Image

പരസ്പരം മനസ്സിലാക്കുന്ന ഒരു കാലമുണ്ടായാല്‍ അവിടെ പെണ്ണെഴുത്ത് വേണ്ട :രതീദേവി

അനില്‍ പെണ്ണുക്കര Published on 17 June, 2017
പരസ്പരം മനസ്സിലാക്കുന്ന ഒരു കാലമുണ്ടായാല്‍ അവിടെ പെണ്ണെഴുത്ത് വേണ്ട :രതീദേവി
ഫെമിനിസ്റ്റ് റൈറ്റിങ് ഇല്ലാത്ത ഒരു കാലം വരുമെന്നും,ആണും പെണ്ണും തമ്മില്‍ പരസ്പരം മനസ്സിലാക്കുന്ന ഒരു കാലമുണ്ടായാല്‍ അവിടെ പെണ്ണെഴുത്ത് വേണ്ടെന്നും പ്രശസ്ഥ എഴുത്തുകാരി രതീദേവി.മലയാളത്തിലെ പ്രമുഖ സാഹിത്യ സാംസ്കാരിക മാസികയായ കുങ്കുമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രതീദേവി എഴുത്തിലെ വിത്യാസങ്ങളെക്കുറിച്ചു വിശദീകരിച്ചത് .

ചില ആളുകള്‍ക്ക് പെണ്ണെഴുത്ത് വേണ്ട ,ആണെഴുത്തും വേണ്ട.ഇത് വേണമെന്ന് ആരും പറഞ്ഞതല്ല. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം,പ്രസവം,റേപ്പിങ് എന്നിങ്ങനെയുള്ള അവസ്ഥകള്‍ കഴിയുമ്പോഴൊക്കെ ഭീതിയില്‍ നിന്നും അവള്‍ ഒരു കഥ എഴുതിയാല്‍ ആ കഥയില്‍ ബലാല്‍സംഗത്തിന് ഭാഷ വരും ,പ്രസവത്തിന്റെ ഭാഷ വരും.പക്ഷെ ഒരു പുരുഷന്‍ എഴുതിയാല്‍ ആ ഭാഷ കാണില്ല. അതിനെയാണ് പെണ്ണെഴുത്ത് എന്ന് പറയുന്നത്.കേരളത്തിലെ ഫെമിനിസ്റ്റുകള്‍ക്കു അത് മനസിലായിട്ടില്ല. അവര്‍ പറയുന്നത് ആണുങ്ങളെ ചവിട്ടി താഴ്ത്തുന്ന,എതിര്‍ക്കുന്ന പെണ്ണെഴുത്ത് എന്നാണ് .തന്റെ അഭിപ്രായങ്ങള്‍ എവിടെ ആയിരുന്നാലും തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന രതീദേവി ഈ അഭിമുഖത്തില്‍ തന്റെ പുതിയ പുസ്തകമായ "മഗ്ദലീനയുടെ (എന്റെയും)പെണ്‍സുവിശേഷം "എന്ന പുസ്തകത്തെ കുറിച്ചും വാചാലയാകുന്നു .

"ആഫ്റ്റര്‍ ദി ക്രൂസിഫിക്കേഷന്" ശേഷം ഞാന്‍ വായിച്ച മറ്റൊരു പുസ്തകമായിരുന്നു 1926 ല്‍ പുറത്തിറങ്ങിയ "ദ ബെസ്‌ററ് ബുക്‌സ് ഓഫ് ദി ബൈബിള്‍ ആന്റ് ദ ഫോര്‍കോട്ടാണ് ബുക്‌സ് ഓഫ് ഈഡന്‍ ".മേരി മഗ്ദലീനയുടെ അച്ഛന്‍ വലിയ ആത്മീയ ചിന്താഗതിക്കാരന്‍ ആയിരുന്നു .അദ്ദേഹം സന്യാസത്തിനു പോയി.വലിയ കുടുംബത്തിലെ അംഗമായിരുന്നു മേരിയുടെ അമ്മ.സന്യാസത്തോടുള്ള താല്പര്യം മൂലം അവരും ആത്മീയ കേന്ദ്രത്തിലെത്തി.ഇരുവരും ചെന്നെത്തിയത് ഒരേ സ്ഥലത്തായിരുന്നു.അവിടെ വെച്ചവര്‍ പ്രണയത്തിലായി.ഒടുവില്‍ തിരുവസ്ത്രമഴിച്ചുവച്ച് വിവാഹിതരായി.അവര്‍ക്കുണ്ടായ പുത്രിയാണ് മേരി മഗ്ദലേന.പല പുസ്തകങ്ങളിലും മഗ്ദലേന വേശ്യാസ്ത്രീ ആണെന്ന് പറയുന്നു.അക്കാലത്തു ചരിത്രത്തില്‍ ഒരു സ്ത്രീയെ വേശ്യാ സ്ത്രീ എന്ന് പറഞ്ഞ ഒലിവ് മലയില്‍ കല്ലെറിയുന്ന സംഭവം ഉണ്ട് .സുവിശേഷകന്മാര്‍ അത് മഗ്ദലീനയാണെന്നു ആരോപിച്ചു.പിന്നീട് വന്ന കത്തോലിക്കര്‍ പറയുന്നത് ഒലിവ് മലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് മേരി മഗ്ദലീന മഗ്ദലീന എന്ന ഗ്രാമം എന്നാണു.എന്നാല്‍ ഉന്നത കുലജാതയായ ഒരു സ്ത്രീ ഇത്രയും ദൂരെ വന്നു അനാശാസ്യം ചെയ്യില്ല എന്ന് ഞാന്‍ കണ്ടെത്തി.അങ്ങനെയാണ് ഈ ആശയം വന്നത് .പത്ത് വര്‍ഷമാണ് ഈ നോവലിന്റെ രചനയ്ക്കായി ചെലവഴിച്ചത്.തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ച സത്യാന്വേഷണമാണ് ഈ നോവലിന്റെ പ്രമേയങ്ങളിലൊന്ന് .എല്ലാ കാലഘട്ടങ്ങളിലും സ്ത്രീ ഈ തരത്തില്‍ അകാരണമായി ആക്രമിക്കപ്പെടുന്നുണ്ട്.മാനസികവും ശാരീരികവുമായെല്ലാം.ഇതില്‍ എന്റെ ആത്മാംശമുണ്ട്.യഥാര്‍ത്ഥത്തില്‍ മഗ്ദലേന രതീദേവി തന്നെയാണ് .എന്നാല്‍ ഇത് മാത്രമല്ല എന്റെ നോവല്‍ .

ഈ കൃതി എഴുതുന്നതിനു മുന്‍പായി അഞ്ഞുറിലധികം പുസ്തകങ്ങള്‍ വായിച്ചു.ആ വായനയില്‍ നിന്ന് രൂപപ്പെടുത്തി എടുത്ത ആശയങ്ങളാണ് മഗ്ദലനീയുടെ പെണ്‍ സുവിശേഷം.

രതീദേവി അവധിക്കാലത്തെ ആഘോഷത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ പങ്കെടുത്ത സാഹിത്യ സാംസ്കാരിക സാമൂഹ്യ ചടങ്ങുകള്‍ മുപ്പതിലധികം.എല്ലാ ചടങ്ങുകളിലും ഈ നോവല്‍ ഒരു ചര്‍ച്ചയായി മാറിക്കഴിഞ്ഞു.ഇതിനോടകം അനുകൂലമായും,പ്രതികൂലമായും അഭിപ്രായങ്ങള്‍ വന്നു എങ്കിലും നോവലിനെ ആവേശത്തോടെ സ്വീകരിക്കുകയാണ് ആഗോള മലയാളികളും വായനക്കാരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക