Image

യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചതിന്റെ ത്രില്ലില്‍ മോഹന്‍ലാല്‍

Published on 27 March, 2017
യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചതിന്റെ ത്രില്ലില്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചാണ് മോഹന്‍ലാല്‍ ചരിത്രം കുറിച്ചത്. മലയാള സിനിമയില്‍ ഇതാദ്യമായാണ് യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഒരു നടന്‍ ഓടിക്കുന്നത്. കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വീണ്ടും എത്തുന്നത്. 1971ലെ ഇന്തോപാക് യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

സിനിമയില്‍ യുദ്ധ ടാങ്ക് ഓടിച്ചതിന്റെ ആവേശത്തിലാണ് മോഹന്‍ലാല്‍. അതേക്കുറിച്ച് താരം തന്നെ പറയുന്നത് കേള്‍ക്കൂ, ‘നമ്മുടെ പ്രേക്ഷകര്‍ സിനിമയില്‍ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങള്‍ അധികം കണ്ടിട്ടില്ല. എന്നാല്‍ ഈ സിനിമയില്‍ അത്തരം രംഗങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങളാണ് 1971 ബിയോണ്ട് ബോഡേഴ്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. പരംവിര്‍ ചക്ര നേടിയ ഹോഷിയാര്‍ സിങ്, അരുണ്‍ ഖെത്രപാല്‍ എന്നിവരുടെ ഏറെ വൈകാരികമായ സൈനിക ജീവിതകഥയാണ് ഈ സിനിമ പറയുന്നത്’.

‘സിനിമയ്ക്കുവേണ്ടി പലതരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കുകയും എയര്‍ക്രാഫ്റ്റ് പറത്തുകയും ചെയ്തിട്ടുണ്ടെങ്കിലും യുദ്ധ ടാങ്ക് ഓടിച്ചത് അവിസ്മരണീയമായി തോന്നുന്നു. മലയാളം സിനിമാ ചരിത്രത്തില്‍ മറ്റൊരു നടനും യുദ്ധ ടാങ്ക് ഓടിച്ചിട്ടുണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ ചെയ്യാത്ത ഒരു കാര്യം ആദ്യമായി ചെയ്യുമ്പോള്‍ ഉള്ള ത്രില്‍ പറഞ്ഞറിയിക്കാനാകാത്തതാണ്’ ചെറിയ പുഞ്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞു. ഉത്തരേന്ത്യയിലും, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയുടെ ഭാഗമായി കേണല്‍ മഹാദേവന്‍ ജോര്‍ജിയയില്‍ എത്തുന്ന രംഗങ്ങളാണ് അവിടെ ചിത്രീകരിച്ചത്. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക