Image

വേദനിക്കുന്ന ക്രിസ്തു (കവിത: ബാബു പാറയ്ക്കല്‍)

Published on 13 April, 2017
വേദനിക്കുന്ന ക്രിസ്തു (കവിത: ബാബു പാറയ്ക്കല്‍)
ക്രൂശിതനായൊരു ക്രിസ്തുവെ നോക്കി ഞാന്‍
തെല്ലുനേരം അങ്ങു നിന്നുപോയി
പാണികള്‍ ആണിയാല്‍ ചേര്‍ത്തുവച്ചീടുന്നു
പാദങ്ങളും രക്തംവാര്‍ന്നു നില്‍പൂ
കൂര്‍ത്തൊരാമുള്ളുകള്‍ ആഞ്ഞിറങ്ങീടുന്നു
മുള്‍ക്കിരീടത്തിന്റെ മട്ടിലായി
കഠിനമാം വേദന കടിച്ചമര്‍ത്തുന്നൊരു
വിറയാര്‍ന്ന ചുണ്ടുകള്‍ കേഴുന്നുവോ
ദാഹജലത്തിനായ് വെമ്പുന്ന നാവിനോ
ഇറ്റുജലം കൊടുത്തില്ലവര്‍ സോദരരേ

ക്രൂരമാം ചെയ്തികളിത്രയുമായിട്ടും
ഖേദം വരാതെയാ പാതിരിമാര്‍
പരിഹാസപെരുമഴ വീണ്ടും പൊഴിച്ചിട്ടും
കുന്തത്താല്‍ കുത്തി മുറുവേല്‍പിച്ചു
തീവ്രമാം കഷ്ടങ്ങളെല്ലാം സഹിച്ചിട്ടും
തീക്ഷണമായ് പ്രാര്‍ത്ഥിച്ചുതാതനോടായ്
ഇവരിവര്‍ ചെയ്യുന്നതെന്തെന്നറിയാത്തോര്‍
ഇവര്‍ക്കൊക്കെ നീ മാപ്പു നല്‍കേണമേ.

എന്‍ വചനങ്ങളില്‍ ആകൃഷ്ടരായവര്‍
എന്നെ അനുഗമിക്കെന്നരുള്‍ചെയ്തുവോ
കുരിശെടുത്തെന്നുടെ  കൂടെ വന്നീടുകില്‍
കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ 
കൂടെയുണ്ടോർക്കുക 
ദൈവരാജ്യം നിങ്ങള്‍ പ്രസംഗിച്ചീടുവിന്‍
രോഗികള്‍ക്കൊക്കെയും സൗഖ്യം വരുത്തുവിന്‍
എങ്കിലോ നിങ്ങളോര്‍ക്കുക മക്കളേ
പ്രതിഫലമൊന്നുമേ കാംക്ഷിക്കവേണ്ടഹോ
ആ വഴി പോകുമ്പോള്‍ വടിയില്ല അപ്പവും
പൊക്കണം പണം ഒന്നും എടുക്കല്ലേ
രണ്ടുട്ടുപ്പെന്നതോ പാടില്ല വചനത്തില്‍
സുവിശേഷം മാത്രമേ മാര്‍ഗ്ഗവും ലക്ഷ്യവും
കോൾമയിർ കൊള്ളുന്ന വചനവും 
മൂല്യാധിഷ്ടിതം ജീവിതവും
ലാളിത്യഭാവം അടിസ്ഥാനമാക്കണം
ക്രിസ്തുവിന്‍ രൂപം 
നിഴലിക്കേണം 

രണ്ടു സഹസ്രങ്ങള്‍ക്കിപ്പുറം വന്നപ്പോള്‍
കാലവും മാറി ഈ കോലങ്ങളും
ഇന്നിവ കാണുമ്പോള്‍ ഭീതി പരക്കുന്നു
സൂക്തമസത്യങ്ങളാക്കി മാറ്റീടുന്നു
പീഡിപ്പിക്കപ്പെട്ട ക്രിസ്തുവിന്‍ നാമത്തില്‍
പീഡിപ്പിച്ചീടുന്ന വക്താക്കളും
കുമ്പസാരത്തിന്റെ പേരുപറഞ്ഞിവര്‍
മാന്തിയെടുക്കുന്നു കൊച്ചു സീക്രട്ടുകള്‍
എന്റെ അടുക്കലേക്കോടി വരുവിന്‍
എന്നോതി ആ നാഥന്‍ ശിശുക്കളോടായ്
ഇന്നഹോ പോകുവാന്‍ പാടില്ല കാരണം
കാലവും മാറി ഈ കോലങ്ങളും

പള്ളിതന്‍ മേടകള്‍ ഊരാകെണികളായ്
ശിഷ്യന്മാരായവര്‍ മാറ്റിമറിച്ചുവോ
സാധുവെ സേവിക്കാനെന്നുള്ള പേരിലോ
സ്വന്തമാം 
പ്രസ്ഥാന കമ്പനികൾ 
എന്നിട്ടിവയ്‌ക്കൊക്കെ മാറ്റുകൂട്ടീടുവാന്‍
പിന്നെ പണപ്പിരിവൊന്നുതന്നെ
ഇല്ലാത്ത സിംഹാസനത്തിന്റെ പേരിലായ്
തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നു
എന്തിനീ സിംഹാസനങ്ങളെന്നോര്‍ക്കുവിന്‍
സ്‌നേഹിക്കാനോതിയ നാഥന്‍ ചിരിക്കുന്നു

ദൈവത്തിന്‍ മക്കളെ നേര്‍വഴിക്കാക്കുവാന്‍
ദൈവം നിയോഗിച്ച യോഗിവര്യര്‍
ദൈവത്തിന്‍ മക്കളെ പീഡിപ്പിച്ചീടുവാന്‍
സാത്താന്റെ ദൗത്യമതേറ്റുവാങ്ങി
അനവധിയില്ലിവരെന്നൊരു ന്യായത്തില്‍
കൈകള്‍ കഴുകുവാനാവില്ലെന്നോര്‍ക്കുവിന്‍
നഞ്ചാണേല്‍ നാനാഴ് വേണ്ടെന്ന കാര്യവും
മലയാളിക്കിന്നാണേല്‍ ആപ്തവാക്യം
പ്രതികളെ സംരക്ഷിച്ചീടുവാന്‍ വേണ്ടുന്ന
ലക്ഷങ്ങള്‍ ഖജനാവില്‍ മാറ്റിവെയ്ക്കും
ഇരയാകും കുട്ടിയെ തള്ളിപ്പറയുന്ന
സഭയുടെ നായകര്‍ക്കില്ല ലജ്ജ

ക്രൂശിതനായ ക്രിസ്തുവെ നോക്കി ഞാന്‍
തെല്ലുനേരം അങ്ങു നിന്നുപോയി
ആണിമേല്‍ തൂങ്ങുന്നൊരാകൈകളിന്നഹോ
ആരെയോ നോക്കി ചലിച്ചിടുന്നു
എന്നുടെ ആലയം പ്രാര്‍ത്ഥനാ ആലയം
അന്നരുള്‍ചെയ്തവന്‍ ചാട്ടവീശി
അഗതികള്‍ക്കാശ്രയമായുള്ളൊരാകൈകള്‍
ആ ചാട്ട വീണ്ടും തെരഞ്ഞിടുന്നു.
Join WhatsApp News
വിദ്യാധരൻ 2017-04-13 09:14:29
ഇല്ലെനിക്കൊന്നും കൂടുതൽ ചൊല്ലിടുവാൻ
എല്ലാം ഉണ്ടിതിൽ യേശു ചൊന്നതൊക്കെ
അർഥം ഗ്രഹിയാതെ ഒത്തിരിപ്പേർ നി-
രർത്ഥകമായെഴുതുന്നു കവിതയെന്നാൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക