Image

തെരഞ്ഞെടുപ്പുകളുടെ കാലം (ജോര്‍ജ് തുമ്പയില്‍- പകല്‍ക്കിനാവ്- 104)

Published on 26 May, 2018
തെരഞ്ഞെടുപ്പുകളുടെ കാലം (ജോര്‍ജ് തുമ്പയില്‍- പകല്‍ക്കിനാവ്- 104)
തെരഞ്ഞെടുപ്പുകള്‍ എക്കാലത്തും ഹരമാണ്. എന്താണ് അതിന്റെ ആത്യന്തിക ഫലമെന്നതാണ് ഇതിന്റെ ലഹരി. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്ന കര്‍ണ്ണാടകയിലാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ ചൂടോടെ നടക്കാനിരിക്കുന്ന ഇവിടുത്തെ ഫോമ, ഫൊക്കാന കണ്‍വന്‍ഷനുകളാണെങ്കിലും അങ്ങനെ തന്നെ. 

തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന ഈ ജനാധിപത്യ സുഖം അതിന്റെ വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് അറിയാം. താന്‍ വോട്ട് ചെയ്ത വ്യക്തി ജയിച്ചോ, തന്റെ പക്ഷക്കാര്‍ ജയിച്ചോ, ഇനി ജയിക്കുമോ എന്നൊക്കെ അറിയാനുള്ള ഏതൊരാളുടെയും വ്യഗ്രത. അതാണ് തെരഞ്ഞെടുപ്പുകള്‍ക്ക് എന്നും ആളെക്കൂട്ടാനുള്ള ശക്തിയായി മാറുന്നത്. ഇതിനു ചില നിയമങ്ങളും വ്യക്തതകളുമൊക്കെയുണ്ട്. വെറുതേ, ചുമ്മാ വോട്ട് ചെയ്തു മാറി നിന്ന് സര്‍വ്വേ ഫലങ്ങളും നോക്കിയിരിക്കുന്നതല്ല, തെരഞ്ഞെടുപ്പുകള്‍ എന്നു പറയുന്നത്. അതു വലിയൊരു സംഭവം തന്നെയാണ്.

പുരാതന ഗ്രീസ്, റോം എന്നിവിടങ്ങളിലായിരുന്നു ലോകത്തിലെ ആദ്യ തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ളതായി ചരിത്രരേഖകളില്‍ കാണുന്നത്. മധ്യകാലഘട്ടങ്ങളില്‍ റോമന്‍ ചക്രവര്‍ത്തി , പോപ്പ് തുടങ്ങിയ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതിന് തെരഞ്ഞെടുപ്പ് ഉപയോഗിച്ചിരുന്നതായും കാണുന്നു. എന്നാല്‍ അതിനൊക്കെ മുന്നേ, ഇന്ത്യയില്‍ ഇത്തരം തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ളതായി ഞാന്‍ വായിച്ചിട്ടുണ്ട്. അത് ഇന്നത്തെ രീതിയിലൊന്നുമായിരുന്നില്ല. എന്നാല്‍ അക്കാദമിക്ക് താത്പര്യമുള്ളവരെ മുന്‍നിര്‍ത്തി പറയുമ്പോള്‍ അത് ഏറ്റവും പരിഷ്‌കൃത തെരഞ്ഞെടുപ്പായിരുന്നുവെന്നു പറയേണ്ടി വരും.

ഭാരതീയ വേദ കാലഘട്ടത്തില്‍, ഗണ (ഒരു ആദിമ രൂപീകൃത ഒത്തുചേരല്‍ എന്നു വേണമെങ്കില്‍ പറയാം) എന്ന കൂട്ടായ്മയുടെ തലവനായ രാജയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു എന്നു ചരിത്രകാരി റോമിള ഥാപ്പര്‍ പറയുന്നുണ്ട്. സംഘം കാലഘട്ടത്തില്‍ പോലും അവരുടെ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിലൂടെ പ്രതിനിധികളെ തെരഞ്ഞെടുത്തതായി പറയുന്നു. ബാലറ്റ് പെട്ടികള്‍ (സാധാരണയായി ഒരു കലത്തില്‍) കയര്‍ കൊണ്ട് മുദ്രയിടുമായിരുന്നുവത്രേ. നമ്മുടെ ബാലറ്റ് പെട്ടികള്‍ പോലെ തന്നെ. തെരഞ്ഞെടുപ്പിനുശേഷം വോട്ടുകള്‍ കണക്കു കൂട്ടി, കൂടുതല്‍ വോട്ട് നേടിയവര്‍ വിജയിയായി കണക്കാക്കപ്പെടുകയും ചെയ്തു. 

പാല രാജാവായ ഗോപല (750 മുതല്‍ 770 വരെയുള്ള കാലഘട്ടം) മദ്ധ്യകാല ബംഗാളില്‍ ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെ ഒരു കൂട്ടത്തെ ഇങ്ങനെ തെരഞ്ഞെടുത്തിരുന്നു. ആ പ്രദേശങ്ങളിലെ സമകാലിക സൊസൈറ്റികളില്‍ ഇത്തരം തെരഞ്ഞെടുപ്പ് വളരെ സാധാരണമായിരുന്നു. ചോള സാമ്രാജ്യത്തില്‍, ഏതാണ്ട് എ.ഡി. 920ല്‍ ഉത്തിരാമറില്‍ (ഇപ്പോഴത്തെ തമിഴ്‌നാട്ടില്‍), ഇലകള്‍ വോട്ടിനായി ഉപയോഗിച്ചിരുന്നുവത്രേ. ഗ്രാമകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഈ സമ്പ്രദായമാണ് ഉപയോഗിച്ചിരുന്നത്. കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്, ലഭ്യമായ സ്ഥാനങ്ങളുടെ എണ്ണം ആയി പല ഇലകളും പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഇത് കുടവോലൈ വ്യവസ്ഥ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്. അതിന്റെ പരിഷ്‌കൃത രൂപമാണ് ഇന്ന് നാം സംഘടന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഫൊക്കാനയിലും ഫോമയിലുമൊക്കെ കാണുന്നത്.

ആധുനിക 'തെരഞ്ഞെടുപ്പ്', പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കേ തുടങ്ങിയിരുന്നു. വടക്കേ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിനിധിസഭയുടെ ആശയം ഇതിനെ ആസ്പദമാക്കിയാണ് രൂപീകൃതമായത്. വോട്ടുചെയ്യുന്നവരുടെ ചോദ്യങ്ങള്‍, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വോട്ടുചെയ്യല്‍, തെരഞ്ഞെടുപ്പ് ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ഭൂരിഭാഗം സാംസ്‌കാരിക ഗ്രൂപ്പുകളും, പലപ്പോഴും വോട്ടര്‍മാരിലായിരുന്നു. പല രാജ്യങ്ങളിലും അത് തുടര്‍ന്നു. ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആദ്യകാല തെരഞ്ഞെടുപ്പ് ഭരണവര്‍ഗ പുരുഷന്മാര്‍ക്കു മാത്രമുള്ളതായിരുന്നു. എന്നിരുന്നാലും 1920 ഓടെ, പടിഞ്ഞാറന്‍ യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ ജനാധിപത്യ രാജ്യങ്ങളില്‍ സാര്‍വത്രിക മാറ്റമുണ്ടായി. പലേടത്തും, (സ്വിറ്റ്‌സര്‍ലന്റ് ഒഴികെയുള്ള) പുരുഷ അംഗങ്ങളുണ്ടായിരുന്നതായി കാണാം. പല രാജ്യങ്ങളും സ്ത്രീകളെ പിന്നീട് വോട്ട് ചെയ്യാനും സ്ഥാനാര്‍ത്ഥിയാക്കാനും തയ്യാറായി. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് സാര്‍വത്രിക വോട്ടുചെയ്യല്‍ മെല്ലെ സാര്‍വത്രികമായി.

ഇത്തരം തെരഞ്ഞെടുപ്പുകളില്‍ ഏറെ വ്യത്യസ്തം പോപ്പിനെ തെരഞ്ഞെടുക്കുന്നതാണ്. അതില്‍ വിശ്വാസത്തിന്റേതു മാത്രമല്ല വിശുദ്ധിയുടെ കാര്‍മ്മികത്വം കൂടി പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകളുടെ ആദിമരൂപമായ പോപ്പിന്റെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതാണ്ട് രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിന്റേതു കൂടിയാണ്. 1274-1271 കാലഘട്ടത്തില്‍ അന്തര്‍ ദര്‍ശന വേളയില്‍, ഗ്രിഗറി ഉബൈ പെറിക്യൂലം ഇറക്കിയപ്പോള്‍ 1274 ല്‍ ഈ സമ്പ്രദായത്തിനു സമാനമായ നടപടികള്‍ ആരംഭിച്ചതായി കാണാം.
1621 ലെ അറ്റേര്‍ണിയായിരുന്ന പാട്രിസ് ഫിലിസിയുമായി ചേര്‍ന്നു ഗ്രിഗറി പതിനഞ്ചാമന്‍ ഈ പ്രക്രിയ കൂടുതല്‍ വികസിപ്പിച്ചു. 

മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പിലെ മൂന്നില്‍ രണ്ടുഭാഗവും കര്‍ദിനാള്‍മാരുടേതാണ്. 1179 ല്‍ പാപ്പയെ തെരഞ്ഞെടുക്കാനായി കര്‍ദ്ദിനാളന്മാരില്‍ മൂന്നില്‍ രണ്ടു ഭാഗവും ആവശ്യമാണെന്ന മൂന്നാമത്തെ ലാറ്ററന്‍ കൗണ്‍സില്‍ ആദ്യം വ്യക്തമാക്കിയിരുന്നു. അറ്റേര്‍ണി പാട്രിസ് ഫുലിയസ് ഈ രീതിയെ നിരോധിക്കുകയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡമായി കണക്കാക്കുകയും ചെയ്തു. പക്ഷേ അന്നും മാര്‍പ്പാപ്പ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രഹസ്യ ബാലറ്റ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പുരാതന ഗ്രീക്കുകാരും റോമാക്കാരും നടത്തിയ ശ്രമങ്ങളുമായി ജനാധിപത്യം ആദ്യകാലങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ബുദ്ധിജീവികളെ സ്വയംഭരണാധികാരികളായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇതിനു മാറ്റം വന്നത് രണ്ടാം ലോക മഹായുദ്ധത്തോടെയാണ്. 

ഇന്നു ലോകം മാറി കൊണ്ടിരിക്കുന്നു. പരമാവധി തെരഞ്ഞെടുപ്പുകള്‍ക്ക് സ്വീകാര്യത ലഭിച്ചിരിക്കുന്നു. അത് ഇന്ത്യയായാലും അമേരിക്കയായാലും ഫോമയായാലും ഫൊക്കാന ആയാലും അങ്ങനെ തന്നെ. തെരഞ്ഞെടുത്തു വരുന്നവര്‍ക്ക് എന്നും ഒരു സ്വീകാര്യത ഉണ്ട്. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കന്റെ വാക്കുകള്‍ ഇന്നു കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. അത് സംഘടനാ തെരഞ്ഞെടുപ്പില്‍ പോലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്നവര്‍ക്കും വിജയാശംസകള്‍... !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക