാം കണ്ട്‌ ഹോട്ടലിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ വലിയ ട്രാഫിക്‌ ജാം. വഴിയില്‍ അവിടവിടെയായി പൊലീസുകാര്‍ ഉണ്ട്‌. അവരോട്‌ കാരണം ചോദിച്ചപ്പോഴാണ്‌ അറിഞ്ഞത്‌ വഴിയരികിലുള്ള കാട്ടില്‍ `മൂസ്‌' എന്ന മൃഗങ്ങള്‍ ഇണചേരുന്നു. എന്‍െറ ധാരണ `ഒളിഞ്ഞുനോട്ടം' എന്ന കല മലയാളിക്ക്‌ മാത്രമേയുള്ളൂവെന്നായിരുന്നു.

മാമത്ത്‌ സ്‌പ്രിങ്‌

സന്ധ്യയായി, ഉഷസായി, യെലോസ്‌റ്റോണില്‍ രണ്ടാം ദിവസം. അന്ന്‌ രാവിലെ `മാമത്ത്‌ സ്‌പ്രിങ്‌' എന്നയിടത്തേക്കാണ്‌ പോയത്‌. മാമത്തിനോട്‌ അടുത്തപ്പോള്‍ മാര്‍ബിള്‍ മലയോ, അതോ മഞ്ഞ്‌ മലയോ എന്ന്‌ തോന്നിപ്പിക്കുംവിധം വെളുത്ത നിറത്തിലുള്ള പ്രതിഭാസം. ആയിരമായിരം വര്‍ഷങ്ങള്‍ ഹോട്ട്‌ സ്‌പ്രിങ്ങിലെ വെള്ളം തണുത്ത്‌ അതില്‍ അലിഞ്ഞിരുന്ന കാല്‍സ്യം കാര്‍ബണേറ്റ്‌ അടിഞ്ഞാണ്‌ മാമത്ത്‌ സ്‌പ്രിങ്‌ എന്ന വെണ്‍മ ഉണ്ടായിരിക്കുന്നത്‌. നോറീസ്‌ ഗീസര്‍ ബേസിനില്‍നിന്നാണ്‌ ഭൂമിക്കടിയിലൂടെ ഇവിടേക്ക്‌ വെള്ളം വരുന്നത്‌.

യെലോസ്‌റ്റോണിലെ ഏറ്റവും ചൂടുള്ള ഗീസര്‍ ബേസിനാണ്‌ നോറിസ്‌ ഗീസര്‍ ബേസിന്‍. ഏറ്റവും കൂടുതല്‍ അസിഡിറ്റിയുള്ള വെള്ളവും ഇവിടെത്തന്നെ. ലോകത്തിലെ ഏറ്റവും പൊക്കത്തില്‍ ഫൗണ്ടന്‍ ഉണ്ടാക്കുന്ന സ്റ്റീം ബോട്ട്‌ ഇവിടെയാണ്‌.

സ്റ്റീം ബോട്ടിന്‍െറ മേജര്‍ ഇറപ്‌ഷനില്‍ ഫൗണ്ടന്‌ 300 അടി പൊക്കമുണ്ടാവും. വെള്ളത്തിന്‍െറ ചൂടും അസിഡിറ്റിയും നിമിത്തം ഇവിടെ ചെടികളും ആല്‍ഗെയും ബാക്ടീരിയയും വളരുന്നില്ല. ആകെക്കൂടി വെളുത്ത നിറത്തില്‍ തരിശായി കിടക്കുന്ന ഭൂമി.

തിരികെ ഹോട്ടലിലേക്ക്‌ െ്രെഡവ്‌ ചെയ്യുമ്പോള്‍ റോഡില്‍ വീണ്ടും ട്രാഫിക്‌ ജാം. മരങ്ങള്‍ക്ക്‌ പിന്നില്‍ തുറസ്സായ സ്ഥലത്ത്‌ കാണുന്ന മൂന്ന്‌ കറുത്ത പൊട്ടുകള്‍ കരടികളാണെന്ന്‌ പൊലീസ്‌ ഓഫിസര്‍ പറഞ്ഞു.
യെലോസ്‌റ്റോണിലെ അവസാനത്തെ ദിവസം മഡ്‌ വോള്‍ക്കാനോസ്‌ കാണാന്‍ പുറപ്പെട്ടു. മഡ്‌ വോള്‍ക്കാനോയോട്‌ അടുത്തപ്പോള്‍ ചീഞ്ഞ മുട്ടയുടെ, ഹൈഡ്രജന്‍ സള്‍ഫൈഡിന്‍െറ ഗന്ധം. അവിടെ പല മഡ്‌ പോട്ടുകളുണ്ട്‌. ഇവിടെ ഏറ്റവും ശ്രദ്ധേയമായത്‌ ഡ്രാഗന്‍സ്‌ മൗത്ത്‌? ആണ്‌. ഇത്‌ ചെറിയൊരു ഗുഹയാണ്‌. ഈ ഗുഹക്കുള്ളില്‍ ജലനിരപ്പു ഉയരുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്‌, കാര്‍ബണ്‍ ഡയോക്‌സൈഡ്‌, ജലാംശം എന്നിവയുടെ അളവു കൂടുമ്പോള്‍ ഗുഹക്കുള്ളില്‍ ?എക്‌സ്‌പ്‌ളോഷന്‍? ഉണ്ടാകുന്നു. അതിന്‍െറ ഫലമായി ഗുഹക്കുള്ളില്‍ പൊട്ടലും ചീറ്റലും കേള്‍ക്കാം. ഗുഹക്ക്‌ വെളിയിലേക്ക്‌ വെള്ളം അലയടിച്ചു വരുന്നതും കാണാം. ഇവിടെയുള്ള മഡ്‌പോട്ടുകളുടെ സമീപം കാട്ടുപോത്തുകള്‍ വിഹരിക്കുന്നതു കാണാം. ചൂട്‌ തേടിവരുന്നതുപോലെ.

വരും കാലത്ത്‌ എന്നെങ്കിലും യെലോസ്‌റ്റോണിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ ലാവ രണ്ട്‌ മൈല്‍ ഉയരത്തില്‍ പൊങ്ങും. അതില്‍ നിന്നും ഉയരുന്ന ഗ്യാസും ചാരവും ആയിരക്കണക്കിന്‌ മൈലുകള്‍ പരക്കും. മനുഷ്യര്‍ ശ്വാസം മുട്ടി മരിക്കും. സൂര്യനെ മറയ്‌ക്കും. ദൂരെയുള്ള കൃഷികള്‍ നശിച്ച്‌ മനുഷ്യര്‍ പട്ടിണികിടന്ന്‌ മരിക്കും.

ഞങ്ങള്‍ക്ക്‌ യെലോസ്‌റ്റോണ്‍ വിടാനുള്ള സമയമായി. തിരികെ ഡെന്‍വര്‍, കൊളറാഡൊയില്‍ എത്തണം. അവിടെ നിന്നാണ്‌ ഫൈ്‌ളറ്റ്‌. പോകുംവഴി ഗ്രാന്‍റ്‌ ടീറ്റോണ്‍ നാഷനല്‍ പാര്‍ക്കില്‍ കയറി. അവിടത്തെ സ്‌നേക്ക്‌ റിവറിലൂടെ പ്രകൃതിയും പര്‍വത നിരകളും ആസ്വദിച്ചുകൊണ്ട്‌ ഫ്‌ളോട്ടില്‍ ഒരു സീനിക്‌ ജലയാത്ര. നദിക്കുചുറ്റും ഗ്രാന്‍ഡ്‌ ടീറ്റോണ്‍ പര്‍വതനിരകള്‍, മഞ്ഞ്‌, വെള്ളത്തിന്‍െറ മദിപ്പിക്കുന്ന കളകളനാദം. അവിടവിടെയായി ഹെറോണ്‍ എന്ന പക്ഷികള്‍.

പെട്ടെന്ന്‌ നദിക്കരയില്‍ മരത്തിന്‍െറ ഉണങ്ങിയ ശിഖരങ്ങള്‍പോലെ രണ്ട്‌ കൊമ്പുകള്‍ കണ്ടു, പിന്നെ, ഒരു കറുത്ത തലയും. മൂസ്‌ എന്ന്‌ ഞങ്ങളില്‍ ആരോ ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക്‌ ഇറങ്ങേണ്ട സ്ഥലമടുത്തിരിക്കുന്നു. നദിയിലൂടെ ഏകദേശം പത്ത്‌ മൈല്‍ പിന്നിട്ടിരുന്നു. ഗൈഡ്‌ ഫ്‌ളോട്ട്‌ അടുപ്പിച്ചു.
ഡെന്‍വര്‍ ലക്ഷ്യമാക്കി ഞങ്ങളുടെ വാന്‍ പാഞ്ഞു. സ്‌നേക്‌ നദിയിലൂടെയുള്ള മൂന്നുമണിക്കൂര്‍ നേരത്തെ യാത്ര എല്ലാവരെയും ക്ഷീണിതരാക്കിയിരുന്നു. പിറ്റേ ദിവസം ഞങ്ങള്‍ ന്യൂയോര്‍ക്കിലേക്ക്‌ വിമാനം കയറി.

(കടപ്പാട്‌: മാധ്യമം)
ലാവയൊഴുകുന്ന ഭൂമിയിലൂടെ (യാത്രാവിവരണം: റീനി മമ്പലം)ലാവയൊഴുകുന്ന ഭൂമിയിലൂടെ (യാത്രാവിവരണം: റീനി മമ്പലം)ലാവയൊഴുകുന്ന ഭൂമിയിലൂടെ (യാത്രാവിവരണം: റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക