Image

നടന്‍ ദിലീപിനെയും നാദിര്‍ ഷായെയും പോലീസ് ചോദ്യം ചെയ്തു

Published on 28 June, 2017
നടന്‍ ദിലീപിനെയും നാദിര്‍ ഷായെയും  പോലീസ് ചോദ്യം ചെയ്തു

ആലുവ പൊലീസ്‌ ക്ലബ്ബില്‍ നടന്‍ ദിലീപിനെയും നാദിര്‍ ഷായെയും  പോലീസ് ചോദ്യം ചെയ്തു. വേവ്വേറെ മുറികളിലായിരുന്നു എ.ഡി.ജി.പി ബി. സന്ധ്യയുടെ നേത്രുത്വത്തിലുള്ള ചോദ്യം ചെയ്യല്‍  

മാധ്യമവിചാരണയ്‌ക്ക്‌ താന്‍ നിന്നുതരില്ലെന്നായിരുന്നു മൊഴി നല്‍കാന്‍ പോകുന്നതിന്‌ മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട്‌ ദിലീപ്‌ പറഞ്ഞത്‌. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിലാണ്‌ പൊലീസ്‌ മൊഴിയെടുക്കുന്നത്‌. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും പൊലീസ്‌ ദിലീപിനോട്‌ കാര്യങ്ങള്‍ ചോദിച്ചറിയുന്നു.  നടി നല്‍കിയ പരാതിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായിട്ടാണ്‌ ചോദ്യം ചെയ്യല്‍. 

ഭീഷണിയുടെ സ്വരമുണ്ടായിരുന്ന ടെലിഫോണ്‍ സംഭാഷണങ്ങളടക്കമുള്ള തെളിവുകളോടെ കഴിഞ്ഞ ഏപ്രില്‍ 20നാണ്‌ പരാതി നല്‍കിയതെന്നാണ്‌ ദിലീപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. അന്വേഷണോദ്യോഗസ്ഥരോട്‌ കേസില്‍ തനിക്ക്‌ പങ്കുണ്ടെന്ന്‌ പറയാന്‍ പലരും നിര്‍ബന്ധിക്കുന്നുവെന്നും അത്‌ ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും പള്‍സര്‍ സുനിക്ക്‌ വേണ്ടി സഹതടവുകാരന്‍ ആവശ്യപ്പെട്ടുവെന്നാണ്‌ ദിലീപിന്റെ പരാതി.

 ഷൂട്ടിംഗ്‌ ഉള്‍പ്പെടെയുള്ള തിരക്കുകള്‍ കാരണമാണ്‌ മൊഴി നല്‍കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ താര സംഘടനയായ അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന്‌ പ്രസിഡന്റ്‌ ഇന്നസെന്റ്‌. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട്‌ കേസ്‌ ഇപ്പോള്‍ മര്യാദയ്‌ക്കാണ്‌ പോകുന്നത്‌. ഒരാളെ പിടിച്ച്‌ അകത്തിട്ടിട്ടുണ്ട്‌. 

 കോടതിയിലിരിക്കുന്ന വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്‌തിട്ട്‌ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ്‌, എന്താണെന്ന്‌... ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുളളുവെന്നും അദ്ദേഹം ചോദിച്ചു.

അവാര്‍ഡ്‌ നൈറ്റുമായി ബന്ധപ്പെട്ട്‌ ലണ്ടനില്‍ പോയി വന്നപ്പോഴാണ്‌ ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്നത്‌. കുറ്റം ചെയ്‌തവരുടെ കൂടെ നില്‍ക്കില്ല. അവര്‍ ശിക്ഷിക്കപ്പെടണം. സത്യം പൊലീസ്‌ ഉദ്യോഗസ്ഥര്‍ പുറത്ത്‌ കൊണ്ടുവരും. ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച്‌ കാര്യമില്ല. ഇവിടെ ചര്‍ച്ച ചെയ്‌തിട്ട്‌ യാതൊരു കാര്യവും അതില്‍ ഇല്ല.

 സംഘടനയ്‌ക്ക്‌ അകത്ത്‌ പറയേണ്ടതാണെങ്കില്‍ ആലോചിച്ചിട്ട്‌ പറയും. കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ പിണറായി വിജയന്‍ സാറിനോട്‌ വിളിച്ച്‌ സംസാരിച്ചിരുന്നതാണെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ്‌ ഇന്ന്‌ ചേരാനിരിക്കെയാണ്‌ ഇന്നസെന്‍റിന്‍റെ പ്രതികരണം.

ദിലീപിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന്‌ പിന്നില്‌ നിഗൂഢതയുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന്‌ തുല്യമാണ്‌ പരാമര്‍ശമെന്നും ജോസഫൈന്‍ പറഞ്ഞു. എന്തറിഞ്ഞാണ്‌ ദിലീപും സലീംകുമാറും ഇങ്ങനെ പ്രതികരിക്കുന്നത്‌. നടിയുടെ പേര്‌ പറഞ്ഞവര്‍ക്കെതിരെ കേസ്‌ എടുക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

വനിതാ കൂട്ടായ്‌മ അമ്മക്ക്‌ മുന്നില്‍ ഓഛാനിച്ച്‌ നില്‍ക്കരുത്‌. കേസില്‍ നീതി കിട്ടുന്നത്‌ വരെ നടി ഉറച്ച്‌ നില്‍ക്കണം. സിനിമാലോകം വൃത്തിയാക്കാന്‍ വനിതാ കൂട്ടായ്‌മ ഉറച്ച്‌ നില്‍ക്കണം.

ഒരു ചാനല്‍ ചര്‍ച്ചയിലാണ്‌ ആക്രമണത്തിന്‌ ഇരയായ നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്നും, ഇത്തരക്കാരെ സുഹൃത്തുക്കളാക്കുന്നത്‌ സൂക്ഷിച്ചു വേണമെന്നും ദിലീപ്‌ പറഞ്ഞത്‌. ഇതിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും വേണമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നും വാര്‍ത്താകുറിപ്പില്‍ നടി പറഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക