Image

സ്വാശ്രയ വിദ്യാഭ്യാസ രംഗം: കാളച്ചന്തയെ ഓര്‍മ്മിപ്പിക്കുന്ന തറവേലകള്‍ ? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 02 September, 2017
സ്വാശ്രയ വിദ്യാഭ്യാസ രംഗം: കാളച്ചന്തയെ ഓര്‍മ്മിപ്പിക്കുന്ന തറവേലകള്‍ ? (ലേഖനം: ജയന്‍ വര്‍ഗീസ്)
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിയമമാക്കിയെടുത്ത സ്വാശ്രയ വിദ്യാഭ്യാസ ബില്ലിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ കോടതികളില്‍ നിന്ന് കോടതികളിലേക്കു നീളുകയാണ്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കു പോലും, വിദ്യാഭ്യാസ സൗകര്യങ്ങളുടെ വിശാല സാധ്യതകള്‍ ഉറപ്പ് നല്‍കുന്ന ഈ നിയമ നിര്‍മ്മാണം, മാനുഷിക പരിഗണനകള്‍ക്ക് വില കല്‍പ്പിക്കുന്ന ഏതൊരു സമൂഹവും സര്‍വ്വാല്‍മാനാ സ്വാഗതം ചെയ്യേണ്ടതാണ്.

എന്നാല്‍, സാമൂഹ്യ സേവനത്തിന്റെ കൊടിപ്പടങ്ങളേന്തി മുന്നില്‍ നടന്നവരും, ദൈവത്തിന്റെയും, മനുഷ്യന്റെയും ഇടയില്‍ മധ്യസ്ഥരാണെന്നു പറഞ്ഞു പരത്തി, സാമൂഹ്യ പദവികളുടെ ഉന്നതങ്ങളില്‍ തലപ്പട്ടണിഞ്ഞിരിക്കുന്ന മത തമ്പുരാക്കളും കാളച്ചന്തയിലെ പൊരുത്തുകാരെപ്പോലെ തങ്ങളുടെ തനി നിറം പുറത്തു കാട്ടി അപഹാസ്യരായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനായിട്ടാണ്, തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന ഇവരുടെ വാദത്തിന്റെ അന്തസാര ശൂന്യമായ പൊള്ളത്തരം മനസ്സിലാക്കുവാന്‍ നിഷ്പക്ഷമതികളായ കുറെപ്പേര്‍ക്കെങ്കിലും ഈ വിവാദങ്ങള്‍ മൂലം സാധ്യമായിട്ടുണ്ട്.

മത നിരപേക്ഷത നിയമം മൂലം നിലവിലിരിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്, മത ന്യൂന പക്ഷങ്ങള്‍ക്കായി യാതൊരു പ്രത്യേക അവകാശങ്ങളും അനുവദിക്കേണ്ടതില്ലാ. ഭരണ ഘടന ഉറപ്പ് നല്‍കുന്ന മത നിരപേക്ഷതയില്‍ അതെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. എങ്കില്‍പ്പോലും, ഭൂരിപക്ഷ മതങ്ങളുടെ മേധാവിത്വം, ന്യൂന്യ പക്ഷ മതങ്ങള്‍ക്ക് ഭീഷണിയാവരുത് എന്ന, മനുഷ്യ സ്‌നേഹികളായ നിഷ്പക്ഷമതികളുടെ നല്ല മനസ്സാണ്, ന്യൂന പക്ഷങ്ങള്‍ക്കായി ചില പ്രത്യേക അവകാശങ്ങള്‍ ഭരണ ഘടനയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതിന്‍ പ്രകാരം, സേവന മേഖലകളില്‍ സ്വന്തമായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും , തങ്ങളുടെ സമുദായാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുണപരമായി അവ പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള അവകാശങ്ങള്‍ ന്യൂന പക്ഷങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.

ഭൂരിപക്ഷ മതങ്ങളുടെ ഭീഷണിയില്‍ പിന്തള്ളപ്പെട്ടു പോയേക്കാവുന്ന മത ന്യൂനപക്ഷ പൗരനെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കുയര്‍ത്തുന്നതിനും, സാമൂഹികവും, സാംസ്കാരികവുമായി അവന്‍ രണ്ടാം തരക്കാരന്‍ ആവാതിരിക്കാനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ്, ഭരണ ഘടന ഈ അവകാശങ്ങള്‍ മത ന്യൂന പക്ഷങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. തികച്ചും ധാര്‍മ്മികമായ അഭിവീക്ഷണങ്ങളോടെ നിലവില്‍ വന്ന ഈ ആനുകൂല്യങ്ങള്‍, അധാര്‍മ്മിക കച്ചവട തന്ത്രങ്ങളോടെ പുനരാവിഷ്ക്കരിക്കുന്നതില്‍ നമ്മുടെ മത മേധാവികള്‍ പരിപൂര്‍ണ്ണമായും വിജയിച്ചു കഴിഞ്ഞിരിക്കുന്നു!

ആദ്യകാലങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള മുഖ്യ ഉപാധി ശുപാര്‍ശയായിരുന്നു. ഭരണ സമിതികളിലെ കസേരകളില്‍ കയറിപ്പറ്റിയ തിരുവടികളുടെയും, പണച്ചാക്കുകളുടെയും കാലുനക്കി പലരും അഡ്മിഷന്‍ തരപ്പെടുത്തി. പിന്നെപ്പിന്നെ ഓരോ ശുപാര്‍ശകള്‍ക്കും ക്യാഷ് നിരക്കുകള്‍ നിലവില്‍ വന്നു. കടപ്പാടം വീറ്റോ ബ്ലേഡില്‍ തല വച്ച് കൊടുത്തോ പണമുണ്ടാക്കിയാല്‍ മാത്രം പോരാ, സഭയുടെയോ, സമുദായത്തിന്റെയോ ഒരു പ്രിയപുത്രന്‍ റെക്കമെന്റ് ചെയ്യുകയും വേണം എന്ന നില വന്നു. അഡ്മിഷനുള്ള തലവരിപ്പണം കയ്യിലുണ്ടായിരുന്നിട്ടും, ഇത്തരം ഒരു പ്രിയപുത്രനെ കണ്ടെത്താനാവാത്തതിനാല്‍, അഡ്മിഷന്‍ ലഭിക്കാതെപോയ എന്റെ മകളുടെ കാര്യം ഇവിടെ ഓര്‍ക്കുന്നു. അന്ന് മുഖം തിരിച്ചവരില്‍ ചിലരെങ്കിലും, ഇവിടെ അമേരിക്കയിലെത്തി സാരമായ കൈമുത്ത് സ്വീകരിച്ചു കൊണ്ട് എന്നെ സമൃദ്ധമായി അനുനഗ്രഹിക്കുകയുണ്ടായിട്ടുണ്ട് എന്ന് കൂടി പ്രസ്താവിച്ചുകൊള്ളട്ടെ!

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഭാരതത്തിലും, അതിലൂടെ കേരളത്തിലും ഉണ്ടായ മാറ്റങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്. ഭരണക്കാരും, അവരുടെ പിണിയാളുകളും ' പുരോഗതി ' എന്നും, സിനിമാക്കാരും, അവരുടെ രഹസ്യ വേളിക്കാരും ' അടിപൊളി ' എന്നും പേരിട്ടു വിളിക്കുന്ന ഈ പ്രതിഭാസം നമ്മുടെ സമൂഹത്തില്‍ വരുത്തിവച്ച വിനാശകരമായ പരിവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. ഏതൊരു ലോക സമൂഹത്തിലും ഭാരതീയന് അന്തസായി തലയുയര്‍ത്തി നില്‍ക്കുന്നതിന് അവനെ സഹായിച്ച മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ധാര്‍മ്മിക വടവൃക്ഷങ്ങള്‍ അടിപൊളിക്കാറ്റില്‍ കടപുഴകി വീണു, പടിഞ്ഞാറന്‍ ബൗദ്ധിക അധിനിവേശം അവന്റെ മനസ്സില്‍ കോറിയിട്ട ' എന്‍ജോയ് ദ ലൈഫ് ' ന്റെ മലയാള പരിവേഷമായ ' അടിപൊളി ' യില്‍ സമൂഹം മൂക്ക് കുത്തി വീണു, തിന്നുക,കുടിക്കുക, ആനന്ദിക്കുക എന്ന അതിന്റെ രണ്ടാം ഭാവമായ സുഖഭോഗ ജീവിതത്തിനു ആവശ്യമുള്ള വിലയേറിയ ഉപകരണങ്ങളുമായി ബഹുരാഷ്ട്ര കുത്തകകള്‍ ഭാരതത്തിലേക്ക് വന്നു. ആഗോളവല്‍ക്കരണത്തിന്റെ സുരക്ഷിതമായ മറക്കുടക്കുള്ളില്‍ നിന്ന് പുറത്തു വന്നു അവര്‍ നമ്മുടെ മണ്ണില്‍ കാലുറപ്പിച്ചു നിന്നു.

ഈ കാലുറപ്പിക്കലിനുള്ള കളമൊരുക്കലിനായിരുന്നൂ, എന്‍ജോയ് ദ ലൈഫ് എന്ന തുറുപ്പു ചീട്ട് ആദ്യമേ ഇറക്കി വിട്ടത്. ഈ അധിനിവേശ തന്ത്രം ഭാരതത്തിലെ സര്‍ക്കാരുകളും, പൊതുജനങ്ങളും മാത്രമല്ല, ടണ്‍ കണക്കിന് ബുദ്ധി കയറ്റുമതി ചെയ്യാന്‍ കാത്തിരിക്കുന്ന നമ്മുടെ ബുദ്ധിജീവികളും മനസിലാക്കിയില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ അന്നേ ഈ വിപത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, അവരുടെ കൊടിയുടെ നിറത്തില്‍ അന്ധാളിച്ചു പോയ മദ്ധ്യവര്‍ഗ്ഗ ജനതതി അതും പുച്ഛിച്ചു തള്ളി.

ഫലം? ...അടിച്ചുപൊളിക്കാനുള്ള തത്രപ്പാടില്‍ ജീവിതം ചെലവേറിയ ഒരേര്‍പ്പാടായിത്തീര്‍ന്നു. ഈ ചെലവിനുള്ള പണം കണ്ടെത്താന്‍ അടിപൊളിക്കാരന് എന്തും വില്‍ക്കാന്‍ തയ്യാറാവേണ്ടി വന്നു. സത്യവും, ധര്‍മ്മവും മാത്രമല്ല, ന്യായവും, നീതിയും അവന്‍ തൂക്കി വിറ്റു. ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ഗോതന്പ് നിറത്തിന് ലോകമാര്‍ക്കറ്റില്‍ നല്ല ഡിമാന്റുണ്ടെന്നറിഞ്ഞ തരികിട ചാനലുകാരും, വിഡിയോ ഉല്‍പ്പാദകരും കാണരുത്താത്തതിന്റെ കണ്ണ് മാത്രം മറച്ചു കൊണ്ട് അതും വിറ്റു കാശാക്കിയെടുത്തു!.

സാമൂഹ്യ ചുറ്റുപാടുകളില്‍ വന്നുചേര്‍ന്ന ഈ വന്‍ മാറ്റം, വിദ്യാഭ്യാസം ഒരു സേവന മേഖലയാണ് എന്ന വിലയിരുത്തല്‍ പാടേ പൊളിച്ചെഴുതി. വില്‍പ്പന സാധ്യതകളുള്ള ഒരു കച്ചവട മേഖലയാണ് അതും എന്ന പുത്തന്‍ കണ്ടെത്തല്‍ നിലവില്‍ വന്നു.ഇടിമുറികളും,പീഡന തന്ത്രങ്ങളുമായി ആ വ്യവസായം തഴച്ചു വളരുന്നതാണ് പിന്നീട് നാം കാണുന്നത്!

ലക്ഷങ്ങള്‍ കോഴയായി കൊടുത്ത് പലരും അധ്യാപക തസ്തികകളില്‍ കയറിപ്പറ്റി. ചെറുക്കന്‍ കോളേജ് അധ്യാപകനാണ് എന്ന ദല്ലാളിന്റെ പ്രലോഭനത്തില്‍ അകപ്പെട്ട്, റബറും, തേയിലയും ഉല്‍പ്പാദിപ്പിക്കുന്ന കോട്ടയത്തെയും, കാഞ്ഞിരപ്പള്ളിയിലേയും അച്ചായന്മാര്‍ കോടികള്‍ കൊടുത്ത് തങ്ങളുടെ പെണ്‍മക്കള്‍ക്ക് വേണ്ടി അവരെ തീറെഴുതി വാങ്ങി.

* ഞങ്ങള്‍ക്ക് ഡോക്ടറോ, എന്‍ജിനീയറോ മതി" എന്ന് പെണ്മക്കള്‍ കൊഞ്ചിപ്പറയുന്‌പോള്‍, പെട്ടിയില്‍ പൂത്ത പണമിരിപ്പുള്ള തന്തമാര്‍ അവരെത്തേടി ഇറങ്ങുകയായി. എങ്ങിനെയും ഡോക്ടറുടെയോ, എന്‍ജിനീയരുടെയോ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കുന്നത് വിവാഹ മാര്‍ക്കറ്റില്‍ കോടികള്‍ കൊയ്യുന്നതിനുള്ള ഉപാധിയാണെന്ന് മനസിലാക്കിയ തന്തമാരും, കൈക്കൂലി കൊടുത്തും, കാലുവാരല്‍ നടത്തിയും മോഡറേഷനിലൂടെ കഷ്ടി കടന്നുകൂടിയ അവരുടെ തല്ലിപ്പൊളി മക്കളും കൂടി സീറ്റിന് നെട്ടോട്ടമോടുന്‌പോള്‍; "മനുഷ്യനെ സ്‌നേഹിച്ച കുറ്റത്തിന് കുരിശിലേറ്റപ്പെട്ട" കര്‍ത്താവിനെ സേവിക്കാനിറങ്ങിയ കത്തനാരന്മാരും, മെത്രാന്മാരും തല്‍ക്കാലം അത് മാറ്റിവച്ചു കൊണ്ട് സീറ്റു കച്ചവടത്തിനിറങ്ങുന്നു. ഇത്തരം വെറും കച്ചവട സ്ഥാപനങ്ങളാണ്, ഇപ്പോള്‍ ഇവിടെ പരാമര്‍ശന വിഷയമാവുന്ന സ്വാശ്രയ കോളേജുകളും, എയ്ഡഡ് കോളേജുകളും.

സീറ്റു തേടിയെത്തുന്നവരുടെ പണത്തിനും,പദവിക്കുമൊത്ത് സീറ്റുവില ഉയരുന്നു.അരക്കോടി മുതല്‍ ഒന്നരക്കോടി വരെയാവുന്നു ഒരു സീറ്റിനു വില. എത്ര ചോദിച്ചാലും റെഡി മാണിയുമായി തന്തമാര്‍ ക്യൂവില്‍ നില്‍ക്കുന്നു. തന്റെ സന്തതി ഡോക്ടറോ, എന്‍ജിനീയറോ ആയിക്കിട്ടിയാല്‍ മുടക്കു മുതലിന്റെ പത്തിരട്ടി അനായാസം തിരിച്ചു പിടിച്ചു കൊള്ളാം എന്ന മനപ്പായസം ഉണ്ടുകൊണ്ട്.

ഇവരുടെ മക്കളോ? ' എന്റെ അപ്പന്‍ ലക്ഷങ്ങളെറിഞ്ഞാ എന്നെ ഡോക്ടറാക്കിയത്' എന്ന മനപ്പകയോടെ തങ്ങളുടെ മുന്നിലെത്തുന്ന ഇരകളെ ഞെരടിപ്പിഴിഞ്ഞു സത്തെടുക്കുകയാണ്. ഇതുകൊണ്ടുമരിശം തീരാതെ ( അതുകൊണ്ടരിശം തീരാഞ്ഞിട്ടഥ, പുരയുടെ ചുറ്റും മണ്ടി നടന്നു. കുഞ്ചന്‍ നന്പ്യാര്‍.) തങ്ങളുടെ മുന്നിലെത്തുന്നവരെ മയക്കിക്കിടത്തി അവരുടെ നാക്കും, മൂക്കും,വൃക്കയും, കരളും മാത്രമല്ല, ലിംഗം വരെയും മുറിച്ചു വില്‍ക്കുകയാണ്.( വയനാട്ടില്‍ നിന്നുള്ള വാര്‍ത്ത ഓര്‍മ്മിക്കുക ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് ഏവരെയും കുറിച്ചല്ല, അതാതു സമൂഹങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചു മാത്രമാണ് ക്ഷമിക്കുക.)

എന്‍ജിനീയറായി പുറത്തിറങ്ങുന്നവന്‍ കള്ള കോണ്‍ട്രാക്ടര്‍മാരുമായി കൂട്ട് ചേര്‍ന്നുകൊണ്ട് അത്യാവശ്യ മെറ്റിരിയലുകളുടെ അളവ് പാലിക്കാതെ പണിതു വയ്ക്കുകയാണ് ബഹുനില കെട്ടിടങ്ങളും, കോണ്‍ക്രീറ്റ് പാലങ്ങളും.ഇവ തകര്‍ന്നു വീണ് പാവങ്ങള്‍ മരിച്ചാല്‍ ടി.വിക്കാര്‍ക്കും, ചാനലുകാര്‍ക്കും ചാളച്ചാകര. ചൂടാറാത്ത വാര്‍ത്തകള്‍ക്കിടയില്‍, 916 മാഫിയകളുടെ എടുത്തുകൊടുപ്പ് കാരികളായ കുറെ സീരിയല്‍ ചരക്കുകളെ മൂക്കും, മുലയും മുറിക്കപ്പെട്ട വാസവദത്തയുടെ പരുവത്തില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ഫോര്‍ മണീസ് ഒപ്പിച്ചെടുക്കാമല്ലോ?

വിദ്യാഭ്യാസ കച്ചവടക്കാരുടെ ബാലികേറാമല കീഴടക്കാന്‍ കഴിയാത്ത പാവങ്ങള്‍ അവര്‍ എത്ര പ്രതിഭാശാലികള്‍ ആണെങ്കില്‍കൂടിയും പത്താം തരാമോ,പ്ലസ്ടൂവോ കഴിഞ്ഞതിനു ശേഷം തങ്ങളുടെ പരന്പരാഗത തൊഴില്‍ മേഖലകളിലേക്ക് മടങ്ങുന്നു. കാക്കാ വാരലുകാരന്‍ കറിയായുടെ മകന്‍ കാക്കാ വാരലുകാരനും, തെങ്ങു കയറ്റക്കാരന്‍ ചേന്നന്റെ മകന്‍ തെങ്ങു കയറ്റക്കാരനുമായി പരിണമിക്കുന്നു! ആഴ്ചവട്ടങ്ങളില്‍ പള്ളിയിലെത്തി കാണിക്ക വഞ്ചികളില്‍ ' വിധവയുടെ ചില്ലിക്കാശ് ' സമര്‍പ്പിക്കുന്ന ഈ പാവങ്ങളോട് കത്തനാരന്‍മ്മാരും, മെത്രാന്‍മ്മാരും സഹതപിക്കുന്നു: "വിധിയാ മക്കളെ. ...നിന്റെ പേപ്പര്‍ കൊണ്ടെഴുതി ജയിച്ച മേടയിലെ തോമ്മാച്ചന്‍ ഡോക്ടറായി. നീ ിയയയ് കക്കാ വാരി ജീവിക്കണമെന്നായിരിക്കും കര്‍ത്താവിന്റെ വിധി."

ഈ ഭൗതിക സാഹചര്യങ്ങള്‍ ബോധ പൂര്‍വം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍, സമൂഹത്തിന്റെ താഴേക്കിടയിലുള്ള പ്രതിഭാശാലികള്‍ക്കു കൂടി ഉന്നത പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് നിശ്ചിത സ്വാശ്രയ ബില്‍ നിയമമാക്കിയെടുത്തത്.സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ പണം പിരിക്കുന്നതിനെ നിയമം തടയുന്നില്ല. വി.ഐ.പി കളോടൊപ്പം കുറെ പാവങ്ങള്‍ക്ക് കൂടി പഠിക്കാനാവസരം നല്‍കണമെന്നേ പറയുന്നുള്ളു. അതിനായി കാലാകാലങ്ങളില്‍ നിശ്ചിത ഫീസും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. തലവരിയായി വന്നു ചേരുന്ന കോടികളില്‍ നിന്ന് ഒരു ചെറു ശതമാനം നഷ്ടപ്പെടണമെന്നേ പറയുന്നുള്ളു.

ഇത് കേട്ടപാതി, കേള്‍ക്കാത്തപാതി, മത സോപാനങ്ങളുടെ ഉയര്‍ന്ന പീഠങ്ങളില്‍ മറ്റുള്ളവര്‍ക്ക് രാജാവായി വാണിരുന്ന പല നീലക്കുരുക്കന്മാരും ഉച്ചത്തില്‍ കൂവിപ്പോയി! ഒരു സഭക്കാര്‍ കാസറ്റുകളും, സി.ഡി കളും ഇറക്കുന്നു, കണ്‍വന്‍ഷനുകള്‍ നടത്തുന്നു, തങ്ങളുടെ പള്ളികളില്‍ ഇടയ ലേഖനം വായിക്കുന്നു, പത്രങ്ങളിലും ചാനലുകളിലും ഭീഷണികള്‍ പുറപ്പെടുവിക്കുന്നു.!

മറ്റു സഭകളിലെ കറുത്ത തലപ്പട്ടണിഞ്ഞു കവിയുടുത്തവര്‍ താടി തടവി അമറുന്നു. മുസ്ലിം മത മേലാളന്‍മ്മാര്‍ മറ്റു മത മേധാവികളുമായിച്ചേര്‍ന്നു കുറുമുന്നണിയുണ്ടാക്കുന്നു.!

മത മേധാവികളെ, തിരുവടികളെ, തിരുമേനിമാരേ, നിങ്ങള്‍ ആരുടെ ഭാഗത്താണ്? തലമുറകളായി സന്പത്തും, സാമൂഹ്യ പദവികളും കയ്യടക്കി വാഴുന്ന അധര്‍മ്മത്തിന്റെ ഭാഗത്ത?; അതോ, അര വയറില്‍ മുണ്ടുമുറുക്കി ജീവിതപ്പടവുകള്‍ ധീരമായി ചവിട്ടിക്കയറാന്‍ ഒരുങ്ങുന്ന ധര്‍മ്മ സമരത്തിന്റെ പക്ഷത്തോ?

നിങ്ങള്‍ ആദ്യത്തെ പക്ഷത്താണെന്ന് തെളിയിച്ചു കഴിഞ്ഞ നിലക്ക്, ഭരണ പൗരോഹിത്യ മേധാവികള്‍ക്കെതിരെ, അദ്ധ്വാനിക്കുന്നവനും,ഭാരം ചുമക്കുന്നവനും വേണ്ടി പ്രതികരിച്ച കുറ്റത്തിന് വീരമരണം ഏറ്റുവാങ്ങിയ ആ മിസ്രയീം യുവ തുര്‍ക്കിയുടെ പേരുച്ചരിക്കുവാന്‍ പോലും നിങ്ങള്‍ക്കര്‍ഹതയില്ല.

പൗരോഹിത്യം മനുഷ്യന്റെ അദ്ധ്യാത്മികവും, ഭൗതികവുമായ തലങ്ങളെ ഒരുപോലെ സ്പര്‍ശിക്കണം. രണ്ടു തലങ്ങളിലുമുള്ള സമഗ്രമായ മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ടുള്ളതാവണം അത്. യാതൊരു മുതല്‍ മുടക്കമില്ലാതെ ഏവര്‍ക്കും സൗജന്യമായി വിളന്പിക്കൊടുക്കാവുന്ന ' സ്‌നേഹത്തിനു' ഇന്ന് യാതൊരു പ്രസക്തിയുമില്ല. സ്വന്തം അദ്ധ്വാനവും, സന്പത്തും, മനസും, ശരീരവും മുതലിറക്കി സ്‌നേഹത്തെ അതിന്റെ പ്രായോഗിക തലമായ ' കരുതലിലേക്ക് ' വളര്‍ത്തിയെടുക്കുന്‌പോള്‍ മാത്രമേ, നിങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ക്രിസ്തുവിന്റെ സുവിശേഷം മണ്ണില്‍ പൂര്‍ത്തിയാക്കപ്പെടുകയുള്ളു.

ഒന്ന് ഞാന്‍ വിനയപൂര്‍വം സമ്മതിക്കുന്നു. ഇതൊന്നും നടപ്പിലാവാന്‍ പോകുന്നില്ല. തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന പടിഞ്ഞാറന്‍ ഭൂതത്തിന്റെ ബലിഷ്ഠ കാലടികള്‍ക്കടിയില്‍, ആരെക്കൊന്നും പണമുണ്ടാക്കി അടിച്ചും, പൊളിച്ചും ആളായി നടക്കുന്ന ഒരു സമൂഹത്തിനു ഇതൊന്നും തലയില്‍ക്കയറാന്‍ പോകുന്നില്ല. നൂറു കോടിയിലധികം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ച് കൊണ്ട് ബഹുരാഷ്ട കുത്തകകള്‍ നടപ്പിലാക്കിയ ബൗദ്ധിക അധിനിവേശത്തില്‍ അടിപിണഞ്ഞു, പ്രതികരണ ശേഷിയുടെ വാരിയുടക്കപ്പെട്ട ഈ ഇന്ത്യന്‍ കാളകള്‍ ആടിയാടി ഇനിയും ഇഴഞ്ഞു കൊണ്ടേയിരിക്കും. ഒന്നുകില്‍ അടിമത്വത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ അടിപിണഞ്ഞവസാനിക്കുന്നത് വരെ? അല്ലങ്കില്‍, ധമനികളില്‍ കത്തിപ്പടരുന്ന രക്തച്ചൂടില്‍ തലയുയര്‍ത്തി നിന്ന് സ്വന്തം ശത്രു ആരെന്ന് തിരിച്ചറിയുന്നത് വരെ!.....ഏതെങ്കിലും ഒന്ന് അനിവാര്യമായിത്തീരുന്ന സമയം അകലെയല്ലാ.

കുറിപ്പ് : ഉദ്ദേശ ശുദ്ധിയും, ലക്ഷ്യ ബോധവുമുള്ള പുരോഹിത ശ്രേഷ്ഠന്മാര്‍ വളരെയേറെയുണ്ട്. മേല്‍ പരാമര്‍ശങ്ങളില്‍ അവര്‍ ഉള്‍കൊള്ളുന്നില്ല.. തികഞ്ഞ ആദരവുകളോടെ അവരെ ഇവിടെ സ്മരിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക