Image

സ്‌പെയിനില്‍ വിഭജന വാദികള്‍ക്ക് പ്രധാനമന്ത്രിയുടെ അന്ത്യശാസനം

Published on 13 October, 2017
സ്‌പെയിനില്‍ വിഭജന വാദികള്‍ക്ക് പ്രധാനമന്ത്രിയുടെ അന്ത്യശാസനം
   
മാഡ്രിഡ്: കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്നു അഞ്ച് ദിവസത്തിനുള്ളില്‍ കൃത്യമായി പറയാന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് വിഭജനവാദികള്‍ക്ക് അന്ത്യശാസനം നല്‍കി.

തിങ്കളാഴ്ചയ്ക്കുള്ളില്‍ കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പീജ്ഡിമോന്റാണ് ഇക്കാര്യം വ്യക്തമാക്കേണ്ടത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നാണ് ഉത്തരമെങ്കില്‍, പ്രഖ്യാപനം പിന്‍വലിക്കാന്‍ മൂന്നു ദിവസം കൂടി സമയം നല്‍കും. 

അന്ത്യശാസനം ലംഘിച്ചാല്‍ ഭരണഘടനയുടെ 155ആം അനുച്ഛേദ പ്രകാരം കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിക്കുമെന്നും നേരിട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിനു കീഴിലാക്കുമെന്നും രജോയിയുടെ മുന്നറിയിപ്പ്.

ചൊവ്വാഴ്ചയാണ് കാറ്റലന്‍ നേതാക്കള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. എന്നാല്‍, ഇത് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയാണെന്നും ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ, കാറ്റലോണിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, സ്പാനിഷ് ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചു പഠിക്കാന്‍ സ്പാനിഷ് സര്‍ക്കാരും മുഖ്യ പ്രതിപക്ഷമായ സോഷ്യലിസ്റ്റുകളും ധാരണയിലെത്തിയിട്ടുണ്ട്.പ്രശ്‌നതിന്റെ രാഷ്ട്രീയ പരിഹാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ്.

കേന്ദ്ര സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും തമ്മിലുള്ള അധികാരം പങ്കുവയ്ക്കല്‍ സംബന്ധിച്ചാണ് ഭേദഗതി ഉദ്ദേശിക്കുന്നത്. ഇതിനായി ആറു മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി കമ്മിഷനെ നിയോഗിക്കും.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക