Image

വിതച്ച് വിളവെടുക്കാനിവിടെ മരിക്കാത്ത ലോക വിത്തുകള്‍ (എ.എസ് ശ്രകുമാര്‍)

Published on 02 March, 2017
വിതച്ച് വിളവെടുക്കാനിവിടെ മരിക്കാത്ത ലോക വിത്തുകള്‍ (എ.എസ് ശ്രകുമാര്‍)
ഭൂമിയില്‍ ഒരു മഹാ പ്രളയമുണ്ടായാല്‍...എല്ലാം നശിപ്പിക്കുന്ന മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍....അല്ലെങ്കില്‍, മനുഷ്യനുമേല്‍ പതിക്കാവുന്ന ഏറ്റവും വലിയ ശാപങ്ങളിലൊന്നായ ക്ഷാമം ഉണ്ടായാല്‍...ശേഷിക്കുന്ന ജീവന്റെ അവസാന തുടിപ്പിനെ നിലനിര്‍ത്താന്‍ എന്തു ചെയ്യും...? ഉത്തരം ബൈബിളിലെ ഉല്‍പ്പത്തിയിലുണ്ട്...അനന്തരം ദൈവം നോഹയോട് അരുള്‍ ചെയ്തതെന്തെന്ന് നോക്കാം...

''ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മം കൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.  ഗോഫെര്‍ മരംകൊണ്ടു നീയൊരു പെട്ടകമുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്റെ അകത്തും പുറത്തും കീലു തേയ്ക്കണം. ഇങ്ങനെയാണ് അതുണ്ടാക്കേണ്ടത്: മുന്നൂറു മുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം. മേല്‍ക്കൂരയില്‍നിന്ന് ഒരു മുഴം താഴെ പെട്ടകത്തിനൊരു ജനലും വശത്തൊരു വാതിലും വയ്ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നു തട്ടായി വേണം പെട്ടകം ഉണ്ടാക്കാന്‍. ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും. എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം, നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും.  എല്ലാ ജീവജാലങ്ങളിലും നിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ കയറ്റി സൂക്ഷിക്കണം. എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെ കൂടെ വരട്ടെ. നിനക്കും അവയ്ക്കും ആഹാരത്തിനു വേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം...''  

ദൈവം കല്‍പിച്ചതുപോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വന്‍ പ്രളയമുണ്ടായി.  വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു. എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങി. നോഹയും പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം ജീവനോടെ ശേഷിച്ചു. അന്ന് ജീവന്റെ ശേഷിപ്പുകളെ സംരക്ഷിച്ചത് നോഹയുടെ പെട്ടകമായിരുന്നെങ്കില്‍ ഇന്നത്തരമൊരു ദുരന്തമുണ്ടായാല്‍ ഭയപ്പെടേണ്ട, നമുക്കുമുണ്ട് ഒരു പെട്ടകം. മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും ഇഴജന്തുക്കളുടെയും കാര്യം വിടുക. പക്ഷേ, യുദ്ധമോ, പ്രളയമോ, ക്ഷാമമോ വന്ന് എല്ലാം നശിച്ചാലും ഭൂമിയിലെ വിളകളെ രക്ഷിക്കാനുള്ള  ഒരു പുതിയ പെട്ടകം അഥവാ 'ലോകാവസാന നിലവറ' (doomsday bank) 2008ല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 

നോര്‍വെയിലെ സ്വാള്‍ബാര്‍ഡ് ദ്വീപസമൂഹത്തില്‍പ്പെട്ട സ്പിറ്റ്‌സ്‌ബെര്‍ഗന്‍ ദ്വീപിലാണ് ഈ 'ആഗോള വിത്തു സംരക്ഷണ നിലവറ'. ഏത് കൊടിയ പ്രകൃതി ക്ഷോഭമുണ്ടായാലും ലോകമെമ്പാടുമുള്ള വിത്തിനങ്ങളെയും വിളകളെയും കാത്തുസൂക്ഷിക്കാന്‍ കെല്‍പ്പുള്ളതാണ് ഉത്തരധ്രുവത്തില്‍ നിന്ന് ഏകദേശം 1300 കിലോമീറ്റര്‍ അകലെയുള്ള ആഗോള വിത്തറ. കൊടും തണുപ്പില്‍ ഒമ്പത് ദശലക്ഷം ഡോളര്‍ ചെലവിട്ട് നോര്‍വെ സര്‍ക്കരാണ് ലോകാവസാന നിലവറ നിര്‍മിച്ചത്. ലോകത്തെ ജീന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിത്തുകളുടെ പകര്‍പ്പുകളും അധികമുള്ള വിത്തുകളും കാത്തുസൂക്ഷിക്കാന്‍ അമേരിക്കന്‍ സംരക്ഷകനായ കാരി ഫൗളറും കണ്‍സള്‍റ്റേറ്റീവ് ഗ്രൂപ്പ് ഓണ്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സംഘടനയും ചേര്‍ന്നാണ് ഇതിനു രൂപം നല്‍കിയത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികളില്‍ മറ്റു ജീന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിത്തുകള്‍ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ സ്ഥാപക ലക്ഷ്യം. നോര്‍വീജിയന്‍ ഗവണ്മെന്റ്, ഗ്ലോബല്‍ ക്രോപ് ഡൈവേഴ്‌സിറ്റി ട്രസ്റ്റ് പിന്നെ നോര്‍ഡിക് ജെനറ്റിക് റിസോഴ്‌സ് സെന്റര്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 

നിലവറയുടെ ശിലാസ്ഥാപനം 2006 ജൂണ്‍ 19നായിരുന്നു. 2008 ഫെബ്രുവരി 26 മുതല്‍ പ്രവര്‍ത്തനം തുടങ്ങി. 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും നിന്നുള്ള 8.60 ലക്ഷം വിത്തുകളുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം വിത്തിനങ്ങളാണ് ശേഖരിച്ചത്. പലപ്പോഴും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത ഇവിടെ മൈനസ് 18 ഡിഗ്രിയാണ് ശരാശരി തണുപ്പ്. നിലവറയിലെ വൈദ്യുതി നിലച്ചാലും 200 വര്‍ഷത്തോളം യാതൊരു കേടുപാടുകളും വിത്തുകള്‍ക്ക് സംഭവിക്കില്ല. 2015 ഒക്‌ടോബറിലാണ് നിലവറ ആദ്യമായി തുറന്നത്. പിന്നെ ഇക്കഴിഞ്ഞ ദിവസവും. പശ്ചിമേഷ്യയില്‍ നിന്നുള്ള കൂടുതല്‍ വിത്തുകള്‍ നിറയ്ക്കുവാനാണ് തുറന്നത്. ലോകത്തെങ്ങുമുള്ള ചെറുതും വലുതുമായ 1400ലേറെ വിത്തു കേന്ദ്രങ്ങളില്‍ നിന്നാണ് ലോകാവസാന നിലവറയിലേക്ക് വിത്തുകള്‍ ശേഖരിക്കുന്നത്.

എപ്പോഴും മഞ്ഞ് മൂടിക്കിടക്കുന്ന ദ്വീപിലെ ചുണ്ണാമ്പുകല്ല് മല 125 മീറ്റര്‍ ഉള്ളിലേക്ക് തുരന്നാണ് അത്യാധുനിക സൗകര്യങ്ങളുള്ള വിത്തു നിലവറ നിര്‍മ്മിച്ചത്. ഭൂചലന സാധ്യത കുറവാണെന്നതും താഴ്ന്ന താപനിലയുമാണ് സ്പിറ്റ്‌സ്‌ബെര്‍ഗന്‍ തിരഞ്ഞെടുക്കാനുള്ള കാരണം. കടലില്‍ നിന്ന് 131 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നതിനാല്‍ മഞ്ഞു മലകള്‍ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെയിരിക്കും. അവിടെ നിന്ന് തന്നെ ഖനനം ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ച് കൂടുതല്‍ തണുപ്പിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. വിത്തുകള്‍ ഈര്‍പ്പം ഉള്ളില്‍ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ മെറ്റല്‍ റാക്കുകളില്‍ അടുക്കിവെച്ചിരിക്കുന്നു. താഴ്ന്ന താപനിലയും പരിമിതമായ ഓക്‌സിജന്‍ സാന്നിധ്യവും വിത്തുകള്‍ കേടുകൂടാതെ ദീര്‍ഘകാലം ഇരിക്കാന്‍ സഹായിക്കുന്നു. നോര്‍ഡിക് ജെനറ്റിക് റിസോഴ്‌സ് സെന്റര്‍ ആണ് ഈ കേന്ദ്രം കൈകാര്യം ചെയ്യുന്നത്. 

മനുഷ്യരുടെ അത്രയും വലിപ്പമുള്ള ധ്രുവക്കരടികള്‍ ഉള്ള സ്വാള്‍ബാര്‍ഡിലെ മഞ്ഞുമലകളില്‍ ഒരു പുല്‍നാമ്പുപോലും കിളിര്‍ക്കാത്ത ഇടം ലോകമെമ്പാടുമുള്ള വിളകളുടെ രക്ഷാകേന്ദ്രമായിരിക്കുന്നുവെന്നത് കൗതുകകരമാണ്. 2700ല്‍ താഴെ മാത്രമാണ് സ്വാള്‍ബാര്‍ഡിലെ ജനസംഖ്യ. ഭൂമിയില്‍ വിമാനത്തില്‍ ചെന്നിറങ്ങാന്‍ പറ്റുന്ന അറ്റവും വടക്കേ അറ്റമാണിത്. പിന്നെയും വടക്കോട്ട് പേകണമെങ്കില്‍ കര തന്നെ ശരണം. ധ്രുവ കരടികളാണ് സ്വാല്‍ബാര്‍ഡിന്റെ തനതു ചിഹ്നങ്ങള്‍. ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണം കൂടിയാണിവ. സ്വാല്‍ബാര്‍ഡില്‍ ഏതാണ്ട് 3000 ധ്രുവ കരടികള്‍ ഉണ്ടെന്നു കണക്കാക്കുന്നു. 

ലോകാവസാന നിലവറയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. എയര്‍ പ്രൂഫായി അടയ്ക്കാവുന്ന നാല് വാതിലുകള്‍ കടന്നേ നിലവറയ്ക്കകത്തെത്താനാവൂ. ഇലക്‌ട്രോണിക് കീ ഉപയോഗിച്ചേ തുറക്കാനാവൂ. റിമോട്ട് സെന്‍സിങ് കാമറയിലൂടെ നിലവറ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇനി അതിശക്തമായ ആഗോളതാപനം വന്ന് അന്റാര്‍ട്ടിക്കയിലെ മഞ്ഞ് മുഴുവന്‍ ഉരുകി വെള്ളപ്പൊക്കമുണ്ടായാലും നിലവറ മുങ്ങുകയില്ല. തീവ്രവാദി ആക്രമണങ്ങളെയും പ്രകൃതി ക്ഷോഭങ്ങളെയും ചെറുക്കാല്‍ കഴിയുന്ന തരത്തിലാണ് നിര്‍മിതി. നിലവറയ്ക്കുള്ളിലെ തണുപ്പ് മൈനസ് 18 ഡിഗ്രിയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ തണുപ്പില്‍ വിത്തുകള്‍ നൂറ്റാണ്ടുകളോളം കേടാവാതെയിരിക്കും. നമ്മുടെ സ്വന്തം നാട്ടിലെ വിത്ത് നശിച്ചുപോയാല്‍ ഇവിടെനിന്നും അവ ശേഖരിക്കാം. വിത്തിനുമേല്‍ വിവിധതരം പരീക്ഷണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് തനതു വിളകള്‍ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെയാണ് ക്ഷാമം മൂലമുള്ള വിത്ത് നാശവും.

ബി.സി 22-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വരള്‍ച്ചമൂലം ഈജിപ്തിന്റെ ചിലഭാഗങ്ങളില്‍ കടുത്ത ക്ഷാമമുണ്ടായി. ബി.സി 108 മുതല്‍ 1911 വരെ ചൈനയില്‍ 1828 ക്ഷാമങ്ങളുണ്ടായതായി ചൈനീസ് ചരിത്രത്തിലുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്ഷാമവും, ചൈനയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ദുരന്തവും 1958-61 കാലഘട്ടത്തിലുണ്ടായ 'ഗ്രേറ്റ് ലീപ് ഫോര്‍വേഡ് ഫാമിന്‍' എന്ന പേരിലറിയപ്പെടുന്ന ക്ഷാമമാണ്. പതിനാലാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടായ 'ദി ഗ്രേറ്റ് ഫാമിന്‍' എന്ന പേരിലറിയപ്പെടുന്ന ക്ഷാമമാണ് ഇവിടുത്തേതില്‍ അറ്റവും വലുത്. പതിനൊന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയ്ക്ക് 14 വട്ടം ഇന്ത്യ ക്ഷാമത്തെ നേരിട്ടിട്ടുണ്ട്. 1536 മുതല്‍ ഉണ്ടായ വാണിജ്യവല്‍ക്കരണം ഇംഗ്ലണ്ടിനെയും ക്ഷാമത്തിലേയ്ക്ക് നയിച്ചു. വിവിധ തരത്തിലുള്ള ക്ഷാമങ്ങള്‍ അനുഭവിച്ച രാജ്യമാണ് വിയറ്റ്‌നാം. 1945ലെ ക്ഷാമത്തില്‍ 20 ലക്ഷം പേരാണിവിടെ പട്ടിണി മരണത്തിനിരയായത്. സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്ന കാലത്ത് റഷ്യയില്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിലൊരിക്കല്‍ ക്ഷാമം നേരിട്ടിരുന്നു. 1970കളിലെയും 80കളിലെയും നമ്മുടെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരമായത് ഹരിതവിപ്ലവമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സങ്കരയിനം വിത്തുപയോഗിച്ച് നടത്തിയ ഈ വിളവെടുപ്പ് പരീക്ഷണം ഒരു പരിധിവരെ വിജയകരമായിരുന്നു.

ഇനിയൊരു ക്ഷാമമുണ്ടാകാം. ലോകത്തിന്റെ വിവിധഭാഗങ്ങള്‍ ക്ഷാമത്തിന്റെ പിടിയിലാകുമെന്ന് വിത്ത് നിലവറ പ്രവര്‍ത്തന സജ്ജമായ 2008ല്‍ തന്നെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍വനാശം വിതയ്ക്കുന്ന ഭീകരാക്രമണങ്ങള്‍ നടന്നേക്കാം...രാസവളവും വിഷവ്യാപനവും ബാക്ടീരിയകള്‍, വൈറസുകള്‍ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണു ജീവികളെ മനുഷ്യരുടേയും മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ഇടയില്‍ കടത്തിവിട്ട് അവയെ കൂട്ടത്തോടെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന തന്ത്രമായ ജൈവായുധ പ്രയോഗവും പരമ്പരാഗത വിത്തുകളെ നശിപ്പിക്കുമ്പോള്‍ നല്ല നാടന്‍ ഇനങ്ങള്‍ കൃഷിയിറക്കണമെന്ന് തോന്നിയാല്‍ ഉത്തരധ്രുവത്തിലെ, നോഹയുടെ ഈ പുതിയ പെട്ടകത്തിലേയ്ക്ക് വച്ചുപിടിക്കാവുന്നതേയുള്ളൂ...

വിതച്ച് വിളവെടുക്കാനിവിടെ മരിക്കാത്ത ലോക വിത്തുകള്‍ (എ.എസ് ശ്രകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക