ലണ്ടന്‍: മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ 'ക്രോക്കസിന്റെ നിയോഗങ്ങള്‍' എന്ന കവിതാസമാഹാരത്തിന്റെ
പ്രകാശനകര്‍മം ഏപ്രില്‍ 7 നു (ശനി) നടക്കും.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വര്‍ണനിലാവി”നോടനുബന്ധിച്ചു ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വൈകുന്നേരം 5 ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ കോപ്പി സാഹിത്യകാരി സിസിലി ജോര്‍ജിനു നല്‍കി പ്രകാശനം കര്‍മം നിര്‍വഹിക്കും. സാഹിത്യകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.
ഭാഷാ പരിജ്ഞാനം കൊണ്ടും പദ സന്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങള്‍. പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ബീന റോയിയുടെ കവിതകള്‍ ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
ബ്രിട്ടനിലെ കെന്റില്‍ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ പ്രിയ ഗായകന്‍ റോയി സെബാസ്റ്റ്യന്റെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറില്‍ അടുത്തയിടെ പുറത്തിറങ്ങിയ വീഡിയോ സംഗീത ആല്‍ബം ബൃന്ദാവനിയുടെ ഗാനങ്ങള്‍ രചിച്ചത് ബീനയും പ്രധാന ഗായകന്‍ റോയിയും ആയിരുന്നു.
റിപ്പോര്‍ട്ട്: രാജി ഫിലിപ്പ് തോമസ്