Image

സെക്‌സി ദുര്‍ഗ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

Published on 22 November, 2017
സെക്‌സി ദുര്‍ഗ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം സെക്‌സി ദുര്‍ഗ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. കേരള ഹൈക്കോടതിയുടെ ഉത്തരവ്‌ അനുസരിച്ചാണ്‌ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. നേരത്തെ ഇന്ത്യന്‍ പനോരമയുടെ ജൂറി സെക്‌സി ദുര്‍ഗയെ തെരഞ്ഞെടുത്തെങ്കിലും കേന്ദ്ര ഐ ആന്‍ഡ്‌ ബി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു.

ഇതിനെതിരെയാണ്‌ സനല്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്‌. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ്‌ സനലിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നല്‍കിയത്‌. സെന്‍സര്‍ ബോര്‍ഡ്‌ അനുമതി ലഭിച്ച ചിത്രത്തെ മേളയില്‍ നിന്നും ഒഴിവാക്കിയത്‌ അംഗീകരിക്കാനാകില്ലെന്ന സംവിധായകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ന്‌ നടി ശ്രീദേവിയാണ്‌ ഇന്ത്യന്‍ പനോരമയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌. 

 അതിനിടയിലാണ്‌ കോടതി ചിത്രത്തിന്‌ അനുകൂലമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്‌. അതേസമയം സെക്‌സി ദുര്‍ഗയ്‌ക്കൊപ്പം പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട രവി ജാദവിന്റെ മറാത്തി ചിത്രം നൂഡിന്‌ ഇനിയും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. രവി ജാദവ്‌ ഐ ആന്‍ഡ്‌ ബി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നില്ല. ഇന്ത്യന്‍ പനോരമയിലേക്ക്‌ ജൂറി തെരഞ്ഞെടുത്ത ചിത്രത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ ജുറി ചെയര്‍മാന്‍ സുജോയ്‌ ഘോഷും മറ്റ്‌ ചില അംഗങ്ങളും രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു.

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സെക്‌സി ദുര്‍ഗ അതിന്റെ പേര്‌ മൂലം ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ കാരണമായി. ഒടുവില്‍ എസ്‌ ദുര്‍ഗ എന്ന്‌ പേര്‌ മാറ്റിയാണ്‌ മുംബൈ മാമി ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നേടിയതും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ നേടിയതും. അതേസമയം കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്‌എഫ്‌കെയില്‍ ചിത്രത്തെ ഉള്‍പ്പെടുത്തിയെങ്കിലും സമകാലിക മലയാള സിനിമ വിഭാഗത്തിലാണ്‌ പരിഗണിച്ചത്‌.

 ഇരുപത്‌ വര്‍ഷത്തിനിടെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരം നേടിയ ഏക മലയാള ചിത്രമായ സെക്‌സി ദുര്‍ഗയ്‌ക്ക്‌ അര്‍ഹിക്കുന്ന പരിഗണനയല്ല ലഭിച്ചതെന്ന്‌ വ്യക്തമാക്കി സനല്‍ ചിത്രം മേളയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക