Image

കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ഹൃദയം തകര്‍ക്കും എം.എം ഹസ്സന്‍ (കെപിസിസി പ്രസിഡന്റ്)

Published on 04 July, 2017
കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ഹൃദയം തകര്‍ക്കും എം.എം ഹസ്സന്‍ (കെപിസിസി പ്രസിഡന്റ്)
ഇന്ത്യയിലെ കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ഹൃദയം തകര്‍ക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. വര്‍ഷത്തില്‍ ശരാശരി 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്.ഈ വര്‍ഷം കര്‍ഷകആത്മഹത്യകള്‍ വളരെ കൂടുതലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കര്‍ഷകആത്മഹത്യമൂലം തരിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലാണു രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ പകുതിയിലേറെയും. മധ്യപ്രദേശില്‍ സമരംചെയ്ത കര്‍ഷകരെ വെടിവച്ചു വീഴ്ത്തിയാണു പൊലിസ് പ്രതികരിച്ചത്. ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ തല്ലിച്ചതച്ചു.

മധ്യപ്രദേശിലേതു രാജ്യത്തു നടക്കുന്ന കര്‍ഷകവിരുദ്ധ നടപടികളുടെ പരിച്ഛേദമാണ്. വെടിവയ്പു നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. കാര്‍ഷികമേഖല തകര്‍ച്ചയിലൂടെയാണു കടന്നുപോകുന്നത്. മുമ്പും കാര്‍ഷികമേഖലയില്‍ തകര്‍ച്ചയും കര്‍ഷകആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. അതിനു മറ്റു കാരണങ്ങളുണ്ടായിരുന്നു. അനവസരത്തില്‍ അപ്രതീക്ഷിതമായി കൊണ്ടുവന്ന നോട്ടുനിരോധനമാണു മൂലകാരണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്കുണ്ടായിരുന്ന സമ്പദ്ഘടന നിലംപൊത്തി. കനത്ത തിരിച്ചടിയുണ്ടായതു കാര്‍ഷികമേഖലയിലാണ്. രണ്ടുവര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം മഴ ലഭിച്ചപ്പോള്‍ വിത്തുവാങ്ങാന്‍ കര്‍ഷകര്‍ക്കു സാധിച്ചില്ല. നിരക്ഷരരായ കര്‍ഷകരില്‍ പലരും കൈയിലുള്ള നോട്ട് അസാധുവായ കാര്യമറിഞ്ഞില്ല. വായ്പ നല്‍കാതെ ബാങ്കുകള്‍ കൈമലര്‍ത്തി. സ്വകാര്യപണമിടപാടുകാരില്‍നിന്നു ബ്ലേഡ് പലിശയ്ക്കാണു വായ്പ സംഘടിപ്പിച്ചത്. അതു കുമിഞ്ഞുകൂടി. ഗുണ്ടകളും പൊലിസുമായി ബ്ലേഡുകാര്‍ രംഗത്തുവന്നു. പിന്നെ ആത്മഹത്യയല്ലാതെ നിവൃത്തിയില്ലാതായി. ഇത്തരം തലതിരിഞ്ഞനയങ്ങളിലൂടെ മോദി കര്‍ഷകരില്ലാത്ത ഇന്ത്യ (കിസാന്‍ മുക്ത ഭാരത് ) പ്രാവര്‍ത്തികമാക്കുകയാണ്.

ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനം ലാഭം കര്‍ഷകര്‍ക്കു നല്‍കുമെന്നു പറഞ്ഞ് അധികാരത്തിലേറിയതാണു മോദി. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്നു യു.പി തെരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പു ജയിച്ചതോടെ കടാശ്വാസ നടപടികള്‍ക്കുള്ള പണം സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നായി. ഇതു വഞ്ചനയാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളിയാല്‍ ധനകമ്മി കൂടുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മുന്നറിയിപ്പു നല്‍കുന്നു. കര്‍ഷകരുടെ കടം ഏകദേശം 12.6 ലക്ഷം കോടി രൂപയാണ്. കോര്‍പറേറ്റുകളുടെ കടം 28 ലക്ഷം കോടിയും. ഇരട്ടിയുള്ള കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളാന്‍ ആശങ്കയില്ല. കര്‍ഷകര്‍ ശബ്ദിച്ചാല്‍ വെടിവച്ചുകൊല്ലും, അല്ലെങ്കില്‍ മര്‍ദിച്ചൊതുക്കും. അവര്‍ക്ക് അഭയം കയറും കീടനാശിനിയും മാത്രം. 2008ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ 60,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. അന്നും വിലക്കുമായി ചിലരൊക്കെ രംഗത്തുവന്നു. സര്‍ക്കാര്‍ കര്‍ഷകപക്ഷത്തു നിന്നു. ആകാശം ഇടിഞ്ഞുവീണില്ല. സമ്പദ്ഘടന സ്തംഭിച്ചില്ല. അനേകായിരം കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഇത്തവണയും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചതു ബി.ജെ.പി സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കട്ടെ. കേരളത്തില്‍ കര്‍ഷക ആത്മഹത്യ കുറവാണെങ്കിലും ഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യാ മുനമ്പിലാണ്.

കാര്‍ഷികോല്‍പന്ന വില ഇതുപോലെ ഇടിഞ്ഞ കാലമുണ്ടായിട്ടില്ല. റബര്‍, നാളികേരം, കുരുമുളക്, കാപ്പി, തേയില, ഏലം തുടങ്ങിയ വിളകള്‍ക്കൊന്നും ന്യായവിലയില്ല. ഭൂമിയുടെ വിലയും ഇടിഞ്ഞിരിക്കുന്നു. അതേസമയം, ജീവിതച്ചെലവുകള്‍ കുത്തനെ കയറുകയാണ്. പാവപ്പെട്ടവര്‍ക്കു പിടിവള്ളി തൊഴിലുറപ്പുപദ്ധതിയായിരുന്നു. അതും അധോഗതിയില്‍. 712 കോടി രൂപയാണു കുടിശ്ശിക. എം.ജി.എന്‍.ആര്‍.ഇ.ജി.എക്കു ഡയറക്ടറെ വയ്ക്കണമെന്നു കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടതാണ്. അതു നടപ്പാക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഇതുമൂലം ഫണ്ട് കിട്ടിയില്ല. സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2016 ലെ സാമ്പത്തികാവലോകനത്തില്‍ പറയുന്നതിങ്ങനെ: ‘കാര്‍ഷികമേഖലയുടെ വളര്‍ച്ചയില്‍ അടുത്തകാലത്തു സ്തംഭനാവസ്ഥയാണ്. ഉല്‍പന്നങ്ങളുടെയും ഉല്‍പന്നോപാദികളുടെയും വിലയിലുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും രൂക്ഷമായി വര്‍ധിച്ചുവന്നു. ഈ മേഖലയിലെ പ്രതികൂല ഘടകങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ ആസൂത്രണം ചെയ്യുകയും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയുമാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.’ഇതിന് അനുസൃതമായ കാഴ്ചപ്പാടോ പദ്ധതിയോ നടപ്പാക്കിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ തുടരുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ കാര്‍ഷികപ്രതിസന്ധി ഒഴിവാക്കാമായിരുന്നു.

റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന 300 കോടി രൂപയുടെ വിലസ്ഥിരതാ പദ്ധതി ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. നീര ഉല്‍പാദനം നിലച്ചു. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ചു കേള്‍ക്കാനേയില്ല. നെല്ലുസംഭരണത്തില്‍ പുരോഗതിയില്ല. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമല്ല. പത്തുവര്‍ഷത്തിനിടയില്‍ 181. 71 കോടി രൂപയാണു കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളത്. 47,105 കര്‍ഷകരുടെ അപേക്ഷ കൂടിക്കിടക്കുന്നു. ഉല്‍പാദനച്ചെലവും അധ്വാനപ്രതിഫലമായി 50 ശതമാനവും കൂട്ടുമ്പോഴാണു കര്‍ഷകനു ന്യായവില ലഭിക്കുന്നത്. ന്യായവില നിശ്ചയിക്കാന്‍ ആദ്യം ചെയ്യേണ്ടതു കാര്‍ഷിക വിലനിര്‍ണയ കമ്മിഷന്‍ രൂപീകരിക്കലാണ്. കമ്മിഷന്‍ നിര്‍ണയിക്കുന്ന വിലയ്ക്കു നിയമപരമായ പരിരക്ഷ നല്‍കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക